പുസ്തകാവലോകനം

‘കഥ പറയുന്ന കോട്ടകൾ’ – പ്രകാശനം ചെയ്തു.


777

“വെറുപ്പിന്റെ കയങ്ങളിൽ മാത്രം സ്ഥാനമുണ്ടായിരുന്ന ചരിത്രപാഠങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ച പത്മജാക്ഷി ടീച്ചർക്ക്.”

എൻ്റെ ‘കഥ പറയുന്ന കോട്ടകൾ’ എന്ന രണ്ടാമത്തെ പുസ്തകത്തിന്റെ സമർപ്പണം അങ്ങനെയാണ്.

അമ്മയുടെ അടുത്ത സുഹൃത്തും സഹപ്രവർത്തകയുമാണ് പത്മജാക്ഷി ടീച്ചർ. ചരിത്രത്തെ സ്നേഹിക്കാൻ പഠിപ്പിച്ച എൻ്റെ പ്രിയ അദ്ധ്യാപിക.

ടീച്ചർക്കാണ് ഈ പുസ്തകം ഞാൻ സമർപ്പിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ അമ്മയ്ക്ക് വലിയ സന്തോഷമാകുമായിരുന്നു. അതറിയാതെ അമ്മ പോയതോടെ എനിക്ക് കുറ്റബോധമായി. ടീച്ചറും സുഖമില്ലാതെ ഇരിക്കുകയാണ്. പുസ്തകം ഇനിയും താമസിപ്പിക്കാൻ പാടില്ല. അഞ്ച് വർഷത്തിലേറെയായി, നിസ്സാര പ്രശ്നങ്ങളും എൻ്റെ അനാസ്ഥയും കാരണം മുടങ്ങിക്കിടന്ന പുസ്തകം പെട്ടെന്ന് അച്ചടിക്കാനുള്ള നീക്കങ്ങൾ നടത്തി.

ഇന്നുച്ചയ്ക്ക് പ്രസ്സിൽ നിന്ന് പ്രതികൾ മുഴുവൻ കൈപ്പറ്റിയതും, ഒരു കോപ്പിയുമെടുത്ത് നേരെ മനക്കപ്പടിയിലുള്ള ടീച്ചറുടെ വീട്ടിലേക്ക് വിട്ടു.

ഞാൻ ഫോട്ടോ ഭംഗിയാക്കാനുള്ള വെളിച്ചവും പശ്ചാത്തലവും നോക്കുമ്പോൾ, ടീച്ചർ പൂജാമുറിക്ക് മുന്നിലേക്ക് നടന്ന് കണ്ണടച്ച് പ്രാർത്ഥിച്ചശേഷം പുസ്തകം പ്രകാശനം ചെയ്തു. (വീഡിയോ കാണുക)

കഴിഞ്ഞു. ഇതിനപ്പുറം മറ്റ് പ്രകാശന ചടങ്ങുകളൊന്നും ഈ പുസ്തകത്തിനോ, ഭാവിയിൽ ഞാനെഴുതാൻ സാദ്ധ്യതയുള്ള മറ്റ് പുസ്തകങ്ങൾക്കോ ഉണ്ടായിരിക്കുന്നതല്ല.

പുസ്തകം ആവശ്യമുള്ളവർ 9645084365 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ മെൻ്റർ മീഡിയയുമായി ബന്ധപ്പെടുക.

പുസ്തകം വായിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും വാങ്ങാൻ പണമില്ലാത്തവർ എനിക്ക് മെസ്സേജ്/കമൻ്റ് അയക്കുക. പുസ്തകം തപാലിൽ എത്തുന്നതായിരിക്കും.

അറിയിപ്പ്:- അറുപതിൽപ്പരം പുസ്തകങ്ങൾ ചെയ്തശേഷം, മുടങ്ങിക്കിടന്നിരുന്ന മെൻ്റർ വീണ്ടും പ്രസാധക രംഗത്തേക്ക് എത്തുകയാണ് ഈ പുസ്തകത്തോടെ. മെൻ്ററിൻ്റെ സ്ഥാപക സാരഥിയായ വിനോദിനൊപ്പം ഇപ്രാവശ്യം ഞാനുമുണ്ട് പിന്നണിയിൽ.