25 മാർച്ച് 2013 ൽ Media Blunders എന്ന ഒരു ഫേസ്ബുക്ക് പേജിൽ ഞാൻ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ‘ഈ ചിത്രത്തിൽ ഉള്ളവരാരും മാനനഷ്ടത്തിന് കേസ് കൊടുക്കാതെ നോക്കിക്കോ മാതൃഭൂമീ‘ എന്ന തലക്കെട്ടോടെയാണ് ഞാനത് പോസ്റ്റ് ചെയ്തത്.
മാതൃഭൂമി ഓൺലൈൻ പത്രത്തിൽ വന്ന വാർത്തയും തലക്കെട്ടും ചിത്രവുമായിരുന്നു അത്. വാർത്തയ്ക്കനുയോജ്യമായ ചിത്രം കമ്പ്യൂട്ടറിൽ പരതി കണ്ടുപിടിച്ച് കയറ്റുമ്പോൾ പറ്റുന്ന അബദ്ധങ്ങളാണതെന്ന് എനിക്കുമറിയാം കാണുന്നവർക്കുമറിയാം മാതൃഭൂമിക്കും അറിയാം. സിന്ധു എന്ന ഏതോ ഒരു സ്ത്രീയെപ്പറ്റിയുള്ള വാർത്തയിൽ മുൻ കമ്മ്യൂണിസ്റ്റ്/കോൺഗ്രസ്സ് നേതാവായിരുന്ന സിന്ധു ജോയിയുടെ പടം ചേർത്ത കേമൻ പത്രക്കാർ വേറെയുമുണ്ടിവിടെ. അങ്ങനെ നിരവധി ഉദാഹരണങ്ങൾ ആ പേജിൽ കാണാനാകും. ആരും മോശക്കാരല്ല എന്ന് ചുരുക്കം.
പക്ഷെ വന്നുവന്ന് അൽപ്പം ശ്രദ്ധവെച്ചാൽ പരിഹരിക്കാമായിരുന്ന ആ പിശകുകൾ അച്ചടിയിലേക്കും കടക്കാൻ തുടങ്ങി. അതിന്റെ ഫലമാണ് ഇന്ന് ഇപ്പോൾ മാതൃഭൂമി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വയം ന്യായീകരിച്ച് വാർത്തകൾ കൊടുക്കേണ്ട അവസ്ഥയിലെത്തി കാര്യങ്ങൾ. മാതൃഭൂമിക്ക് മാത്രമല്ല മറ്റുള്ള പത്രക്കാർക്കും വരാൻ പോകുന്നതേയുള്ളൂ പടം മാറിപ്പോകുന്നതുകൊണ്ടുള്ള ഈ തലവേദനകളും പൊല്ലാപ്പുകളും.
യൂണിവേർസിറ്റി കുത്തുകേസിൽ പിടിച്ചെടുത്തത് പരീക്ഷപ്പേപ്പറുകളല്ല കലോത്സവത്തിന്റെ രജിസ്ട്രേഷൻ ഫോമുകളാണെന്ന് ഒരു സുഹൃത്ത് ഫോണിൽ ഇന്ന് രാവിലെ എന്നോട് സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞത്, “അത്ര ആധികാരികതയില്ലാത്ത ഒരു വാർത്ത പടച്ചുണ്ടാക്കാനോ പ്രചരിപ്പിക്കാനോ മാതൃഭൂമിയെന്നല്ല ഒരു പത്രത്തിനുമാവില്ല, അജ്ജാതി മണ്ടന്മാർ അതിനകത്തുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല“ എന്നാണ്.
സാമാന്യബുദ്ധിയ്ക്ക് നിരക്കുന്ന ഒരു കാര്യം മാത്രമാണത്. അങ്ങനെയാണെങ്കിൽ പിടിച്ചെടുത്ത സീലുകളുടെ കാര്യത്തിൽ എന്താണ് ന്യായീകരണം ? വ്യാജമോ ഒറിജിനലോ ആയ സീലുകൾ ഒരിടത്തുനിന്ന് പിടിച്ചിട്ടുണ്ടെങ്കിൽ അവിടെ നിന്ന് പരീക്ഷാപ്പേപ്പർ പിടിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. കുറവൻകോണം ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ സീലാണ് പിടിച്ചതെന്ന് ആരും അവകാശപ്പെടാത്തിടത്തോളം കാലം സത്യാവസ്ഥ മനസ്സിലാക്കാൻ ന്യായീകരണ തൊഴിലാളികളുടെ മൊഴിമുത്തുകൾ പെറുക്കേണ്ട ആവശ്യമില്ല. ഇതേ വാർത്ത പ്രസിദ്ധീകരിച്ച മറ്റ് പത്രങ്ങളുമുണ്ടല്ലോ ? എല്ലാ പത്രങ്ങളും ചേർന്ന് വ്യാജവാർത്ത ചമച്ചതാണെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ.
പത്രക്കാരായ നിങ്ങൾക്ക് എവിടെയൊക്കെ വാർത്ത പിഴക്കുന്നു, എവിടെയൊക്കെ ചിത്രം പിഴക്കുന്നു, വാർത്തയിൽ നിങ്ങളെത്രത്തോളം മസാല ചേർക്കുന്നു, എത്രത്തോളം വാർത്തകൾ മുക്കുന്നു എന്നൊക്കെ മനസ്സിലാക്കാനും അതിനിടയിൽ ആരൊക്കെ കക്ഷിരാഷ്ട്രീയ മുതലെടുപ്പുകൾ നടത്തുന്നു എന്നും മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ജനത്തിനുണ്ട്. ജനം അത് പ്രയോജനപ്പെടുത്തുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നു എന്ന് മാത്രം. അല്ലെങ്കിൽ ജനം എങ്ങോട്ടെങ്കിലും ചാരി നിന്ന് ചിന്തിക്കുന്നു എന്ന് മാത്രം. ചാരി നിന്ന് ചിന്തിക്കുന്നവരെ തിരുത്താൻ അണ്ഡകടാഹത്തിൽ ഒരിടത്തും ലേപനമോ തുള്ളിമരുന്നോ ഒറ്റമൂലിയോ കണ്ടുപിടിച്ചിട്ടുമില്ല. അവരങ്ങനെ തന്നെ പൊയ്ക്കോട്ടെ. കാര്യമാക്കണ്ട.
സാമാന്യ ജനത്തെപ്പോലെ നിങ്ങളുടെ പത്രസ്ഥാപനത്തിലുള്ളവരും ആയാൽപ്പിന്നെ അവരും നിങ്ങളും തമ്മിലെന്ത് വ്യത്യാസം ? സ്വയം പ്രസാധകൻ എന്ന ബ്ലോഗെഴുത്തുകാരനും ജേർണ്ണലിസം പഠിച്ച പത്രക്കാരനും തമ്മിലെന്ത് വ്യത്യാസം ? നിങ്ങൾക്ക് പിന്നെന്തിനാണ് സബ് എഡിറ്റർ, സബ് കോൺഷ്യസ് എഡിറ്റർ, ചീഫ് എഡിറ്റർ, ചീപ്പ് എഡിറ്റർ എന്നൊക്കെയുള്ള തസ്ഥികകൾ ? അവരിൽ ഒരാളെങ്കിലും വിലയിരുത്താതെ വാർത്തകൾ അച്ചടിക്കപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ പരാജയം തന്നെയാണ്. അവരിൽ ഒരാൾക്കെങ്കിലും അച്ചടിക്കാൻ വന്ന പുസ്തകത്തിന്റെ കൈയ്യെഴുത്ത് പ്രതിയിലെ 58 പേജുകളിൽ ഒരു പേജെങ്കിലും കോപ്പിയടിച്ചതാണെന്ന് മനസ്സിലാക്കാൻ ആയില്ലെങ്കിൽ അത് നിങ്ങളുടെ പരാജയം തന്നെയാണ്.
ഇനിയും സമയമുണ്ട് തിരുത്താൻ. വെറും ജേർണലിസ്റ്റുകളെ മാത്രമല്ല, കമ്പ്യൂട്ടറിൽ നല്ല വൈദഗ്ദ്ധ്യമുള്ളവരെക്കൂടെ അതിനകത്ത് നിയമിക്കണം. അഥവാ അക്കൂട്ടരുണ്ടായിട്ടും ഇതാണ് അവസ്ഥയെങ്കിൽ നിങ്ങളുടെ ഓഫീസ് ഒരു ശരാശരി സർക്കാർ ഓഫീസിനേക്കാളും മോശമായ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും ‘കാം ചോറു’കളുടെ കൂടാരമാണതെന്നും മനസ്സിലാക്കി എല്ലാത്തിനേയും പറഞ്ഞ് വിട്ട് പണിയെടുക്കാൻ സന്മനസ്സുള്ള വേറെ മിടുക്കരെ നിയമിക്കുക. അല്ലെങ്കിൽ, മുൻപ് ആനപ്പുറത്തിരുന്നിട്ടുണ്ടെന്ന് വീമ്പ് പറഞ്ഞും അച്ചടിച്ച് പോയ അബദ്ധങ്ങൾക്ക് തിരുത്ത് കൊടുക്കാൻ മാത്രമായി പ്രത്യേക പേജുകളും ചാനൽ സമയവും നീക്കിവെച്ചും കാലം കഴിക്കാമെന്ന് മാത്രം.
ഇപ്രാവശ്യം പണി കിട്ടിയത് മാതൃഭൂമിക്കാണെങ്കിൽ, ബാക്കിയുള്ളവർക്കുള്ള പണി വഴിയേ വരുന്നുണ്ട്. ന്യൂയോർക്കിൽ നടന്ന Hot Dog തീറ്റ മത്സരം വാർത്തയാക്കിയപ്പോൾ, ‘10 മിനിറ്റിൽ 68 പട്ടിയെത്തിന്ന് ലോക റെക്കോഡ്’ എന്ന് വാർത്ത പടച്ചവർക്കടക്കം ആർക്കും സന്തോഷിക്കാൻ സമയമായിട്ടില്ല.
പത്രവാർത്തകളുടെ കാര്യത്തിൽ എനിക്കായി ഞാൻ സ്വയം രൂപപ്പെടുത്തിയ ഒരു പോളിസിയുണ്ട്. അതിങ്ങനെയാണ്.
“ഇക്കാലത്തെ മാദ്ധ്യമ വാർത്തകൾ കള്ളച്ചാരായം പോലെയാണ്. കള്ളച്ചാരായം വാങ്ങിയ ഉടനെ കുടിച്ചാൽ അപകടമാണ്. ഒരു ദിവസമെങ്കിലും സൂക്ഷിച്ചുവെച്ച്, ആരുടേയും കണ്ണ് പോയിട്ടില്ലെന്നും ആരും മരിച്ചിട്ടില്ലെന്നും ഉറപ്പ് വരുത്തി വേണം സേവിക്കാൻ. നിലവിലെ വാർത്തകളും അങ്ങനെ തന്നെ. ഒന്നോ രണ്ടോ ദിവസം കാത്തിരുന്ന ശേഷമേ വിശ്വസിക്കാനോ പ്രതികരിക്കാനോ പാടുള്ളൂ.“
എന്നിട്ടും എത്രയോ വാർത്തകൾ നിങ്ങളെ വിശ്വസിച്ച് തൊണ്ട തൊടാതെ വിഴുങ്ങുന്നുണ്ടെന്നോ ! ആഫ്റ്റർ ആൾ, സാധാരണ ജനത്തിന്റെ കൂട്ടത്തിലാണ് ഞാനും പെടുന്നത്. എല്ലാ ദിവസവും പറ്റിക്കണമെന്ന് നിങ്ങൾ വിചാരിച്ചാൽ, ഒരു ദിവസമെങ്കിലും ഞങ്ങൾ പെടും. ഇന്നലെ റോക്കറ്റ് വിക്ഷേപണം നടന്നു എന്ന് നിങ്ങൾ ഉറപ്പിച്ച് പറഞ്ഞാൽ അത് വിശ്വസിക്കാനെങ്കിലും ഞങ്ങളെ അനുവദിക്കണം. അപേക്ഷയാണ്, തള്ളരുത്.
വാൽക്കഷണം:- ഏതെങ്കിലും ഒരു ജേർണ്ണലിസം കോഴ്സിന്റെ സിലബസ്സ് കണ്ടാൽ കൊള്ളാമെന്നുണ്ട്. അതിലുള്ള പലതും ഇന്നത്തെ കാലഘട്ടത്തിലെ ജേർണ്ണലിസത്തിന് ചേർന്നതല്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. അതും ഒരു പ്രധാന കാരണമാകാം ഈ അപചയത്തിന്.