
ഇന്നലെ പോസ്റ്റ് ഇട്ട് ശുഭരാത്രി പറഞ്ഞ് പോയതിന് ശേഷം ചില സംഭവവികാസങ്ങൾ ഉണ്ടായി.
ആ പോസ്റ്റ് കണ്ട എന്റെ സുഹൃത്ത് രാജേഷ് Rajesh Ramachandran വിളിച്ചു. ഞങ്ങൾ തമ്മിൽ, കൊച്ചിയിലെ ഓട്ടക്കാരുടെ ക്ലബ്ബ് ആയ സോൾസ് ഓഫ് കൊച്ചിൻ Soles Of Cochin (Cochin Runners) വഴിയുള്ള സൗഹൃദമാണ്. കാഡ്ബറീസില്‍ മാനേജർ ആയി രാജേഷ് ജോലി ചെയ്യുന്നത് വിജയവാഡയിൽ ആണ്. രണ്ടാഴ്ച മുൻപ് കൊച്ചിയിൽ വച്ച് കണ്ടപ്പോൾ യാത്രയെപ്പറ്റിയും ആന്ധ്രയിൽ വരുമ്പോൾ കാണുന്നതിനെപ്പറ്റിയും ഞങ്ങൾ സംസാരിച്ചിരുന്നു. പക്ഷേ ഞാനത് മറന്നു പോയി.
ഇന്നലെ തങ്ങാൻ പരിപാടിയിട്ട ടിങ്കു ധാബയിൽ നിന്ന് വിശാഖപട്ടണം റൂട്ടിൽ 34 കിലോമീറ്റർ ദൂരമുണ്ട് രാജേഷിന്റെ വീട്ടിലേക്ക്. നേരെ അങ്ങോട്ട് വെച്ച് പിടിച്ചു.
ഇന്ത്യ-സൗത്ത് ആഫ്രിക്ക വൺഡേ മാച്ചിൻ്റെ അവസാന ഓവറുകൾ കണ്ടു. തോട്ടങ്ങളിലേയും തോട്ടം തൊഴിലാളികളുടേയും കഥകൾ കേട്ടു. രാജേഷ് ഇപ്പോൾ പാമ്പുകളെപ്പറ്റി കൂടുതൽ പഠിച്ചു കൊണ്ടിരിക്കുകയാണ്. കുറേ പാമ്പ് കഥകൾ പങ്കുവെച്ചു. തുടർന്നുള്ള റൂട്ട് രാജേഷിന്റെ സഹായത്തോടെ പൊളിച്ചു പണിതു. നോർത്ത് ഈസ്റ്റിനെപ്പറ്റി ഒരു ഗംഭീര പുസ്തകം രാജേഷ് തന്നു. ഈ യാത്രയിൽ തീർച്ചയായും അതെനിക്ക് ഉപകരിക്കും. ഒരുപാട് നന്ദി രാജേഷ്.
രാവിലെ വയറ് നിറച്ച് ഇഡലിയും സാമ്പാറും ചമ്മന്തിയും കഴിച്ച് എട്ട് മണിയോടെ രാജേഷിനോട് വിട പറഞ്ഞ് വിശാഖപട്ടണം റൂട്ടിലേക്ക് കയറി. 440 കിലോമീറ്റർ ഓടി ശ്രീകാകുളം എന്ന സ്ഥലത്ത് തങ്ങാനായിരുന്നു പദ്ധതി.
ഗോദാവരി നദി കടന്നപ്പോൾ വാഹനം നിർത്തി ഫോട്ടോയെടുക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. റോഡിന് ഇരുവശവും ധാരാളമായി നെൽപ്പാടങ്ങൾ ഉണ്ട്. റോഡിൽ തന്നെ നെല്ല് കൂട്ടിയിട്ടിരിക്കുന്നതും ചാക്കിൽ ആക്കി ലോറിയിലേക്ക് കയറ്റുന്നതും പലയിടത്തും കാണാം. ആറുവരി പാതയിൽ പലയിടത്തും ലോറികളാണ് തിങ്ങിനിറഞ്ഞു പോകുന്നത്. ലേൻ ട്രാഫിക്ക് എന്ന സംഭവം കേട്ടിട്ടു പോലുമില്ലാത്ത ലോറിക്കാർ.
കൗതുകകരമായ മറ്റൊരു സംഭവം കൂടെ ശ്രദ്ധയിൽപ്പെട്ടു. ഈ ഹൈവേയുടെ പരിസരത്ത് പലയിടത്തും ലോറിക്കാർക്ക് തങ്ങാനുള്ള താവളങ്ങൾ സർക്കാർ തന്നെ നിർമ്മിച്ചിട്ടുണ്ട്. ഈ യാത്രയിൽ അത്തരം ലോറിത്താവളങ്ങളിൽ ഒന്നാണ് രാത്രി തങ്ങാനായി ഞാൻ കൊതിക്കുന്നത്.
വൈകീട്ട് മൂന്നര മണിക്ക് ശ്രീകാകുളത്ത് എത്തിയപ്പോൾ നീണ്ടുനിവർന്ന് കിടക്കുന്ന ആറ് വരി പാതയിലൂടെ കുറഞ്ഞത് 100 കിലോമീറ്റർ കൂടെ മുന്നോട്ടു പോയാലോ എന്നായി എൻ്റെ ചിന്ത. രാജേഷിനെ വിളിച്ച് സംസാരിച്ചപ്പോൾ വീണ്ടും 130 കിലോമീറ്റർ മുന്നോട്ടുള്ള ബ്രഹ്മപൂർ എന്ന സ്ഥലം വരെ പൊയ്ക്കോളൂ എന്ന് നിർദ്ദേശിച്ചു.
ഇരുട്ട് വീഴുന്നതിന് മുന്നേ ബ്രഹ്മപൂർ എത്തി. നടാടെയാണ് ഞാൻ ഒഡീഷയിൽ കാലുകുത്തുന്നത്. ഡ്രൈവ് ചെയ്തു വരാൻ പറ്റിയതിൽ അതിലേറെ സന്തോഷം.
ഇനി തങ്ങാനുള്ള സ്ഥലം കണ്ടെത്തണം. പെട്രോൾ ബങ്കുകളും ധാബകളും നോട്ടമിട്ടു തുടങ്ങി. രാജസ്ഥാൻ ഹരിയാന റൂട്ടിലേത് പോലെ ധാബകളുടെ ധാരാളിത്തം ഇവിടെയില്ല.
പെട്ടെന്ന് ഭാരത് പെട്രോളിയത്തിന്റെ ഒരു ബങ്ക് കണ്ണിലുടക്കി. അതിനോട് ചേർന്ന് ഒരു ഗംഭീര ലോറിത്താവളവും ധാബയും ഉണ്ട്. 200 ലോറികൾക്കെങ്കിലും അനായാസം പാർക്ക് ചെയ്യാനുള്ള ടൈലിട്ട ഗ്രൗണ്ട്. സാമാന്യം വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ. ഡ്രൈവർമാർക്ക് തുണികൾ അലക്കാനായി ടൈൽ ഒട്ടിച്ച് വെള്ളം നിറച്ച ടാങ്കുകൾ. സ്വയം ഭക്ഷണം പാചകം ചെയ്യണമെങ്കിൽ അതിനായി ഒരു കെട്ടിടം വേറെയും.
മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചോ?
ഒരു കാരവൻ പാർക്കിന്റെ അപരിഷ്കൃത ഇന്ത്യൻ രൂപമാണ് ഇത്തരം ധാബകൾ. വൈദ്യുത സൗകര്യവും വെള്ളം എടുക്കാനുള്ള ടാപ്പുകളും കൂടെ സജ്ജീകരിച്ചാൽ ഒരു ധാബയെ വളരെ എളുപ്പം കാരവൻ പാർക്കുകൾ ആക്കി മാറ്റാൻ കഴിയും. മോട്ടോർ വാഹന കമ്പനികൾ, എൻ്റെ ഭാഗിയുടേതിന് സമാനമായ അത്യാവശ്യ സൗകര്യങ്ങളും ചേർത്ത് പ്രത്യേക വാഹനങ്ങൾ നിർമ്മിച്ച് ഇറക്കിയാൽ ഇന്ത്യയിൽ കുടുംബസമേതമുള്ള കാരവൻ ടൂറിസവും കാരവൻ പാർക്കുകളും പച്ച പിടിക്കാൻ വേറെ പ്രത്യേക വളമൊന്നും ഇടേണ്ടി വരില്ല. അങ്ങനെയൊരു കിനാശ്ശേരി വൈകാതെ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞാൻ.
ഏകദേശം 530 കിലോമീറ്റർ ആണ് ഇന്ന് ഭാഗി ഓടിയത്. അവൾക്ക് അതിന്റെ ക്ഷീണം ഉണ്ടാകാതിരിക്കില്ല. പക്ഷേ എനിക്ക് വലിയ ക്ഷീണമൊന്നും ഇല്ല.
ഇന്ന് കാര്യമായി മഴ ഉണ്ടായിരുന്നില്ല. തണുപ്പും ഇല്ല.
ഇതിനകം ധാബക്കാരൻ രണ്ട് പ്രാവശ്യം ഭക്ഷണത്തിന് വന്ന് വിളിച്ചു. കാര്യമായ വിശപ്പില്ല. എന്നാലും പേരിന് എന്തെങ്കിലും കഴിച്ച് വേഗം കിടന്നേക്കാം. നാളെ ആദ്യമായി ബംഗാളിലേക്ക് കടക്കുകയാണ്. ബർദ്ധമാൻ എന്ന സ്ഥലത്താണ് നാളത്തെ ക്യാമ്പ്. അങ്ങോട്ട് അല്പം ദൂരം കൂടുതലുണ്ട്. രാവിലെ തന്നെ പുറപ്പെടണം.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#caravanlifestyle
#motorhome
#motorhomelifestyle