നമ്മുടെ നാട്ടിൽ സാധാരണയായി കൊച്ചുകൊച്ചുകുറ്റങ്ങൾക്ക് മാതാപിതാക്കൾ കുട്ടികളെ വടിയെടുത്ത് തല്ലുന്നത് ഒരു കുറ്റമായിട്ടൊന്നും ഇപ്പോഴും വിവക്ഷിക്കപ്പെട്ടിട്ടില്ല. ‘ഒന്നേയുള്ളെങ്കിൽ ഒലക്ക കൊണ്ടടിച്ച് വളർത്തണം‘ എന്ന് ചൊല്ലുവരെയുണ്ട് മലയാളിക്ക്. ഒലക്ക കൊണ്ട് കിട്ടിയിട്ടില്ലെങ്കിലും വടി കൊണ്ടുള്ള അടി ചെറുപ്പത്തിൽ നന്നായിട്ട് കിട്ടിയുള്ളവനാണ് ഞാനും.
മലയാളികൾ പ്രവാസിയായി അമേരിക്കയിലും മറ്റും എത്തിയതിന് ശേഷമായിരിക്കണമെന്ന് തോന്നുന്നു, കുട്ടികളെ മാതാപിതാക്കൾ തല്ലുകയും അത് കുട്ടികൾ പൊലീസിൽ ഒന്ന് ഫോൺ ചെയ്ത് പരാതിയായി പറഞ്ഞാൽ, തല്ലിയ അച്ഛനോ അമ്മയോ അകത്താകുന്ന സ്ഥിതിവിശേഷം അന്നാട്ടിലുണ്ടെന്ന് ഇന്നാട്ടിലെ ജനങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയത്. എല്ലാക്കാര്യങ്ങളും എല്ലാവർക്കും വിദ്യാഭ്യാസത്തിലൂടെയോ അനുഭവങ്ങളിലൂടെയോ മനസ്സിലാക്കാൻ പറ്റണമെന്നില്ലല്ലോ ? എല്ലാവരും നല്ല വായനക്കാരാകണമെന്നില്ല; എല്ലാവർക്കും അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പോയി ഇത്തരം കാര്യങ്ങൾ നേരിൽക്കണ്ട് മനസ്സിലാക്കാനും അത് സ്വജീവിതത്തിലേക്ക് പകർത്താനുമുള്ള സാഹചര്യവും സൌകര്യവും ഉണ്ടാകണമെന്നുമില്ല.
തല്ലുന്നതും ഉപദ്രവിക്കുന്നതുമൊക്കെ അവിടെ നിൽക്കട്ടെ. വിദേശരാജ്യങ്ങളിൽ അവർ കുട്ടികളെ എത്രത്തോളം സംരക്ഷിച്ചാണ് വളർത്തുന്നതെന്നും എത്രത്തോളം സുരക്ഷയും കരുതലും കുട്ടികൾക്ക് നൽകുന്നുണ്ടെന്നും മനസ്സിലാക്കാൻ എനിക്കവസരമുണ്ടായത് കുറച്ചുകാലം അത്തരത്തിൽ ഒരു വികസിത രാജ്യത്ത് കുടുംബസമേതം ജീവിക്കേണ്ട സാഹചര്യമുണ്ടായപ്പോൾ മാത്രമാണ്.
സംഭവം നടക്കുന്നത് യു,കെ.യിലാണ്. ഞങ്ങളവിടെ ജീവിതം തുടങ്ങിയിട്ട് നാലോ അഞ്ചോ മാസം ആകുന്നതേയുള്ളൂ. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൾ നേഹയെ സ്ക്കൂളിൽ കൊണ്ടുവിടാനായി പുറപ്പെട്ട ഞാൻ, നല്ല സുരക്ഷിതത്വവും ചുറ്റുമതിലും സെക്യൂരിറ്റി ക്യാമറകളും ഒക്കെയുള്ള ഞങ്ങളുടെ കെട്ടിടത്തിന് താഴെ പാർക്ക് ചെയ്തിരിക്കുന്ന കാറിനടുത്ത് എത്തിയപ്പോഴാണ് എന്തോ എടുക്കാൻ മറന്നെന്ന് മനസ്സിലാക്കിയത്. ആറ് വയസ്സുകാരി നേഹയെ കാറിൽ ഇരുത്തി ഞാൻ പെട്ടെന്ന് തന്നെ പടികൾ കയറി ഒന്നാം നിലയിലുള്ള അപ്പാർട്ട്‌മെന്റിൽ ചെന്ന് മറന്നുവെച്ച സാധനം എടുത്ത് താഴെ വന്ന് കാറെടുത്ത് അവളെ സ്ക്കൂളിൽ കൊണ്ടുചെന്നാക്കി.
തിരിച്ച് വീട്ടിലേക്ക് വന്ന് കയറിയപ്പോഴാണ് കളി കാര്യമായത്. എതിർവശത്തെ ഫ്ലാറ്റിൽ താമസിക്കുന്ന സായിപ്പ്, ഞാൻ നേഹയുമായി താഴെ വരുന്നതും അവളെ കാറിൽ തനിച്ചിരുത്തി മുകളിലേക്ക് പോകുന്നതുമെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. ഞാൻ തിരിച്ചുവന്ന് ഫ്ലാറ്റിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അദ്ദേഹം എതിർവശത്തുള്ള തന്റെ ഫ്ലാറ്റ് തുറന്ന് വെളിയിൽ വന്നു. കക്ഷി എന്നെ കാത്തിരിക്കുകയാണെന്ന് സ്പഷ്ടം. സായിപ്പിനെ ഞാൻ മുന്നേ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും എന്റെ പേര് അദ്ദേഹം ഓർക്കുന്നുണ്ടായിരുന്നി ല്ല. ഒരിക്കൽക്കൂടെ എന്റെ പേര് ചോദിച്ച് മനസ്സിലാക്കിയശേഷം അദ്ദേഹം എന്നോട് ചില കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിത്തന്നു. അതിപ്രകാരമാണ്.
“ 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുന്നത് പൊതുസ്ഥലത്തായാലും വീട്ടിനകത്തായാലും ഒരുപോലെ ശിക്ഷാർഹമാണ്. ഏഷ്യൻ വംശജനും അടുത്ത കാലത്ത് ഈ രാജ്യത്ത് ജീവിക്കാൻ തുടങ്ങിയ ആളുമെന്ന നിലയ്ക്ക് നീയത് മനസ്സിലാക്കിക്കാണണമെന്നില്ല. അതിനാൽ ഞാനിപ്പോൾ കണ്ട കാര്യം തൽക്കാലം പരാതിയാക്കുന്നില്ല. പക്ഷേ, അടുത്ത പ്രാവശ്യം നീയിങ്ങനെ ചെയ്താൽ ഞാൻ പരാതി കൊടുത്തിരിക്കും. എന്നോടൊന്നും തോന്നരുത്. അതാണിവിടുത്തെ നിയമം. ഇവിടെ ജീവിക്കുമ്പോൾ അതനുസരിക്കാൻ നമ്മൾ ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്.”
ഇക്കാര്യം എനിക്കറിയില്ലായിരുന്നെന്ന് ഞാൻ സായിപ്പിനെ അറിയിച്ചു. ഇനിയുണ്ടാകില്ലെന്ന് ഉറപ്പ് നൽകുകയും ക്ഷമ ചോദിക്കുകയും ചെയ്തു.
പറഞ്ഞുവന്നത്… കുട്ടികളോട് സമൂഹം മൊത്തത്തിൽ കാണിക്കേണ്ട സുരക്ഷയുടെ ഒരു പാഠമാണ്. ഒരു ഉദാഹരണമാണ്. വികസിത രാജ്യങ്ങളിൽ അതെങ്ങനെ നടപ്പിലാക്കപ്പെടുന്നു എന്നാണ്.
കുട്ടികൾ, നമ്മുടേത്, അയാളുടേത്, ഇയാളുടേത്, അടുത്ത വീട്ടുകാരന്റേത്, മിത്രത്തിന്റേത്, അന്യഭാഷക്കാരന്റേത്, നാടോടിയുടെത് എന്നൊന്നുമില്ല. എല്ലാ കുട്ടികളും രാജ്യത്തിന് വേണ്ടപ്പെട്ടവരാണ്. അവരോട് ആര് ക്രൂരത കാണിച്ചാലും നോക്കിനിൽക്കേണ്ടതില്ല. ഇടപെട്ടിരിക്കണം. പക്ഷേ, ഇന്നാട്ടിലെ നിയമങ്ങൾ അതിന് എത്രത്തോളം നമ്മെ പിൻതാങ്ങുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. നമ്മുക്ക് പരിചയമില്ലാത്ത ഒരു കുട്ടിയെ രക്ഷപ്പെടുത്താൻ പോയി അവസാനം സ്വയം പെട്ടുപോകുന്നതിനോട് ആർക്കും യോജിപ്പുണ്ടാകില്ല.
ഈ ആശങ്ക മാറണമെങ്കിൽ കുട്ടികളോട് ക്രൂരത കാണിക്കുന്നത് അച്ഛനമ്മമാർ ആയാൽപ്പോലും അവർക്ക് സമാനതകളില്ലാത്ത ശിക്ഷ നൽകി മാതൃക കാണിക്കുന്ന നിയമസംവിധാനവും അതിവേഗ കോടതിയുമൊക്കെ ഇന്നാട്ടിലുണ്ടാകണം. ഇടപെടുന്നവർ പെട്ടുപോകില്ല എന്ന ഉറപ്പ് അവർക്കുണ്ടാകണം. കുട്ടികളെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്താലുള്ള ശിക്ഷകൾ എന്തൊക്കെയാണെന്ന് പൊതുജനത്തിന് നല്ല ബോദ്ധ്യമുണ്ടാകുന്ന വിധത്തിൽ പാഠപുസ്തകങ്ങൾ തന്നെ അഴിച്ച് പണിയണം.
ഒരു ഏഴുവയസ്സുകാരൻ രണ്ടാനച്ഛൻ എന്ന കാപാലികന്റെ മർദ്ദനത്തിൽ തലയോട്ടി പിളർന്ന് തലച്ചോറ് വെളിയിൽ വന്ന് മരിച്ചിട്ട് 24 മണിക്കൂർ പോലും ആകുന്നതിന് മുൻപ് പത്തുവയസ്സുകാരിയായ ഒരു നാടോടി ബാലികയെ മുൻപഞ്ചായത്ത് പ്രസിഡന്റ് മർദ്ദിച്ചതിന്റെ വാർത്തകൾ കേൾക്കേണ്ടി വന്നതുകൊണ്ടാണ് ഇത്രയുമൊക്കെ പറഞ്ഞത്. തലയടിച്ച് പൊളിച്ച് കൊന്ന കൊടും ക്രിമിനലും പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഒരാളും തമ്മിൽ ഇക്കാര്യത്തിൽ ഒരു വ്യത്യാസവുമില്ലെങ്കിൽ നമ്മുടെ നിയമസംവിധാനങ്ങൾ കുട്ടികളെ പരിരക്ഷിക്കാൻ പോന്നതല്ല എന്ന് അടിവരയിട്ട് പറയേണ്ടി വരും. സമൂഹത്തിലെ ഏത് തുറയിലും ഏത് നിലവാരത്തിലും ഏത് സംസ്ക്കാരത്തിലുമുള്ളവർ ഇതൊന്നും കുറ്റകരമായ കാര്യമായി കാണുന്നില്ലെങ്കിൽ ഈ രാജ്യത്തിനും ഇവിടത്തെ നിയമസംഹിതകൾക്കും കാര്യമായ എന്തോ കുഴപ്പമുണ്ട്. ഇക്കൂട്ടർക്കൊന്നും കോടതിയും കേസും ജയിലും ശിക്ഷയുമടക്കം ഒന്നിനേയും പേടിയില്ല എന്നാണ് ഇതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടത്.
ശക്തമായ നടപടികൾ ഉണ്ടാകണം ഇത്തരം ക്രൂരന്മാർക്കെതിരെ. മറ്റുള്ളവർക്ക് പാഠമാകണം ഇക്കൂട്ടർക്ക് കിട്ടുന്ന ശിക്ഷ. പിന്നീട് ഒരുത്തന്റേയും കൈ പൊങ്ങരുത് ഒരു കുട്ടിക്ക് നേരെയും.
നാടോടി ബാലികയെ ഉപദ്രവിച്ചത് സി.പി.എം.കാരനായ ഒരു മുൻ പഞ്ചായത്ത് പ്രസിഡന്റാണ് പോലും ! ഇതിൽ പാർട്ടിവ്യത്യാസമൊന്നുമില്ല. എല്ലാ പാർട്ടിയിലുമുണ്ട് കള്ളനാണയങ്ങൾ. സി.പി.എം ആയതുകൊണ്ടോ ഇടതുപക്ഷം ആയതുകൊണ്ടോ കോൺഗ്രസ്സ് ആയതുകൊണ്ടോ ബി.ജെ.പി. ആയതുകൊണ്ടോ ഒരു വ്യക്തിയുടെ ഉള്ളിലുള്ള കുറ്റവാസനയൊന്നും ഇല്ലാതാകുന്നില്ല. അയാളുടെ സംസ്ക്കാരം അയാളുടെ പ്രവർത്തികളിലുണ്ടാകും. പാർട്ടിക്കാർക്ക് ചെയ്യാൻ പറ്റുന്നത് അവരുടെ നേതാക്കന്മാരെയെങ്കിലും നല്ലനടപ്പ് ശീലിപ്പിക്കുക എന്നതാണ്. അത് കണ്ടിട്ടെങ്കിലും അണികളിൽ മാറ്റമുണ്ടായാലോ ? പിന്നെ മേൽപ്പറഞ്ഞത് പോലെ കടുത്ത നിയമവും ശിക്ഷയും നടപ്പിലാക്കാൻ ഏതെങ്കിലും പുതിയ ബില്ല് പാസ്സാക്കണമെങ്കിൽ അതിനുള്ള നടപടിയും സ്വീകരിക്കുക. സ്വന്തം പാർട്ടിക്കാരനായതുകൊണ്ട് ഇതുപോലുള്ള നരാധമന്മാരെ ജാമ്യത്തിലിറക്കാനോ കൊടികെട്ടിയ വക്കീലിനെ വെച്ച് വാദിപ്പിച്ച് കേസ് നിർജ്ജീവമാക്കാനോ ശ്രമിക്കാതിരിക്കുക കൂടെ ചെയ്താൽ ഈ കുട്ടികളോടൊക്കെ കാണിക്കുന്ന നീതിയുടെ കണക്കിൽ കുറച്ചെങ്കിലുമാകും.
പൊതുസമൂഹം, മാതാപിതാക്കൾ, സാമൂഹ്യപ്രവർത്തകർ, പൊതുപ്രവർത്തകർ, പാർട്ടിക്കാർ, നിയമപാലകർ, കോടതികൾ, നിയമജ്ഞർ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തുറയിലുമുള്ളവർ ചേർന്ന് നിന്ന് പ്രതിഷേധിക്കേണ്ട ഒരു വിഷയമാണിത്. അല്ലെങ്കിൽ ഇനിയും ധാരാളമുണ്ടാകും രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടേയോ സ്വന്തം അച്ഛനമ്മമാരുടെ തന്നെയോ മർദ്ദനമേറ്റ് തലപിളർന്ന് കൊല്ലപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങൾ. ക്രൂരമർദ്ദനമേൽക്കേണ്ടി വരുന്ന നാടോടികൾ 115 കോടി കീടങ്ങളാകുന്ന ജനങ്ങളിൽ ഒന്നോ രണ്ടോ മാത്രമല്ലേ എന്നാണ് ഇക്കൂട്ടരിൽ ചിലരെങ്കിലും ചിന്തിക്കുന്നതെങ്കിൽ ഹാ കഷ്ടം എന്ന് മാത്രമേ പറയാനുള്ളൂ.
വാൽക്കഷണം 1:- അനിൽ രാധാകൃഷ്ണൻ മേനോന്റെ സപ്തമശ്രീ തസ്ക്കരഃ എന്ന സിനിമയിൽ, ചെറിയ കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ എത്തുന്ന ഒരു കുറ്റവാളിയെ മറ്റ് തടവുകാർ ചേർന്ന് കൈകാര്യം ചെയ്യുന്ന ഒരു രംഗമുണ്ട്. സിനിമാക്കഥകൾ ചില കാര്യങ്ങളിലെങ്കിലും സത്യമായി ഭവിക്കട്ടെ എന്നാഗ്രഹിച്ചു പോകുന്നത് ഒരു തെറ്റാണോ ?
വാൽക്കഷണം 2:- പൊതുദർശനത്തിന് വെച്ചിരിക്കുന്ന ഏഴുവയസ്സുകാരന്റെ നിർജ്ജീവ ശരീരം മൊബൈൽ ക്യാമറയിൽ പകർത്തുന്ന വൈകൃതങ്ങളേയും ധാരാളമായി കാണാനിടയായി. ഇത്തരം ജന്മങ്ങൾക്കുള്ള ശിക്ഷ പൊതുനിരത്തിൽ വെച്ചുതന്നെ നൽകാനുള്ള നിയമനിർമ്മാണവും ഉടനുണ്ടായേ പറ്റൂ.
ചിത്രത്തിന് കടപ്പാട്:- പേരറിയാത്ത ചിത്രകാരനോട്