Yearly Archives: 2019

കോടതിയലക്ഷ്യ മിന്നൽ ഹർത്താലിന് ശിക്ഷ


z1

2017ൽ 120 ഹർത്താലുകൾ. 2018ൽ 98 ഹർത്താലുകൾ. ജനം ഹർത്താലുകൾ കൊണ്ട് പൊറുതിമുട്ടി. സുരക്ഷിതമായി ഇറങ്ങി നടക്കാനും ജോലിക്ക് പോകാനും അന്നന്നത്തെ അന്നത്തിനുള്ള വക സമ്പാദിക്കാനും കഴിയാതെ നട്ടം തിരിഞ്ഞു. പക്ഷെ, ഹർത്താൽ ആഹ്വാനം ചെയ്യുന്നവർക്ക് ഒരു കൂസലുമുണ്ടായില്ല. അവർ ഹർത്താൽ ആഘോഷങ്ങളുമായി നിർബാധം മുന്നോട്ട് നീങ്ങി.

അവസാനം ഹൈക്കോടതി ഇടപെട്ടു. 7 ദിവസം മുൻ‌കൂർ നോട്ടീസ് നൽകാതെ ഹർത്താലുകൾ ആഹ്വാനം ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിച്ചു. എന്നിട്ടും ഹർത്താലുകാർ അടങ്ങിയിരുന്നില്ല. അവർ തങ്ങളുടെ ഇഷ്ടവിനോദമായ രാഷ്ട്രീയക്കൊലപാതകങ്ങൾ തുടരുകയും അതിന്റെ പേരിൽ നോട്ടീസൊന്നുമില്ലാതെ ഹർത്താലിന് ആഹ്വാനം ചെയ്യുകയുമുണ്ടായി.

കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് ഡീൻ കുര്യാക്കോസാണ് ഫെബ്രുവരി 17ന് അർദ്ധരാത്രിക്ക് മിന്നൽ കേരള ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിന്റെ പേരിൽ പരക്കെ അക്രമവും അഴിച്ച് വിടപ്പെട്ടു.

ഈ ഹർത്താൽ കോടതി അലക്ഷ്യമല്ലാതെ മറ്റൊന്നുമായിരുന്നില്ല എന്നതുകൊണ്ട് ഹൈക്കോടതി ഡീൻ കുര്യാക്കോസിനെതിരെ സ്വമേധയാ കേസെടുത്തു. ഈ ഹർത്താലുമായി ബന്ധപ്പെട്ട് കേരളത്തിൽ ചാർജ്ജ് ചെയ്ത എല്ലാ കേസിലും ഡീൻ കുര്യാക്കോസിനെ കൂട്ടു പ്രതിയാക്കാൻ നിർദ്ദേശിച്ചു. അങ്ങനെ ഒറ്റയടിക്ക് ഒരു ദിവസത്തെ പ്രവർത്തികൊണ്ട് 189 കേസുകളിൽ പ്രതിയോ കൂട്ടുപ്രതിയോ ആകുന്ന ലോകത്തെ ആദ്യത്തെ തന്നെ നേതാവ് ഡീൻ കുര്യാക്കോസ് ആയിരിക്കും. ഗിന്നസ് ബുക്കിൽ ഇടം തേടാൻ വേണ്ടി യൂത്ത് കോൺഗ്രസ്സ് ഗിന്നസ്സുകാരുമായി ബന്ധപ്പെടുന്നത് ഉചിതമായിരിക്കും. ഒരു ഗിന്നസ് റെക്കോർഡ് എന്തിനാണ് പാഴാക്കുന്നത് ?

z3

ഡീൻ അഭിഭാഷകനല്ലേ എന്ന് കോടതി ചോദിച്ചപ്പോൾ ബിരുദമെടുത്തിട്ടുണ്ടെങ്കിലും സന്നതെടുത്ത് പ്രാൿറ്റീസ് ചെയ്യുന്നില്ല എന്നായിരുന്നു മറുപടി. ഏഴ് ദിവസം മുന്നേ നോട്ടീസ് നൽകാതെ ഹർത്താലിന് ആഹ്വാനം ചെയ്താൽ അത് കോടതിയലക്ഷ്യമാകുമെന്ന് മനസ്സിലാക്കാൻ സന്നത് എടുക്കുകയൊന്നും വേണ്ട. പത്താം തരം പാസ്സാകാത്ത സാധാരണക്കാരന് പോലും അറിയാവുന്ന കാര്യമാണിതൊക്കെ. ഉത്തരവിനെപ്പറ്റി അറിയില്ലെന്നും ഡീൻ പറയുന്നു. അങ്ങനെയാണെങ്കിൽ, ഡീൻ കുര്യാക്കോസ് കോടതിയോട് പറഞ്ഞത് ഒന്നുകിൽ നുണ, അല്ലെങ്കിൽ ഡീൻ കുര്യാക്കോസ് പത്രവായന പോലുമില്ലാത്ത സാമാന്യ പൊതുവിജ്ഞാനം പോലുമില്ലാത്ത ഒരു നേതാവാണ്. ഇത് രണ്ടുമല്ലാതെ മൂന്നാമതൊരു സാദ്ധ്യത ഈ നേതാവിന്റെ കാര്യത്തിൽ കാണുന്നില്ല.

അങ്ങനെയുള്ള ഡീൻ കുര്യാക്കോസ് ഈ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ ഒന്നിൽ സ്ഥാനാർത്ഥിയാണെന്നാണ് കേൾക്കുന്നത്. ഇത്രയ്ക്ക് സാമാന്യവിജ്ഞാനമില്ലാത്ത അല്ലെങ്കിൽ നിയമവ്യവസ്ഥയോട് ബഹുമാനമില്ലാത്ത, പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒരു പ്രശ്നമേ ആയിട്ട് കരുതാത്ത ഒരു നേതാവ് സ്ഥാനാർത്ഥിയായി വന്നാൽ, അയാളെങ്ങാനും തിരഞ്ഞെടുക്കപ്പെട്ടാൽ, അത് ജനങ്ങളുടെ ഗതികേട് എന്നല്ലാതെ മറ്റെന്ത് പറയാൻ.

കോടതിയലക്ഷ്യമായി നടത്തിയ ഹർത്താലിന്റെ പേരിൽ അതിനാഹ്വാനം ചെയ്തവർക്ക് ഹൈക്കോടതി തന്നെ ശിക്ഷ വിധിച്ചതിൽ അതീവ സന്തോഷമുണ്ട്. ശിക്ഷ പ്രകാരം ഹർത്താൽ ദിനത്തിൽ നടന്ന നാശനഷ്ടങ്ങളുടെ തുക നേതാക്കന്മാരിൽ നിന്ന് പിരിക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. നഷ്ടം ഈടാക്കാൻ കമ്മീഷനെ നിയമിക്കുന്നതും പരിഗണനയിലാണ്.

z2

സത്യത്തിൽ ഡീൻ കുര്യാക്കോസിനുള്ള പൂർണ്ണ ശിക്ഷ കോടതി ഇതുവരെ വിധിച്ചിട്ടില്ല. ആദ്യം നഷ്ടങ്ങളുടെ തുക നൽകാനും സ്വന്തം ഭാഗം വിശദീകരിക്കാൻ മാർച്ച് അഞ്ച് വരെ സമയവുമാണ് നേതാവിന് നൽകിയിരിക്കുന്നത്. തക്കതായ കടുത്ത ശിക്ഷ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുണ്ടായില്ലെങ്കിൽ മറ്റൊരു കുഴപ്പമുണ്ട്.

ഏഴ് ദിവസം മുൻ‌കൂട്ടി നോട്ടീസ് തരാതെ ഹർത്താൽ പാടില്ല എന്ന വിധി വന്നതിന് ശേഷം 39 ദിവസമായി കേരളത്തിൽ ഒരു പ്രാദേശിക ഹർത്താൽ പോലും നടന്നിട്ടില്ല. അത് ജനങ്ങൾക്ക് കോടതിയെ ഭയമുള്ളതുകൊണ്ടാണ്. ആ ഭയമാണ് ഒരൊറ്റ മിന്നൽ ഹർത്താലിലൂടെ ഡീൻ കുര്യാക്കോസ് തകർത്തെറിഞ്ഞത്. ഇതിൽ നിന്ന് ആവേശമുൾക്കൊണ്ട് പ്രാദേശിക ഹർത്താലുകാരും താമസിയാതെ തലപൊക്കിയെന്ന് വരും. പേരും നാളും ഇല്ലാത്ത ഓൺലൈൻ ഹർത്താലുകാരാണെങ്കിൽ കാര്യങ്ങൾ കുറേക്കൂടെ എളുപ്പമായി. കോടതിനടപടിയെടുക്കാൻ പ്രതിസ്ഥാനത്ത് കൃത്യമായി ആരുമില്ലല്ലോ അത്തരം ഹർത്താലുകൾക്ക്. ആയതിനാൽ കോടതി വിധികൾ നടപ്പാക്കപ്പെടണമെങ്കിൽ, ജനങ്ങൾക്ക് നീതി കിട്ടണമെങ്കിൽ കോടതിയലക്ഷ്യം കാണിച്ചവർക്ക് കനത്ത ശിക്ഷ കിട്ടിയേ തീരൂ. അല്ലെങ്കിൽ കോടതികൾക്ക് യാതൊരുവിലയും ഈ പാർട്ടിക്കാർ ആരും കൊടുക്കില്ല.

കോൺഗ്രസ്സുകാരേക്കാൾ വലിയ ഹർത്താൽ പ്രേമികളാണ് നിലവിൽ ഭരിച്ചുകൊണ്ടിരിക്കുന്നത്. അവര് പ്രതിപക്ഷത്തിരിക്കുമ്പോൾ നടന്നിട്ടുള്ള ഹർത്താൽ ഒരുപടിക്ക് മുന്നിലാണെന്ന് മാത്രമല്ല, അതിനെയൊക്കെ ന്യായീകരിക്കുന്ന താത്വിക അവലോകനങ്ങളും ധാരാളമാണ്. പക്ഷേ കേന്ദ്രഭരണത്തിന്റെ ഹുങ്കിൽ കേരളം പിടിച്ചടക്കാൻ ഇറങ്ങിയ ബി.ജെ.പി.ക്കാർ ഇക്കൂട്ടരെ രണ്ടുപേരെയും കടത്തി വെട്ടി. വഴിയെ പോയി മരിച്ചവരുടേയും ആത്മഹത്യ ചെയ്തവരുടേയും പേരിൽ‌പ്പോലും ഹർത്താലുകൾ നടത്തിയാണ് വോട്ട് ബാങ്ക് വർദ്ധിപ്പിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഡീൻ കുര്യാക്കോസിന് മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശന സംഭവങ്ങളിൽ നടത്തപ്പെട്ട ഹർത്താൽ നഷ്ടങ്ങൾ അതിനാഹ്വാനം ചെയ്ത ശബരിമല കർമ്മസമിതിയും നാശനഷ്ടങ്ങളുടെ തുക നൽകേണ്ടതായി വിധി വന്നിട്ടുണ്ട്. സമ്പൂർണ്ണ വിധിക്ക് വേണ്ടി കാത്തിരിക്കുന്നു. കമ്മീഷനെ വെച്ച് നഷ്ടമായ തുക പിടിച്ചെടുക്കുക തന്നെ വേണം. കോടതിക്ക് മാത്രമേ അതിന് കഴിയൂ. ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിക്കും ജസ്റ്റിസ് എ.കെ.ജയശങ്കരനും ഹൃദയം നിറഞ്ഞ നന്ദി, അഭിവാദ്യങ്ങൾ !! കൂട്ടത്തിൽ ഒന്ന് കൂടെ പറയാൻ ആഗ്രഹിക്കുന്നു. അരും കൊല നടന്നാൽ ഇനിയും ഹർത്താൽ ഉണ്ടാകുമെന്നാണ് കോൺഗ്രസ്സ് നേതാവ് കെ.മുരളീധരൻ പറയുന്നത്. ഇത് കോടതിയലക്ഷ്യമല്ലേ ? ഇതിനെതിരെയും നടപടി ഉണ്ടാകേണ്ടതല്ലേ ?

z4

വാൽക്കഷണം:- ആദ്യം പാർട്ടിക്കാർ ഒരുമിച്ചിരുന്ന്, പരസ്പരം കൊന്ന കണക്കിന്റെ ഏറ്റക്കുറച്ചിലുകളുടെ പേരിൽ കലഹിക്കാതെ, രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ നോക്കണം. എ.കെ.ബാലന്റെ മകന്റെ കല്യാണത്തിന് പ്രതിപക്ഷ ചേരിയിലുള്ളവരും, ചെന്നിത്തലയുടെ മകന്റെ കല്യാണത്തിന് ഭരണപക്ഷ ചേരിയിലുള്ളവരും പങ്കെടുത്ത് സന്തോഷിക്കുന്നത് പോലെ സാധാരണക്കാർക്കും സ്വന്തം നാട്ടുകാർക്കിടയിൽ പാർട്ടിയും രാഷ്ട്രീയവും മറന്ന് ആഘോഷിച്ച് സന്തോഷിച്ച് നല്ല മനുഷ്യന്മാരായി ജീവിക്കാനുള്ള അവസരമുണ്ടാകണം. അണികൾ മാത്രം വെട്ടിയും കുത്തിയും ചത്തുകൊണ്ടിരിക്കണമെന്ന് നേതാക്കന്മാർ വാശി പിടിക്കരുത്. അപ്പോൾത്തന്നെ പകുതി ഹർത്താലുകൾ കുറയും. 2017 ൽ നടന്ന 120 ഹർത്താലുകളിൽ 76 എണ്ണം പാർട്ടിക്കാർ പരസ്പരം വെട്ടിയതിന്റേയും കൊന്നതിന്റേയും കൊടി വലിച്ച് കീറിയതിന്റേയും പാർട്ടി ഓഫീസ് ആക്രമിച്ചതിന്റേയും പേരിലായിരുന്നെന്ന് മറക്കരുത്. പാർട്ടികൾ വളർത്താനായി പരസ്പരം കൊല്ലണമെന്ന് പൊതുജനം താൽ‌പ്പര്യപ്പെടുന്നില്ല, പറയുന്നുമില്ല. അതിന്റെ പേരിൽ ഹർത്താൽ നടത്തി വീണ്ടും അതേ പൊതുജനത്തെത്തന്നെ കഷ്ടപ്പെടുത്തുന്നത് രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യപ്രവർത്തനവുമല്ല. ഒന്നാന്തരം ഫാസിസം മാത്രമാണ്.