Yearly Archives: 2019

കമ്പിവല സ്ഥാപിക്കൽ അഥവാ എലിയെപ്പേടിച്ച് ഇല്ലം ചുടൽ


11

ണ്ടൈനർ ടെർമിനൽ റോഡിലൂടെ ആഴ്ച്ചയിൽ നാല് പ്രാവശ്യമെങ്കിലും യാത്ര ചെയ്യുന്ന വ്യക്തിയാണ് ഞാൻ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ FACT പരിസരത്തുകൂടെ പോയപ്പോൾ, ഈ ചിത്രത്തിൽ കാണുന്നത് പോലെ, റോഡിന്റെ വശങ്ങളിൽ 8 അടിയോളം ഉയരത്തിൽ പോസ്റ്റുകൾ സിമന്റിട്ട് ഉറപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽ‌പ്പെട്ടു. എന്തിനാണതെന്ന് ആലോചിച്ചപ്പോൾ വേലികെട്ടാൻ വേണ്ടിയാകും എന്ന് തന്നെയാണ് നിഗമനത്തിലെത്തിയത്. പക്ഷെ വേലിയെന്തിന് എന്ന ചോദ്യത്തിന് ഉത്തരമായത് ഈ പത്രവാർത്തയിലൂടെയാണ്.

രണ്ട് കാരണങ്ങളാലാണ് വേലി കെട്ടുന്നത്.
കാരണം 1:- അനധികൃത പാർക്കിങ്ങ് ഒഴിവാക്കാൻ.
കാരണം 2:- റോഡരുകിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ.

ഈ രണ്ട് കാരണങ്ങളേയും ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ പറ്റുന്നത് എലിയെപ്പേലിച്ച് ഇല്ലം ചുടൽ എന്ന് മാത്രമാണ്. അനധികൃത പാർക്കിങ്ങ് നടക്കുന്നുണ്ടെങ്കിൽ കനത്ത പിഴയടിക്കണം, അല്ലെങ്കിൽ ആ വാഹനങ്ങൾ ടോ ചെയ്ത് കൊണ്ടുപോകാ‍ാനുള്ള സംവിധാനമുണ്ടാക്കണം. അപ്പോൾ തീർന്നോളും ആ പ്രശ്നം. മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ വേലി കെട്ടിയടക്കാനാണ് ഉദ്ദേശമെങ്കിൽ, ആളൊഴിഞ്ഞ് കിടക്കുന്ന കേരളത്തിലെ മുഴുവൻ റോഡുകളും വേലികെട്ടിയടക്കേണ്ടി വരും. കൃത്യമായ മാലിന്യനിർമ്മാർജ്ജ മാർഗ്ഗങ്ങളോ മാലിന്യസംസ്ക്കാരം ജനങ്ങളെ പഠിപ്പിക്കാനുള്ള നീക്കങ്ങളോ ഇല്ലാത്ത ഒരു രാജ്യത്ത് വേലികെട്ടി മാലിന്യം തള്ളുന്നത് തടയാമെന്ന് കരുതുന്നത് മൌഢ്യമാണ്. 8 അടി ഉയരമുള്ള വേലിക്ക് മുകളിലൂടെ മാലിന്യ നിറച്ച പ്ലാസ്റ്റിക്ക് ബാഗുകൾ പറക്കുന്ന കാഴ്ച്ചയാകും ഇനിയങ്ങോട്ട് കാണാൻ പോകുന്നത്. അപ്പോൾ നിങ്ങളത് 12 അടിയോ 20 അടിയോ ഉയരമുള്ള വേലിയാക്കി മാറ്റിയാൽ, അത്രയും ഉയരത്തിൽ മാലിന്യം പറക്കും. അങ്ങനെ ഉയരം കൂട്ടിക്കൂട്ടി അവസാനം ഡിസ്ക്കസ് ത്രോ, ഹാമർ ത്രോ എന്നീ കായിക ഇനങ്ങളിൽ ഇന്ത്യയ്ക്ക് ഒളിമ്പിക്സ് മെഡൽ നേടിയെടുക്കാനുള്ള നീക്കമാണെങ്കിൽ ഈ വേലികൾ ഒന്നാന്തരം ആശയമാണെന്ന് കൈയ്യടിക്കാതെ നിവൃത്തിയില്ല. ഈ ആശയം ഉദിച്ച തല കാറ്റോ വെളിച്ചമോ കൊള്ളാതെ സംരക്ഷിക്കണം, പറ്റുമെങ്കിൽ ഭാരതരത്നയ്ക്ക് ശുപാർശ ചെയ്യണം.

കാറ്റും വെളിച്ചവും കാഴ്ച്ചകളും കണ്ടും ആസ്വദിച്ചും മുന്നോട്ട് നീങ്ങാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തെ വേലികെട്ടി അടക്കുകയല്ല വേണ്ടത്. ആവശ്യത്തിനും അതിലധികവും വേലിക്കെട്ടുകളുള്ള ഒരു സമൂഹത്തിൽ ഇനി ഈ ഒരു വേലിക്കെട്ടിന്റെ കുറവ് മാത്രമാണുണ്ടായിരുന്നത്.

ഈ വേലി കെട്ടാൻ ചിലവാകാനുള്ള പണം തന്നെ മതിയാകും വേലിക്ക് കാരണമായ പ്രശ്നങ്ങൾ നിയന്ത്രിക്കാനും നിർമ്മാർജ്ജനം ചെയ്യാനും. അതേപ്പറ്റി എന്തുകൊണ്ട് ആലോചിക്കുന്നില്ല ?

ഇന്നത്തെ പത്രത്തിൽ മറ്റൊരു വാർത്ത കൂടെ കണ്ടു. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള പ്ലാന്റ് ബ്രഹ്മപുരത്ത് വരാൻ പോകുന്നെന്ന് കുറേ നാളായല്ലോ കേൾക്കുന്നു. മാലിന്യം സംസ്ക്കരിക്കുക പോലും ചെയ്യാതെ വൈദ്യുതിക്കമ്പനിക്ക് വേണ്ടി കാത്തുവെച്ച് കൊച്ചിൻ കോർപ്പറേഷൻ അടയിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇപ്പോൾ ദാ വാർത്തയിൽ പറയുന്ന കമ്പനിക്ക് ആവശ്യമായ സ്ഥലം സാങ്കേതിക കാരണങ്ങളാൽ വിട്ടുകൊടുക്കാൻ കോർപ്പറേഷൻ തയ്യാറാകുന്നില്ല എന്ന്. 20 വർഷത്തേക്ക് സ്ഥലം വിട്ടുകൊടുക്കാനാവില്ല എന്നാണ് കോർപ്പറേഷൻ പറയുന്നത്. ഈ മാലിന്യ-വൈദ്യുതി പ്ലാന്റുകളുടെ പേരും പറഞ്ഞ് സർക്കാരിന്റെ മാലിന്യസംസ്ക്കരണ വികസന നീക്കം എന്ന പേരിൽ ഒരു കൊല്ലം മുൻപ് റേഡിയോയിൽ അടക്കം പരസ്യങ്ങൾ സ്ഥിരമായി കൊടുത്തിരുന്നത് ആരുടെ കണ്ണിൽ‌പ്പൊടിയിടാനാണ് ? ഏത് വോട്ടുകൾ പെട്ടിയിലാക്കാനാണ് ?

20190430_082026

ഇന്നാട്ടിൽ കാഴ്ച്ച എന്നത് വളരെ മോശപ്പെട്ട ഒരു കാര്യമായിക്കഴിഞ്ഞിരിക്കുന്നു. അനധികൃത പരസ്യ ബോർഡുകൾക്കപ്പുറത്തേക്കും പാർട്ടിക്കാരുടെ പരസ്യങ്ങൾക്കപ്പുറത്തേക്കും കണ്ണുകൾക്ക് നീളാനാകുന്നില്ല. അൽ‌പ്പമെങ്കിലും അയവ് വന്നത് കോടതിയുടെ ശക്തമായ ഇടപെടൽ മൂലമാണ്. എന്നിട്ടും അനധികൃത പരസ്യങ്ങൾ പൂർണ്ണമായി നിയന്ത്രണത്തിലായിട്ടില്ല . ഫ്ലക്സിന് പകരം തുണിയിൽ പരസ്യമടിച്ചാൽ പൊതുസ്ഥലത്ത് സ്ഥാപിക്കാം എന്ന നിലയ്ക്കാണ് ജനങ്ങളിപ്പോളും ആ നിയമം മനസ്സിലാക്കിയിരിക്കുന്നത്. സംശയമുണ്ടെങ്കിൽ ഇനി വരുന്ന പത്താം ക്ലാസ്സ് പരീക്ഷാഫലവും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലവും വരുമ്പോൾ നോക്കിക്കോളൂ.

കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. പറഞ്ഞത് തന്നെയാണ് പിന്നെയും പിന്നെയും ഈ വിഷയത്തിൽ പറഞ്ഞുകൊണ്ടേയിരിക്കുന്നത്. വികസനം വികസനം എന്ന് പറയുമ്പോൾ, ഒന്നാം സ്ഥാനത്ത് വികസിപ്പിച്ചെടുക്കേണ്ടത് മാലിന്യസംസ്ക്കര മാർഗ്ഗങ്ങളും മാലിന്യസംസ്ക്കാരവുമാണ്. പാലവും മേൽ‌പ്പാലവും റോഡും വികസിപ്പിക്കുന്നത് എങ്ങനെയാണെന്നും അടുത്ത് മഴയ്ക്ക് ആ വികസനങ്ങൾ ഓടയിലേക്ക് ഒലിച്ച് പോകുന്നതും കണ്ട് കണ്ട് മടുത്ത ജനങ്ങളെ ഇനിയെങ്കിലും വിഡ്ഢികളാക്കാതിരിക്കുക.