ഈയടുത്ത കാലത്തൊന്നും ഇത്രയും സംഗീതസാന്ദ്രമായ ഒരു പ്രഭാതം എനിക്കായി പുലർന്നിട്ടില്ല. വെറും സംഗീതമല്ല; കലർപ്പൊന്നുമില്ലാത്ത പ്രകൃതിയുടെ സംഗീതമാണത്. വെളുപ്പിന് അഞ്ച് മണി മുതൽ ആ സംഗീതശബ്ദങ്ങൾ കേട്ട് തുടങ്ങിയിരുന്നു. അഞ്ച് മണിക്ക് മുന്നേ ആ ശബ്ദത്തിനുടമകളായ പക്ഷികളും മറ്റ് ജീവികളും ഉണർന്നിരിക്കാം. ഞാനുണർന്നത് അഞ്ച് മണിക്കാണെന്ന് മാത്രം. അവർ അതിരാവിലെ ഉണർന്ന് പ്രഭാത ഭക്ഷണത്തിനുള്ള ഇരതേടുമെന്നാണല്ലോ ചെറിയ ക്ലാസ്സുകളിൽ പഠിച്ചിരിക്കുന്നത്.
ആ സംഗീതവും ശബ്ദങ്ങളും കൂടിക്കൂടി വന്നു. കുളക്കാക്കകൾ തടാകത്തിലെ വെള്ളത്തിൽ മുങ്ങുന്ന ശബ്ദവും ഉയരുന്ന ശബ്ദവും കൃത്യമായി മനസ്സിലാക്കാനാവുന്നുണ്ട്. ആദിവാസി കോളനികളിലെ വളർത്തുനായ്ക്കളും ഉണർന്നിരിക്കുന്നു. ഞാനാ ശബ്ദങ്ങളൊക്കെയും മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു. റസൂൽ പൂക്കുട്ടി കൊണ്ടുനടക്കുന്നതുപോലുള്ള ശബ്ദലേഖന ഉപകരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ ആഘോഷമാക്കാമായിരുന്നു.
കാറിനടുത്ത് നിന്ന് ശബ്ദങ്ങൾ കേൾക്കാം. ജോഹറും ഉണർന്നെന്ന് വ്യക്തം. മൂന്നര മണി മുതൽ ഉണർന്നിരിക്കുന്നു എന്നാണ് ജോഹർ പറയുന്നത്. വൈകുന്നേരം കണ്ടതിൽ നിന്ന് വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് രാവിലെ. രാത്രി മഴ പെയ്തിട്ടില്ലെങ്കിലും പുല്ല് മുഴുവനും നനഞ്ഞ് കിടക്കുന്നു. ടെന്റും നനഞ്ഞിട്ടുണ്ട്. നല്ല മഞ്ഞ് വീണിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാൻ. ജോഹർ ചില പുലർകാല രംഗങ്ങൾ പകർത്താനുള്ള പുറപ്പാടിലാണ്.
ഗ്രേറ്റ് ഇന്ത്യൻ എൿസ്പെഡീഷൻ പരീക്ഷണയാത്രയുടെ പത്താം ദിവസമാണിന്ന്. പരീക്ഷിക്കാനുള്ള കാര്യങ്ങളൊക്കെ ഏതാണ് തീർന്നിരിക്കുന്നു. ആയതിനാൽ, വൈകീട്ട് എറണാകുളത്തേക്ക് മടങ്ങണമെന്നാണ് ഉദ്ദേശിക്കുന്നത്. പോകുന്ന വഴിക്ക് എന്തെങ്കിലുമൊരു കാഴ്ച്ച കൂടെ പകർത്തണമെന്നുണ്ട്. അതേപ്പറ്റി ആലോചിച്ചപ്പോൾ ഉചിതമായി തോന്നിയത് താമരശ്ശേരി ചുരം ഇറങ്ങുന്നതിന് തൊട്ട് മുൻപുള്ള പൂക്കോട് തടാകമാണ്. പലവട്ടം പൂക്കോട് തടാകം ഞാൻ സന്ദർച്ചിട്ടുണ്ട്. എങ്കിലും തടാകക്കാഴ്ച്ചകൾ വീഡിയോയിൽ പകർത്താൻ ആ വഴി തന്നെ പോകാൻ ഞങ്ങൾ തീരുമാനിച്ചു.
അവധി ദിവസമാണ്. നല്ല തിരക്കുണ്ട് പൊതുവെ വയനാട്ടിൽ എല്ലായിടത്തും. ആ തിരക്ക് പൂക്കോട് തടാകത്തിന്റെ ഭാഗത്തുമുണ്ട്. മുൻപ് തടാകത്തിന്റെ തൊട്ടടുത്ത് ചെന്ന് അവിടെ വാഹനം പാർക്ക് ചെയ്യാൻ പറ്റുമായിരുന്നെങ്കിലും ഇപ്പോൾ ആ വഴിയിൽ ഒരിടത്തും പാർക്കിങ്ങ് അനുവദിക്കുന്നില്ല. ഒരു കിലോമീറ്ററിലധികം ദൂരെച്ചെന്ന് നോ പാർക്കിങ്ങ് ബോർഡില്ലാത്ത പാതയോരത്ത് വാഹനമൊതുക്കി തടാകത്തിന്റെ കവാടത്തിലേക്ക് നടന്നു. ടിക്കറ്റ് നിരക്ക് ആളൊന്നുക്ക് 30 രൂപയാണ്. വീഡിയോ ക്യാമറയ്ക്ക് 150 രൂപ വേറെയും. സാമാന്യം നല്ല ആൾക്കൂട്ടമുണ്ട് തടാകക്കരയിലും പരിസരത്തും.
പൂക്കോട് തടാകം പ്രകൃതിദത്തമായ ഒരു ശുദ്ധജലതടാകമാണ്. സമുദ്രനിരപ്പില്‍ നിന്ന് 700 മീറ്ററിലധികം ഉയരത്തിലാണ് തടാകം സ്ഥിതിചെയ്യുന്നത്. കബനീനദിയുടെ ഒരു ശാഖയായ പനമരം അരുവിയുടെ ഉത്ഭവം പൂക്കോട് തടാകത്തില്‍ നിന്നാണ്. പച്ചപിടിച്ച് കിടക്കുന്ന മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു എന്നതാണ് പൂക്കോട് തടാകത്തിന്റെ വലിയൊരു പ്രത്യേകത.
മുൻപ് ഞാൻ കണ്ടിട്ടുള്ള അവസ്ഥയിലൊന്നുമല്ല ഇപ്പോൾ പൂക്കോട് തടാകവും പരിസരവും സഞ്ചാരികളുടെ ബാഹുല്യവുമൊക്കെ. ബോട്ടിങ്ങ് സൌകര്യങ്ങൾ ഏറെ പുരോഗമിച്ചിരിക്കുന്നു. ബോട്ടിങ്ങാണ് പൂക്കോട് തടാകത്തിലെ ഏറ്റവും വലിയ ആകർഷണം. വലിയ പ്ലാസ്റ്റിക്ക് ഫ്ലോട്ടുകൾ കോർത്തിണക്കി, തടാകക്കരയിൽ നീളമുള്ള ജട്ടി നിർമ്മിച്ചിരിക്കുന്നു. സഞ്ചാരികൾക്ക് ബോട്ടിലേക്ക് സുരക്ഷിതമായി കയറാനും ഇറങ്ങാനും ഇത് സൌകര്യമൊരുക്കുന്നു. മുൻപുണ്ടായിരുന്നത് പെഡൽ ബോട്ടും തുഴ ബോട്ടുമായിരുന്നെങ്കിൽ ഇപ്പോൾ അതിന് പുറമേ കയാക്കും വന്നിരിക്കുന്നു. ബോട്ടുകളുടെ എണ്ണവും കൂടിയിരിക്കുന്നു.
ബോട്ടിങ്ങ് പല തരത്തിലുണ്ട്. രണ്ട് പേർ ചേർന്ന് സ്വയം ചവിട്ടി നീക്കുന്ന പെഡൽ ബോട്ടുണ്ട്. ഏഴാൾക്ക് വരെ കയറാൻ പറ്റുന്ന ബോട്ടിൽ DTPCയുടെ തുഴക്കാരൻ നമുക്ക് വേണ്ടി തുഴയും. അതേ ബോട്ടിൽ രണ്ടാൾ മാത്രമായി പോകണമെങ്കിൽ 500 രൂപ നൽകണം. കയാക്കിന് 250 രൂപയാണ് നിരക്ക്. രണ്ടാൾക്ക് പോകാവുന്ന കയാക്കാണെങ്കിലും ഒറ്റയ്ക്ക് തുഴയുന്നതിനും വിലക്കില്ല.
ജോഹറും ഞാനും ഏഴ് പേർക്ക് കയറാവുന്ന ഒരു ബോട്ടും അതിന്റെ തുഴക്കാരനേയും (അനന്തു) തിരഞ്ഞെടുത്തു. വെക്കത്തുകാരനായ അനന്തു DTPC യുടെ ലൈഫ് ഗാർഡ് കൂടെയാണ്. മറ്റ് ബോട്ടുകളിൽ ലൈഫ് ജാക്കറ്റ് ഇടാതെ പോകുന്ന യാത്രക്കാരോട് ലൈഫ് ജാക്കറ്റിടാൻ അനന്തു നിരന്തരം അഭ്യർത്ഥിക്കുന്നുണ്ട്. പക്ഷേ അവരത് ഇടാൻ തയ്യാറല്ല. ഒരപകടം ഉണ്ടായാൽ ചാടി രക്ഷപ്പെടുത്തേണ്ട ജോലി ലൈഫ് ഗാർഡ് കൂടെയായ അനന്തുവിന്റേതായതുകൊണ്ട് അദ്ദേഹത്തിനതിന്റെ കാര്യഗൌരവമുണ്ട്. പക്ഷേ, അനന്തു എത്ര പറഞ്ഞിട്ടും ചിലർ ലൈഫ് ജാക്കറ്റ് ഇടാൻ കൂട്ടാക്കുന്നില്ല. “ലൈഫ് ജാക്കറ്റ് നാറീട്ട് വയ്യ” എന്നാണ് ഒരു സഞ്ചാരിയുടെ പ്രതികരണം. വെള്ളം കുടിച്ച് ചത്ത് ചീർത്ത് മലർന്നാൽ ഇതിനേക്കാൾ നാറ്റമായിരുന്നെന്ന് മനസ്സിലാക്കുക. സുരക്ഷാ നടപടികൾ ഏത് രാജ്യത്തേതായാലും ഏത് സ്ഥലത്തേതായാലും അതേപടി അനുസരിക്കുക. പതിമൂന്ന് വർഷത്തോളം ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ സ്ഥിരമായി ഉപയോഗിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ജോലിയുടെ ഭാഗമായി അനന്തു കടന്നുവന്നതുപോലുള്ള ട്രെയിനിങ്ങുകളും ധാരാളമായി ചെയ്തിട്ടുണ്ട്. ആ അനുഭവങ്ങളും പരിചയസമ്പന്നതയും കൈമുതലാക്കി, പൂക്കോട് പോലുള്ള ഒരു സ്ഥലത്ത് ഒരപകടമുണ്ടായാൽ സ്വയം രക്ഷപ്പെടാൻ വലിയ ബുദ്ധിമുട്ടുണ്ടെന്ന് കരുതുന്നില്ല. എന്നിട്ടും ലൈഫ് ജാക്കറ്റ് കണ്ടയുടനെ അത് അണിയാനുള്ള പ്രവണതയാണ് എനിക്കുള്ളത്. എത്ര പരിശീലനം സിദ്ധിച്ച ആളായാലും എത്ര നന്നായി നീന്തൽ അറിയുന്ന വ്യക്തിയായാലും ചില സമയത്ത് ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടന്നെന്ന് വരില്ല. സുരക്ഷാനിർദ്ദേശങ്ങൾ അവഗണിക്കാനുള്ളതല്ല.
നിറയെ ആമ്പലും താമരയുമുണ്ട് തടാകത്തിൽ. ജലത്തിനടിയിലുള്ള ചെടികൾ പലപ്പോഴും തുഴകളിൽ ചുറ്റിപ്പിടിക്കുന്നുണ്ട്. തടാകം ക്യാമറയുടെ നിരീക്ഷണത്തിലാണ്. തടാകത്തിൽ പ്ലാസ്റ്റിക്ക് എറിയുകയോ തടാകത്തിൽ നിന്ന് ആമ്പലോ താമരയോ പറിക്കുകയോ ചെയ്യുന്നവർ പിഴയൊടുക്കേണ്ടി വരും. പ്ലാസ്റ്റിക്ക് നിരോധന മേഖലയാണ് പൂക്കോട്. അതുകൊണ്ടുതന്നെ കാര്യമായ പ്ലാസ്റ്റിക്ക് മാലിന്യം അവിടെ കാണാനുമായില്ല.
ശുദ്ധജലത്തിൽ ജീവിക്കുന്ന മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാനുള്ള ഒരു സംവിധാനം ഫിഷറീസ് ഡിപ്പാർട്ട്മെന്റ് തടാകത്തിൽ ചെയ്തിരിക്കുന്നതും കാണാം.
ഞങ്ങൾ അനന്തുവുമായി വിശദമായി സംസാരിച്ചു. ഒരു ലൈഫ് ഗാർഡ് ജോലികിട്ടാനുള്ള യോഗ്യത പത്താം ക്ലാസ്സ് മാത്രമാണ്. നീന്തൽ അറിയണം. മത്സ്യത്തൊഴിലാളി കുടുംബാംഗമാണെങ്കിൽ അൽപ്പം മുൻഗണനയുണ്ട്. എന്നിരുന്നാലും നീന്തൽ അവശ്യം അറിഞ്ഞിരിക്കണം. പ്രവേശന സമയത്ത് കോവളത്ത് കടലിൽ നീന്തിക്കാണിച്ച് കൊടുക്കണം. ജോലിക്ക് എടുത്തുകഴിഞ്ഞാൽ പല പരിശീലനങ്ങളും സർക്കാർ നൽകും. അങ്ങനെ ഏറെ വിശേഷങ്ങൾ അനന്തു പങ്കുവെച്ചു.
പൂക്കോട് തടാകത്തിൽ നിന്ന് നോക്കിയാൽ വയനാട്ടിലെ ഏറ്റവും ഉയരമുള്ള മലയായ ചെമ്പറയുടെ മുകൾഭാഗം കാണാം. രണ്ട് പ്രാവശ്യം ഞാൻ ചെമ്പറ കയറിയിട്ടുണ്ട്. പൂക്കോട് തടാകത്തിന്റെ അത്രയ്ക്ക് വലിപ്പമില്ലെങ്കിലും ഏറെ പ്രത്യേകതയുള്ള ഒരു തടാകം ചെമ്പറയ്ക്ക് മുകളിലുമുണ്ട്. ഹൃദയത്തിന്റെ ആകൃതിയാണ് ‘ഹൃദയസരസ്സ്‘ എന്ന് പേരുള്ള ആ തടാകത്തെ വേറിട്ട് നിർത്തുന്നത്.
ബോട്ടിൽ നിന്നിറങ്ങിയ ശേഷം പൂക്കോട് DTPC മാനേജരെ പരിചയപ്പെട്ടു. കൂടുതൽ വിശദമായിത്തന്നെ വയനാട്ടിലെ ടൂറിസം പദ്ധതികൾ പകർത്താൻ ഞങ്ങൾക്ക് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
അനന്തുവിന്റെ ബോട്ടിൽ നിന്നിറങ്ങിയശേഷം ഞാൻ കയാക്ക് തുഴയാൻ തീരുമാനിച്ചു. ജോഹർ ആ രംഗങ്ങൾ കരയിൽ നിന്ന് പകർത്തി. മുൻപ് മുനമ്പം അഴിമുഖത്തും കൊച്ചി കായലിലുമൊക്കെ കയാക്കിങ്ങ് ചെയ്തിട്ടുള്ളതുകൊണ്ട് രണ്ട് പേർക്ക് കയറാവുന്ന കയാക്കിൽ ഒറ്റയ്ക്കുള്ള കയാക്കിങ്ങ് പൂക്കോട് തടാകത്തിൽ എനിക്ക് തെല്ലും ബുദ്ധിമുട്ടുള്ളതായിരുന്നില്ല.
ഇനി ബാക്കിയുള്ളത് സൈക്കിളിങ്ങ് ആണ്. അര മണിക്കൂറിന് 50 രൂപ എന്ന തോതിൽ സൈക്കിളുകൾ വാടകയ്ക്ക് ലഭ്യമാണിവിടെ. ജനങ്ങൾ ആ സൌകര്യം നല്ല തോതിൽ ഉപയോഗിക്കുന്നുമുണ്ട്. തടാകത്തെ ചുറ്റി മരങ്ങൾ തണൽ വിരിച്ച പാതയുണ്ട്. പണ്ട് ഇത് ടാറിട്ട റോഡായിരുന്നു. ഇപ്പോളതിൽ ടൈൽ വിരിച്ചിരിക്കുന്നു. പലവട്ടം ഞാനാ തണലിലൂടെ നടന്ന് പോയിട്ടുണ്ട്. സൈക്കിളിൽ പോകാനുള്ള അവസരമിപ്പോൾ കൈവന്നിരിക്കുകയാണ്. സൈക്കിളിങ്ങിനുള്ള ടിക്കറ്റെടുത്ത് അൽപ്പനേരം കാത്തുനിന്ന ശേഷമാണ് സൈക്കിൾ കിട്ടിയത്. ഞാനതിൽ തടാകമൊന്ന് ചുറ്റുകയും ചില ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. ചെറിയ ദൂരമാണെങ്കിൽപ്പോലും സൈക്കിളിങ്ങ് സമയത്ത് ഹെൽമറ്റ് നിർബന്ധമായും ധരിക്കുന്ന ഒരാളാണ് ഞാൻ. പൂക്കോടിൽ സൈക്കിളിനൊപ്പം ഹെൽമറ്റ് നൽകുന്നില്ല. എന്റെ ഹെൽമറ്റ് ഒന്നര കിലോമീറ്റർ അപ്പുറം പാർക്ക് ചെയ്തിരിക്കുന്ന കാറിലാണ്. പൊതുഗതാഗതം ഇല്ലാത്ത, കാൽനടക്കാർ മാത്രമുള്ള തടാകത്തിന്റെ ചുറ്റിലൂടെയുള്ള സവാരിയായതുകൊണ്ടും ഹൈൽമറ്റിന്റെ അലഭ്യത കൊണ്ടും അതില്ലാതെ തന്നെ ചെറിയ ദൂരം സൈക്കിളിങ്ങ് നടത്തേണ്ടി വന്നു.
പൂക്കോട് തടാകത്തിന്റെ പുരോഗതിയിൽ ഏറെ സന്തോഷമുണ്ട്. ചുരമിറങ്ങാനുള്ള സമയമാകുന്നു. ഇന്ന് പരീക്ഷണ യാത്രയുടെ പത്താം ദിവസവും അവസാന ദിവസവുമാണ്. ഉപകരണങ്ങൾ എല്ലാം പരീക്ഷിച്ച് കഴിഞ്ഞിരിക്കുന്നു. ഇതുവരെയുള്ള അനുഭവങ്ങൾ (പരീക്ഷണ യാത്രയിലെ പാഠങ്ങൾ മറ്റൊരു ലേഖനമായി എഴുതിയിടുന്നതാണ്) കണക്കിലെടുത്ത് മാറ്റം വരുത്തേണ്ടതും പുതുതായി ചേർക്കേണ്ട കാര്യങ്ങളുമൊക്കെ തീർപ്പായിരിക്കുന്നു. ആ മാറ്റങ്ങളും തിരുത്തുകളുമൊക്കെ വരുത്തിയ ശേഷം ജൂലായ് മാസം പകുതിയോടെ തെലുങ്കാനയിൽ നിന്ന് Great Indian Expedition ആരംഭിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇതൊരു യാത്രയുടെ അവസാനമാണെങ്കിലും, വരാൻ പോകുന്ന മറ്റൊരു വലിയ യാത്രയ്ക്ക് നാന്ദി കുറിച്ചുകൊണ്ടാണ് ഇതവസാനിക്കുന്നത്. വാഹനം ചുരമിറങ്ങി എറണാകുളത്തേക്ക് നീങ്ങിത്തുടങ്ങി.
തുടരും….
വലിയ തോതിൽത്തന്നെ തുടരും…..
———————————————————————————–
ഈ യാത്രയുടെ വീഡിയോ ഇവിടെ കാണാം.
ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ വായിക്കാം.