Monthly Archives: January 2010

DSC06270

കൊച്ചി മുതല്‍ ഗോവ വരെ


മിസ്തുബിഷി കഴിഞ്ഞ വര്‍ഷം നടത്തിയ ഡ്രൈവിങ്ങ് ചാലഞ്ചില്‍ ബൂലോകത്തിന്റെ പ്രിയപ്പെട്ട വനിതാ സഞ്ചാരി ബിന്ദു ഉണ്ണിയും, ഭര്‍ത്താവ് ഉണ്ണിയും പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയത് എല്ലാ വായനക്കാരും സഞ്ചാരപ്രേമികളും അറിഞ്ഞിട്ടുള്ള വിഷയമാണല്ലോ.

മിസ്തുബിഷിയുടെ ചിലവില്‍ , ആയിരക്കണക്കിന് കിലോമീറ്ററുകളോളം ഒരു ലാന്‍സര്‍ കാര്‍ ഡ്രൈവ് ചെയ്ത് ഇന്ത്യ ചുറ്റാനായ ബിന്ദുവിന്റെ ഭാഗ്യത്തെ തെല്ല് അസൂയയോടെ തന്നെയാണ് ഞാന്‍ വീക്ഷിച്ചത്. അസൂയ ഉണ്ടാകാന്‍ വേറൊരു കാരണം കൂടെ ഉണ്ടായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ബിന്ദു ഉണ്ണിയില്‍ നിന്ന് തന്നെ അതറിഞ്ഞ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഞാനും ഒരു ശ്രമം നടത്തുകയുണ്ടായി. യാത്രയുടെ റൂട്ട് മിസ്തുബിഷിക്ക് അയച്ച് കൊടുത്ത് അപ്രൂവല്‍ വാങ്ങേണ്ടത് ആവശ്യമാണ്. മുഴങ്ങോടിക്കാരിയുമായി കുത്തിയിരുന്ന് യാത്ര പോകേണ്ട റൂട്ട് തയ്യാറാക്കി. ഒക്കെ ഒരുവിധം തീര്‍ന്ന് കഴിഞ്ഞപ്പോള്‍ ടേംസ് & കണ്ടീഷന്‍സ് എടുത്ത് വായിക്കാന്‍ തുടങ്ങി. അപ്പോഴാണ് അബദ്ധം മനസ്സിലായത്. അപേക്ഷ നല്‍കേണ്ട തീയതി കഴിഞ്ഞുപോയിരിക്കുന്നു. നിരാശയും അസൂയയും ഒറ്റയടിക്ക് തലപൊക്കി. പിന്നെ അതിന്റെ വിഷമം തീര്‍ക്കാന്‍ നേരേ പോയി ഡ്രൈവിങ്ങ് ചാലഞ്ചില്‍ ബിന്ദു ഉണ്ണിയുടെ ഫോളോവര്‍ ആയി.

അന്നേ തീരുമാനിച്ചിരുന്നതാണ് ഒറ്റയ്ക്ക് ഒരു ഡ്രൈവിങ്ങ് ചാലഞ്ച് നടത്തി അതില്‍ ഒന്നാം സ്ഥാനം തന്നെ നേടണമെന്ന് ! അതിന് അവസരം ഉണ്ടായത് 2009 ഡിസംബര്‍ മാസം അവസാനത്തോടെയാണ്.

എട്ടുവയസ്സുകാരി നേഹയ്ക്ക് കൃസ്തുമസ്സ്-ന്യൂ ഇയര്‍ അവധിദിനങ്ങളാണ് 2009 ഡിസംബര്‍ 22 മുതല്‍ 2010 ജനുവരി 2 വരെ. മുഴങ്ങോടിക്കാരി നാലഞ്ച് ദിവസം ലീവ് എടുത്തു. യാത്ര പോകാനുള്ള റൂട്ട് റെഡിയാക്കലും ഹോട്ടല്‍ ബുക്കിങ്ങ് നടത്തുന്നതുമൊക്കെ മുഴങ്ങോടിക്കാരിക്ക് ഈയിടെയായി നല്ല താല്‍പ്പര്യമുള്ള കാര്യങ്ങളാണ്. അത് ഞാന്‍ മുതലെടുത്തു.

4 ദിവസം വരെയൊക്കെ വണ്ടിയോടിച്ച് നടന്നിട്ടുണ്ട് ചോരത്തിളപ്പുള്ള കാലത്ത്. പക്ഷെ ഇപ്പോള്‍ അത്രയ്ക്കൊക്കെ കഴിയുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ട് യാത്രയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ജോലി കഴിഞ്ഞ് വന്നാല്‍ ട്രെഡ് മില്ലില്‍ ഓടലും ചാടലും മറിച്ചിലുമൊക്കെയായി ശരീരം പാകപ്പെടുത്തിയെടുക്കാന്‍ ഒരു ശ്രമം ഞാന്‍ നടത്തിയിരുന്നു. അത്തരത്തില്‍ ഒരു തയ്യാറെടുപ്പും ഇല്ലാതെ 2009ല്‍ ഒരു യൂറോപ്പ് പര്യടനം നടത്തിയപ്പോള്‍ , യാത്രയുടെ അവസാന ദിവസങ്ങളില്‍ ശരിക്കും കുഴഞ്ഞുപോയത് നല്ല ഓര്‍മ്മയുണ്ട്. അങ്ങനൊന്നും ഉണ്ടാകാതിരിക്കാനായിരുന്നു ഇത്തവണത്തെ ശ്രമം.

യാത്രയ്ക്കുള്ള മറ്റ് തയ്യാറെടുപ്പുകള്‍ എന്ന നിലയ്ക്ക് പോകുന്ന സ്ഥലങ്ങളില്‍ കാണാനുള്ള സ്ഥലങ്ങളെപ്പറ്റി കിട്ടാവുന്നത്രയും വിവരങ്ങള്‍ ശേഖരിച്ചു. അതില്‍ എല്ലായിടത്തുമൊക്കെ പോകാന്‍ പറ്റില്ലെന്ന് അറിയാവുന്നതുകൊണ്ട് സ്ഥലങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത് യാത്രയ്ക്കിടയില്‍ ആകാമെന്ന് വെച്ചു. അല്ലെങ്കിലും ഈ യാത്രയുടെ തലക്കെട്ടില്‍ പറയുന്നതുപോലെ കൊച്ചി മുതല്‍ ഗോവ വരെയുള്ള സ്ഥലങ്ങളൊക്കെ വള്ളിപുള്ളി വിടാതെ കയറിയിറങ്ങിക്കൊണ്ടുള്ള ഒരു സഞ്ചാരമല്ല ഇത്. ഞങ്ങള്‍ കണ്ട കുറേ സ്ഥലങ്ങള്‍ , ചില വ്യത്യസ്ഥ മുഖങ്ങള്‍ , ഇതേ റൂട്ടില്‍ ചില മുന്‍ യാത്രകളില്‍ മനസ്സില്‍ ഇടം പിടിച്ചിട്ടുള്ള കാര്യങ്ങള്‍ , ഒക്കെ ഒന്നുകുറിച്ചുവെക്കാന്‍ ശ്രമിക്കുന്നു എന്നേയുള്ളൂ. ചില സ്ഥലങ്ങള്‍ സമയപരിമിതി മൂലം വ്യസനത്തോടെയാണെങ്കിലും വിട്ടുകളഞ്ഞിട്ടുണ്ട്. കാമുകിയെക്കാണാന്‍ പോയപ്പോള്‍ അവളുടെ അടുത്ത് ഒരു പുസ്തകമോ , കുടയോ മറന്നുവെച്ചിട്ട് പോന്നതുപോലുള്ള ഒരു തന്ത്രമായിട്ടും വേണമെങ്കില്‍ ഈ വിട്ടുകളയലുകളെ വിലയിരുത്താം. മറന്നുവെച്ച കുട അല്ലെങ്കില്‍ പുസ്തകം എടുക്കാനെന്ന പേരില്‍ വീണ്ടും കാമുകിയുടെ അടുത്തേക്ക് പോകാമല്ലോ ?!

ഒരു ദീര്‍ഘയാത്രയ്ക്ക് പോകുന്ന സമയത്ത് കരുതേണ്ട കാര്യങ്ങളെപ്പറ്റിയൊക്കെ നെറ്റായ നെറ്റിലൊക്കെ പരതി. അപ്പോഴതാ വരുന്നു ക്യാപ്റ്റന്‍ ഹാഡോക്കിന്റെ ഒരു പോസ്റ്റ്. കാറിലോ മറ്റോ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും കരുതേണ്ടതുമായ കാര്യങ്ങളൊക്കെ ആ പോസ്റ്റില്‍ മനോഹരമായി അക്കമിട്ട് നിരത്തുന്നുണ്ട്. അതിന്റെ ഒരു പ്രിന്റ് എടുത്തു. ക്യാപ്റ്റന്‍ പറഞ്ഞതിനപ്പുറമുള്ള മറ്റ് ചില സ്വകാര്യ വസ്തുക്കള്‍ അതില്‍ എഴുതിക്കയറ്റി. കഷ്ടകാലത്തിനെങ്ങാനും റോഡില്‍ കിടക്കേണ്ടി വന്നാല്‍ ഉപകാരപ്പെടട്ടെ എന്ന് കരുതി നാലാള്‍ക്ക് കിടക്കാന്‍ പാകത്തിനൊരു ടെന്റും, ഒരു സ്ലീപ്പിങ്ങ് ബാഗും കൂടെ വണ്ടിയില്‍ കരുതി.

എഫ്.എം.ട്രാന്‍സ്മിറ്ററും USB സ്റ്റിക്കും

ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ നിരത്തിവെച്ചപ്പോള്‍ എന്റെ തന്നെ കണ്ണ് തള്ളി. റേഡിയോ പ്രസരണം ഇല്ലാത്തയിടങ്ങളിലും പാട്ടുകള്‍ ഇടതടവില്ലാതെ കേള്‍ക്കാനായി കാറിലെ 12 വോള്‍ട്ട് ജാക്കില്‍ ഘടിപ്പിച്ച് സ്വന്തം മെമ്മറി സ്റ്റിക്കിലെ MP3 ഗാനങ്ങള്‍ കേള്‍ക്കാന്‍ ഉപയോഗിക്കുന്ന എഫ്.എം. ട്രാന്‍സ്മിറ്റര്‍ , അതിലേക്ക് ഉപയോഗിക്കാനുള്ള മെമ്മറി സ്റ്റിക്കുകള്‍ , ഐ.പോഡ്, ഫോട്ടോഗ്രാഫി സാമഗ്രികളായ ക്യാമറ, ട്രൈപ്പോഡ്, എന്നിവയ്ക്ക് പുറമേ ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ചാര്‍ജ്ജറുകളും ഒക്കെയായി ഒരുപാട് സാധനങ്ങളുണ്ട്. അതിനൊക്കെ മാത്രമായി ഒരു ബാഗ് വേറെ കരുതേണ്ടി വന്നു.

അങ്ങനിരിക്കുമ്പോളാണ് പെട്ടെന്ന് ‘മാപ്പ് മൈ ഇന്ത്യ’യുടെ നേവിഗേറ്ററിനെപ്പറ്റി അറിയാനിടയായത്. ഇംഗ്ലണ്ടില്‍ നടത്തിയിട്ടുള്ള പല യാത്രകളിലും വഴികാട്ടിയിട്ടുള്ളത് നേവിഗേറ്ററാണ്. അല്ലെങ്കിലും ആ രാജ്യത്ത് ആരോടെങ്കിലുമൊക്കെ വഴിചോദിച്ച് പോകുക ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, ആ നാട്ടില്‍ അങ്ങനൊരു സംസ്ക്കാരം തന്നെയില്ല. ആരോടെങ്കിലും വഴി ചോദിച്ചാല്‍ ചോദിച്ചവന്‍ കുടുങ്ങിയതുതന്നെ. എല്ലാവരും ആശ്രയിക്കുന്നത് നേവിഗേറ്ററിനെത്തന്നെയാണ്.

മാപ്പ് മൈ ഇന്ത്യയുടെ നേവിഗേറ്റര്‍

ഇന്ത്യാമഹാരാജ്യത്ത് നേവിഗേറ്റര്‍ സംവിധാനം വന്നിരുന്നെങ്കില്‍ എത്രനന്നായേനെ എന്ന് അക്കാലത്ത് ഒരുപാട് കൊതിച്ചിട്ടുണ്ട്. കൃത്യമായി റോഡുകളും അതിനൊക്കെ പേരുകളും ഇല്ലാത്തിടത്ത് നേവിഗേറ്ററൊന്നും വരാന്‍ പോകുന്നില്ല എന്ന തെറ്റിദ്ധാരണയാണ് മാപ്പ് മൈ ഇന്ത്യ തിരുത്തിത്തന്നത്. ഉല്‍പ്പന്നം ഒരെണ്ണം വാങ്ങുന്നതിന് മുന്നേ അവനെ കാറില്‍ ഫിറ്റ് ചെയ്ത് എറണാകുളം നഗരത്തില്‍ ഞാനൊരു ടെസ്റ്റ് റണ്‍ നടത്തി.

നേവിഗേറ്റര്‍ കാറില്‍ ഘടിപ്പിച്ച നിലയില്‍

നാവിഗേറ്റര്‍ വഴികളൊക്കെ ശരിക്ക് കാണിക്കുന്നുണ്ടോ ?
വഴി തെറ്റിച്ചോടിച്ചാല്‍ റൂട്ട് റീ കാല്‍ക്കുലേറ്റ് ചെയ്യാന്‍ എത്ര സമയം എടുക്കുന്നു ?
വണ്‍ വേ മുതലായ സംഭവങ്ങളൊക്കെ ശരിക്ക് കാണിക്കുന്നുണ്ടോ ?
മാപ്പിന്റെ ആക്കുറസ്സി എത്രത്തോളം വരും ?
ബാറ്ററി ചാര്‍ജ്ജ് എത്ര സമയം നില്‍ക്കുന്നു ?
നേവിഗേറ്ററിന്റെ ഭാഷ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടോ ?
പോകുന്ന സ്ഥലത്തെപ്പറ്റിയുള്ള ഡാറ്റ ഫീഡ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോ ?

തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുക എന്നതായിരുന്നു ആ ടെസ്റ്റ് ഡ്രൈവിന്റെ ലക്ഷ്യം. മോശം പറയരുതല്ലോ. സംഭവം എനിക്കിഷ്ടമായി. അതൊരെണ്ണം വാങ്ങുകയും, യാത്രയ്ക്ക് മുന്നുള്ള ദിവസങ്ങളില്‍ അതിന്റെ ഫീച്ചേഴ്സ് ഓരോന്നോരോന്നായി പഠിച്ചെടുക്കുകയും ചെയ്തു. ദൂഷ്യഫലങ്ങള്‍ എന്ന് എടുത്ത് പറയാനുള്ളത് ഈ നേവിഗേറ്റര്‍ വണ്‍ വേ കളെപ്പറ്റി ഒരു സൂചനയും നല്‍കുന്നില്ല എന്നത് മാത്രമാണ്. ഓട്ടം പുരോഗമിക്കുന്നതിനിടയില്‍ ഡ്രൈവര്‍ തന്നെ റോഡ് അടയാളങ്ങള്‍ നോക്കി ‘വണ്‍ വേ‘ കണ്ടുപിടിച്ചോളണമെന്നുള്ളത് ഒരു ബുദ്ധിമുട്ടുള്ള കാര്യമായിട്ട് എനിക്ക് തോന്നിയതുമില്ല. അതൊഴിച്ച് നോക്കിയാല്‍ ഈ യാത്രയില്‍ ഞങ്ങളെ വളരെയധികം സഹായിച്ചത് ഈ നേവിഗേറ്ററാണ്. 10 ദിവസത്തെ യാത്രയില്‍ ഏറ്റവും കുറഞ്ഞത് 8 മണിക്കൂറെങ്കിലും നേവിഗേറ്റര്‍ കാരണം ലാഭിച്ചിട്ടുണ്ടെന്ന് എടുത്ത് പറയാതെ വയ്യ. നേവിഗേറ്റര്‍ കൊണ്ടുണ്ടായ മറ്റ് ഉപകാരങ്ങള്‍ യാത്രയിലെ അതാത് സന്ദര്‍ഭങ്ങളില്‍ വര്‍ണ്ണിക്കുന്നതായിരിക്കും ഭംഗിയെന്നുള്ളതുകൊണ്ട് കൂടുതലായി അതിനെപ്പറ്റി ഇപ്പോളൊന്നും പറയുന്നില്ല.

കൊച്ചി മുതല്‍ ഗോവ വരെ 10 ദിവസം കൊണ്ട് പോയി വരാനാണ് ഉദ്ദേശിച്ചിരുന്നത്. പോകുന്ന വഴിക്ക് കണ്ണൂര്‍ , മംഗലാപുരം, കൊല്ലൂര്‍ , കാര്‍വാര്‍ എന്നിവിടങ്ങളില്‍ തങ്ങുക. അതുവരെയുള്ള കാഴ്ച്ചകളും സ്ഥലങ്ങളും സമയത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് ആസ്വദിക്കുക. അതിനുശേഷം ഗോവയിലെത്തി തെരുവായ തെരുവുകള്‍ മുഴുവന്‍ വണ്ടിയില്‍ കറങ്ങി നടക്കുക, പോര്‍ച്ചുഗീസ് വാസ്തുശില്‍പ്പഭംഗിയുള്ള വീടുകളുടെ ഭംഗി ആസ്വദിക്കുക, പരമാവധി പള്ളികളില്‍ കയറി ഇറങ്ങുക, ബീച്ചുകളില്‍പ്പോയി അല്‍പ്പവസ്ത്രധാരിയായി കടലില്‍ നനഞ്ഞ് , കടല്‍ക്കരയിലെ പഞ്ചാരമണല്‍ത്തരികള്‍ പുരണ്ട്, സ്വതവേയുള്ള ഇരുണ്ടനിറം ഒന്നുകൂടെ ഷാര്‍പ്പാക്കിയെടുത്ത്, അര്‍മ്മാദിച്ച് നടക്കുക എന്നതൊക്കെയായിരുന്നു പദ്ധതികളും ആഗ്രഹങ്ങളും.

യാത്രയില്‍ വളരെ കൃത്യമായി പാലിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടെ മനസ്സില്‍ പറഞ്ഞുറപ്പിച്ചിട്ടുണ്ടായിരുന്നു. അതില്‍ ചിലത് ഇപ്രകാരമാണ്.

1. യാത്രകള്‍ അതിരാവിലെ ആരംഭിക്കുക.
2. ഇരുട്ടായിക്കഴിഞ്ഞാല്‍ വണ്ടി ഓടിക്കാതിരിക്കുക.
3. ഉറക്കം വരുന്നുണ്ടെന്ന് തോന്നിയാല്‍ വണ്ടി ഓടിക്കാതിരിക്കുക.
4. ഓരോ ദിവസവും നല്ല വിശ്രമം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
5. ഓടിപ്പിടഞ്ഞ് തിരക്കിട്ട് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാതിരിക്കുക.
6. പോകുന്ന വഴിക്കൊക്കെ ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധ വിട്ടുവീഴ്ച്ചകളും ചെയ്യാതിരിക്കുക. വിട്ടുവീഴ്ച്ചയില്ല എന്നുവെച്ചാല്‍ അകത്താക്കുന്ന അളവിന്റെ കാര്യത്തില്‍ മാത്രമല്ല, അതിന്റെ ഗുണനിലവാരത്തില്‍ കൂടെയാണ്. അസുഖമെന്തെങ്കിലും പിടിച്ചാല്‍ മൊത്തം യാത്ര അതോടെ അവതാളത്തിലാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എറണാകുളത്ത് ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ (ഫ്ലാറ്റ്) നിന്ന്‍ 2009 ഡിസംബര്‍ 22ന്, ദീര്‍ഘദൂരയാത്രകള്‍ മുന്നില്‍ക്കണ്ടുകൊണ്ട് തന്നെ വാങ്ങിയ ഞങ്ങളുടെ ടാറ്റാ ഇന്‍ഡിഗോ സി.എസ് ഡീസല്‍ കാറില്‍ തുടങ്ങിയ യാത്ര, ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിലൂടെയാണ് ആദ്യ ദിവസം പിന്നിട്ടത്.

ജനിച്ചുവളര്‍ന്ന നാടെന്ന് പറയുമ്പോള്‍ , മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇത്രയും നാള്‍ ഞാന്‍ അവഗണിച്ചിട്ടിരുന്ന ചരിത്രപ്രധാന്യമുള്ള ഒരുപാട് സ്ഥലങ്ങളും സ്മാരകങ്ങളും ദേവാലയങ്ങളുമൊക്കെയുള്ള എന്റെ കടലോരഗ്രാമത്തില്‍ നിന്നാണ് , അഥവാ മുസരീസ് എന്ന ഒരു പഴയ തുറമുഖത്തുനിന്നാണ് ഈ യാത്ര തുടങ്ങുന്നത് .

…………….തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…………..