Monthly Archives: March 2010

DSC05546

അനന്തപുര തടാക ക്ഷേത്രം


‘കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7, 8, 9.
——————————————————————-

ചില സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ പലപ്പോഴും വര്‍ഷങ്ങള്‍ക്ക് മുന്നേ മനസ്സില്‍ കുറിച്ചിട്ടിട്ടുള്ളവയായിരിക്കും. കുറേയധികം നാള്‍ മുന്‍പൊരിക്കല്‍ ഏതോ ഒരു പുസ്തകത്തില്‍ കണ്ട ഒരു ക്ഷേത്രത്തിന്റെ മനോഹരമായ ഒരു ചിത്രമുണ്ട്. അന്നെടുത്ത തീരുമാനമാണ് ഇപ്പോള്‍ ഈ യാത്രയിലെ അടുത്ത ലക്ഷ്യമായി മാറാന്‍ പോകുന്നത്. മറ്റെവിടേയും പോയില്ലെങ്കിലും ഈ യാത്രയില്‍ പോയിരിക്കും എന്ന് കരുതിയിരുന്ന ആ സ്ഥലമാണ് കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുര ക്ഷേത്രം.

അനന്തപുര തടാക ക്ഷേത്രം

കാസര്‍ഗോഡുനിന്ന് 11 കിലോമീറ്റര്‍ വടക്കുദിക്കിലേക്ക് പോയാല്‍ കുമ്പള, അവിടന്ന് വലത്തേക്ക് തിരിഞ്ഞ് 4 കിലോമീറ്റര്‍ പോയാല്‍ നായ്ക്കാപ്പ്. ടാറിട്ട റോഡിന്റെ വലത്തുവശത്ത് ക്ഷേത്രത്തിന്റെ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. വീതികുറഞ്ഞ ആ വഴിയിലേക്ക് തിരിഞ്ഞ് കഷ്ടി ഒരു കിലോമീറ്റര്‍ കൂടെ പോയാല്‍ അനന്തപുരയായി. വിശാലമായ ഒരു ഭൂപ്രദേശത്തേക്കാണ് ചെന്നുകയറിയത്. മതില്‍ക്കെട്ട് ഒരെണ്ണം കാണാമെങ്കിലും ചിത്രത്തില്‍ കണ്ടിരിക്കുന്ന പോലുള്ള ഒരു ക്ഷേത്രം അതിനകത്ത് കാണാനായില്ല. വാഹനത്തില്‍ നിന്നിറങ്ങി മതില്‍ക്കെട്ടിനകത്തേക്ക് നടന്നു.

ക്ഷേത്രത്തെപ്പറ്റി എന്തെങ്കിലും പറയണമെങ്കില്‍ അത് ഈ മതില്‍ക്കെട്ട് മുതല്‍ തുടങ്ങണം. ഏകദേശം 3 മീറ്റര്‍ ഉയരത്തില്‍ ചുവന്ന കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ മതില്‍ക്കെട്ടിനെ ‘സര്‍പ്പക്കെട്ട് ‘എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള നിര്‍മ്മാണശൈലി മഹാക്ഷേത്രങ്ങളുടെ അടയാളമായിരുന്നെന്ന് ഒരു കാലത്ത് കണക്കാക്കപ്പെട്ടിരുന്നു. കേരളത്തില്‍ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രമേ ഇത്തരം മതില്‍ക്കെട്ടുകള്‍ കാണാന്‍ സാധിക്കൂ. ഏത് തരത്തിലുള്ള മതിലുകളിലും ഇഴജന്തുക്കള്‍ക്ക് കയറാനാകുമെങ്കിലും ‘സര്‍പ്പക്കെട്ട് ‘ മതിലുകളിലേക്ക് പാമ്പുകള്‍ക്കും മറ്റും കയറാനാവില്ലെന്നുള്ളത് ഒരു പ്രത്യേകതയാണ്.

മതില്‍ക്കട്ടിനകത്തേക്ക് കടന്നിട്ടും ക്ഷേത്രദര്‍ശനം സാദ്ധ്യമായില്ല. മേല്‍ക്കൂരകള്‍ മാത്രം കാണാം. കുറച്ച് പടികള്‍ താഴേക്ക് പോകുന്നുണ്ട്. പടികളിറങ്ങി താഴേക്ക് ചെന്നു.

അവിടന്ന് കിട്ടിയ ക്ഷേത്രദര്‍ശനം വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. വൈകുണ്ഠ സദൃശ്യമായ ക്ഷേത്രം തടാകത്തിന്റെ മദ്ധ്യത്തില്‍ . അനങ്ങാതെ കിടക്കുന്ന ജലത്തില്‍ ക്ഷേത്രത്തിന്റെ പ്രതിബിംബം തലകീഴായി നില്‍ക്കുന്നു. സ്ഥലജലവിഭ്രാന്തി ഉണ്ടാകാന്‍ പോന്ന രംഗം. ഫോട്ടോയില്‍ മാത്രം കണ്ടുമോഹിച്ച ആ മനോഹര ദൃശ്യം നേരിട്ട് കണ്ടപ്പോള്‍ മാറ്റ് പതിന്മടങ്ങായെന്ന് പറഞ്ഞാല്‍ അതില്‍ തീരെ അതിശയോക്തിയില്ല. കുറേ നേരം ഞാനാ നയനമനോഹരമായ കാഴ്ച്ച കണ്ണിമവെട്ടാതെ നോക്കിനിന്നു. ജനിച്ചിട്ടിതുവരെ കണ്ടിട്ടുള്ള ഒരു ക്ഷേത്രവും ഇത്ര ഭംഗിയുള്ളതായിട്ട് തോന്നിയിട്ടില്ല. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുന്നത് ഇതുപോലുള്ള അത്യന്തം വ്യത്യസ്ഥമായ ക്ഷേത്രങ്ങള്‍ക്ക് കൂടെ നിലകൊള്ളുന്ന ഇടമെന്ന നിലയ്ക്കാണോ ?

തടാകവും മുഖമണ്ഡപവുമൊക്കെ ചേര്‍ന്ന ക്ഷേത്രചിത്രം

ക്ഷേത്രനടയിലേക്ക് നടക്കുന്നതിന് മുന്നേതന്നെ വഴിപാട് രസീത് കൊടുക്കുന്ന ശങ്കരനാരായണ ഭട്ടുമായി ലോഹ്യം കൂടി. തുളു ചുവ നല്ലവണ്ണമുണ്ട് അദ്ദേഹത്തിന്റെ മലയാളത്തിന്. വേണമെങ്കില്‍ ഹിന്ദിയും ഇംഗ്ലീഷുമൊക്കെ അദ്ദേഹം സംസാരിക്കുമെന്ന് മനസ്സിലാക്കാനായി. ക്ഷേത്രത്തെപ്പറ്റി കൂടുതല്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിനും താല്‍പ്പര്യമായി. എവിടന്നാണ് വരുന്നതെന്നും മുന്‍പ് വന്നിട്ടുണ്ടോ എന്നൊക്കെ കുശലം ചോദിച്ചതിനുശേഷം ക്ഷേത്രചരിത്രവും ഐതിഹ്യങ്ങളുമൊക്കെ ഭട്ട് വിവരിച്ചുതന്നു. ഇടയ്ക്കിടയ്ക്ക് ഭക്തര്‍ക്ക് വഴിപാട് രസീത് കീറിക്കൊടുക്കുമ്പോള്‍ മാത്രം സംസാരത്തിന് വിഘ്നം നേരിട്ടുകൊണ്ടിരുന്നു. കേട്ട കാര്യങ്ങളെല്ലാം തലച്ചോറില്‍ കുത്തിക്കയറ്റാന്‍ ആ ഇടവേളകള്‍ എനിക്ക് സാവകാശം തന്നു.

ക്ഷേത്രത്തിന്റെ മറ്റൊരു ദൃശ്യം

കേരളത്തിന്റെ തെക്കേ അറ്റമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമിയുടെ മൂലസ്ഥാനമാണ് വടക്കേ അറ്റത്തുള്ള അനന്തപുര ക്ഷേത്രം. അനന്തന്‍ കാടാണ് ശ്രീപത്മനാഭന്റെ മൂലസ്ഥാനമെന്നാണ് സിംഹഭാഗം ജനങ്ങളും തെറ്റായി ധരിച്ച് വെച്ചിരിക്കുന്നത്. അനന്തന്‍ കാടിന് ഈ ക്ഷേത്രവുമായുള്ള ബന്ധത്തെപ്പറ്റി പറയണമെങ്കില്‍ കൃഷ്ണാമൃതം കാവ്യമെഴുതിയ വില്വമംഗല സ്വാമികള്‍ എന്ന ദിവാകര മുനികളുടെ കഥയിലൂടെ തുടങ്ങേണ്ടി വരും.

ഗോശാല കൃഷ്ണക്ഷേത്രവും മഠവും

ഈ മുനിശ്രേഷ്ഠന്‍ തടാകത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായുള്ള ഗോശാലകൃഷ്ണ ക്ഷേത്രത്തില്‍ കുറേക്കാലം ധ്യാനപൂജാദി കര്‍മ്മങ്ങള്‍ ചെയ്ത് ജീവിച്ചിരുന്നെന്ന് ഐതിഹ്യമുണ്ട്. വില്വമംഗലസ്വാമികളെ സഹായിക്കാനായി ഒരു ബാലന്‍ പതിവായി അവിടെ വരുമായിരുന്നു. ബാലന്‍ ആരാണെന്നോ എവിടന്ന് വരുന്നെന്നോ ഉള്ള കാര്യങ്ങളൊന്നും സ്വാമികള്‍ തിരക്കിയിരുന്നില്ല. ഒരിക്കല്‍ തന്റെ പൂജാസാമഗ്രികള്‍ എടുത്ത് കുസൃതി കാട്ടിയ ബാലനെ സ്വാമികള്‍ തന്റെ ഇടംകൈകൊണ്ട് തള്ളിമാറ്റുകയും, തള്ളലിന്റെ ശക്തിയില്‍ ബാലന്‍ കുറേ ദൂരേയ്ക്ക് തെറിച്ച് വീഴുകയും ചെയ്തു.

“ഇനി എന്നെക്കാണണമെങ്കില്‍ അങ്ങ് അനന്തന്‍ കാട്ടിലേക്ക് വരേണ്ടിവരും” എന്ന് പറഞ്ഞ് ബാലന്‍ അപ്രത്യക്ഷനായി.

ദീര്‍ഘജ്ഞാനിയായ സ്വാമികള്‍ക്ക് ബാലന്‍ ആരാണെന്നുള്ള കാര്യം മനസ്സിലായി. ബാലന്‍ പോയി വീണ സ്ഥലത്ത് ഒരു വലിയ ഗുഹ പ്രത്യക്ഷപ്പെട്ടു. സ്വാമികള്‍ ഗുഹയില്‍ അപ്പോള്‍ പ്രത്യക്ഷപ്പെട്ട ഒരു ജ്യോതിക്ക് പിന്നാലെ നീങ്ങാന്‍ തുടങ്ങി. ജ്യോതി മുന്നോട്ട് നീങ്ങുകയും സ്വാമികള്‍ അതിനെ പിന്തുടരുകയും ചെയ്തുകൊണ്ടിരുന്നു. കുറേ ദിവസങ്ങളോളം സഞ്ചരിച്ച് കേരളത്തിന്റെ തെക്കേ അറ്റത്ത് എത്തിയപ്പോള്‍ ആ ദിവ്യതേജസ്സ് ബാലന്റെ രൂപത്തിലും തന്റെ ആരാധനാമൂര്‍ത്തിയായ വിഷ്ണു ഭഗവാന്റെ രൂപത്തിലും സ്വാമികള്‍ക്ക് ദര്‍ശനം നല്‍കി. ഈ സംഭവം നടന്ന സ്ഥലമാണ് അനന്തന്‍ കാട് (തിരുവനന്തപുരം) എന്ന് കരുതപ്പെടുന്നു. അവിടെയാണ് ഇപ്പോള്‍ തിരുവനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നത് എന്നാണ് വിശ്വാസം.

ഗുഹയും അതിന് മുകളിലുള്ള ഗണപതി ക്ഷേത്രവും

ഭട്ടിനോട് കുറേ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയതിനുശേഷം ഞങ്ങള്‍ ക്ഷേത്രനടയിലേക്ക് നീങ്ങി. ദീപാരാധനയ്ക്ക് നട തുറക്കാന്‍ പോകുന്നതിന്റെ ചെറിയ തിരക്കുണ്ടവിടെ 20 ല്‍ താഴെ വരുന്ന ജനങ്ങള്‍ അവിടവിടെയായി ഉണ്ട്. ബാക്കിയുള്ള ഐതിഹ്യങ്ങളും കഥകളും ചരിത്രവുമൊക്കെ ദീപാരാധനയ്ക്ക് ശേഷം ചോദിച്ച് മനസ്സിലാക്കാമെന്നും, നടതുറക്കുന്നതിന് മുന്നേ തടാകത്തിന് ഒരു വലം വെച്ച് വരാനും ഞങ്ങള്‍ തീരുമാനിച്ചു.

ക്ഷേത്രത്തിന്റെ തെക്കുവശത്തുനിന്നുള്ള മറ്റൊരു വീക്ഷണം

തടാകത്തിന്റെ കാര്യം പറയുമ്പോള്‍ തടാകത്തിലെ അന്തേവാസിയായ ബബ്ബിയ എന്നുപേരുള്ള മുതലയെപ്പറ്റി പറയാതിരിക്കുന്നതെങ്ങിനെ ? മാംസാഹാരം കഴിക്കാതെ 65 വര്‍ഷത്തോളമായി ഒരു മുതല എങ്ങനെ ഈ തടാകത്തില്‍ കഴിയുന്നു എന്നത് ആശ്ചര്യജനകമാണ്. അറുപത്തഞ്ച് വര്‍ഷം എന്ന് കൃത്യമായി പറയാന്‍ കാരണമുണ്ട്. സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്നേ ഈ ഭാഗത്ത് ബ്രിട്ടീഷുകാരുടെ ക്യാമ്പ് ഒരെണ്ണം ഉണ്ടായിരുന്നു. അന്ന് തടാകത്തില്‍ ഉണ്ടായിരുന്ന മുതലയെ അവര്‍ വെടിവെച്ചുകൊന്നു. കൊന്നയാള്‍ അധികം വൈകാതെ ദുരൂഹമായ സാഹചര്യത്തില്‍ മരണമടഞ്ഞു. പിറ്റേന്ന് തന്നെ മറ്റൊരു കുഞ്ഞുമുതല തടാകത്തില്‍ പ്രത്യക്ഷപ്പെട്ടു. എവിടന്ന് വന്നെന്നോ എങ്ങനെ വന്നെന്നോ ആര്‍ക്കുമറിയില്ല. ആ മുതലയാണ് ഇപ്പോള്‍ തടാകത്തിലുള്ളത്. ആദ്യത്തെ മുതലയുടെ ബബ്ബിയ എന്ന നാമം ഈ മുതലയ്ക്കും നല്‍കപ്പെട്ടു. തീരെ അപകടകാരിയല്ല ഈ മുതല. കുളത്തില്‍ ഒരിക്കല്‍ വീണുപോയ ഒരു ചെറിയ കുട്ടിയുടെ അടുത്ത് വന്ന് മണത്തുനോക്കിയതിനുശേഷം തിരിച്ചുപോയതടക്കം ഒരുപാട് കഥകളുണ്ട് മുതലയെപ്പറ്റി. ക്ഷേത്രത്തിലെ പൂജാരി തടാകത്തില്‍ മുങ്ങിക്കുളിക്കുന്നതിനിടെ പലപ്രാവശ്യം മുതലയുടെ പുറത്ത് ചവിട്ടിയിട്ടുണ്ടെങ്കിലും യാതൊരുവിധത്തിലുള്ള ആക്രമണവും മുതലയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല പൂജാരി കൊടുക്കുന്ന നിവേദ്യച്ചോറാണ് മുതലയുടെ മുഖ്യഭക്ഷണം. വൈകുണ്ഠ സദൃശ്യമായ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള യക്ഷന്മാരും ഗന്ധര്‍വ്വന്മാരുമൊക്കെ താമസിക്കുന്ന ക്ഷീരസാഗരമാണ് തടാകമെന്നും വൈകുണ്ഠത്തിന്റെ കാവല്‍ക്കാരന്‍ കൂടെയായ വരുണന്‍ തന്നെയാണ് ഈ മുതലയെന്നും വിശ്വസിച്ചുപോരുന്നു.

തടാകത്തിലെ മുതലയെ ഊട്ടുന്ന പൂജാരി (ചിത്രത്തിന് കടപ്പാട് ക്ഷേത്രസമിതിയോട്)

തടാകത്തിന്റെ വടക്കുവശത്തായി കല്ലുകള്‍ക്കിടയില്‍ കാണുന്ന ഗുഹപോലുള്ള വിള്ളലാണ് മുതലയുടെ വാസസ്ഥലം. കല്ലുകളിലൂടെ പിടിച്ച് താഴേക്കിറങ്ങി മുതലയെ കാണാന്‍ ഞാന്‍ നടത്തിയ ശ്രമം പാഴായി. എപ്പോഴെങ്കിലും മുതല ജനനിരപ്പിലേക്ക് വരുമെന്നുള്ളതുകൊണ്ട് അമ്പലപരിസരത്ത് ചുറ്റിനടക്കുമ്പോഴൊക്കെയും തടാകത്തിലേക്ക് ഒരു ശ്രദ്ധയുണ്ടായിരുന്നു.

മുതലയുടെ ആവാസകേന്ദ്രമായ ഗുഹ കല്ലുകള്‍ക്കിടയില്‍ കാണാം

ദീപാരാധനയ്ക്കായി നടതുറന്നു. വളരെ കുറച്ചുപേര്‍ മാത്രം മുഖമണ്ഡപത്തില്‍ . തികഞ്ഞ നിശബ്ദത. മച്ചിലെവിടെയോ അമ്പലപ്രാവുകള്‍ കുറുകുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാം. ദേവചൈതന്യം അല്‍പ്പമെങ്കിലും നിലനില്‍ക്കുന്നയിടങ്ങളില്‍ മാത്രമേ ഇതുപോലൊരു അന്തരീക്ഷമുണ്ടാകൂ എന്നാണ് എന്റെയൊരു വിശ്വാസം. വില്വമംഗലത്തിന്റെ ഐതിഹ്യ കഥ വഴി അനന്തന്‍ കാട്ടിലേക്കും തിരുവനന്തപുരത്തേക്കുമൊക്കെ പോയെന്ന് ഭക്തരെ കബളിപ്പിച്ചിട്ട് ഭഗവാന്‍ ഈ ക്ഷേത്രത്തില്‍ത്തന്നെ സ്വര്യമായി കഴിയുന്നുണ്ടെന്നാണ് എനിക്ക് തോന്നിയത്.

7 പ്രതിഷ്ഠകളും ചേര്‍ന്ന ഒരു ചിത്രം (കടപ്പാട് ക്ഷേത്രസമിതിയോട്)

ഏഴ് പ്രതിഷ്ഠകളാണ് ശ്രീകോവിലിനുള്ളില്‍ . നടുക്ക് ആദിശേഷന്റെ(അനന്ദന്‍ ) മുകളില്‍ ഉപവിഷ്ടനായിരിക്കുന്ന മഹാവിഷ്ണു. അനന്തന്‍ തന്റെ അഞ്ചുഫണങ്ങള്‍ വിടര്‍ത്തി ഭഗവാനെ ഒരു കുടക്കീഴിലെന്നപോലെ സംരക്ഷിക്കുന്നു. വിഷ്ണുഭഗവാന് ഇരുവശങ്ങളിലുമായി ശ്രീദേവിയും ഭൂദേവിയും ഇരിക്കുന്നു. ഹനുമാനും ഗരുഡനും അവരുടെ മുന്‍പാകെ പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുന്നു. ശ്രീകോവിലിന്റെ ഇടത്തും വലത്തും ചുവരുകളില്‍ നിലയുറപ്പിച്ചിരിക്കുന്ന ചാമരം വീശുന്ന നാഗകന്യകമാരെ ഭക്തര്‍ക്ക് വെളിയില്‍ നിന്ന് കാണാനാവില്ല. ശ്രീകോവിലിന് വെളിയിലേക്കുള്ള വാതില്‍ക്കല്‍ ജയവിജയന്മാര്‍ കാവല്‍ നില്‍ക്കുന്നു. നടയില്‍ ക്യാമറ നിഷിദ്ധമാണ്. ക്യാമറയില്‍ പകര്‍ത്താനാവാത്ത ഈ അപൂര്‍വ്വ പ്രതിഷ്ഠ മനസ്സിലേക്ക് ആവാഹിക്കുക മാത്രമേ നിവൃത്തിയുള്ളൂ.

ഹനുമാന്‍ , ശ്രീദേവി, മഹാവിഷ്ണു, ഭൂദേവി, ഗരുഡന്‍

ക്ഷേത്രത്തിന്റെ അകത്തെ ചുമരിലുള്ള അതിപ്രാചീനമായ ചുവര്‍ച്ചിത്രങ്ങള്‍ക്ക് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് പറയുമ്പോള്‍ ക്ഷേത്രത്തിന്റെ പഴക്കം അതിനുമേറെയാണെന്ന് അനുമാനിക്കേണ്ടി വരും. ചുമര്‍ച്ചിത്രങ്ങളൊന്നും ആധുനിക ചിത്രകലാസങ്കേതങ്ങള്‍ ഉപയോഗിച്ച് വരച്ചതല്ല. കൃത്രിമ വര്‍ണ്ണങ്ങളോ ബ്രഷുകളോ ഉപയോഗിച്ചിട്ടില്ല.

ശ്രീകോവിലിനകത്തെ ഒരു പുരാതന ചുവര്‍ച്ചിത്രം (കടപ്പാട് ക്ഷേത്രസമിതിയോട്)

പ്രകൃതിദത്തമായ ജൈവികവര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് വരച്ചതുകൊണ്ടായിരിക്കണം ഇപ്പോഴും അതൊക്കെ പുതുമയോടെയും തിളക്കത്തോടെയുമാണ് നില്‍ക്കുന്നതെന്ന് പറയുന്നു. ശ്രീകോവിലിലേക്ക് ഭക്തന്മാര്‍ക്ക് കയറാനാവില്ലല്ലോ. അതുകൊണ്ടുതന്നെ ചുവര്‍ച്ചിത്രങ്ങള്‍ നേരിട്ട് കാണാന്‍ യോഗം സിദ്ധിച്ചിട്ടുള്ളത് ശ്രീകോവിലില്‍ സ്ഥിരമായി പ്രവേശിക്കുന്ന പൂജാരിക്കും അപൂര്‍വ്വമായി ശ്രീകോവിലില്‍ കടക്കാന്‍ ഭാഗ്യം കിട്ടിയ പുരാവസ്തുഗവേഷകര്‍ക്കും മാത്രം.

മറ്റൊരു പുരാതന ചുവര്‍ച്ചിത്രം (കടപ്പാട് ക്ഷേത്രഭാരവാഹികളോട്)

കടുശര്‍ക്കരയിലാണ് ഇവിടത്തെ പ്രതിഷ്ഠ. കേരളത്തില്‍ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് കടുശര്‍ക്കര കൊണ്ടുള്ള പ്രതിഷ്ഠയുള്ളത്. ഒന്ന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം , രണ്ട് ഞങ്ങള്‍ ഈ നില്‍ക്കുന്ന അനന്തപുര ക്ഷേത്രം തന്നെ, മൂന്നാമത്തേത് പയ്യന്നൂരിന് സമീപം മാടായിക്കാവ് ഭഗവതിക്ഷേത്രം. നാലാമത്തേത് പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ഭഗവതിക്ഷേത്രം. കേരളത്തില്‍ ഇതല്ലാതെ മറ്റ് കടുശര്‍ക്കരപ്രതിഷ്ഠകള്‍ ഉണ്ടോ എന്ന് കൃത്യമായിട്ട് എനിക്കറിയില്ല.

64ല്‍ പ്പരം പ്രത്യേക വസ്തുക്കളുടെ സങ്കലനമാണ് കടുശര്‍ക്കര വിഗ്രഹങ്ങള്‍ . എനിക്ക് മനസ്സിലാക്കാന്‍ സാധിച്ച ചില കൂട്ടുകള്‍ ഇപ്രകാരമാണ്. ചുവന്ന കല്‍‌പ്പൊടി, ഗോതമ്പുപൊടി, യവം, ചാഞ്ചല്യം, മെഴുക്, നല്ലെണ്ണ, ശര്‍ക്കര, ഇത്രയും ചേര്‍ന്നതാണ് കടുശര്‍ക്കരയോഗം അതിനുപുറമേ പലതരം ലേപനങ്ങള്‍ കൂടെയാകുമ്പോളാണ് 64 ചേരുവകളാകുന്നത്. പ്ലാവിന്‍ പശ, കൂവളപ്പശ,തിരുവട്ടപ്പശ, ഗുല്‍ഗുല്‍ ,ത്രിവേണീസംഗമത്തിലെ മണ്ണ്, അവിടത്തെ തന്നെ 3 തരം കല്ലുകള്‍ (ചുവന്ന കല്ല് കറുപ്പ് കല്ല് കാവിക്കല്ല് ), സമുദ്രമണ്ണ് , നദിയിലെ മണ്ണ്, അരിച്ചെടുത്ത മണല്‍ , ഗംഗാതടത്തിലെ മണ്ണ്, കോഴിപ്പരല്‍ (ഭാരതപ്പുഴയുടെ ആഴംകൂടിയ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരുതരം സ്ഫടികം പോലത്തെ ചെളി) , ഗംഗാതീര്‍ത്ഥം, അത്തി, ഇത്തി, അരയാല്‍ , പേരാല്‍ , ഗംഗാജലം, മരുതിന്‍ തോല്‍ കഷായം, നാല്‍പ്പാമരക്കഷായം, സ്വര്‍ണ്ണം, വെള്ളി, ഗോരോചനം, കസ്തൂരി, ചന്ദനം, രക്തചന്ദനം, പശുവിന്‍ പാല് , തൈര്, നെയ്യ്, മുത്തുച്ചിപ്പി, ആനകുത്തിയ മണ്ണ്, കാളകുത്തിയ മണ്ണ്, കലപ്പമണ്ണ്, പുറ്റ്‌മണ്ണ്, ഞണ്ടുമണ്ണ്, മുത്തുച്ചിപ്പി, ശംഖ്, ത്രിഫല, കരിങ്ങാലി, ചന്ദനത്തിരി, മര്‍വ്വം, നഗ്വാരം , കോലരക്ക്, ഇളനീരിന്റെ വെള്ളം, ,….എന്നിങ്ങനെ പോകുന്നു മറ്റ് ലേപന വസ്തുക്കള്‍ .

അതില്‍ പല സാധനങ്ങളുടേയും പേരുകള്‍ ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത് തന്നെ. ഇതില്‍ പല അമൂല്യ വസ്തുക്കളും വിഗ്രഹനിര്‍മ്മാണസമയത്ത് ഒരു നിമിത്തം പോലെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുകയായിരുന്നു. ഗോരോചനം നല്‍കിയത് ഒരു കൃസ്ത്യന്‍ ഭക്തനാണ്. ഔഷധശാലകളില്‍ ഒന്നിലും ശുദ്ധ കസ്തൂരി കിട്ടില്ലെന്നായപ്പോള്‍ ദൈവദൂതനെപ്പോലെ നേപ്പാളിലെ പശുപതി ദേവായലത്തിലെ പ്രധാനപൂജാരി ഇടപെട്ട് വളരെയധികം വിലപിടിച്ച കസ്തൂരി സൌജന്യമായി എത്തിച്ചുകൊടുക്കുന്നു.

കടുശര്‍ക്കര വിഗ്രഹനിര്‍മ്മാണത്തിന്റെ ആഴങ്ങളിലേക്ക് കടന്നാല്‍ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് മനസ്സിലാക്കാനാവുക. ഇത്തരം വിഗ്രഹനിര്‍മ്മാണത്തില്‍ മനുഷ്യശരീരത്തിലെന്ന പോലെ അസ്ഥികളും നാഡീഞരമ്പുകളുമൊക്കെ ഉണ്ടായിരിക്കും. തലയോട്, കൈത്തോളുകളുടെ എല്ലുകള്‍ , വയറിന്റെ ഭാഗത്തുള്ള എല്ലുകള്‍ , തുടയെല്ല്, കാലിലെ എല്ലുകള്‍ , കാല്‍‌വിരലുകളുടെ ഭാഗത്തുള്ള എല്ലുകള്‍ , എന്നതൊക്കെ അസ്ഥിപഞ്ചരത്തില്‍ ഉണ്ടായിരിക്കും. കരിങ്ങാലി(കതിര) മരമാണ് ശൂലം എന്ന് വിളിക്കപ്പെടുന്ന അസ്ഥികളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

ശൂലത്തിന്റെ ചിത്രം – വിഗ്രഹനിര്‍മ്മാണസമയത്തെടുത്തത് (കടപ്പാട് ക്ഷേത്രസമിതിയോട്)

ശൂലം നിര്‍മ്മിക്കാനുള്ള മരവും ഭക്തജനങ്ങള്‍ വഴി ലഭിക്കുകയായിരുന്നു. 2000ല്‍പ്പരം ആളുകള്‍ രാപ്പകള്‍ ശ്രമദാനമായി കൈകൊണ്ട് പിരിച്ചെടുത്ത പച്ചനാളികേരത്തിന്റെ ചകിരിനാരാണ് നാടീഞരമ്പുകളായി മാറിയിരിക്കുന്നത്. അത് വിഗ്രഹത്തിന്റെ നാഭിയില്‍ നിന്ന് ആരംഭിച്ച് ദേഹത്തില്‍ എല്ലായിടത്തും ചുറ്റി ശിരസ്സില്‍ അവസാനിക്കുന്നു. അതിന് മുകളില്‍ ലേപനങ്ങള്‍ ഓരോന്നോരോന്നായി ചെയ്തിരിക്കുന്നു. ഓരോ ലേപനങ്ങളും ഉണങ്ങിക്കിട്ടാന്‍ മാസങ്ങള്‍ തന്നെ എടുക്കുന്നതുകൊണ്ട് ശില്പം പണി തീരാന്‍ 8 വര്‍ഷമാണ് എടുത്തത്. ചൂടാക്കിയോ കാറ്റുവീശിയോ ലേപനങ്ങള്‍ ഉണക്കാന്‍ പാടില്ല. നൈസര്‍ഗ്ഗികമായ രീതിയില്‍ത്തന്നെ അത് ഉണങ്ങിക്കിട്ടണം.

ആദ്യമായിട്ടാണ് ഇത്തരമൊരു ശില്പനിര്‍മ്മാണ പ്രക്രിയയെപ്പറ്റി കേള്‍ക്കുന്നതുതന്നെ. അതുകൊണ്ടുതന്നെ ആ വിഗ്രഹത്തിനുമുന്നില്‍ തൊഴുത് നില്‍ക്കാന്‍ പറ്റുന്നത് ഒരു വ്യത്യസ്ഥ അനുഭവമാണെന്ന് മനസ്സുകൊണ്ട് ഒരു തോന്നലുണ്ടായി. ഇത്രയും സങ്കീര്‍ണ്ണമായ ശില്പനിര്‍മ്മാണം ചെയ്യാന്‍ പോന്ന അധികം ശില്‍പ്പികള്‍ ഇപ്പോളില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. 1998 ഒക്‍ടോബര്‍ 29ന് നിര്‍മ്മാണം ആരംഭിച്ച അനന്ദപുരയിലെ വിഗ്രഹത്തിന്റെ ശില്പി വൈക്കത്തുകാരനായ ശ്രീ.കെ.എസ്.കൈലാസ് എന്ന പ്രഗത്ഭനാണ്.

ക്ഷേത്രത്തിന്റെ പ്രാരംഭകാലത്തുണ്ടായിരുന്ന കടുശര്‍ക്കര വിഗ്രഹം ജീര്‍ണ്ണാവസ്ഥയിലായപ്പോള്‍ 1976ല്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത വിഗ്രഹം പ്രതിഷ്ഠിക്കുകയുണ്ടായെങ്കിലും 1997ല്‍ നടത്തിയ ദേവപ്രശ്നത്തില്‍ പഞ്ചലോഹവിഗ്രഹം മാറ്റി കടുശര്‍ക്കരയിലുള്ള പ്രതിഷ്ഠ തന്നെ നടത്തണമെന്ന് കണ്ടതുകൊണ്ടാണ് ഇപ്പോള്‍ നിലവിലുള്ള കടുശര്‍ക്കവിഗ്രഹം നിര്‍മ്മിച്ച് പ്രതിഷ്ഠിച്ചത്.

കടുശര്‍ക്കര വിഗ്രഹമായതുകൊണ്ടുതന്നെ സാധാരണ ക്ഷേത്രങ്ങളിലെ പോലെ പാലഭിഷേകം മുതലായ കാര്യങ്ങള്‍ സാദ്ധ്യമല്ല. അഭിഷേകം നടത്തുന്നത് ശ്രീകോവിലില്‍ത്തന്നെയുള്ള ചെറിയ പഞ്ചലോഹവിഗ്രഹത്തിലാണ്.

തടാകം ചുറ്റി കടന്നുപോകുന്ന പ്രദക്ഷിണം

ശങ്കരനാരായണ ഭട്ടുമായി സംസാരിച്ചുനിന്നാല്‍ ക്ഷേത്രപുരാണം ഒരുപാട് ഇനിയും മനസ്സിലാക്കാനാവുമെന്ന് എനിക്കറിയാം. കണ്ടതും കേട്ടതുമൊക്കെ ഏതോ മാസ്മരിക ലോകത്തെത്തിച്ചിരിക്കുന്നു ഇതിനകം. ഇത്രയും ദേവാംശം ഉള്ള ഒരു ക്ഷേത്രത്തില്‍ ഇതിനുമുന്‍പ് പോയിട്ടുണ്ടോ എന്ന് ഓര്‍മ്മയിലില്ല.

പെട്ടെന്ന് ആര്‍പ്പും അലര്‍ച്ചയുമൊക്കെയായി ക്ഷേത്രനടയില്‍ നിന്നൊരു പ്രദക്ഷിണം ആരംഭിച്ചു. തടാകത്തെ ചുറ്റി അത് ദേവാലയത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഗുഹയ്ക്ക് മുകളിലായുള്ള ഗണപതി ദേവാലയത്തിന് മുന്നിലൂടെ കറങ്ങി വന്നു.

തെക്കുകിഴക്കേ ഭാഗത്തെ ഗണപതിക്ഷേത്രം

ഗണപതി ക്ഷേത്രത്തിനകത്തുള്ളത് ശിലാവിഗ്രഹമാണെങ്കിലും ആദ്യമുണ്ടായിരുന്നത് കടുശര്‍ക്കര വിഗ്രഹം തന്നെ ആയിരുന്നു. അഭിഷേകാദി കര്‍മ്മങ്ങള്‍ നടത്തിയതുകൊണ്ട് അത് വിരൂപമാകുകയും അക്കാരണത്താല്‍ അത് ജലത്തില്‍ നിക്ഷേപിക്കപ്പെട്ടെങ്കിലും പിന്നീടത് കണ്ടെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. സാധാരണക്ഷേത്രങ്ങളില്‍ പ്രധാന ദേവാലയത്തിനുമുന്നിലായി വടക്കുകിഴക്ക് ഭാഗത്ത് ഗണപതി സന്നിധി കാണുക അസാദ്ധ്യമാണത്രേ !

ഗണപതി ക്ഷേത്രമടക്കമുള്ള ഒരുചിത്രം കൂടെ

അനന്തപുരയില്‍ എല്ലാം അസാദ്ധ്യവും അപൂര്‍വ്വവുമൊക്കെയാണെന്നാണ് കുറഞ്ഞ സമയം കൊണ്ട് മനസ്സിലാക്കാനായത്. ഇരുള്‍ വീഴാന്‍ തുടങ്ങുകയായി. ദീപാരാധന കഴിഞ്ഞ് ഭക്തരെല്ലാം പിരിഞ്ഞുപൊയ്ക്കഴിഞ്ഞിരിക്കുന്നു. ക്ഷേത്ര സന്ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ തടാകത്തിന്റെ മുതലയെക്കൂടെ കണ്ടേ പറ്റൂ. ആളധികമുള്ളപ്പോള്‍ മുതല ഉള്‍വലിഞ്ഞ് നില്‍ക്കുകയാണ് പതിവ്.

“മുതല മുകളില്‍ വന്നിട്ടുണ്ട്, ശബ്ദമുണ്ടാക്കാതെ പോയി കണ്ടോളൂ”

ഞങ്ങളവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കിയിട്ടെന്നവണ്ണം ക്ഷേത്രജോലിക്കാരില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു.

തടാകത്തിന്റെ വടക്കുഭാഗത്ത് ഗുഹയോട് അല്‍പ്പം വിട്ടുമാറി വെള്ളത്തിനുമുകളില്‍ മുതലയുടെ തല പൊങ്ങിവന്നിട്ടുണ്ട്. ആ കാഴ്ച്ച നന്നായിട്ടൊന്ന് കണ്ടതിനുശേഷം ക്യാമറയുമായി ഞാന്‍ ഗണപതി ക്ഷേത്രത്തിന്റെ അരികുപറ്റി തടാകക്കരയിലേക്ക് നടന്നു. മുതലയുടെ നല്ലൊരു ഫോട്ടോ കൂടെ കിട്ടിയാല്‍ ഇന്നത്തെ ദിവസം ധന്യമായി.

പെട്ടെന്ന് വില്വമംഗലസ്വാമിക്ക് മുന്നില്‍ നിന്ന് ബാലന്‍ അപ്രത്യക്ഷമായ സംഭവം ആവര്‍ത്തിച്ചതുപോലെ തോന്നി. സംഭവബഹുലമായ ഒരു ദിവസത്തിന് തിരശീലയിട്ടുകൊണ്ട് ഞൊടിയിടയില്‍ മുതല മുങ്ങിമറഞ്ഞുകഴിഞ്ഞിരുന്നു. മുതലയുടെ ഫോട്ടോ കിട്ടാഞ്ഞതില്‍ അല്‍പ്പം നിരാശ തോന്നിയെങ്കിലും ‘വരുണനെ‘ നേരിട്ട് കാണാനായതില്‍ അതിയായ സന്തോഷം തോന്നി.

രാത്രി തങ്ങാന്‍ മുറി ബുക്ക് ചെയ്തിരിക്കുന്ന മംഗലാപുരത്തെ ജിഞ്ചര്‍ ഹോട്ടലിലേക്ക് അധികം ദൂരമൊന്നുമില്ലെങ്കിലും വഴി കൃത്യമായിട്ടൊന്നും അറിയില്ല. നേവിഗേറ്റര്‍ സഹായിക്കുമെന്ന ധൈര്യം മാത്രമാണ് കൂട്ടിന്. ക്ഷേത്രപരിസരം പൂര്‍ണ്ണമായും ഇരുട്ടില്‍ മുങ്ങുന്നതിന് മുന്നേ, ക്ഷീരസാഗരത്തിന്റെ സര്‍പ്പക്കെട്ടിന് വെളിയിലെ നാഗരികതയുടെ ഇരുട്ടിലേക്ക് ഊളിയിട്ടു; മനസ്സില്ലാമനസ്സോടെ…..

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക….