കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഹർത്താലുകളുടെ എണ്ണം 100 ന് മുകളിൽ പോയപ്പോൾ അത് വാർത്തയാക്കിയവരാണ് ഇവിടത്തെ മാദ്ധ്യമങ്ങൾ. അതേ മാദ്ധ്യമങ്ങൾക്കൊപ്പം പൊതുജനവും ശ്രദ്ധിച്ചുകാണാൻ സാദ്ധ്യതയില്ലാത്ത ചില കണക്കുകൾ, സസന്തോഷം അവതരിപ്പിക്കുകയാണ് താഴെ. മാദ്ധ്യമങ്ങൾക്ക് വേണമെങ്കിൽ ഇതും വാർത്തയാക്കാം.
1. 2016 ന് ശേഷം കേരളത്തിൽ ഒരു പ്രാദേശിക ഹർത്താൽ പോലും ഇല്ലാത്ത 3 മാസം ഇന്ന് പൂർത്തിയാവുകയാണ്.
2. കുറേക്കൂടെ കൃത്യമായി പറഞ്ഞാൽ ഹർത്താൽ ഇല്ലാത്ത 129-) മത്തെ ദിവസമാണിന്ന്.
3. ഈ വർഷം ഇതുവരെ നടന്നത് 5 ഹർത്താലുകൾ മാത്രം.
(ജനുവരി – 3, ഫെബ്രുവരി – 1, മാർച്ച് – 1)
4. അവസാന ഹർത്താൽ നടന്നത് മാർച്ച് 3 ന്. (ചിതറ പഞ്ചായത്തിൽ സി.പി.എം.പ്രവർത്തകനെ കുത്തിക്കൊന്നതിന്റെ പേരിലുള്ള പ്രാദേശിക ഹർത്താൽ)
5. 2017 ൽ ആദ്യ 6 മാസങ്ങളിൽ കേരളത്തിൽ നടന്നത് 73 ഹർത്താലുകളാണ്.
6. 2018ൽ ആദ്യ 6 മാസങ്ങളിൽ കേരളത്തിൽ നടന്നത് 53 ഹർത്താലുകളാണ്.
73, 53 എന്നീ സംഖ്യകളിൽ നിന്ന് 5 എന്ന വിരലിൽ എണ്ണാൻ കഴിയുന്ന സംഖ്യയിലേക്ക് ഹർത്താലുകളെ പിടിച്ചുകെട്ടാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഹർത്താൽ എന്ന ഉപദ്രവകാരിയായ സമരമുറയ്ക്ക് മേൽ പൊതുജനം നേടിയെടുത്ത ആധികാരിക വിജയം തന്നെയാണ്.
കേരളത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതുകൊണ്ടാണ് ഹർത്താലുകൾക്ക് അറുതി വന്നതെന്ന് ആരെങ്കിലും കരുതുന്നുണ്ടാകാൻ ഒരു സാദ്ധ്യതയുമില്ല. ഈ നില കൈവരിക്കാൻ പ്രധാനപങ്ക് വഹിച്ചിട്ടുള്ളത് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ജനങ്ങൾക്കിടയിൽ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള ഹർത്താൽ വിരോധം തന്നെയാണ്. കോടതിയുടെ നിരന്തരമായ ഇടപെടൽ കാര്യങ്ങൾ ലക്ഷ്യത്തിലേക്കടുപ്പിക്കാൻ കൂടുതൽ സഹായകമായി. 7 ദിവസം മുന്നേ നോട്ടീസ് കൊടുക്കാതെ ഹർത്താൽ ആഹ്വാനം ചെയ്യാൻ പാടില്ലെന്ന കർശനമായ താക്കീത് ഹൈക്കോടതി നൽകിയതിന് ശേഷം രണ്ട് ഹർത്താലുകൾ മാത്രമാണ് നടന്നത്. അതിലൊന്ന് ആഹ്വാനം ചെയ്ത കോൺഗ്രസ്സ് നേതാവ് (നിലവിലെ ഇടുക്കി എം.പി.) ഡീൻ കുര്യാക്കോസ് പുലിവാല് പിടിക്കുകയും ചെയ്തു. എട്ട് വർഷം മുൻപ് രാജു പി.നായർ എന്ന കോൺഗ്രസ്സ് നേതാവ് തുടക്കമിട്ട Say NO to Harthal എന്ന സംഘടന ഈ വിഷയത്തിൽ വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല. മറ്റ് പല സംഘടനകളും ഇതേ ലക്ഷ്യത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ അതിനൊക്കെ മുകളിൽ ഒന്നാം സ്ഥാനത്ത് വരുന്നത് Say NO to Harthal തന്നെയാണ്.
എന്നുവെച്ച് ഹർത്താൽ തുടച്ച് നീക്കപ്പെട്ടെന്ന് സന്തോഷിക്കാൻ സമയമായിട്ടില്ല. തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ശക്തമായിത്തന്നെ ഉണ്ടാകുമെന്നും അറിയാം. പക്ഷേ ആദ്യമത്സരത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസം, ജയിച്ച കളിക്കാർക്കുണ്ടാകുന്നതും സ്വാഭാവികമാണല്ലോ ? ഇനിയങ്ങോട്ട് കാര്യങ്ങൾ എളുപ്പമാക്കാൻ അത് ധാരാളമാണ്.
ഈ കണക്കിൽ, എല്ലാവർക്കും സന്തോഷമുണ്ടാകാൻ സാദ്ധ്യതയില്ലെങ്കിലും കേരളത്തിലെ സിംഹഭാഗം വരുന്ന ജനങ്ങൾ ഇതിൽ സന്തോഷിക്കുക തന്നെ ചെയ്യുമെന്ന് വിശ്വസിക്കുന്നു. തുടർന്നുള്ള പോരാട്ടത്തിലും ആ ജനങ്ങൾ മുഴുവൻ ഒരുമിച്ചുണ്ടാകുമെന്ന ആത്മവിശ്വാസവുമുണ്ട്. ഒരുമിച്ച് നിന്ന എല്ലാവർക്കും നന്ദി. എല്ലാവർക്കും പരസ്പരം നന്ദി പ്രകടിപ്പിക്കുകയുമാവാം.
വാൽക്കഷണം:- ഹർത്താലിനെ തുരത്തിയതിന്റെ ചരിത്രം രേഖപ്പെടുത്തപ്പെടുമ്പോൾ അതിൽ രാജു.പി.നായർ എന്ന പേരും അദ്ദേഹം തുടങ്ങിവെച്ച Say NO to Harthal എന്ന സംഘടനയുടെ പേരും സുവർണ്ണ ലിപികളിൽത്തന്നെ രേഖപ്പെടുത്തിയിരിക്കും. അഭിനന്ദനങ്ങൾ രാജൂ !! ഓരോ Say NO To Harthal പ്രവർത്തകർക്കും ഹർത്താലിനെതിരെ പൊരുതിയവർക്കും അഭിനന്ദനങ്ങൾ !!
#Say_No_To_Harthal