ഇന്ന് 10 മെയ് 2019. ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ പരീക്ഷണ യാത്രയുടെ ആറാം ദിവസം. ഇന്നലെ രാത്രി കുമളിയിൽ തമ്പടിച്ച ഹോട്ടലിൽ നിന്ന് ഏലപ്പാറ വഴി വാഗമൺ പോയി അവിടന്ന് എറണാകുളത്തേക്ക് മടങ്ങാനാണ് ഉദ്ദേശം. എറണാകുളത്തേക്ക് മടങ്ങുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ജോഹറിന്റേയും എന്റേയും വ്യക്തിപരമായ ചില കാര്യങ്ങൾക്കായി 11, 12 തീയതികളിൽ എറണാകുളത്ത് എത്തിയേ തീരൂ. രണ്ടാമത്തെ കാരണം ഈ യാത്രയിൽ ഞങ്ങൾ പരീക്ഷിക്കണമെന്ന് കരുതിയ കാര്യങ്ങൾ മിക്കവാറും എല്ലാം പരീക്ഷിക്കുകയും അതിന്റെ പ്രശ്നങ്ങൾ പൊന്തിവരുകയും ചെയ്ത് കഴിഞ്ഞു. ഇനി അതെല്ലാം പരിഹരിക്കുകയാണ് വേണ്ടത്. അതിന് എറണാകുളത്ത് തിരികെ ചെന്നേ പറ്റൂ.
ടെന്റ് കെട്ടിയും സ്വയം ഭക്ഷണം പാകം ചെയ്തുമുള്ള യാത്രയാണ് ഇനി പരീക്ഷിക്കാൻ ബാക്കിയുള്ളത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചശേഷം ടെന്റ് പരീക്ഷണത്തിനായി വടക്കൻ ജില്ലകളിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പശ്ചിമഘട്ടത്തിലൂടെയുള്ള യാത്ര പൂർത്തിയാക്കാതെ തന്നെ ഞങ്ങൾക്കുണ്ടാകാൻ സാദ്ധ്യതയുള്ള പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നു. പശ്ചിമഘട്ടം അടക്കമുള്ള കേരളത്തിലെ എല്ലാ പ്രദേശങ്ങളിലൂടെയും GIE യുടെ ഭാഗമായി സഞ്ചരിക്കുമെന്നതുകൊണ്ട് ഇപ്പോൾ അത്യാവശ്യം ഉപകരണങ്ങൾ ടെസ്റ്റ് ചെയ്യുക എന്നത് മാത്രമാണ് അഭികാമ്യം. ഈ മാസം 21 ന് യാത്ര വീണ്ടും ആരംഭിച്ച് വടക്കൻ ജില്ലകളിൽ ചില പശ്ചിമഘട്ട പ്രദേശങ്ങളിലൂടെ സഞ്ചരിച്ചശേഷം പരീക്ഷണ യാത്ര അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നു.
സാധാരണനിലയ്ക്ക് അധികമാരും സഞ്ചരിക്കാൻ സാദ്ധ്യതയില്ലാത്ത ആനവിലാസം റൂട്ടിലൂടെയാണ് ഏലപ്പാറയിലേക്ക് തിരിച്ചത്. ഇക്കഴിഞ്ഞ 5 ദിവസങ്ങളിൽ കടന്നുപോകാത്ത തരത്തിലുള്ള ചെങ്കുത്തായതും പൊടുന്നനെയുള്ളതുമായ ഹെയർ പിന്നുകൾ ഈ മാർഗ്ഗത്തിലുണ്ട്. റോഡ് പൂർണ്ണമായും നശിച്ച അവസ്ഥയിലാണ് പലയിടത്തും. ചിലയിടങ്ങളിൽ ഫസ്റ്റ് ഗിയറിൽപ്പോലും വാഹനം കയറിപ്പോകുന്നില്ല. ഫോർഡ് എക്കോസ്പോർട്ട് എന്ന വാഹനത്തിന്റെ ആരോഗ്യക്ഷമത അത്രേയുള്ളൂ. പക്ഷെ ഞങ്ങൾക്ക് ഇതല്ലാതെ മറ്റ് വാഹനങ്ങളൊന്നും ഇല്ലാത്തതുകൊണ്ട്, കൈയിലുള്ളതുകൊണ്ട് ഓണം പോലെ ആഘോഷമാക്കാനേ നിവൃത്തിയുള്ളൂ. കുറേക്കൂടെ പവറും ഇടവുമുള്ള ഒരു വാഹനം ആരെങ്കിലും സ്പോൺസർ ചെയ്താലല്ലാതെ ഞങ്ങളെക്കൊണ്ട് തൽക്കാലം അത് താങ്ങാനാവില്ല.
കുമളിയിൽ നിന്ന് ആനവിലാസം വരെ 13 കിലോമീറ്ററും അവിടന്ന് ഏലപ്പാറയിലേക്ക് 24 കിലോമീറ്ററുമാണ്. ഈ റൂട്ടിന്റെ ഒരു പ്രത്യേകത, മൂന്നാർ പോകുന്നത് പോലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെയാണ് എന്നുള്ളതാണ്. ഏലപ്പാറയിൽ നിന്ന് വാഗമണിലേക്ക് വീണ്ടും 13 കിലോമീറ്ററുണ്ട്. തങ്ങൾപാറ, കുരിശുമല, മൊട്ടക്കുന്നുകൾ, പൈൻ താഴ്വര, പാരാഗ്ലൈഡിങ്ങ്, എന്നിങ്ങനെ ഒരു ദിവസത്തിലധികം ചിലവഴിച്ച് കാണാനും പറയാനുമുള്ള കാര്യങ്ങളുണ്ട് വാഗമണിൽ. പക്ഷെ അതിനായി GIE ബാക്കി നിൽക്കുന്നതുകൊണ്ട് ഇന്ന് പാരാഗ്ലൈഡിങ്ങ് മാത്രം ചെയ്ത് അവസാനിപ്പിച്ചാലോ എന്നായി ആലോചന.
പൈൻ താഴ്വരയിലേക്ക് എത്തുന്നതിന് തൊട്ട് മുൻപ് തന്നെ ആകാശത്ത് ഗ്ലൈഡുകൾ തെന്നിനീങ്ങുന്നത് ദൃശ്യമാകും. പക്ഷേ അങ്ങോട്ടുള്ള വഴി ആദ്യം ഞങ്ങൾക്കൊന്ന് തെറ്റി. പാരാഗ്ലൈഡിങ്ങ് അടക്കമുള്ള സാഹസിക കായിക വിനോദങ്ങൾക്കായി നിർമ്മാണപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന ഒരു കവാടത്തിന് മുൻപിൽ അന്വേഷിച്ചപ്പോൾ അൽപ്പം പിന്നിലായി കോൺക്രീറ്റ് ചെയ്ത റോഡുണ്ടെന്നും അത് നേരെ ചെല്ലുന്നത് പാരഗ്ലൈഡിങ്ങ് നടക്കുന്ന കുന്നിൻ മുകളിലേക്കാണെന്നും മനസ്സിലാക്കാനായി.
കോൺക്രീറ്റ് റോഡിലേക്ക് കയറിയ ഉടനെ ധാരാളം വാഹനങ്ങൾ അരികുചേർന്ന് നിർത്തിയിട്ടിരിക്കുന്നത് കണ്ടു. അവിടന്ന് മുകളിലേക്ക് സ്വന്തം വാഹനങ്ങളുമായി പോകാൻ അനുവാദമില്ല. ഒരു ചെറിയ ഗേറ്റ് വെച്ച് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. അവിടെ നിന്ന് ടിക്കറ്റ് എടുത്താൽ, ഗ്ലൈഡിങ്ങ് കമ്പനിയുടെ ജീപ്പിൽ മുകളിലേക്ക് കൊണ്ടുപോകും. 3500 രൂപ ഗ്ലൈഡിങ്ങിനും വീഡിയോ വേണമെങ്കിൽ 500 രൂപയുമാണ് നിരക്ക്. ഫ്ലൈ വാഗമൺ എന്ന കമ്പനി ഗോ പ്രോയിൽ എടുത്ത് തരുന്ന വീഡിയോയ്ക്കാണ് 500 രൂപ ഈടാക്കുന്നത്. 14 നും 80 നും ഇടയ്ക്ക് പ്രായമുള്ള ഏതൊരാൾക്കും പറക്കാം. മിനിമം തൂക്കം 40കിലോഗ്രാമിനും 110 കിലോഗ്രാമിനും ഇടയിൽ നിൽക്കുകയും വേണം.
ഞങ്ങൾ പെട്ടെന്ന് പദ്ധതി മാറ്റി. ഗോ പ്രോ അടക്കമുള്ള സ്വന്തം ക്യാമറകൾ ഉള്ളപ്പോൾ സ്വയം റെക്കോഡ് ചെയ്യുന്നതാകും ഉചിതമെന്ന് തീരുമാനിച്ചെങ്കിലും, ഗോപ്രോ ശരീരത്തിൽ ഘടിപ്പിക്കാനുള്ള ബെൽറ്റും മറ്റും കരുതിയിട്ടില്ലായിരുന്നു. മറ്റുള്ളവർ അവിടെ പറക്കുന്നത് ഷൂട്ട് ചെയ്യാൻ അനുവാദമുണ്ടോ എന്ന് തിരക്കുന്നതിനിടയിൽ, ഫ്ലൈ വാഗമൺ ക്ലബ്ബ് അംഗമായ വിനിൽ തോമസ് ബൈക്കിൽ രംഗപ്രവേശം ചെയ്തു. അദ്ദേഹത്തോട് ഞങ്ങൾ കാര്യം അവതരിപ്പിച്ചു. ഞങ്ങളുടെ വാഹനം മുകളിലേക്ക് വിടാൻ പെട്ടെന്ന് തന്നെ ഉത്തരവായി. വിനിലിന്റെ ബൈക്ക് പിന്തുടർന്ന് ഞങ്ങൾ കുന്നിൻ മുകളിലേക്ക്. ഒന്നര കിലോമീറ്ററിലധികം ദൂരം വരുന്ന പാതയാണ് കുന്നിൻ മുകളിലേക്ക് കോൺക്രീറ്റ് ചെയ്ത് തയ്യാറാക്കിയിരിക്കുന്നത്.
മുകളിൽ ചെന്നപ്പോൾ ഗംഭീരമായ പറക്കൽ കാഴ്ച്ചകളാണ് സ്വാഗതം ചെയ്തത്. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് മൂന്ന് കുടുംബാംഗങ്ങൾ മാറിമാറി ഗ്ലൈഡിൽ പറന്നുപൊന്തുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. കണ്ടുനിന്നിട്ട് തന്നെ ആഹ്ലാദം തിരതല്ലി. ഞാൻ വിനിലിനെ ചെറിയ തോതിൽ ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടിച്ചു. ജോഹർ അതെല്ലാം ക്യാമറയിൽ ഒപ്പിയെടുത്തു.
15 വർഷത്തോളമായി ഫ്ലൈ വാഗമൺ ഈ കുന്നിൻ മുകളിൽ ഗ്ലൈഡിങ്ങ് നടത്തുന്നു. സീസൺ അല്ലാത്ത ദിവസങ്ങളിൽ പോലും പത്തും പതിനഞ്ചും പേർ ഗ്ലൈഡ് ചെയ്യാനെത്തുന്നു. മഴക്കാലത്ത് ഗ്ലൈഡിങ്ങ് നടക്കില്ല. പൂർണ്ണമായും കാറ്റിനെ ആശ്രയിച്ചുള്ള സ്പോർട്ട്സ് ആയതുകൊണ്ട്, കാറ്റിന്റെ ആധിക്യം കാരണം കോലാഹലമേട് എന്ന് പേര് വീണ ഈ കുന്നിൻപുറം എന്തുകൊണ്ടും ഗ്ലൈഡിന് അനുകൂലമായ സാഹചര്യമൊരുക്കുന്നു. ആറ് ഗ്ലൈഡുകളാണ് ഇവർക്കുള്ളത്. കാര്യമായ പരിപാലനം എന്ന് പറയാനുള്ളത്, ഗ്ലൈഡിന്റെ ചരടുകൾ പിന്നാൻ തുടങ്ങിയോ എന്ന് നോക്കലും പായയിൽ കീറലുകൾ ഉണ്ടോയെന്ന് പരിശോധിക്കലുമാണ്. ഇതുവരെ ഗ്ലൈഡ് അപകടങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല.
ഗ്ലൈഡർ പറന്ന് പൊങ്ങുന്നതും പറന്നിറങ്ങുന്നതും കാറ്റിനെതിരെയാണ്. നിയന്ത്രണം കൈവരിക്കാൻ അതാണെളുപ്പം. ഒറ്റയ്ക്കാണ് ഗ്ലൈഡ് ചെയ്യുന്നതെന്ന് ആരും കരുതേണ്ട. ഗ്ലൈഡ് പറത്തി പഴക്കവും തഴക്കവുമുള്ള പൈലറ്റ് പറക്കുന്നയാൾക്ക് പിന്നിലുണ്ടാകും. നമ്മൾ ഗ്ലൈഡിലെ പാസഞ്ചർ മാത്രമാണ്. ഒരു കൈയിൽ ക്യാമറ (ഗോ പ്രോ) പിടിച്ചുകൊണ്ട് സ്വന്തം പറക്കൽ രംഗം ചിത്രീകരിക്കാനുള്ള സ്വാതന്ത്ര്യം പൂർണ്ണമായും പാസഞ്ചർക്കുണ്ട്.
സുരക്ഷാ ബെൽറ്റും ക്ലിപ്പുകളും ഇട്ട് കഴിഞ്ഞാൽ പാസഞ്ചറെ പൈലറ്റുമായും ഗ്ലൈഡുമായും ബന്ധിപ്പിക്കുന്നു. നിലംപറ്റിക്കിടക്കുന്ന ഗ്ലൈഡ് പെട്ടെന്ന് നിലത്തുനിന്ന് ഉയരുന്ന സമയത്ത് അൽപ്പം പരിഭ്രമം പാസഞ്ചർക്ക് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഈ സമയത്ത് ഒരു തികഞ്ഞ കായികാഭ്യാസമാണ് അവിടെ നടക്കുന്നത്. പൈലറ്റ് വെട്ടിത്തിരിയുന്നതും ഗ്ലൈഡ് ഉയർന്ന് പൊങ്ങുന്നതുമടക്കമുള്ള രംഗം ത്രസിപ്പിക്കുകയും അതേ സമയം അൽപ്പം ഭീതിയുണ്ടാക്കുകയും ചെയ്തു. ഈ സമയത്ത് രണ്ട് സഹായികൾ പൈലറ്റിനേയും പാസഞ്ചറേയും വശങ്ങളിൽ നിന്ന് പിടിച്ചു നിർത്തുന്നുണ്ട്. ഗ്ലൈഡ് പൂർണ്ണമായും പൈലറ്റിന്റെ നിയന്ത്രണത്തിലായെന്ന് കണ്ടാൽ സഹായികൾ പിന്മാറുന്നു. പിന്നെയെല്ലാം പെട്ടെന്നാണ്. ഗ്ലൈഡ് ആകാശത്തേക്ക് പൊങ്ങിപ്പറക്കുന്നു.
ഇറങ്ങുമ്പോളും ഉയരുമ്പോളും വേണ്ടിവന്നാൽ ചെയ്യേണ്ട അത്യാവശ്യം കാര്യങ്ങൾ പാസഞ്ചറെ പരിശീലിപ്പിക്കുന്നുണ്ട്. ഉയർന്ന് പൊങ്ങുന്ന സമയത്ത് ചിലപ്പോൾ കാലുകൾ ഉയർത്തിപ്പിടിക്കേണ്ടി വരും. അതുമല്ലെങ്കിൽ അൽപ്പദൂരം ഓടുന്നത് പോലെ കാലുകൾ നിലത്ത് ചവിട്ടിത്തള്ളേണ്ടി വരും. പക്ഷേ, ഞങ്ങൾ അവിടെ നിന്ന സമയം മുഴുവൻ അങ്ങനെയാർക്കും ചെയ്യേണ്ടി വന്നതായി കണ്ടില്ല. നിർവിഘ്നമുള്ള പറന്നുപൊന്തലുകളും താഴ്ന്നിറങ്ങലുകളുമാണ് ഞങ്ങൾക്ക് കാണാനായത്.
ഇറങ്ങുന്ന സമയത്ത് ഗ്ലൈഡിന്റെ വശങ്ങൾ തളർന്ന് വീഴുന്നത് പോലെ കാണാനാകും. ചരടുകൾ നിയന്ത്രിച്ച് പൈലറ്റ് അങ്ങനെ ചെയ്യുന്നത് മൂലം ഗ്ലൈഡ് താഴേക്ക് വരുന്നു. ഇങ്ങനെ ഒന്നുരണ്ട് വട്ടം ചെയ്യുകയും അതിനനുസരിച്ച് രണ്ട് വശങ്ങളിലേക്കും ഗ്ലൈഡ് ചലിപ്പിക്കുകയും ചെയ്തുകൊണ്ട് കൃത്യമായ സ്ഥലത്ത് തന്നെ ഗ്ലൈഡ് ഇറക്കാൻ പൈലറ്റിന് സാധിക്കുന്നു.
ഗോവയിൽ പോയപ്പോൾ ഒന്നുരണ്ട് പ്രാവശ്യം പാരാ സെയിലിങ്ങ് നടത്തിയിട്ടുണ്ട്. അന്ന് മുകളിൽ നിന്ന് ക്യാമറ ഉപയോഗിച്ച് ചിത്രവുമെടുത്തിട്ടുണ്ട്. തീരെ ഭീതി ആ സമയത്ത് ഉണ്ടായിട്ടില്ല. പക്ഷേ, ഇവിടെ അൽപ്പം ഭയമുണ്ട്. അതിന് കാരണം ഈ കുന്നിൻ ചെരുവാണ്. നിൽക്കുന്ന സ്ഥലത്ത് നിന്ന് പെട്ടെന്ന് ഉയർന്ന് പൊങ്ങുന്നതിനൊപ്പം, കാൽക്കീഴിലെ മണ്ണ് ഞൊടിയിടയിൽ ആയിരക്കണക്കിന് അടി താഴേക്ക് പോകുന്ന അവസ്ഥയും ഉള്ളത്, എത്തരത്തിൽ എന്നെ ബാധിക്കുമെന്ന് പറയാനാവില്ല. എന്തായാലും GIE വീണ്ടും വാഗമണിൽ എത്തുമ്പോഴേക്കും മാനസ്സികമായി തയ്യാറെടുത്ത് ഞാനെന്റെ ആദ്യത്തെ ഗ്ലൈഡിങ്ങ് ചെയ്തിരിക്കും; അതിന്റെ ദൃശ്യങ്ങൾ ഞങ്ങളുടെ ക്യാമറയിൽത്തന്നെ പകർത്തിയിരിക്കും.
പാരാ സെയിലിങ്ങുമായി താരതമ്യം ചെയ്താൽ ഗ്ലൈഡിങ്ങ് ഒരു സമ്പൂർണ്ണ പറക്കൽ തന്നെയാണ്. ഭൂമിയുമായി എല്ലാ ബന്ധങ്ങളും വിഛേദിച്ചുകൊണ്ട് പക്ഷികളെപ്പോലെ തന്നെയുള്ള പറക്കലാണിത്. പാരാ സെയിലിങ്ങിൽ നമ്മുടെ പാരച്ച്യൂട്ട്, താഴെ കടലിലൂടെ ഓടുന്ന ബോട്ടിൽ ഒരു കയറിലൂടെ ഘടിപ്പിച്ചിട്ടുണ്ട്. ബോട്ട് മുന്നോട്ട് ഓടുമ്പോളാണ് പാരച്ച്യൂട്ട് പറന്ന് പൊങ്ങുന്നത്.
ഗ്ലൈഡിൽ നിന്ന് ഇറങ്ങിവന്ന രണ്ടുപേരോട് ഞാൻ സംസാരിച്ചു. ഒന്ന് ഒരാൺകുട്ടി. മറ്റൊന്ന് മുതിർന്നയാൾ. അവർ രണ്ടുപേരുടേയും ത്രില്ല് വിട്ട് മാറുന്നതിന് മുൻപാണ് എന്റെ ചോദ്യങ്ങൾ. എന്തൊക്കെ കാഴ്ച്ചകളാണ് മുകളിൽ നിന്നുള്ളതെന്ന ചോദ്യത്തിന് മുതിർന്നയാൾ തന്നതിനേക്കാൾ വ്യക്തവും കൃത്യവും വിശദവുമായ മറുപടിയാണ് ആൺകുട്ടി തന്നത്. കുട്ടികളാണ് ഗ്ലൈഡിങ്ങ് കൂടുതലായി ആസ്വദിക്കുന്നതെന്ന് വേണം മനസ്സിലാക്കാൻ. ഒരു പട്ടണവും അണക്കെട്ടും ചെരുവുകളും വാഗമണിന്റെ മുഴുവൻ ആകാശക്കാഴ്ച്ചയും ഗ്ലൈഡ് നൽകുന്നുണ്ടെന്നാണ് അവൻ പറഞ്ഞത്. 20 മിനിറ്റ് പറക്കുന്നതിനിടയ്ക്ക് മുതിർന്നയാൾ ഡാം കണ്ടിട്ടില്ല.
പൈലറ്റുമാരെപ്പറ്റി കേട്ടപ്പോൾ എനിക്ക് സത്യത്തിൽ അത്ഭുതമായി. ഹിമാചലിൽ നിന്നുള്ളവരാണ് രണ്ട് പൈലറ്റുമാർ. ഹിമാചലിൽ ഗ്ലൈഡിങ്ങ് ഉള്ളതുകൊണ്ടാവാം അവിടന്ന് പൈലറ്റുമാരെ ലഭിക്കുന്നത്. അവർ ഓഫ് സീസണിൽ നാട്ടിലേക്ക് പോകുന്നു. ബാക്കിയുള്ള സമയം കേരളത്തിൽ പറക്കുന്നു, പറക്കാൻ സഹായിക്കുന്നു.
കേരള ടൂറിസത്തിനോടും കേരള യൂത്ത് വെൽഫെയർ ബോർഡിനോടും സഹകരിച്ചാണ് ഫ്ലൈ വാഗമൺ ക്ലബ്ബ് ഗ്ലൈഡിങ്ങ് നടത്തിപ്പൊരുന്നത്. കൂടുതൽ സാഹസിക കായിക ഇനങ്ങൾ, സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലുള്ള ഈ കുന്നിൻ മുകളിൽ വരാൻ പോകുന്നു. അതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തൊട്ട് പിന്നിൽ നടക്കുന്നത് കാണാൻ പറ്റുന്നുണ്ട്. വരും കാലങ്ങളിൽ ഈ കുന്നിൻപുറം കൂടുതൽ വലിയൊരു സംഭവമാകാൻ പോകുകയാണെന്ന് സാരം.
ഒരുവിധം കാര്യങ്ങളൊക്കെ ഞങ്ങൾ ക്യാമറയിൽ പകർത്തിക്കഴിഞ്ഞു. മടങ്ങാൻ സമയമാകുന്നു. വിനിലിനോട് നന്ദി പറഞ്ഞ് ഞങ്ങൾ താഴേക്കിറങ്ങി. പൈൻവാലിക്ക് സമീപം കാന്റീനിൽ നിന്ന് ഊണ് കിട്ടുമെന്ന് കേട്ടു. സംഭവം ശരിയാണ്. മീൻ കറിയും മീൻ വറുത്തതും തോരനും മോരും പപ്പടവുമെല്ലാം ചേർത്ത് മിതമായ നിരക്കിൽ മികച്ച ഭക്ഷണം ലഭ്യമാണ്. ഏലപ്പാറക്കാരി ഒരു ചേച്ചിയും മകളും ചേർന്ന് നടത്തുന്ന കാന്റീനാണത്. വളയിട്ട കൈകൾ കൊണ്ടുള്ള ഭക്ഷണം ഹാട്രിക്കിലേക്ക് കടന്നിരിക്കുന്നു. വർഷത്തിൽ ഒരു ദിവസം പോലും ഒഴിവെടുക്കാതെ ഏലപ്പാറയിൽ നിന്ന് ബസ്സ് കയറി വാഗമണിലെത്തി ഈ കാന്റീൻ നടത്തുന്ന ചേച്ചിയെ GIE യിൽ കൂടുതൽ വിശദമായിത്തന്നെ പരിചയപ്പെടുത്താനുണ്ട്.
ഞങ്ങൾ വാഗമൺ കുന്നിറങ്ങാൻ തുടങ്ങി. ഒരോരോ പ്രശ്നങ്ങൾ കാരണം ഇത്ര ദിവസമായിട്ടും കാറിന്റെ പിന്നിലിരിക്കുന്ന, ബൈക്ക് സ്റ്റോർ സ്പോൺസർ ചെയ്ത, ഫോൾഡിങ്ങ് സൈക്കിൾ ചവിട്ടാൻ പറ്റിയിട്ടില്ല. ഇന്നെന്തായാലും ഒരു കായിക ദിനമാക്കിക്കളയാമെന്ന് തീരുമാനിച്ച് ഞാൻ സൈക്കിൾ വെളിയിലെടുത്തു. അൽപ്പദൂരം അത് ചവിട്ടി വന്നപ്പോഴേക്കും ശരിക്കും വിയർത്തു.
ഇരുട്ട് വീഴുന്നതിന് മുൻപ് എറണാകുളം പിടിക്കുക എന്നത് മാത്രമേ ഇന്നിനി ചെയ്യാനുള്ളൂ. വാഗമൺ – തൊടുപുഴ – മൂവാറ്റുപുഴ – കോലഞ്ചേരി – പുത്തൻകുരിശ് – ഇൻഫോ പാർക്ക് – തൃക്കാക്കര വഴി വീട്ടിലെത്തിയപ്പോൾ വൈകീട്ട് ആറ് മണി. ഏഴ് ദിവസം കൊണ്ട് 1070 കിലോമീറ്റർ ഡ്രൈവ് ചെയ്ത് GIE പരീക്ഷണയാത്രയുടെ ഒന്നാം ഘട്ടം ഇവിടെ അവസാനിക്കുന്നു.
—————————————————————————————————
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ യാത്രയുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതിന്റെ ശബ്ദരേഖ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.