ഒൿടോബർ 27 മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പകർപ്പവകാശവുമായി ബന്ധപ്പെട്ട് വന്ന 9 പേജ് ലേഖനം വായിച്ച് കോരിത്തരിക്കുകയുണ്ടായി. സർവ്വശ്രീ സി.രാധാകൃഷ്ണൻ, എം.ടി.വാസുദേവൻ നായർ, അഡ്വ: കാളീശ്വരം രാജ് എന്നിവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും നിയമപരമായ നിർദ്ദേശങ്ങളും പകർപ്പവകാശങ്ങളുമൊക്കെയാണ് ‘സർഗ്ഗാത്മകതയുടെ കൂലി’ എന്ന ഈ ലേഖനത്തിലൂടെ മാതൃഭൂമി പങ്കുവെച്ചിരിക്കുന്നത്.
തന്റെ എഴുത്തിന്റെ തുടക്കകാലത്ത്, പകർപ്പവകാശം നേടിയ ശേഷം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത ഒരു പുസ്തകം പിന്നീട് മറ്റാരുടെയോ പേരിൽ വിൽക്കപ്പെടുന്നത് കണ്ടപ്പോൾ ഉണ്ടായ ഹൃദയവേദന നിശബ്ദ്ദം സഹിച്ചു എന്നാണ് സി.രാധാകൃഷ്ണൻ എഴുതിയിരിക്കുന്നത്. അവിടന്നങ്ങോട്ട് പിന്നീട് ധാരാളം പുസ്തകങ്ങൾ എഴുതുകയും അതിൽ നിന്നുള്ള വരുമാനം ജീവിതത്തെ സുഗമമാക്കുകയും ചെയ്തെന്ന് മലയാളി വായനക്കാരെ നന്ദിപൂർവ്വം സ്മരിച്ചുകൊണ്ടുതന്നെ അദ്ദേഹം കുറിച്ചിരിക്കുന്നു. തന്റെ പുസ്തകങ്ങൾ എപ്പോഴും അച്ചടിയിൽ ഉണ്ടായിരിക്കണമെന്ന ആഗ്രഹം അദ്ദേഹം ഡീസി യോട് ആവശ്യപ്പെടുമ്പോൾ അപ്രകാരം ചെയ്യാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ട് ഡീസി തുറന്നു പറയുന്നു. അവിടെ നിന്നാണ് ഹൈ-ടെക് ബുക്സ് എന്ന പ്രസാധകന്റെ തുടക്കം. അതുകൊണ്ടുതന്നെയാണ് സി.രാധാകൃഷ്ണന്റെ പുസ്തകങ്ങളെല്ലാം ഇന്നും കമ്പോളത്തിൽ സ്ഥിരമായി ലഭ്യമാകുന്നത്.
ഒരുപാട് ഡിമാന്റ് ഉണ്ടായിട്ടും പുസ്തകങ്ങൾ മാർക്കറ്റിൽ ലഭ്യമാക്കാൻ പ്രസാധകന്റെ കൈയ്യും കാലും പിടിക്കേണ്ടി വരുന്ന ധാരാളം പ്രമുഖ എഴുത്തുകാർ കേരളത്തിലുണ്ട്. അവർക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു പരിഹാരമാർഗ്ഗമാണ് സി.രാധാകൃഷ്ണൻ വിജയകരമായി നടപ്പിലാക്കി കാണിച്ചുകൊടുത്തത്. പ്രിന്റിങ്ങ് സ്വന്തം ചിലവിലും വിതരണം, കേരളത്തിൽ അങ്ങോളമിങ്ങോളം സ്റ്റോറുകളുള്ള ഏതെങ്കിലും പ്രമുഖ പ്രസാധകൻ വഴിയുമാണ് ഇത് സാദ്ധ്യമാക്കുന്നത്.
എം.ടിയുടെ ലേഖനത്തിൽ, പുസ്തകപ്രസാധനരംഗത്തോടൊപ്പം ഗാനങ്ങളുടേയും സിനിമകളുടേയുമൊക്കെ പകർപ്പവകാശ രംഗത്തുള്ള പ്രശ്നങ്ങളെ ചുരുങ്ങിയ വരികളിലെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സാഹിത്യത്തിൽ പകർപ്പവകാശനിയമം ശരിക്കും നടപ്പിലാക്കിയാൽ എഴുത്തുകാർ സംഘടിതമായി അതിനുവേണ്ടി ശ്രമിച്ചാൽ, റീഡിങ്ങ് റൈറ്റ്സ് സൊസൈറ്റി എന്നൊന്ന് ഉണ്ടാകാനുള്ള സാദ്ധ്യത അദ്ദേഹം മുന്നോട്ട് വെക്കുന്നു. അങ്ങനെയുണ്ടായാൽ വായനശാലകളും ലെൻഡിങ്ങ് ലൈബ്രറികളുമൊക്കെ ഈ സൊസൈറ്റിക്ക് റോയൽറ്റി കൊടുക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും നിലവിലെ നിയമപ്രകാരം തന്നെ അതിന് സാദ്ധ്യതയുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. എങ്കിൽപ്പിന്നെ എന്തുകൊണ്ട് അങ്ങനെയൊരു സൊസൈറ്റിയെപ്പറ്റി ആലോചിച്ചുകൂട ?
ഞാൻ ഒരെഴുത്തുകാരനോ സാഹിത്യകാരനോ അല്ല. എന്നിരുന്നാലും ഒരു സഞ്ചാരിയെന്ന നിലയ്ക്ക് ഞാനെഴുതിയ ഒരുപാട് ഓൺലൈൻ പേജുകൾ മോഷ്ടിക്കപ്പെടുകയും എന്റെ ഭാര്യയുടേയും മകളുടേയും പേരുകൾ പോലും ഈച്ചക്കോപ്പിയായി അച്ചടിക്കപ്പെടുകയും ചെയ്തതിന്റെ പേരിൽ ക്രിമിനൽ കേസും സിവിൽ കേസും നടത്തിക്കൊണ്ടിരിക്കുകയാണ്. ആ കേസിലെ ഒരു പ്രതിസ്ഥാനത്ത് വരുന്നത് ഈ ലേഖനം അച്ചടിച്ചിരിക്കുന്ന മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ സഹോദരസ്ഥാപനമായ മാതൃഭൂമി ബുക്ക്സ് ആണ്. എനിക്കീ വിഷയത്തിലുള്ള അതീവ താൽപ്പര്യവും അതുതന്നെയാണ്.
ഈ ലേഖനത്തിലൂടെ അഡ്വ:കാളീശ്വരം രാജ് കോപ്പിറൈറ്റ് നിയമത്തിന്റെ സാധുതകൾ പന്ത്രണ്ടോളം അക്കങ്ങളിട്ട് നിരത്തിയാണ് സംസാരിക്കുന്നത്. മാതൃഭൂമി സ്വയം മനസ്സിലാക്കാൻ അതിൽ ചിലത് എടുത്തെഴുതാം.
4. എഴുത്തുകാരന്റെ അഥവാ കലാകാരന്റെ രചനകളെ ദുരുപയോഗം ചെയ്ത് നിയമലംഘനം നടത്തുന്നത് നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത സൃഷ്ടിക്കും.
5. അതിലുപരി അത്തരം പ്രവൃത്തികൾ കൃമിനൽ കുറ്റം കൂടെയാണ്.
9. 2012ൽ വരുത്തിയ ചില ഭേദഗതികളിലൂടെ ആധുനിക ഡിജിറ്റൽ-വിവരസാങ്കേതിക വിദ്യയുടെ സങ്കേതങ്ങളെക്കൂടി ഉൾക്കൊള്ളാൻ നിയമം ശ്രമിക്കുകയുണ്ടായി.
“ചുരുക്കത്തിൽ, ഒരു പരിഷ്കൃത സമൂഹം സർഗാത്മക രംഗത്തെ വ്യക്തികളോട് കാണിക്കുന്ന മര്യാദയുടേയും ആദരവിന്റേയും മൂർത്തവും ക്രിയാത്മകവുമായ രൂപമാണ് പകർപ്പവകാശ നിയമം“ എന്നും അഡ്വ:കാളീശ്വരം രാജ് എടുത്ത് പറയുന്നു.
ഒരു വശത്ത് ഇക്കാര്യങ്ങളെല്ലാം കാറ്റിൽപ്പറത്തി സാഹിത്യചോരണം വഴിയുള്ള അച്ചടിക്ക്, അതായത് കാരൂർ സോമൻ ‘എഴുത്തുകാരനായ’, സ്പെയിൻ കാളപ്പോരിന്റെ നാട്ടിൽ, ചന്ദ്രയാൻ എന്നീ രണ്ട് പുസ്തകങ്ങൾ അച്ചടിക്കുകയാണ് മാതൃഭൂമി ചെയ്തിരിക്കുന്നത്. മേൽപ്പറഞ്ഞ ലേഖനമെഴുതിയ ബഹുമാന്യ സി.രാധാകൃഷ്ണന്റെ ലേഖനം പോലും അത്തരത്തിൽ കാരൂർ സോമൻ കോപ്പിയടിച്ചിട്ടുണ്ട്.
ഈ പകർപ്പവകാശ അനീതികളുടെ കാര്യത്തിൽ, ആദ്യം മാതൃഭൂമി എന്തെങ്കിലും തീർപ്പുണ്ടാക്കണം. അതല്ലാതെ ഈ വിഷയത്തിൽ മാതൃഭൂമി പറയുന്ന ഏതഭിപ്രായവും വ്യഭിചരിക്കുന്നവരുടെ സദാചാരപ്രസംഗമായി മാത്രമേ കാണാനാകൂ. എന്തായാലും ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിച്ച്, എന്റെ കേസിന്റെ ചൂടും ചൂരും കെട്ടുപോകാതെ നിലനിർത്തുന്നതിന് മാതൃഭൂമിയോടുള്ള നന്ദി മറച്ച് വെക്കുന്നില്ല.
വാൽക്കഷണം:- ചേറിൽ ഇറങ്ങിയാൽ കൊയ്തേ കേറാവൂ എന്ന കൃഷിക്കാരന്റെ പ്രമാണത്തെപ്പറ്റി സി.രാധാകൃഷ്ണൻ സൂചിപ്പിക്കുന്നുണ്ട് ഈ ലേഖനത്തിൽ. കള്ളൻ കാരൂർ സോമനും മാതൃഭൂമിക്കും എതിരായുള്ള നിയമപോരാട്ടത്തിൽ ആ ഉപദേശം എന്നേ നെഞ്ചേറ്റിക്കഴിഞ്ഞിരിക്കുന്നു ഈയുള്ളവൻ.
——————————————————————————————————–
ഇതേ വിഷയത്തിൽ മാതൃഭൂമിയോട് മുൻപ് പറഞ്ഞത് ഇവിടെ വായിക്കാം