Monthly Archives: October 2010

1

ഇതോ പുത്തന്‍ ബ്ലോഗ് സംസ്ക്കാരം ?!


ന്നലെ ഫേസ്ബുക്കില്‍ കാണാനായ ഒരു ലിങ്ക് വഴി കയറി ഒരു ബ്ലോഗ് പോസ്റ്റ് വായിച്ചു. കൊള്ളാം, നല്ല ലേഖനമെന്ന് തോന്നിയപ്പോള്‍ ഒരു അഭിപ്രായം പറയുകയും ചെയ്തു. താഴെ കാണുന്നതാണ് ആ അഭിപ്രായം. ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം.

അല്‍പ്പസമയത്തിനുള്ളില്‍ ഒരു സുഹൃത്ത് ചാറ്റില്‍ പ്രത്യക്ഷപ്പെട്ട് ചോദിക്കുന്നു……

‘പ്രസ്തുത ബ്ലോഗറെ ചേട്ടന്‍ അറിയുമോ‘
‘ഇല്ല’
‘ചേട്ടന്‍ കമന്റിട്ട് പോന്നിരിക്കുന്ന ലേഖനം മോഷ്ടിക്കപ്പെട്ടതാണ് ‘

‘ആണോ ? ഒന്നൂടെ കയറി നോക്കട്ടെ’

ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാന്‍ സഹായിക്കുന്ന ലിങ്കുകള്‍ അപ്പോഴേക്കും പ്രസ്തുത ബ്ലോഗില്‍ കോപ്പിയടി-പ്രതിഷേധ കമന്റുകളായി പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിരുന്നു.

ഒറിജിനല്‍ പോസ്റ്റ് എഴുതിയ ആള്‍ ബൂലോകത്ത് എനിക്കറിയുന്ന സുഹൃത്ത് ഷിബു മാത്യു ഈശോ തെക്കേടത്ത് ആണ്. ഒറിജിനല്‍ പോസ്റ്റിന്റെ പേര് ക്യാമറ ദുരന്തങ്ങള്‍. പ്രസ്തുത പോസ്റ്റ് കോപ്പിയടിച്ച വനിതാരത്നം, ആ പോസ്റ്റിന്റെ പേര് മാറ്റിയിട്ടുണ്ട്. പുതിയ പേര് ‘പെട്രോമാക്സ് + ചാക്ക് =തവള (ഒളിക്യാമറ + ബ്ലൂടൂത്ത് = പെണ്‍കുട്ടികള്‍)‘. കോപ്പിയടിക്കാരിക്ക് തലക്കെട്ട് മാറ്റല്‍ മാത്രമേയുള്ളൂ ആദ്ധ്വാനം. എന്തൊരെളുപ്പം അല്ലേ ?

കോപ്പിയടിക്കപ്പെട്ട പോസ്റ്റിനാണ് കമന്റിട്ടതെന്ന അബദ്ധം മനസ്സിലാക്കിയപ്പോള്‍ അതേ പോസ്റ്റില്‍ ചെന്ന് വീണ്ടും ഞാനൊരു കമന്റിട്ടു. അത് ദാ താഴെയുണ്ട്.

അപ്പോഴേക്കും പോസ്റ്റില്‍ കോപ്പിയടിക്കെതിരേ പ്രതിഷേധസ്വരവുമായി കമന്റുകള്‍ പലതും വീണു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കോപ്പിയടിക്കാരിയുടെ മറുപടി വന്നു. അത് ദാ താഴെയുണ്ട്.

അവര്‍ പറയുന്നത് പ്രകാരം…. അവര്‍ ബ്ലോഗ് തുടങ്ങിയെന്നൊക്കെ പറഞ്ഞിട്ട് ശ്രീക്കുട്ടന്‍ അല്ലാതെ മാറ്റാരും ആ വഴിക്ക് ചെന്നില്ലത്രേ!

ഷിബുവിനോട് ആയിരം പ്രാവശ്യം പറഞ്ഞു…. ‘ഒന്ന് വാടാ എന്ന് ’.
അവന്‍ പറഞ്ഞു ‘നീ തുടങ്ങൂ, ഞാന്‍ പിന്നാലെ വരാമെന്ന് ’
അവനാ പറഞ്ഞത് ‘വിവാദം ഉണ്ടാക്കടീ എന്ന് ’

കോപ്പിയടിക്കെതിരേ കമന്റിട്ടവരെയൊക്കെ കുരങ്ങന്മാരേ, വട്ടന്മാരേ എന്നൊക്കെയുള്ള സാമാന്യം ‘നല്ല’ പാര്‍ലമെന്ററി പദങ്ങള്‍ ഉപയോഗിച്ച് തന്നെ സംബോധന ചെയ്യുകയും ചെയ്തു ബ്ലോഗുടമ.

അത് കേട്ടപ്പോള്‍ സ്വല്‍പ്പം ബുദ്ധിമുട്ട് തോന്നിയതുകൊണ്ട് മൂന്നാമതൊരു കമന്റ് കൂടെ എനിക്ക് ആ പോസ്റ്റില്‍ ഇടേണ്ടി വന്നു. അത് ദാ താഴെയുണ്ട്.

പിന്നീടുണ്ടായത് രസകരമായ സംഭവങ്ങളാണ്. അഭിനന്ദിച്ചുകൊണ്ട് ഞാനിട്ട ആദ്യ കമന്റ് ഒഴികെ എന്റെ ബാക്കിയുള്ള 2 പ്രതിഷേധ കമന്റുകളും ഡിലീറ്റ് ചെയ്യപ്പെട്ടു. കോപ്പിയടിക്കെതിരെ വന്ന മറ്റുള്ളവരുടേയും കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു. ബ്ലോഗ് പോസ്റ്റില്‍ ഇപ്പോള്‍ കാണപ്പെടുന്നത് അഭിനന്ദന കമന്റുകള്‍ മാത്രം. എന്തായാലും ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് അഭിനന്ദിച്ചുകൊണ്ട് ഞാനിട്ട ആദ്യ കമന്റ് ഞാനും ഡിലീറ്റ് ചെയ്തു. അഭിനന്ദന കമന്റിട്ട മറ്റ് ഒന്നുരണ്ടുപേരും അവരുടെ കമന്റുകള്‍ ഇതിനകം ഡിലീറ്റ് ചെയ്തു. ഈ അവസ്ഥയിലാണ് പ്രസ്തുത ബ്ലോഗിലെ കമന്റുറ ഇപ്പോള്‍ കാണപ്പെടുന്നത്. 27 കമന്റുകള്‍ ഉണ്ടായിരുന്നത് കമന്റുറയില്‍ ഇപ്പോള്‍ 6 കമന്റുകള്‍ മാത്രം. തെളിവ് ദാ താഴെയുണ്ട്.

എനിക്കറിയാന്‍ പാടില്ലാത്തതുകൊണ്ട് ചോദിക്കുകയാണ്. ഇതൊക്കെയാണോ പുതിയ ബ്ലോഗ് സംസ്ക്കാരം ? ബ്ലോഗ് തുടങ്ങിയ ഉടനെ എല്ലാവരും ചെന്ന് അഭിപ്രായങ്ങള്‍ അറിയിച്ചില്ലെങ്കില്‍ ഉടനെ വിവാദത്തിരി കൊളുത്തി ശ്രദ്ധ പിടിച്ച് പറ്റുന്ന ഈ എളുപ്പ വഴി ‘വലം പിരി ശംഖിന്റെ‍’  ബ്ലോഗുടമയ്ക്ക് മാത്രം അറിയാവുന്ന വിദ്യയാണോ, അതോ ഇനി മറ്റിടങ്ങളില്‍ നിന്നും സഹിക്കേണ്ടി വരുമോ ഇത്തരം മൂന്നാം കിട വേലകള്‍ ?

ഫേസ് ബുക്കില്‍ നിന്നും, ഒരു സ്ത്രീ തന്നെയാണ് ബ്ലോഗുടമ എന്ന് ഉറപ്പാക്കിയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. (ഫേസ് ബുക്കിലെ തെളിവ് തല്‍ക്കാലം ഇവിടെ പ്രദര്‍ശിപ്പിക്കുന്നില്ല.)

ഇങ്ങനെയൊക്കെ പെരുമാറുമോ ഒരു സ്ത്രീ ? കുറേക്കൂടെ മാന്യത ഭാഷയിലും പ്രവര്‍ത്തിയിലും പ്രതീക്ഷിക്കുന്നുണ്ട്  എഴുത്തും വായനയുമുള്ള ഓരോ സ്ത്രീയുടെ അടുക്കല്‍ നിന്നും. അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടേ പറ്റൂ എന്ന് തീരുമാനിച്ചത്.

എന്തായാലും ബ്ലോഗുടമ കമന്റില്‍ പറയുന്ന ഷിബുവല്ല, ഷിബു മാത്യു ഈശോ തെക്കേടത്ത് എന്നുതന്നെ ഞാന്‍ മനസ്സിലാക്കുന്നു. ഷിബു മാത്യുവിന്റെ ഈ ഗൂഗിള്‍ ബസ്സ് അത് സാക്ഷ്യപ്പെടുത്തുന്നു. ഷിബുവിന്റെ ഇതേ പോസ്റ്റ് പലയിടത്തും കോപ്പിയടിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്ന് മാത്രമാണ് വലം പിരി ശംഖിന്റെ യാത്രകള്‍ എന്ന ബ്ലോഗിലെ കോപ്പിയടി.

ഒരു കാര്യം കൂടെ പറഞ്ഞ് അവസാനിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ക്ക് എതിരേ പോരാടേണ്ടത് പുതുതായി ബ്ലോഗെഴുതാന്‍ തുടങ്ങുന്നവര്‍ തന്നെയാണ്. അല്ലെങ്കില്‍ നിങ്ങളുടെ ഓരോരുത്തരുടേയും ബ്ലോഗില്‍ വന്ന് പോസ്റ്റുകള്‍ വായിച്ചാലും, അഭിപ്രായം പറയാന്‍ ആളെ കിട്ടിയെന്ന് വരില്ല. കാരണം നിങ്ങളുടെ ബ്ലോഗിലുള്ളത് നിങ്ങളുടെ സൃഷ്ടിയാണോ അതോ കോപ്പിയടിക്കപ്പെട്ട സൃഷ്ടികളാണോ എന്ന് വായനക്കാര്‍ അറിയണമെന്നില്ലല്ലോ!

വാല്‍ക്കഷണം:- ബ്ലോഗില്‍ കമന്റിടുന്നവര്‍, കമന്റ് ഫോളോ അപ്പ് ചെയ്യുന്നുണ്ടെന്നും, പുറകെ വരുന്ന കമന്റുകള്‍ ഇ-മെയില്‍ വഴി അവര്‍ക്ക് കിട്ടുന്നുണ്ടെന്നും മനസ്സിലാക്കാതെ, അല്‍പ്പസ്വല്‍പ്പം സൂത്രപ്പണികള്‍ കാണിച്ച്,  കണ്ണടച്ച് പാല് കുടിക്കാമെന്ന് കരുതുന്നത് അബദ്ധമാണ്. ബ്ലോഗിന്റെ സാങ്കേതിക വശങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതൊടെ അതൊക്കെ കൃത്യമായി പിടികിട്ടിക്കോളും. ഇനിയും സമയമുണ്ട്. കുതന്ത്രങ്ങളൊക്കെ മാറ്റിവെച്ച് നേരെ ചെവ്വേ സ്വന്തം സൃഷ്ടികള്‍ തന്നെ നന്നായി എഴുതിയിട്ടാല്‍  കൈയ്യടിക്കാനും കമന്റിടാനും ഇനിയും വായനക്കാര്‍ ആ വഴി വന്നെന്ന് വരും. എല്ലാ ആശംസകളും നേരുന്നു. ഹാപ്പി ബ്ലോഗിങ്ങ്.

———————————————————————————–
പ്രിന്റ് എടുത്ത് കോഴിക്കോട് മിഠായിത്തെരുവ്, എറണാകുളം മറൈന്‍ ഡ്രൈവ്, തിരുവനന്തപുരത്ത് തമ്പാനൂര്‍ , എന്നീ സ്ഥലങ്ങളില്‍ വെച്ചാല്‍ , ബ്ലോഗ് എന്താണെന്ന് അറിയാത്ത സാധാരണ വായനക്കാരനുപോലും മനസ്സിലാക്കാനാവുന്ന വിഷയങ്ങളേ എഴുതാവൂ എന്നുള്ള എന്റെ ഒരു നിര്‍ബന്ധത്തിന് കടകവിരുദ്ധമാണ് ഈ പോസ്റ്റ്. ഈ പോസ്റ്റ് വായിച്ചിട്ട് വിഷയം മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നവര്‍ ക്ഷമിക്കണം. ———————————————————————————–