Yearly Archives: 2019

മരട് ഫ്ലാറ്റുകളും പരിസ്ഥിതിയും


കൈക്കൂലി വാങ്ങി ഏത് നിയമവും മറികടക്കാനുള്ള മാർഗ്ഗമുണ്ടാക്കിക്കൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരും ആ വഴിക്ക് നീങ്ങുന്ന കെട്ടിട നിർമ്മാതാക്കളും ഇവർക്കെല്ലാം സകല സഹായങ്ങളും ചെയ്തുകൊടുത്ത് കൂടെ നിൽക്കുന്ന കക്ഷിരാഷ്ട്രീയക്കാരുമാണ് എറ്റവും വലിയ പരിസ്ഥിതി ഭീഷണികൾ. അങ്ങനെയുണ്ടാക്കപ്പെടുന്ന കെട്ടിടം പൊളിച്ച് നീക്കുമ്പോൾ പുതിയ പല പരിസ്ഥിതി പ്രശ്നങ്ങൾ ഉയർന്ന് വരുന്നു.

1. കെട്ടിടം പൊളിക്കുമ്പോൾ ഭൂമിക്കുണ്ടാകുന്ന ദുരിതങ്ങൾ. പ്രത്യേകിച്ചും പുതിയ ഒരു കെട്ടിടം പൊളിക്കുമ്പോൾ.

2. കെട്ടിടം നിർമ്മിക്കുമ്പോൾ, പരിസരവാസികൾ തിന്നതും ശ്വസിച്ചതുമായ പൊടിയും കുലുക്കവും ദുരിതവും പൊളിക്കുമ്പോളും അനുഭവിക്കേണ്ടി വരും.

3. മരട് ഫ്ലാറ്റുകൾ പൊളിച്ചുണ്ടാകുന്ന അവശിഷ്ടങ്ങൾ അവിടെത്തന്നെ കിടക്കുമെന്നല്ലാതെ പൊളിക്കുന്നവരോ പൊളിക്കാൻ ഉത്തരവിറക്കിയ കോടതിയോ മരട് മുൻസിപ്പാലിറ്റിയോ തൂത്തുവാരി കൊണ്ടുപോകില്ല.

4. ടൺ കണക്കിന് പ്രകൃതി വിഭവങ്ങളാണ് പാഴാക്കപ്പെടുന്നത്.

(കൂടുതൽ ഉണ്ടെങ്കിൽ ആർക്കും പൂരിപ്പിക്കാം)

രണ്ട് കോടി രൂപയോ മറ്റോ ഫൈനടിച്ച് (ആ ഫൈൻ കുറവ് തന്നെ) ചിലവന്നൂർ DLF ഫ്ലാറ്റ് കേസ് അവസാനിപ്പിച്ച കോടതിക്ക് (അത് വേറെ കോടതിയാണ്. എന്നാലും) ഇവിടെയെന്തുകൊണ്ട് അതേ നിലപാട് സ്വീകരിക്കാനാവുന്നില്ല.

ഇനിയിങ്ങനെ ഒരു ഫ്ലാറ്റുണ്ടാക്കാൻ ഏതൊരു ബിൽഡറും ഒന്ന് മടിച്ചേക്കാം. ഏഴെഴുപത് വട്ടം ചിന്തിച്ചും പഠിച്ചുമല്ലാതെ ഇത്തരമിടങ്ങളിൽ ആരും ഫ്ലാറ്റ് വാങ്ങില്ല എന്നൊക്കെ ചില ഗുണങ്ങളുണ്ടായേക്കാമെങ്കിലും അതിന് കുറേ ഫ്ലാറ്റുടമകൾ കൊടുക്കേണ്ടി വന്നേക്കാവുന്ന വില താങ്ങാവുന്നതിലുമധികം തന്നെയാണ്.

പറഞ്ഞുവന്നത് പരിസ്ഥിതി വിഷയമാണല്ലോ. അതിലേക്ക് മടങ്ങിവരാം. ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടേയും കൂട്ടുപിടിച്ച് നിയമലംഘനങ്ങൾ ഇനിയും നടന്നുകൊണ്ടിരിക്കും. ഒന്നുകിൽ മേൽപ്പറഞ്ഞ വരെ നിലക്ക് നിർത്താനുള്ള നടപടികൾ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. അല്ലെങ്കിൽ അത്തരം മാഫിയകൾ പടച്ചുണ്ടാക്കുന്ന ഇതുപോലുള്ള അനധികൃത കെട്ടിടങ്ങൾ സർക്കാരിലേക്ക് കണ്ടുകെട്ടി സർക്കാരിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക. പൊളിച്ചുകളയുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ മറികടക്കാൻ അതേ മാർഗ്ഗമുള്ളൂ.