സൌത്ത് കളമശ്ശേരിയിൽ കൊച്ചി മെട്രോ പില്ലർ 297 ന്റെ സമീപത്തുനിന്നുള്ള ഒരു ദൃശ്യമാണ് മുകളിലുള്ളത്.
നടപ്പാതയിൽ മഞ്ഞ നിറത്തിൽ കാണുന്നത് അന്ധർക്ക് നടക്കാനുള്ള സംവിധാനമാണ്. അതിലൂടെ നടന്നാൽ മെട്രോ സ്റ്റേഷന് അകത്തേക്ക് കടന്ന് പ്ലാറ്റ്ഫോമിൽ വരെ പോകാൻ അന്ധർക്ക് പരസഹായം ആവശ്യമില്ല.
ഇവിടെ പക്ഷെ സഖാവ് കൊടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് 30 അടി ഉയരത്തിലും 7 അടി വീതിയിലും അന്ധരുടെ മാത്രമല്ല, സകലമാന ജനങ്ങളുടേയും വഴിമുടക്കിയാണ് ആ നടപ്പാതയിൽ നിൽക്കുന്നത്. ഇങ്ങനെ കാൽനടക്കാരുടെ എല്ലാവരുടേയും വഴി മുടക്കി നിന്നാൽ കേരളം സംരക്ഷിക്കപ്പെടുന്ന് കരുതുന്ന നേതാക്കന്മാർ ഇവിടെയുണ്ടെങ്കിൽ ജനങ്ങളുടെ കാര്യം കട്ടപ്പൊഹ തന്നെ. ഇങ്ങനെ തന്നെയാണ് നേതാക്കന്മാർ നിൽക്കാൻ ഉദ്ദേശമെങ്കിൽ ഒരു നവോത്ഥാനവും ഈ വഴിക്ക് വരാൻ പോകുന്നുമില്ല.
ഇവിടെ രണ്ട് നിയമലംഘനങ്ങളും ഒരു കോടതിയലക്ഷ്യവും ഉറപ്പായും നടന്നിരിക്കുന്നതായി മനസ്സിലാക്കാം.
നിയമലംഘനം 1:- അന്ധരുടെയും കണ്ണുകാണുന്നവരുടേയും അടക്കം എല്ലാവരുടേയും നടപ്പാത കൈയ്യേറി പോസ്റ്റർ അഥവാ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നു.
നിയമലംഘനം 2 & കോടതിയലക്ഷ്യം 1:- ഫ്ലക്സ് നിരോധനവും ഫ്ലക്സ് പാതയോരങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള കോടതിവിധിയും നടപ്പിലാക്കാൻ ബാദ്ധ്യതയുള്ള സർക്കാരിന്റെ മുന്നണി തന്നെ അതിന് കടകവിരുദ്ധമായി പ്രവർത്തിക്കുന്നു.ചില കോടതിവിധികളെങ്കിലും നടപ്പിലാക്കാൻ കാണിക്കുന്ന ശുഷ്ക്ക്കാന്തി എന്തുകൊണ്ട് ഈ വിഷയത്തിൽ സർക്കാരിനില്ല എന്നതും ഒരു ചോദ്യമായി ബാക്കി നിൽക്കുന്നു. ഇതിൽ ഒരു കോടതിയലക്ഷ്യം കൂടെ നിലനിൽക്കുന്നു. പാതയോരത്തെ അനധികൃത ഫ്ലക്സുകളുടെ കാര്യത്തിൽ കോടതി നിരന്തരം വിമർശനങ്ങൾ ഉയർത്തിയിട്ടും ഇതാണ് അവസ്ഥ.
ഒന്നു കൂടെയുണ്ട്. ആ ഫ്ലക്സ് ബോർഡ്, നാലുവശവും മറച്ചുകെട്ടി ഒരു ഫ്രെയിമിനുള്ളിൽ ലൈറ്റിട്ട് കൊഴുപ്പിച്ച നിലയ്ക്കാണുള്ളത്. അതിനായുള്ള വൈദ്യുതി എടുത്തിരിക്കുന്നത് തൊട്ടടുത്തുള്ള കടയിൽ നിന്നാകാൻ സാദ്ധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ അത് KSEB നിയമങ്ങൾക്ക് വിരുദ്ധമാണ്. താൽക്കാലിക ബോർഡുകൾക്ക് വേണ്ടിയും വൈദ്യുതി നൽകുന്ന പതിവ് KSEB യ്ക്ക് ഉണ്ട്. ഓൺലൈൻ വഴി ഇതിനുള്ള അപേക്ഷ നൽകാൻ വകുപ്പുണ്ട്. അത്തരത്തിലാണ് വൈദ്യുതി എടുത്തിരിക്കുന്നതെങ്കിൽ, നടപ്പാത വഴിമുടക്കി സ്ഥാപിച്ചിരിക്കുന്ന ഒരു പരസ്യബോർഡിൽ, അതും പാതയോരത്ത് സ്ഥാപിക്കാൻ പാടില്ല എന്ന് കോടതി വിലക്കുള്ള ഫ്ലക്സ് ബോർഡുകളിൽ വൈദ്യുതി കണൿഷൻ നൽകുന്നത് വഴി KSEB ചെയ്തിരിക്കുന്നത് കടുത്ത നിയമലംഘനം തന്നെയാണ്. KSEB യുടെ നിലപാട് അറിയാൻ താൽപ്പര്യമുണ്ട്.
നിയമം അനുശാസിക്കുന്നത് പോലെ കാര്യങ്ങൾ കൊണ്ടുപോകാൻ ഏറ്റവും കുറഞ്ഞത് ഭരണകക്ഷിക്കാർ എങ്കിലും മുൻകൈ എടുക്കണം. ഞങ്ങൾക്ക് സക്രട്ടറിയേറ്റ് റോഡിന്റെ നടുക്ക് സ്റ്റേജ് കെട്ടി സമ്മേളനമാകാം, ഞങ്ങൾക്ക് നടപ്പാതയിൽ ലൈറ്റിട്ട ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാം എന്നൊക്കെയാണ് ഭാഷ്യമെങ്കിൽപ്പിന്നെ പ്രതിപക്ഷത്തിനും സ്വകാര്യസ്ഥാപനങ്ങൾക്കും സ്വകാര്യവ്യക്തികൾക്കും ഇതൊന്നുമല്ലാത്ത സാമൂഹ്യവിരുദ്ധർക്കും എന്തുമാകാമല്ലോ ? പിന്നെ ഏത് വഴിക്കാൻ നാട് നന്നാകുമെന്ന് പ്രതീക്ഷിക്കേണ്ടത് ? വേലി തന്നെ വിളവ് തിന്നുകൊണ്ടിരുന്നൽ എങ്ങനെയാണ് ‘എല്ലാം ശരിയാക്കാൻ‘ പറ്റുക ?.
ആയതിനാൽ കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ പ്രസംഗിച്ച് നടക്കുന്നതിലൊക്കെ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഈ ഫ്ലക്സ് ബോർഡ് നീക്കം ചെയ്ത് മാതൃക കാണിക്കുക. പാർട്ടിക്കാർ നടപടി എടുത്താലും ഇല്ലെങ്കിലും Kochi Metro ഉചിതമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
——————————————————–
ആദ്യ ചിത്രത്തിന് കടപ്പാട് Aakash KS