തിരുവനന്തപുരത്ത് നടക്കുന്ന ‘ക‘ 2019 പുസ്തകോത്സവത്തിന്റെ ഭാഗമായി ഏറ്റവും നല്ല കഥകൾക്ക് 2 ലക്ഷം രൂപ, ഒരു ലക്ഷം രൂപ, 75,000 രൂപ എന്നിങ്ങനെ ഒന്ന് രണ്ട് മൂന്ന് സമ്മാനങ്ങൾ പ്രഖ്യാപിച്ചു മാതൃഭൂമി. കഥയ്ക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമെന്ന് കൊട്ടിഘോഷിക്കുകയും ചെയ്തു. 2000ൽ അധികം കഥാകൃത്തുകൾ കഥകൾ അയച്ചു. ഫലം വന്നപ്പോൾ അതിൽ ആദ്യത്തെ പത്ത് പേരെ ‘ക’ വേദിയിലേക്ക് വിളിപ്പിച്ചു. എന്നിട്ടവരോട് പറഞ്ഞു കഥകൾക്കൊന്നും നിലവാരമില്ലാത്തതുകൊണ്ട് സമ്മാനത്തുക നൽകുന്നില്ല എന്ന്. പകരം എല്ലാവർക്കും ഓരോ സർട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്തു. കൂട്ടത്തിൽ, “സാമ്പത്തിക ലാഭമല്ല എഴുത്തുകാരെ മുന്നോട്ട് നയിക്കേണ്ടത്“ എന്ന മഹത്തായ ഒരുപദേശവും നൽകാൻ മാതൃഭൂമി മറന്നില്ല. കേരളത്തിൽ ഇപ്പോൾ കത്തിനിൽക്കുന്ന ഏറ്റവും വലിയ സാഹിത്യവിവാദം ഇതാണ്.
മാതൃഭൂമിയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് ആദ്യ പത്തിൽ എത്തിയ സ്നേഹ തോമസ് അടക്കമുള്ള പല കഥാകൃത്തുക്കളും അവരുടെ കഥകൾ പിൻവലിച്ചു. ആ കഥകൾ അച്ചടിക്കാനുള്ള അവകാശം മാതൃഭൂമിക്കില്ലെന്ന് അവരെ അറിയിക്കുകയും ചെയ്തു.സ്‌നേഹ തോമസ്, സംഗീത് ശങ്കര്‍, ആതിര ലക്ഷ്മി, ആനി അരുള്‍, നിയാസ് മുഹമ്മദ്, ജിബിന്‍ കുര്യന്‍, അഖില്‍ തോമസ്, അഖില്‍ എസ്. മുരളി, ശ്രദ്ധ ധനുജയന്‍, സിവിക് ജോണ്‍ എന്നിവരാണ് ആദ്യ പത്തിൽ എത്തിയ ആ കഥാകൃത്തുക്കൾ.
കഥകൾക്ക് നിലവാരം ഇല്ലെന്ന് മാതൃഭൂമി പറയുന്നത് ശരിയായിരിക്കാം. പക്ഷെ നിലവാരത്തിന്റെ അളവുകോൽ എന്താണ് ? ഓ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന് നിലവാരം പോരെന്ന് പറഞ്ഞ് മടക്കി അയച്ചവരാണ് മാതൃഭൂമി എന്ന് സ്നേഹ തോമസ് പരിഹസിക്കുന്നത് വെറുതെയല്ല.
മാതൃഭൂമിക്ക് ചെയ്യാൻ കഴിയുമായിരുന്ന മാന്യമായ ഒരു കാര്യം ഉണ്ടായിരുന്നു. നിലവാരം ഇല്ലാത്ത കഥകളാണ് ബോദ്ധ്യപ്പെട്ടാൽ സമ്മാനം നൽകുന്നതല്ല എന്ന് ആദ്യമേ തന്നെ നിബന്ധനകളിൽ പറയണമായിരുന്നു. അതവർ ചെയ്തിട്ടില്ല എന്നതുകൊണ്ടാണ് ഈ വിഷയത്തിൽ മാതൃഭൂമി മാത്രം കുറ്റക്കാരുടെ സ്ഥാനത്ത് വരുന്നത്. ഇത്രയും വലിയ തുക സമ്മാനമായി വാഗ്ദാനം ചെയ്യുമ്പോൾ അത്തരത്തിൽ ചില മുൻകരുതലുകൾ എടുക്കാൻ മാതൃഭൂമിക്ക് കഴിയുന്നില്ല എന്നതുകൊണ്ടാണ് മാതൃഭൂമി എന്ന സ്ഥാപനം ഇത്രയ്ക്ക് പഴി കേൾക്കേണ്ടി വരുന്നത്. മൂന്നേമുക്കാൽ ലക്ഷം രൂപ മൂന്ന് സാഹിത്യകൃതികൾക്ക് കിട്ടാവുന്ന ചില്ലറ സമ്മാനമൊന്നുമല്ല. അത്രയും തുക കൈവിട്ട് പോകുന്നതിന്റെ വിഷമം അന്ത്യനിമിഷത്തിലല്ല, ആദ്യനിമിഷത്തിൽത്തന്നെ ഉണ്ടാകണമായിരുന്നു മാതൃഭൂമിക്ക്.
മാദ്ധ്യമപ്രമുഖരോട് ഏറ്റുമുട്ടാനുള്ള ത്രാണിയൊന്നും പുതുതലമുറയിലെ ഈ പത്ത് പേർക്കും ഉണ്ടാകണമെന്നില്ല. നാളെ വീണ്ടും അവരുടെ ഒരു കഥയോ ലേഖനമോ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ അച്ചടിക്കാനും കഥാസമാഹാരം മാതൃഭൂമി പ്രസിദ്ധീകരിക്കാനുമുള്ള സാഹചര്യത്തിന്റെ കടയ്ക്കൽ കത്തി വെക്കാൻ അവരിൽ ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാകില്ല.
പക്ഷെ ഒന്ന് ഈ ചെറുപ്പക്കാരെല്ലാം മനസ്സിലാക്കിയാൽ നന്നായിരുന്നു. എഴുത്തുകാരുടെ കടിഞ്ഞാൺ ഈ മാദ്ധ്യമ കുത്തകളുടെ കൈയിലല്ലെന്ന് മനസ്സിലാക്കി കൊടുക്കാനുള്ള സുവർണ്ണാവസരമാണിത്. പഴയ കാലമല്ലിത്. നൂറ് കണക്കിന് പ്രസാധകരെ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല ഇക്കാലത്ത്. സ്വയം അച്ചടിച്ചിറക്കണമെങ്കിൽ അതും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. വിതരണത്തിനും ഓൺലൈൻ ശൃംഖലകൾ ധാരാളമുണ്ടിന്ന്. നിങ്ങൾ എഴുതുന്നത് നിലവാരമുള്ളതാണെങ്കിൽ ഇത്രയും മതി നിങ്ങളുടെ പുസ്തകം വിറ്റുപോകാൻ. നിലവാരമുള്ളത് എഴുതാനാകുമെങ്കിൽ മാതൃഭൂമിയെപ്പോലുള്ളവർക്ക് മുന്നിൽ ഓച്ചാനിച്ച് നടുവളച്ച് നിൽക്കേണ്ട സാഹചര്യം ഇന്നില്ലെന്ന് ചുരുക്കം.
ആയതിനാൾ നിങ്ങൾ പത്ത് പേരും ചേർന്ന് ആ കഥകൾ പുസ്തകമാക്കി ഇറക്കുക. ചൂടപ്പം പോലെ പതിപ്പുകൾ വിറ്റുപോകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നേരും നെറിയുമില്ലാത്തവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും അന്തസ്സുള്ള ചെറിയ മറുപടി മാത്രമാണത്. പ്രിന്റ് ഓൺ ഡിമാന്റ് എന്ന സൌകര്യം ഇന്നുണ്ട്. എത്ര പേർക്ക് പുസ്തകം വേണമെന്ന് കണക്കെടുക്കാൻ സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്താം. അത്രയും പണം മുൻകൂറായി തരാൻ വായനക്കാർക്ക് യാതൊരു വിരോധവും ഉണ്ടാകില്ല. കൈയിൽ നിന്ന് 10 പൈസ പോലും ചിലവാക്കാതെ നിങ്ങളുടെ ആ കഥകൾ അച്ചടിക്കാനും വായനക്കാരിലേക്കെത്തിക്കാനും സ്വയം നിങ്ങൾക്ക് തന്നെ കഴിയും. സാഹിത്യത്തിന്റെ അവസാന വാക്ക് മാതൃഭൂമിയാണെന്ന് ഭയന്നിരിക്കരുതെന്ന് മാത്രം.
ഇങ്ങനെ പുസ്തകമിറക്കുമ്പോൾ മാതൃഭൂമി വിൽക്കുന്നതിന്റെ പകുതി വിലയ്ക്ക് പുസ്തകം വിൽക്കാൻ കഴിയുമെന്നുള്ളതാണ് മറ്റൊരു കാര്യം. കാരണം ഇന്ന് മാർക്കറ്റിലുള്ള മിക്കവാറും പുസ്തകങ്ങളിൽ നിന്ന് പ്രസാധകൻ നേടുന്നത് ഭീമമായ ലാഭമാണ്. നികുതി പോലും അടക്കേണ്ടതില്ലാത്ത ഒരു മേഖലയിൽ നിന്നാണ് ഇത്തരത്തിൽ വായനക്കാരെ പിഴിഞ്ഞ് കൊള്ളലാഭം എടുക്കുന്നെതെന്നും മനസ്സിലാക്കണം. കുത്തക പ്രസാധകർക്ക് പിന്നാലെ എഴുത്തുകാർ പോകുന്നത് ഒഴിവാക്കിയാൽ അല്ലാതെ ഇത്തരം മോശം പ്രവണതകൾക്ക് കടിഞ്ഞാണിടാൻ കഴിയില്ല.
എന്തായാലും നിലവാരമില്ലെന്ന് മാതൃഭൂമി പറഞ്ഞ ആ കഥകൾ അവർക്ക് അച്ചടിക്കാൻ കൊടുത്ത് നിങ്ങളിനിയും സ്വയം ഇളിഭ്യരാകരുത്.
ഇതൊരു തുടക്കമാകട്ടെ. കുത്തകകൾ തകരാൻ ഇതൊരു നിമിത്തമാകട്ടെ. മാതൃഭൂമി പ്രചരിപ്പിക്കുന്ന എന്തോ ഒരു സംസ്ക്കാരത്തെപ്പറ്റി പരസ്യചിത്രങ്ങളിൽ അവർ ഊറ്റം കൊള്ളുന്നത് കാണാറുണ്ട്. ഇതാണ് ആ സംസ്ക്കാരമെങ്കിൽ അത് മലയാളിക്ക് ചേർന്ന സംസ്ക്കാരമല്ല. അതിനെ നമ്മൾ പുറന്തള്ളിയേ തീരൂ.
വാൽക്കഷണം:- മലയാളം കണ്ട ഏറ്റവും വലിയ സാഹിത്യചോരനായ കാരൂർ സോമൻ, താൻ 50 പുസ്തകം എഴുതിയ മഹാനാണെന്ന് അവകാശപ്പെട്ട് സ്വന്തം പ്രൊഫൈലും സൈറ്റും ഷോറൂമും ഗോഡൌണുമൊക്കെ കാണിച്ച് കൊടുത്തതും, നാട്ടുകാരുടെ ഭാര്യമാരേം കുഞ്ഞുങ്ങളേം വരെ വള്ളിപുള്ളി വിടാതെ മോഷ്ടിച്ച് സോമൻ അയച്ചുകൊടുത്ത മോഷണമുതലായ യാത്രാവിവരണങ്ങളും ശാസ്ത്രലേഖനങ്ങളും ഒന്ന് വായിച്ച് പോലും നോക്കാതെ, ‘സ്പെയിൻ കാളപ്പോരിന്റെ നാട്ടിൽ‘, ‘ചന്ദ്രയാൻ‘ എന്നീ പുസ്തകങ്ങൾ അച്ചടിച്ചിറക്കി വിറ്റ് കാശാക്കിയ മാതൃഭൂമിയാണ് പറയുന്നത്…. ‘കഥകൾക്ക് നിലവാരം പോര’ പോലും !