Monthly Archives: October 2010

waste

മാലിന്യ വിമുക്ത കേരളം


ദൃശ്യമാദ്ധ്യമങ്ങളില്‍ കുറേയേറെ നാളുകളായി സാമൂഹ്യക്ഷേമത്തെ മുന്‍‌നിര്‍ത്തി പ്രത്യക്ഷപ്പെടുന്ന മലബാര്‍ ഗോള്‍ഡിന്റെ ഒരു മോഹന്‍ലാല്‍ പരസ്യം ശ്രദ്ധിക്കാത്തവര്‍ ചുരുക്കമായിരിക്കും. മാലിന്യവിമുക്ത കേരളമാണ് പരസ്യത്തിലൂടെ മലബാര്‍ ഗോള്‍ഡ് ലക്ഷ്യമിടുന്നത്, അല്ലെങ്കില്‍ ബോധവല്‍ക്കരിക്കാനെങ്കിലും ശ്രമിക്കുന്നത്. മാതൃകാപരമായ ഈ പരസ്യത്തിന്റെ മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ശ്രീ എം.പി.അഹമ്മദിനെ മുക്തകണ്ഡം പ്രശംസിക്കാതെ വയ്യ.

പരസ്യം പക്ഷേ അപൂര്‍ണ്ണമാണെന്നുള്ളതാണ് സങ്കടകരം. കായലിലേക്കും റോഡിലേക്കുമൊക്കെ മാലിന്യം വലിച്ചെറിയുന്നവരെ മോഹന്‍ലാല്‍ തടയുന്നുണ്ട് പരസ്യത്തില്‍. എന്നാല്‍ അതെവിടെ നിക്ഷേപിക്കണമെന്ന് പറഞ്ഞുകൊടുത്ത് പരസ്യം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ മലബാര്‍ ഗോള്‍ഡിന് കഴിയുന്നില്ല. 30 സെക്കന്റിന്റെ പരസ്യത്തില്‍ ഇത്രയുമൊക്കെയേ പറ്റൂ എന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷെ 30 മിനിറ്റ് സമയം കൊടുത്താലും ഇക്കാര്യത്തില്‍ പൂര്‍ണ്ണതയുള്ള ഒരു പരസ്യമോ ഡോക്യുമെന്ററിയോ നിര്‍മ്മിക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ എന്ന് കണ്ടറിയണം. പിന്നെന്തിന് മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തെ വിമര്‍ശിക്കുന്നു ? എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. പരസ്യത്തെ വിമര്‍ശിക്കുന്നില്ല; പരസ്യം പൂര്‍ണ്ണമാക്കാന്‍ മലബാര്‍ ഗോള്‍ഡിന് പറ്റാതെ പോയ സാഹചര്യമാണ് ഇവിടത്തെ വിഷയം.

മാലിന്യവിമുക്ത കേരളം എന്നത് ഒരു സ്വകാര്യസ്ഥാപനമോ കുറേ സ്വകാര്യ വ്യക്തികളോ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമൊന്നുമല്ല. മാലിന്യം റോട്ടിലും തോട്ടിലുമല്ലെങ്കില്‍ പിന്നെവിടെ നിക്ഷേപിക്കണമെന്ന് നമുക്കൊരു രൂപരേഖയില്ല. പട്ടണങ്ങളിലുമില്ല, ഗ്രാമങ്ങളിലുമില്ല. അതില്ലെങ്കില്‍ പിന്നെ ജനം, പൊതുസ്ഥലങ്ങളിലും റോഡുകളിലും തോടുകളിലും തന്നെ മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കും. കേരള സംസ്ഥാനത്തെ മുഴുവന്‍ മാലിന്യവും ശേഖരിച്ച്, അത് ഫലപ്രദമായ രീതിയില്‍ സംസ്ക്കരിക്കാനുള്ള പൂര്‍ണ്ണമായ ഒരു സംവിധാനം നിലവില്‍ നമുക്കില്ല.

എന്നും ചെയ്യാറുള്ളതുപോലെ, കേരളപ്പിറവിക്ക് ശേഷം ഇന്നുവരെ മാറിമാറി വന്ന സര്‍ക്കാരുകളെ നാല് ചീത്ത പറഞ്ഞ് ആത്മനിര്‍വൃതി അടഞ്ഞിട്ട് പ്രത്യേകിച്ച് ഗുണം ഒന്നുമുണ്ടാകാന്‍ പോകുന്നില്ല. പക്ഷേ, ഇനിയങ്ങോട്ട് മാലിന്യസംസ്ക്കരണത്തിന് വേണ്ടുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയുണ്ടോ അതൊക്കെ സ്വീകരിച്ചില്ലെങ്കില്‍ പ്രതിസ്ഥാനത്ത് നില്‍ക്കാന്‍ പോകുന്നത് സര്‍ക്കാരുകള്‍ തന്നെയാണ്.

ഈ സര്‍ക്കാരും‍, ഇതിന് മുന്‍പ് ഇരുന്ന സര്‍ക്കാരും കൂടെ എന്തൊരു ബഹളമാണ് സ്മാര്‍ട്ട് സിറ്റി എന്ന് പറഞ്ഞ് നടത്തിക്കൊണ്ടിരിക്കുന്നത് ! സ്മാര്‍ട്ട് സിറ്റിയിലേക്ക് വരാനായി കൊച്ചിയില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗ്ഗം ഒരു വിദേശിയോ അല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ ഒരു വ്യവസായിയോ കളമശ്ശേരിക്ക് ഇപ്പുറത്തേക്ക് കടക്കാന്‍ ധൈര്യം കാണിച്ചെന്ന് വരില്ല. അത്രയ്ക്ക് നാറ്റമാണ് കളമശ്ശേരി ജങ്ക്‍ഷനില്‍. NH 47 ന്റെ ഈ ഓരമാണ് നഗരത്തിലെ മാലിന്യം കുമിഞ്ഞ് കൂടുന്ന ഒരു പ്രധാന ഇടം. കേരളത്തിലെ പട്ടണങ്ങളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ കരാര്‍ എടുക്കുന്നവര്‍ മാലിന്യം കുത്തിനിറച്ച ലോറികളുമായി കള്ളന്മാരെപ്പോലെ പാത്തും പതുങ്ങിയും വണ്ടിയുരുട്ടിക്കൊണ്ടിരിക്കുകയാണ്. ഇരുട്ടിന്റെ മറവീണുകഴിഞ്ഞാല്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഏതെങ്കിലും റോഡരുകിലോ വെളിമ്പ്രദേശത്തോ അത് കുടഞ്ഞ് കളഞ്ഞ് അവര്‍ തലയൂരും. ഇരുചക്രവാഹനങ്ങളില്‍ മാലിന്യച്ചാക്കുകള്‍ കൊണ്ടുവന്ന് തങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥലങ്ങളില്‍ ഉപേക്ഷിച്ച് പോരുന്നവരെ നാട്ടുകാര്‍ കാത്തിരുന്ന് പിടികൂടി എന്ന വാര്‍ത്തകള്‍ എന്താണ് എടുത്ത് കാണിക്കുന്നത് ? എറണാകുളത്ത് പനമ്പള്ളിനഗറിന്റെ ഹൃദയഭാഗത്തുകൂടെ പോകുന്ന സാമാന്യം വീതിയുള്ള ഒരു കനാലുണ്ട്. രാത്രിയായാല്‍ കനാലിന് ഒരുവശത്ത് താമസിക്കുന്ന പൊതുജനം മാലിന്യം ‘സംസ്ക്കരി‘ക്കുന്നത് ഈ കനാലിലാണ്. ഒരു പ്ലാസ്റ്റിക്ക് ബാഗില്‍ പൊതികെട്ടിയ മാലിന്യം ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം നീട്ടിയെറിയുന്നത് കനാലിലേക്കാണ്. എറണാകുളത്ത് അല്ലെങ്കില്‍ കൊച്ചിയില്‍ നല്ലയിനം മുഴുത്ത കൊതുകുകടി ഏറ്റവുമധികം കൊള്ളുന്നതും ഈ കനാലിന്റെ ഇരുവശത്തും ജീവിക്കുന്ന ജനം തന്നെയായിരിക്കണം.

മാലിന്യ നിര്‍മ്മാര്‍ജ്ജനം, സംസ്ക്കരണം എന്നീ കാര്യങ്ങളില്‍ നമ്മള്‍ മലയാളികള്‍ക്കുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ഇങ്ങനൊക്കെയാണെങ്കിലും കേരളത്തിന് ഈയിടെ മാലിന്യസംസ്ക്കരണവുമായി ബന്ധപ്പെട്ട് എതോ ഒരു കേന്ദ്ര അവാര്‍ഡ് കിട്ടിയെന്ന് തിരഞ്ഞടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആരോ വീമ്പിളക്കുന്നത് കേട്ടപ്പോള്‍ ഓക്കാനമാണ് വന്നത്.

കുറച്ച് നാളുകളായി കോഴിക്കോട് ജില്ലയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ ആനന്ദദായകമായിരുന്നു. തീരദേശ സേന എന്ന സംഘടനയുടെ നേതൃത്വത്തില്‍ ബീച്ചിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്ന പ്രവര്‍ത്തനവും, M1 എന്ന മറ്റൊരു സംഘടന സുരേഷ് ഗോപിയെപ്പോലുള്ള സിനിമാതാരങ്ങളെ മുന്‍‌നിര്‍ത്തി നടത്തുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമൊക്കെ ടീവിയിലൂടെ കണ്ടപ്പോള്‍, എവിടൊക്കെയോ ചിലരെങ്കിലും മാലിന്യത്തിനെതിരെ പടവെട്ടിത്തുടങ്ങിയിട്ടുണ്ടെന്നത് കുറച്ചെങ്കിലും ആശ്വാസം പകര്‍ന്നുനല്‍കി.

പക്ഷെ, അവര്‍ ബീച്ചില്‍ നിന്നും നഗരത്തില്‍ നിന്നുമൊക്കെ ശേഖരിച്ച മാലിന്യമത്രയും എവിടെക്കൊണ്ടുപോയി കളഞ്ഞു ? അതിന് പിന്നെ എന്ത് സംഭവിച്ചു? നഗരത്തിന് വെളിയിലുള്ള ഏതെങ്കിലും ആളൊഴിഞ്ഞ കോണില്‍ ജനജീവിതം ദുസ്സഹമാക്കി കൂടുതല്‍ ചീഞ്ഞ് നാറി കിടക്കുന്നുണ്ടാകാനാണ് സാദ്ധ്യത. അവിടെക്കിടന്ന് അത് ഈച്ചയും പാറ്റയും പുഴുക്കളുമെല്ലാം അരിച്ച് കാക്കയും എലിയുമൊക്കെ കൊത്തിവലിച്ച് അടുത്ത സീസണിലേക്കുള്ള തക്കാളിപ്പനി, എലിപ്പനി, പന്നിപ്പനി, ചിക്വന്‍ ഗുനിയ എന്നീ ലേറ്റസ്റ്റ് ട്രെന്റിലുള്ള രോഗങ്ങള്‍ക്ക് കാരണഹേതുവാകാന്‍ തയ്യാറെടുക്കുന്നുണ്ടാകാം.

ഞാന്‍ ജനിച്ചുവളര്‍ന്ന മുനമ്പം എന്ന സ്ഥലത്തെ ബീച്ചില്‍ കടല്‍ക്കാറ്റേറ്റ് പ്രകൃതിസൌന്ദര്യവും ആസ്വദിച്ച് പഴയതുപോലെ പോയി ഇരിക്കാന്‍ ഇന്നെനിക്കാവുന്നില്ല. കാരണം മാലിന്യക്കൂമ്പാരം തന്നെ. എന്റെ സ്വന്തം നാടല്ലേ, ഞാന്‍ സ്ഥലത്തുള്ളപ്പോളൊക്കെ പോയി ഇരിക്കുന്ന കടപ്പുറമല്ലേ, ഒരുപാട് അന്യസംസ്ഥാനക്കാര്‍ അടക്കമുള്ളവര്‍ വന്നുപോകുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കടല്‍ക്കരയല്ലേ ? എന്നൊക്കെ കരുതി, ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ മുനമ്പം ബീച്ചിലും തൊട്ടടുത്ത് ഇതേ അവസ്ഥ നേരിടുന്ന പ്രസിദ്ധമായ ചെറായി ബീച്ചിലും ഒരു ശുചീകരണപ്രവര്‍ത്തനത്തെപ്പറ്റിയുള്ള ആലോചനകള്‍ ഈയടുത്ത് നടത്തുകയുണ്ടായി. ഒരു ദിവസം മുഴുവനും പറ്റാവുന്നത്ര നാട്ടുകാരെയും, മേല്‍ സൂചിപ്പിച്ച സ്വകാര്യ സ്ഥാപനത്തിനെ ജീവനക്കാരെയുമൊക്കെ ഉള്‍പ്പെടുത്തി ബീച്ച് ശുദ്ധമാക്കുക, വേസ്റ്റ് ഇടുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ബോര്‍ഡുകളും അതിടാനുള്ള കുപ്പത്തൊട്ടികളും സ്ഥാപിക്കുക എന്നതൊക്കെയായിരുന്നു പദ്ധതി. ബോര്‍ഡുകളും മറ്റും സ്ഥാപിക്കാന്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. ചെറായി ബീച്ചിലെ ക്ലീനിങ്ങിന് സഹകരിക്കണമെന്ന് പറഞ്ഞ് ചെറായി ബീച്ച് റിസോര്‍ട്ടിന്റെ ഉടമ ഡോ:മധുവുമായും സംസാരിച്ചു; അദ്ദേഹം എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. അന്വേഷണങ്ങളും ചര്‍ച്ചകളുമൊക്കെ തുടര്‍ന്നുപോയപ്പോളാണ് നിരാശാജനകമായ ഒരു കാര്യം മനസ്സിലാക്കാനായത്.

ബീച്ച് വൃത്തിയാക്കി മാലിന്യമൊക്കെ ഒരിടത്ത് കൂട്ടിയിട്ടിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ചെറായി ബീച്ചില്‍ ഇപ്പോള്‍ത്തന്നെ ഔദ്യോഗികമായി 3 പേര് മാലിന്യം പെറുക്കിക്കൂട്ടുന്നുണ്ട്. പക്ഷെ അതൊക്കെ അവിടന്ന് നീക്കം ചെയ്യാനോ സംസ്ക്കരിക്കാനോ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ കൂട്ടിയിട്ട മാലിന്യം ബീച്ചിലേക്ക് തന്നെ വീണ്ടും പരക്കുകയാണ്.

പെട്ടെന്ന് പദ്ധതിയൊക്കെ വഴിമുട്ടിയതുപോലെ തോന്നി. ഡോ:മധു ഒരു ഉപായം നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് ഇലക്‍ഷന്‍ കാലമാണല്ലോ, വേണ്ടപ്പെട്ടവരെയൊക്കെ ഇപ്പോള്‍ ഒന്നുകണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ ചിലപ്പോള്‍ എല്ലാം ഭഗിയായി നടന്നെന്ന് വരും. എന്തൊരു ഗതികേടാണെന്ന് നോക്കൂ. വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്ന പഞ്ചായത്തിനെക്കൊണ്ട് ഒരു കാര്യം നടക്കണമെങ്കില്‍, അതും അവരുടെ തന്നെ ജോലിയുടേയും ഉത്തരവാദിത്വത്തിന്റേയും ഭാഗമായ ഒരു കാര്യം നടക്കണമെങ്കില്‍…. ആ ജോലി 90 % പൊതുജനം തന്നെ ചെയ്യണം. എന്നിട്ട് അവരുടെ 10 % പങ്കാളിത്തം ഉറപ്പാക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് എന്ന തുറുപ്പ് ചീട്ട് പൊക്കിക്കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്യണമത്രേ!

അവര്‍ക്കും ഉണ്ടാകും എന്തെങ്കിലുമൊക്കെ പ്രതിസന്ധികള്‍. ഒരു പഞ്ചായത്തിന്റെ അല്ലെങ്കില്‍ നിയമസഭയുടെ അകത്ത് ഭരിക്കാന്‍ കയറി ഇരിക്കുന്നവന്റെ വിഷമങ്ങള്‍ നമ്മള്‍ സാധാരണക്കാര്‍ക്ക് അറിയില്ലല്ലോ ? കുറ്റം പറയാന്‍ വളരെ എളുപ്പമാണ്. പക്ഷെ സ്ഥായിയായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാനോ അതിനായി സഹകരിക്കാനോ ആണ് ബുദ്ധിമുട്ട്.

മാലിന്യവിമുക്തകേരളം ഉണ്ടാകണമെങ്കില്‍ മന്ത്രിസഭയില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിതന്നെ ഉണ്ടാകണം. ഇതിന് മാത്രമായി ഒരു വകുപ്പ് തന്നെ ഉണ്ടായാലും വിരോധമില്ല. അങ്ങനാണെങ്കില്‍ അതിനുള്ള നിയമനിര്‍മ്മാണം നടക്കണം. വകുപ്പ് മന്ത്രി സര്‍ക്കാര്‍ ചിലവില്‍ കുറച്ച് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ മാലിന്യസംസ്ക്കരണ രീതികള്‍ കണ്ട് പഠിച്ച് വരട്ടെ. വിദേശരാജ്യം എന്ന് പറയുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും. കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെക്കുറെ മലയാളിയുടെ അല്ലെങ്കില്‍ ഇന്ത്യാക്കാരുടെ രീതിയാണ് നടന്ന് പോരുന്നത്. കച്ചറ എടുക്കാന്‍ ഒരു വണ്ടി വരുമെന്നതും അത് പെറുക്കാന്‍ കുറേ ആള്‍ക്കാരെ നിയമിച്ചിരിക്കുന്നു എന്നതും ശരിതന്നെയാകാം. പക്ഷെ തെരുവുകളില്‍ ആവശ്യത്തിന് കുപ്പത്തൊട്ടികള്‍ ഇല്ലാത്തതും, ജനങ്ങള്‍ റോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നതും മറ്റും പതിവാണ് ഞാന്‍ കണ്ടിട്ടുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഒക്കെയും. പാശ്ചാത്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഏഷ്യന്‍ രീതി‘ യാണ് ഇതൊക്കെ. പാശ്ചാത്യരാജ്യങ്ങളില്‍ത്തന്നെ ഏഷ്യാക്കാര്‍ കൂടുതല്‍ ജീവിക്കുന്ന ഭാഗങ്ങളില്‍ ചെന്ന് നോക്കിയാല്‍ അവരങ്ങിനെ പറയുന്നതിന്റെ കാരണം വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നതാണ്. പക്ഷെ ഇതിനൊക്കെ അപവാദമായി സിംഗപ്പൂര്‍ എന്ന ഒരു ഏഷ്യന്‍ രാജ്യമുണ്ട്. വകുപ്പ് മന്ത്രി സിംഗപ്പൂര്‍ യാത്ര മാത്രം നടത്തിയാലും കാര്യങ്ങള്‍ ഭംഗിയായി പഠിച്ച് മനസ്സിലാക്കി മടങ്ങാനാകും.

മാലിന്യ ശേഖരണത്തിനും, സംസ്ക്കരണത്തിനുമുള്ള സംവിധാനം എല്ലാ കോര്‍പ്പറേഷനിലും, മുന്‍സിപ്പാലിറ്റികളിലും, പഞ്ചായത്തുകളിലും നിലവില്‍ വരണം. പ്രധാന നിരത്തുകളിലൊക്കെയും 100 മീറ്റര്‍ ഇടവിട്ടെങ്കിലും കുപ്പത്തൊട്ടികള്‍ സ്ഥാപിക്കണം. നിരത്തില്‍ നിക്ഷേപിക്കാതെ ജനങ്ങള്‍ കുപ്പത്തൊട്ടിയില്‍ത്തന്നെ മാലിന്യം നിക്ഷേപിക്കണം. അതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കണം, ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെടണം. ബോധവല്‍ക്കരണം കുട്ടികളില്‍ നിന്ന് ആദ്യം തുടങ്ങണം. ചെറിയ ക്ലാസ്സുകളില്‍ ഇതൊക്കെ പാഠ്യവിഷയമാക്കണം. ജൈവമാലിന്യവും റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന മാലിന്യവും വെവ്വേറെ നിക്ഷേപിക്കുന്നതിന്റെ ആവശ്യകത സിലബസ്സില്‍ ഉള്‍ക്കൊള്ളിക്കണം. കുട്ടികള്‍ ചെയ്യുന്നത് കാണാന്‍ തുടങ്ങിയാല്‍ ഏത് തലതിരിഞ്ഞ മാതാപിതാക്കളും അവരുടെ രീതികള്‍ പിന്തുടര്‍ന്നുകൊള്ളും. പഴയ തലമുറ നേര്‍വഴിക്ക് വന്നില്ലെങ്കിലും ഇനി വരുന്ന തലമുറകളിലൂടെ ശരിയുടെ പാതകളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ പറ്റിയെന്ന് വരും. ഇത്രയുമൊക്കെ നടപ്പിലാക്കാന്‍ തുടങ്ങുന്നതോടെ അലക്ഷ്യമായും നിയമവിരുദ്ധമായും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടികള്‍ എടുക്കാന്‍ തുടങ്ങണം. പോലീസുകാരുടെ പോക്കറ്റിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കി പിഴകള്‍ നല്‍കണം. കുറേയൊക്കെ വ്യത്യാസം ഇതോടെ വരാന്‍ തുടങ്ങും.

ഇങ്ങനെയൊക്കെ ആകുന്നതോടെ മലബാര്‍ ഗോള്‍ഡിന്റെ പരസ്യം 30 സെക്കന്റില്‍ത്തന്നെ പൂര്‍ണ്ണത കൈവരിക്കുന്ന രീതിയില്‍ തയ്യാറാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. മോഹന്‍ലാല്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ലെങ്കില്‍ മമ്മൂട്ടിയേയോ സുരേഷ് ഗോപിയേയോ പേരെടുത്ത് പറയാന്‍ പറ്റുന്ന ഏത് താരത്തേയും ഈ പ്രവര്‍ത്തനത്തിന്റെ മുന്‍‌നിരയില്‍ അണിനിരത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല. അവരെല്ലാം ലാഭേച്ഛയില്ലാതെ സ്വയമേവ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിക്കോളും. കൂട്ടത്തില്‍ ഒരുപാട് സ്വകാര്യ സ്ഥാപനങ്ങളും, സ്വകാര്യവ്യക്തികളും അണിചേരുമെന്ന കാര്യത്തിലും സംശയം വേണ്ട. അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവുമൊക്കെ നടത്തുകയും ചെയ്താല്‍ മാലിന്യവിമുക്ത കേരളം എന്നത് ഒരു ബാലികേറാമലയൊന്നും അല്ല.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലെങ്കിലും ഇങ്ങനെ എന്തെങ്കിലുമൊക്കെ നമ്മുടെ ഈ കൊച്ച് കേരളത്തില്‍ സംഭവിച്ചില്ലെങ്കില്‍പ്പിന്നെ 100 മീറ്റര്‍ അകലത്തില്‍ കുപ്പത്തൊട്ടികള്‍ പൊതുനിരത്തുകളില്‍ സ്ഥാപിക്കേണ്ട ആവശ്യം വരില്ല. കേരളം തന്നെ മൊത്തത്തില്‍ ഒരു കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞിരിക്കും.

വാല്‍ക്കഷണം:- ഒഴിവുദിവസങ്ങളില്‍ മാലിന്യം പെറുക്കിക്കൂട്ടാനായി ദുബായിലെ ബീച്ചുകളിലും, മരുഭൂമിയിലും മുന്നിട്ടിറങ്ങി മാതൃക കാണിച്ചിട്ടുള്ള ബ്ലോഗര്‍ കൈപ്പള്ളിക്കും, അദ്ദേഹത്തിന്റെ ഒപ്പം ചേര്‍ന്ന് കച്ചറ പെറുക്കിയിട്ടുള്ള മറ്റ് സഹൃദയര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഒരു സല്യൂട്ട്.

ചിത്രത്തിന് കടപ്പാട്:- ഗൂഗിള്‍