Monthly Archives: June 2024

വായന മരിക്കുന്നതായിരുന്നു ഭേദം


33

രു വർഷത്തിലധികമായി തകർത്തോടിക്കൊണ്ടിരിക്കുന്ന ഒരു മലയാളം നോവലിലെ ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങൾ വായിച്ചപ്പോഴേക്കും പലവട്ടം ആവർത്തിക്കപ്പെട്ട ഇംഗ്ലീഷ് പദങ്ങൾ ഈ കുറിപ്പിന് താഴെ എടുത്തെഴുതിയിട്ടുണ്ട്.

പുസ്തകത്തിന്റെയോ എഴുതിയ ആളുടെയോ പേര് പറയാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.

ഓൺ, ഓഫ്, സ്റ്റേഷൻ, മീറ്റിങ്ങ്… എന്നിങ്ങനെ ഒരുപാട് ഇംഗ്ലീഷ് പദങ്ങൾ സംസാരഭാഷയിലും എഴുത്ത് ഭാഷയിലും നമുക്കിപ്പോൾ ഒഴിവാക്കാൻ പറ്റില്ലെന്നായിരിക്കുന്നു. തത്തുല്ല്യ മലയാളം പദങ്ങൾ ഓർത്തെടുക്കാനോ പ്രയോഗിക്കാനോ ബുദ്ധിമുട്ടാണെങ്കിൽ, അത്തരം കുറേ പദങ്ങൾക്ക് ഇളവ് കൊടുക്കാം.

പക്ഷേ….. ആശുപത്രി, പാചകക്കുറിപ്പ്, മുറി, ജനാല, മേശ, കുടുംബം, ബന്ധം, വൃത്തി, വിരമിക്കൽ, തറ, വശം, പൊതി, വൈകുക, ജോലി, പ്രധാനം, സഹകരണം, കിടക്ക, ലേഖനം, സന്ദേശം, ജീവിതം, വേഷം, നീല, സുഹൃത്ത്, പദ്ധതി, വസ്ത്രം, അത്താഴം, നല്ലത്, മറുപടി, രണ്ട്, വിരമിക്കുക, താഴെ, പൊതി, കുരുക്ക്, ഇടം, സ്ഥലം, പ്രവേശനം, അവസരം, അലമാര, നിലവാരം, അഭിമുഖം, പൊരുത്തപ്പെടുക, കവാടം….. എന്നിങ്ങനെയുള്ള മലയാള പദങ്ങൾക്ക് പകരം, തത്തുല്ല്യമായ ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കുന്നത് വല്ലാത്ത കഷ്ടം തന്നെയാണ്. ഇംഗ്ലീഷിൽ ഒരു പുസ്തകം എഴുതുന്നത് ആയിരുന്നു ഇതിലും ഭേദം.

ഈ പുസ്തകം 20ൽപ്പരം പതിപ്പുകൾ വിറ്റ് പോയി എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അത്രയും വായനക്കാർ ഈ എഴുത്തും ഭാഷയും ആസ്വദിക്കുന്നുണ്ടെന്നല്ലേ ഈ വിൽപ്പനക്കണക്ക് സൂചിപ്പിക്കുന്നത്? ഇങ്ങനെ മലയാളം വായിച്ചിട്ടെന്ത് കാര്യം? ഇതിലും ഭേദം വായന മരിച്ച് പോകുന്നത് തന്നെയല്ലേ?

മൂന്ന് അദ്ധ്യായത്തിന് അപ്പുറത്തേക്ക് ഒരു പുറം പോലും തുടർന്ന് വായിക്കാൻ, എത്ര ശ്രമിച്ചിട്ടും എനിക്ക് സാധിച്ചില്ല. അവസാനം വരെ എങ്ങനെയെങ്കിലും വായിച്ച് ഒപ്പിച്ചാൽ അതിമനോഹരമായ ഒരു കഥ ഇതിൽ നിന്ന് കിട്ടിയെന്നിരിക്കാം. പക്ഷേ എനിക്ക് ആകെക്കൂടെ അറിയുന്ന കുറച്ച് മലയാളം പദങ്ങളെ ബലി കൊടുത്തിട്ട് അങ്ങനെയൊരു വായന താല്പര്യപ്പെടുന്നില്ല. വായനാസുഖം, സാഹിത്യഭംഗി, ആസ്വാദനം, പദസമ്പത്ത്, പുതിയ വിവരങ്ങൾ, ഇങ്ങനെ ഒന്നും തരാത്ത പുസ്തകങ്ങൾക്ക് പിടികൊടുക്കാതെ മാറ്റി നിർത്തി അത്രയും സമയവും പണവും ലാഭിക്കാൻ എന്തെങ്കിലും മാർഗ്ഗം കണ്ടെത്തേണ്ടിയിരിക്കുന്നു; വിപണന തന്ത്രങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, എന്നെല്ലാം മനസ്സിലുറപ്പിച്ച്, പുസ്തകം നിർദാക്ഷിണ്യം ചവറ്റുകുട്ടയിൽ ഇട്ടു.

പ്രേമലുവും ആവേശവും പോലുള്ള സിനിമകൾ ഇഷ്ടപ്പെടാത്തവർ ‘അമ്മാവൻ രോഗലക്ഷണവർഗൈക്യം’ ഉള്ളവരാണ് എന്നാണല്ലോ വെപ്പ് ! അതുപോലെയാകാം ഇത്തരം പുസ്തകങ്ങളും. ഇത്രയും പതിപ്പുകൾ വിറ്റ് പോയ ഒരു പുസ്തകം രസിക്കാത്തവൻ, അമ്മാവൻ രോഗലക്ഷണവർഗൈക്യമുള്ളവൻ തന്നെ ആയിരിക്കാം. സസന്തോഷം സമ്മതിക്കുന്നു.

ശ്രേഷ്ഠ മലയാളമേ കേഴുക, പൊറുക്കുക, സദയം ക്ഷമിക്കുക.
——————
പുസ്തകത്തിൽ പലവട്ടം ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് പദങ്ങൾ താഴെ.

1. സൈഡ് – side
2. റെസിപ്പി – recipe
3. പൊസിഷൻ – position
4. കംഫർട്ട് – comfort
5. ഫ്ലൈറ്റ് – flight
6. ലോവർ – lower
7. പാക്ക് – pack
8. വിൻഡോ – window
9. പ്രിവിലേജ് – privilege
10. ഫാമിലി – family
11. പ്രൊഫഷണൽ – professional
12. കരിയർ – career
13. ജോബ് – job
14. ഓഫർ – offer
15. ഓഫ് – off
16. പിക്ക് – pick
17. ലേറ്റ് – late
18. ലഗേജ് – luggage
19. മെയിൻ – main
20. ബ്ലോക്ക് – block
21. ലുക്ക് – look
22. സപ്പോർട്ട് – support
23. ലോക്കൽ – local
24. കണക്ഷൻ – connection
25. ക്ലീൻ – clean
26. ലൊക്കേഷൻ – location
27. ബിൽഡിംഗ് – building
28. ഡൈനിങ് – dining
29. ബാച്ചിലേഴ്സ് – bachelors
30. ഹോസ്പിറ്റൽ – hospital
31. അഡ്മിഷൻ – admission
32. ചാൻസ് – chance
33. കബോർഡ് – cupboard
34. റൂംമേറ്റ് – room mate
35. ബാത്റൂം – bath room
36. ബെഡ് – bed
37. കവർ – cover
38. ടേബിൾ – table
39. ആർട്ടിക്കിൾ – article
40. അപ്ഡേറ്റ് – update
41. ബെഡ്ഷീറ്റ് – bed sheet
42. മെസ്സേജ് – message
43. ടിക്ക് – tick
44. ലൈഫ് – life
45. റോൾ – role
46. ബ്ലൂ – blue
47. നെഗറ്റീവ് – negative
48. ഫ്രണ്ട്സ് – friends
49. സ്റ്റാൻഡേർഡ് – standard
50. ലൈറ്റ് – light
51. ഓൺ – on
52. പ്ലാൻ – plan
53. ടെൻഷൻ – tension
54. എക്സൈറ്റ് – excite
55. കാഷ്വൽ – casual
56. ഡ്രസ്സ് – dress
57. ഷെൽഫ് – shelf
58. ഫോർമൽ – formal
59. ഫാഷൻ – fashion
60. സെൻസ് – sense
61. ഇൻറർവ്യൂ – interview
62. ടെക്നിക്കൽ – technical
63. ടീം – team
64. മീറ്റിംഗ് – meeting
65. ഡെസ്ക് – desk
66. ഡിപ്പാർട്ട്മെൻറ് – department
67. ഗ്രൗണ്ട് – ground
68. ഫ്ലോർ – floor
69. ബട്ടൺ – button
70. നൈസ് – nice
71. ഷിഫ്റ്റ് – shift
72. ഡിന്നർ – dinner
73. ഗേറ്റ് – gate
74. ഡയൽ – dial
75. അഡ്ജസ്റ്റ് – adjust
76. ബെസ്റ്റ് – best
77. റിപ്ലൈ – reply
78. റിട്ടയർ – retire
79. സെക്കൻഡ് – second
80. റൂം – room