രണ്ട് കഥാപാത്രങ്ങൾ തമ്മിൽ ഒരു മുറിക്കുള്ളിലുള്ള സംഭാഷണങ്ങളാണ് ബദ്‌ല (Badla) എന്ന ഹിന്ദി ചിത്രത്തിന്റെ മൂന്നിലൊന്നോളം ഷോട്ടുകൾ. പക്ഷേ അതൊന്നും ഒട്ടും ബോറടിപ്പിക്കില്ലെന്ന് മാത്രമല്ല, ബച്ചനെപ്പോലുള്ള ഒരു മികച്ച നടന്റെ പ്രകടനം അത്രയും നേരം കണ്ടിരിക്കുന്നതിന്റെ സന്തോഷവുമുണ്ട്. ഈ രംഗങ്ങളിൽ ബച്ചനൊപ്പം തന്നെ നിൽക്കുന്നു തപ്സീ അവതരിപ്പിക്കുന്ന നായിക. അതിനിടയ്ക്ക് വന്ന് പോകുന്ന, മറ്റ് രംഗങ്ങൾ ചിത്രത്തെ കൊഴുപ്പിക്കുന്നു.
ഇംഗ്ലണ്ടിൽ നടക്കുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന മനോഹരമായ കഥയും സ്ക്രിപ്റ്റുമാണിത്. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള മറ്റനേകം കുറ്റാന്വേഷണ ചിത്രങ്ങളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ അവതരണമാണ് ബദ്‌ലയിൽ. സത്യത്തിൽ ഇതിൽ കുറ്റാന്വേഷണം ഇല്ല, ഹിന്ദി സിനിമയുടെ അവശ്യ ചേരുവയായ പാട്ടുകളും ഇല്ല. കുറ്റവാളിയാക്കപ്പെടുന്ന വ്യക്തിയും അയാളുടെ കേസ് എടുക്കാൻ വരുന്ന വക്കീലും തമ്മിൽ കേസിന്റെ വിശദാംശങ്ങൾ സംസാരിക്കുന്നതിലൂടെ സിനിമ മുന്നോട്ട് നീങ്ങുകയാണ്. അത് ഒരുപാട് ട്വിസ്റ്റുകൾ നിരക്കുന്ന സംഭവപരമ്പരകളിലൂടെ, ആവശ്യത്തിന് കുറ്റാന്വേഷണവും ആലോചനകളും നടത്താനുള്ള സൌകര്യം പ്രേക്ഷകനും തന്നുകൊണ്ട്, ചിത്രത്തിന്റെ ക്ലൈമാക്സിൽ കൊണ്ടെത്തിക്കുന്നു. അവസാനത്തെ രംഗം തന്നെയാണ് ക്ലൈമാക്സ്. അതിന്റെ ഷോക്ക് മാറുന്നതിന് മുന്നേ ക്രെഡിറ്റ് കാർഡ് നിരക്കാൻ തുടങ്ങും.
വർഷങ്ങൾക്ക് ശേഷം അമൃതാസിംങ്ങിനെ വീണ്ടും ഈ ചിത്രത്തിൽ കാണാം. പുഷ്ക്കല കാലത്ത് പോലും അമൃത ഇങ്ങനെയൊരു അർത്ഥവത്തായ വേഷം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഞാൻ അടിമുടി ആസ്വദിച്ചു. അല്ലെങ്കിലും, ഒരു രംഗത്തിന്റെ പല രീതിയിലുള്ള, പല കഥാപാത്രങ്ങളുടെ വീക്ഷണ കോണിൽ നിന്നുള്ള ചിത്രീകരണം എനിക്കെന്നും വലിയ ആസ്വാദനത്തിനുള്ള വകയുണ്ടാക്കാറുണ്ട്. കാണാതിരിക്കരുത്. ഒരു കഥയും കോപ്പുമില്ലാത്ത എത്രയോ തട്ട് പൊളിപ്പൻ ഹിന്ദി സിനിമകൾ നമ്മൾ കണ്ടിരിക്കുന്നു. അങ്ങനെ നോക്കിയാൽ ബദ്‌ല വേറെ ലവലാണ്. മാർക്കിടാൻ ധാരാളിയല്ലാത്ത ഞാൻ 10 ൽ 7.5 മാർക്ക് കൊടുക്കുന്നു. ഇതിൽക്കൂടുതൽ ഒന്നും പറയാനാവില്ല. പറഞ്ഞാൽ രസച്ചരട് പൊട്ടും. നിങ്ങളെന്നോട് ബദ്‌ല നടപ്പിലാക്കിയെന്നും വരും.
വാൽക്കഷണം:- ലൂസിഫറിന് ടിക്കറ്റ് കിട്ടാത്തവർ ഇങ്ങനെ മറ്റ് പല സിനിമാക്കഥകളും പറഞ്ഞുകൊണ്ടേയിരിക്കും. അതൊരു കുറ്റമൊന്നുമല്ലല്ലോ ?