Yearly Archives: 2019

ഹിന്ദി എളുപ്പം പഠിക്കാം


ല്ലാവരും ഹിന്ദി സംസാരിച്ച് രാജ്യത്ത് ഐക്യം ഊട്ടിയുറപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആഹ്വാനം ചെയ്തിരിക്കുന്നു. ഇനിയിപ്പോൾ അമിത് ഷാ പറഞ്ഞതനുസരിച്ച് ഹിന്ദി പഠിക്കണം എന്ന് തന്നെ കരുതുക. സംഭവം വളരെ ലളിതമായി സാധിക്കാം.

1. ഹിന്ദിഭാഷാ പഠനസഹായി ഒരൊറ്റ ദിവസം15 മിനിറ്റ് മറിച്ചു നോക്കുക.

2. ‘ക്യോം കി സാസ് ഭി കഭി ബഹു ഥി’ എന്ന തരത്തിലുള്ള മൂന്നാംകിട ഹിന്ദി സീരിയലുകൾ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് ദിവസവും 15 മിനിറ്റ് വീതം ഒരാഴ്ച കാണുക. അതിൽ കൂടുതൽ കണ്ടാൽ ഉണ്ടാകുന്ന മാനസ്സിക പ്രശ്നങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല.

3. ഹിന്ദി ന്യൂസ് എല്ലാ ദിവസവും 15 മിനിറ്റ് കാണുക. ചില അച്ചടി ഭാഷ പ്രയോഗങ്ങൾ കൃത്യമായി മനസ്സിലാക്കാനാണിത്. ഒരാഴ്ച കണ്ടാൽ മതി.

4. കൂടാതെ ആഴ്ചയിൽ ഒരു ഹിന്ദി സിനിമ വീതം കാണുക. ജാൻ, ദിൽ, ധട്കൻ, ആഷിക്, സനം, പ്യാർ, ബേവഫാ, ആവാരാ എന്നീ വാക്കുകളുടെ ഉപയോഗം കൃത്യമായി മനസ്സിലാക്കാൻ വേണ്ടിയാണ് ഇത്.

5. ഇങ്ങനെയൊക്കെ നിങ്ങൾ പഠിച്ച ഹിന്ദി, ഇതര സംസ്ഥാന തൊഴിലാളികളുടെ അടുത്ത് ചമ്മലും അറപ്പുമൊന്നുമില്ലാതെ തലങ്ങും വിലങ്ങും പ്രയോഗിക്കുക. നമ്മൾ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ “ചേട്ടാ/ചേച്ചീ നിങ്ങൾ മലയാളം പറഞ്ഞാൽ മതി, എനിക്ക് മലയാളം അറിയാം” എന്ന് നല്ല എഴുത്തച്ഛൻ മലയാളത്തിൽ അവർ ഇങ്ങോട്ട് പറയും. അത് കേട്ടഭാവം കാണിക്കാതെ നമ്മൾ ഹിന്ദിയിൽ തന്നെ തുടരുക.

6. ഈ പരീക്ഷണം ഇതരസംസ്ഥാന തൊഴിലാളികളിൽ തുടരുക. നമ്മൾ ഏൽപ്പിക്കുന്ന അല്ലെങ്കിൽ നമ്മൾ പറയുന്ന ‘ജോലി തന്നെ’ അവർ ചെയ്തു തീർക്കുന്നു എന്നായാൽ നമ്മൾ പറയുന്നത് ഹിന്ദി തന്നെയാണെന്ന് ഉറപ്പിക്കാം.

7. ഏതൊരു ഭാഷ പഠിക്കുന്നതിന്റേയും വിജയരഹസ്യം അഥവാ ഫോർമുല ഒന്നേ ഒന്നാണ്. അതാണ് തെറി. ഭാഷയിലെ തെറികൾ ആദ്യം പഠിച്ചിരിക്കണം. അത് പബ്ലിക്കായി പഠിപ്പിക്കാനാവില്ല ഇൻബോക്സിൽ ബന്ധപ്പെടുക.

8. സംഭവം വിജയിച്ചാൽ, (വിജയിക്കാതെ എവിടപ്പോകാൻ) ഇപ്രകാരം ഓൺലൈനിൽ ഹിന്ദി പഠിപ്പിച്ചത് ഞാനാണെന്ന് ആരോടും പറയാതിരിക്കുക. നിരക്ഷരനായ ഒരാൾ പഠിപ്പിച്ചു എന്ന് പറഞ്ഞാൽ അതിന്റെ കുറച്ചിൽ നിങ്ങൾക്ക് തന്നെയാണ്. നിങ്ങൾ പറയുന്നതിലുള്ള പാകപ്പിഴകൾക്ക് എന്റെ തടി കേടാകാതെ നോക്കുകയും വേണമല്ലോ.

അവസാനമായി പറയാനുള്ളത് അമിത് ഷായോട് തന്നെയാണ്. വേണമെന്ന് വെച്ചാൽ ഇത്രയുള്ളൂ മലയാളിക്ക് ഹിന്ദി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട് മലയാളികൾ. അമിത്ഷായുടെ വീടിന്റെ ചുറ്റിലും നൂറ് മലയാളികളെങ്കിലും കാണും. അവരോട് നിത്യവും മലയാളത്തിൽ സംസാരിച്ചും, ഭാഷാ പഠന സഹായി ഉപയോഗിച്ചും, മലയാളം വാർത്തകളും മലയാളം സിനിമയും സീരിയലുമൊക്കെ കണ്ടും, രണ്ട് വരിയെങ്കിലും മലയാളത്തിൽ പറയാൻ പറ്റുമോ എന്നൊന്ന് ശ്രമിച്ചു നോക്കൂ. അതല്ലേ ഹീറോയിസം.

വാൽക്കഷണം:- അമിത്ഷാ മൂക്കുകൊണ്ട് ക്ഷ, ജ്ജ, ഭ്ഭ, ണ്ണ, ക്ക, ത്ത, വരക്കും. 16 ഭാഷകൾ അറിയാമായിരുന്ന നരസിംഹറാവുവിനെക്കൊണ്ട് പറ്റിയിട്ടില്ല മലയാളം പറയാൻ. പിന്നല്ലേ അമിത് ഷാ.