Yearly Archives: 2019

ഹർത്താലുകൾ ഇല്ലാത്ത 31 ദിനങ്ങൾ


06 - Copy

കേരളത്തിൽ അവസാനം ഒരു പ്രാദേശിക ഹർത്താലെങ്കിലും നടന്നത് എന്നാണെന്ന് ആർക്കെങ്കിലും ഓർമ്മയുണ്ടോ ? ഉണ്ടാകാൻ വഴിയില്ല. എങ്കിൽ കേട്ടോളൂ.

2019 മാർച്ച് 3ന് ചിതറ പഞ്ചായത്തിലായിരുന്നു സി.പി.എം.പ്രവർത്തകനെ കുത്തിക്കൊന്നതിന്റെ പേരിലുള്ള ആ പ്രാദേശിക ഹർത്താൽ.

പറഞ്ഞുവന്നത്…. 31 ദിവസം അഥവാ ഒരു മാസമായി കേരളത്തിൽ ഒരു പ്രാദേശിക ഹർത്താലെങ്കിലും നടന്നിട്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലെ ഒരു റെക്കോർഡാണത്. ഹർത്താൽ ഇല്ലാത്ത ഇത്രയും നീണ്ട കാലയളവ് 2016ന് ശേഷം കേരളത്തിൽ ഉണ്ടായിട്ടില്ല.

ഈ മാസം 23 വരെ എന്തായാലും ഹർത്താലുകൾ ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? അങ്ങനെ നോക്കിയാൽ ഹർത്താലുകൾ ഇല്ലാത്ത രണ്ട് മാസങ്ങൾ എന്ന മറ്റൊരു റെക്കോഡിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് സമയത്ത് ഹർത്താൽ ഒഴിവാക്കാൻ പാർട്ടിക്കാർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നേതാക്കന്മാരുടെ ജീവിതമാർഗ്ഗത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് തിരഞ്ഞെടുപ്പ്. ആ കഞ്ഞിയിൽ അവരായിട്ട് മണ്ണ് വാരിയിടില്ല, പാറ്റയെ പിടിച്ചിടുകയുമില്ല. അതിന്റെ തെളിവ് ഒരെണ്ണമെങ്കിലും നമ്മുടെ പക്കലുണ്ട്. 2017 ഏപ്രിൽ 5ന് ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബാംഗങ്ങളേയും പോലിസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ഏപ്രിൽ 6ന് യു.ഡി.എഫ് കേരള ഹർത്താലും ബി.ജെ.പി. കോഴിക്കോട് തിരുവനന്തപുരം ജില്ലാ ഹർത്താലുകളും ആർ.എം.പി. കോഴിക്കോട് ഹർത്താലും ആഘോഷിച്ചപ്പോൾ, ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന മലപ്പുറത്ത് തിരഞ്ഞെടുപ്പാണെന്ന കാരണം പറഞ്ഞുകൊണ്ടുതന്നെ മലപ്പുറത്തിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതാണ് ആ ഉദാഹരണം.

ഇതിനൊക്കെ നന്ദി പറയേണ്ടത് ഹൈക്കോടതിയോട് തന്നെയാണ്. 7 ദിവസം മുന്നേ നോട്ടീസ് കൊടുക്കാതെ ഹർത്താൽ പ്രഖ്യാപിക്കാൻ പാടില്ലെന്ന് കർശന താക്കീത് നൽകുകയും അങ്ങനെയുള്ള കാര്യങ്ങളൊന്നും ‘അറിയാതെ‘ കേരള ഹർത്താലിന് ആഹ്വാനം ചെയ്ത വക്കീല് കൂടെയായ കോൺഗ്രസ്സ് നേതാവ് ഡീൻ കുര്യാക്കോസിന് മുട്ടൻ പണി കൊടുക്കുകയും (പണി തീർന്നിട്ടില്ല) ചെയ്തതോടുകൂടെ കേരളത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരമുണ്ടായതാണോ അതോ പ്രതികരിക്കാനുള്ള മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്താനായി പാർട്ടി നേതാക്കന്മാർ കൂലംകഷമായ ആലോചനകളും ചർച്ചകളും നടത്തിക്കൊണ്ടിരിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ഹർത്താലുകൾ സ്വിച്ചിട്ടത് പോലെ നിന്നിരിക്കുകയാണ്.

മറ്റൊരു ചെറിയ കണക്ക് കൂടെ അവതരിപ്പിച്ചുകൊണ്ട് ഈ ഹർത്താൽ വിരുദ്ധ പോസ്റ്റിന് വിരാമമിടാം.

2017ൽ മാർച്ച് വരെ 26 ഹർത്താലുകൾ.
2018ൽ മാർച്ച് വരെ 31 ഹർത്താലുകൾ.
2019ൽ മാർച്ച് വരെ 05 ഹർത്താലുകൾ.

രണ്ടക്കം പോലും കടക്കാനാകാതെ നിലം പൊത്തിയിരിക്കുന്നു 2019 മാർച്ച് വരെയുള്ള ഹർത്താലുകൾ.

വാൽക്കഷണം:- നിയമനിർമ്മാണത്തിന് നാം പറഞ്ഞുവിടുന്നവരടക്കം എല്ലാവർക്കും നിയമത്തെ നല്ല ഭയമുണ്ടെന്ന് വന്നാൽ തീരാവുന്നതേയുള്ളൂ ഇന്നാട്ടിലെ പകുതി പ്രശ്നങ്ങൾ.

#Say_No_To_Harthal