Untitled

കാര്‍ക്കളയും കൊല്ലൂരും


‘കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7, 8, 9, 10, 11.
———————————————————–

ടുപ്പി ജില്ലയിലെ കാര്‍ക്കളയിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. നേവിഗേറ്ററില്‍ കാര്‍ക്കളയെന്ന് അടിച്ചുകയറ്റി മൂഡബിദ്രിയില്‍ നിന്ന് യാത്ര തുടര്‍ന്നു. 13 കിലോമീറ്ററോളം ദൂരമുണ്ട് ലക്ഷ്യത്തിലേക്ക്.

ഒരു ചെറിയ മാപ്പ്.

കൃസ്തുമസ്സ് ദിനമാണിന്ന്. കൊച്ചിയിലായിരുന്നെങ്കില്‍ ഓരോ തെരുവുകളിലും തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നത് കാണാമായിരുന്നു. കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ഈ ഭാഗത്തൊന്നും അങ്ങനെയൊരു അനക്കം പോലുമില്ല. ഈ ഭാഗത്തൊക്കെ സ്ക്കൂളുകള്‍ക്ക് പോലും അവധിയില്ലെന്ന് തോന്നുന്നു. യൂണിഫോമണിഞ്ഞ് പുസ്തകച്ചാക്കും പേറി പള്ളിക്കൂടത്തിലേക്ക് പോകുന്ന കുട്ടികളെ ഒരുപാട് കാണാം വഴിനീളെ.

ജൈനരാജാക്കന്മാരുടെ ഭരണകാലത്ത് പാണ്ഡ്യനഗരം എന്ന് പേരുണ്ടായിരുന്ന പട്ടണത്തിന് കാലാന്തരത്തില്‍ കാര്‍ക്കളയെന്ന് പേര് മാറ്റമുണ്ടാകാനുണ്ടായ കാരണം അങ്ങോട്ട് ചെന്നുകയറുന്നതോടെ എളുപ്പം മനസ്സിലാക്കാനാവും. കരിങ്കല്ലിനും കൊച്ചുകൊച്ച് കരിങ്കല്‍ക്കുന്നുകള്‍ക്കും ഒരു ക്ഷാമവുമില്ല കാര്‍ക്കളയില്‍ . പാണ്ഡ്യനഗരം അങ്ങനെ ‘കരിങ്കല്ല് ‘ അഥവാ കാര്‍ക്കള ആയി മാറി. ഈ ഭാഗത്തെ ജൈനക്ഷേത്രങ്ങള്‍ മുഴുവനും പണിതീര്‍ത്തിരിക്കുന്നത് തദ്ദേശത്ത് നിര്‍ലോഭം കിട്ടുന്ന ഈ കരിങ്കല്ലുകള്‍ കൊണ്ടുതന്നെയാണ്.

ചതുര്‍മുഖ ബസ്തി, ബാഹുബലി ബെട്ട എന്നിവയാണ് കാര്‍ക്കളയില്‍ ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്ന 2 പ്രധാനപ്പെട്ട ജൈനക്ഷേത്രങ്ങള്‍ .

കാര്‍ക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ജൈനക്ഷേത്രമായ ചതുര്‍മുഖ ബസ്തി വലിയൊരു പാറക്കുന്നിന്റെ മുകളിലാണ് നിലകൊള്ളുന്നത്. ഒന്നുരണ്ട് കാറുകളിലായി വളരെക്കുറച്ച് മാത്രം സന്ദര്‍ശകരേ അവിടെ എത്തിയിട്ടുള്ളൂ എന്നത് എനിക്ക് സന്തോഷമുളവാക്കി. സ്വസ്ഥമായി ക്ഷേത്രം കാണാം, ഫോട്ടോകള്‍ എടുക്കാം, ആത്മീയതയുടേയോ ഏകാന്തതയുടേയോ ഒരംശമെങ്കിലും ആ അന്തരീക്ഷത്തില്‍ ബാക്കി നില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ ലയിക്കാം എന്നതൊക്കെയാണ് ആ സന്തോഷത്തിന്റെ പിന്നിലെ രഹസ്യം.

ചതുര്‍മുഖബസ്തിയിലേക്കുള്ള കല്‍പ്പടികള്‍

വാഹനം ഒരു വശത്തൊതുക്കി, കുന്നിന്‍ മുകളിലേക്കുള്ള കരിങ്കല്‍ പടികള്‍ കയറാനാരംഭിച്ചു. നേഹയ്ക്ക് ഈ ക്ഷേത്രദര്‍ശനമൊന്നും അത്ര താല്‍പ്പര്യമില്ലെന്ന് മാത്രമല്ല, മുകളിലേക്കുള്ള കയറ്റങ്ങള്‍ അത്ര രസിക്കുന്നുമില്ലെന്ന് ആ മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ അത്ര ബുദ്ധിമൊട്ടൊന്നുമില്ല. പക്ഷെ ഇതൊക്കെ എങ്ങനെയെങ്കിലും സഹിച്ചാലല്ലാതെ ഗോവയില്‍ എത്തില്ല, അവിടത്തെ ബീച്ചുകളില്‍ അര്‍മ്മാദിക്കാന്‍ പറ്റില്ല. അതുകൊണ്ട് മനസ്സില്ലാ മനസ്സോടെ പുള്ളിക്കാരി ഇതൊക്കെ സഹിക്കുന്നു.

പടികളില്‍ നിന്ന് താഴേക്കുള്ള കാഴ്ച്ച. ദൂരെയായി ബാഹുബലി ബേട്ടയും കാണാം.

30ല്‍ അധികം പടികളുണ്ട് കുന്നിന്‍ മുകളിലേക്ക്. കയറിച്ചെന്നപ്പോള്‍ മനസ്സൊന്ന് കുളിര്‍ത്തു. വീശിയടിക്കുന്ന കാറ്റിന് ചെറിയൊരു തണുപ്പുണ്ട്. മുകളില്‍ നിന്ന് നോക്കിയാല്‍ കാണുന്ന തെങ്ങിന്‍ തലപ്പുകളുടെ പച്ചപ്പ് ഹൃദയഹാരിയാണ്. എനിക്ക് കാണാന്‍ ഭാഗ്യമുണ്ടായിട്ടുള്ള ജൈനക്ഷേത്രങ്ങളില്‍ ശ്രാവണബേളഗോളയും, കല്ലില്‍ ക്ഷേത്രവും ഒക്കെ ഇതുപോലെ കുന്നുകളുടെ മുകളില്‍ത്തന്നെയാണ്.

ക്ഷേത്രത്തിന്റെ മുന്‍‌വശം ഒരു കാഴ്ച്ച

പടികള്‍ അവസാനിക്കുന്നിടത്ത് മതില്‍ക്കെട്ട് തുടങ്ങുകയായി. പടിപ്പുര കടന്ന് അകത്തേക്ക് വിരിച്ച പാറക്കല്ലുകളിലൂടെ ക്ഷേത്രത്തിനകത്തേക്കുള്ള പടികള്‍ കയറിയാല്‍ നേരിട്ട് ഗര്‍ഭഗൃഹത്തിലേക്ക് കടക്കാം. ചതുര്‍മുഖ ബസതിയുടെ ഗര്‍ഭഗൃഹത്തിന്റെ പ്രത്യേകത, അല്ലെങ്കില്‍ ക്ഷേത്രത്തിന്റെ തന്നെ പ്രത്യേകത എന്ന് പറയുന്നത് നാലുവശത്തും ഒരുപോലെയുള്ള പ്രതിഷ്ഠയും അതിലേക്ക് തുറക്കുന്ന വാതിലുകളുമാണ്. സമചതുരാകൃതിയിലുള്ള ക്ഷേത്രത്തിന്റെ നാലുഭാഗത്തുനിന്നും വാതിലുകളിലൂടെ ഗര്‍ഭഗൃഹത്തിലേക്ക് പ്രവേശിക്കാനാകും.

അരി, മല്ലി, മുനിസുവ്രത തീര്‍ത്ഥങ്കരന്മാര്‍

ഗര്‍ഭഗൃഹത്തിനകത്ത് അരിനാഥ്, മല്ലീനാഥ്, മുനിസുവ്രതനാഥ്, എന്നീ തീര്‍ത്ഥങ്കരന്മാരുടെ ആള്‍പ്പൊക്കത്തിലുള്ള കറുത്ത ദിഗംബരപ്രതിഷ്ഠകള്‍ . ഇതേ പ്രതിമകളാണ് നാലുവശങ്ങളിലുമുള്ളത്. ചതുര്‍മുഖ ബസതി എന്ന പേര് വീണിരിക്കുന്നതും ഈ പ്രത്യേകത കൊണ്ടുതന്നെയാണ്. ഇത്തരമൊരു ക്ഷേത്രം ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്. തുറന്നിട്ടിരിക്കുന്ന കവാടത്തിലെ തീര്‍ത്ഥങ്കരന്മാര്‍ക്ക് മുന്നില്‍ വളരെ സാധാരണമായ ഒരു മുഖക്കണ്ണാടി തൂക്കിയിട്ടിരിക്കുന്നത് ആരുടേയും ശ്രദ്ധയില്‍പ്പെടാതെ പോകില്ല. അതൊരു രസകരമായ സംഭവമാണ്. മുന്നില്‍ ‘തൃമൂര്‍ത്തികളെ’ ദര്‍ശിക്കുന്നതിനൊപ്പം ആ കണ്ണാടിയില്‍ നോക്കിയാല്‍ എതിര്‍ദിശയിലുള്ള ബാഹുബലി ബെട്ടയിലെ ഗോമഡേശ്വര പ്രതിമയും കാണാം.

ബാഹുബലി ബേട്ട കാണാനായി തൂക്കിയിരിക്കുന്ന കണ്ണാടി.

1586 ല്‍ ഇമ്മാടി ഭൈരവ രാജാവ് അഥവാ ഭൈരവന്‍ രണ്ടാമനാണ് ക്ഷേത്രം നിര്‍മ്മിച്ചത്. 30 കൊല്ലമെടുത്തു ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകാന്‍ . ക്ഷേത്രത്തെപ്പറ്റിയുള്ള കൂടുതല്‍ ചരിത്രം ചോദിച്ച് മനസ്സിലാക്കാന്‍ മൂഡബദ്രിയിലെ പോലെ ഗൈഡിന്റെ സേവനമൊന്നും ഇവിടെ കിട്ടിയില്ല. ഗര്‍ഭഗൃഹത്തിനകത്ത് നില്‍ക്കുന്ന കാര്യക്കാരിയെപ്പോലെ തോന്നിച്ച സ്ത്രീയുമായി സംസാരിക്കാന്‍ ഭാഷ ഒരു തടസ്സമാകുകയും ചെയ്തു. 3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂര്‍ ജീവിതകാലത്ത് നേഹയ്ക്കൊപ്പം കന്നഡ പഠിക്കാനുള്ള ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചതില്‍ അതിയായ കുണ്ഠിതം തോന്നി. ഹോഗു, എസ്തു, ചെന്നാഗിദയാ, ഹാലു തുടങ്ങിയ ചില പദങ്ങള്‍ മാത്രമാണിപ്പോള്‍ ഓര്‍മ്മയിലുള്ളത്.

ഗര്‍ഭഗൃഹത്തിനകത്ത് ഫോട്ടോഗ്രാഫി നിരോധനം എന്നെഴുതി വെച്ചിട്ടുണ്ടെങ്കിലും ക്ഷേത്രത്തിലേക്ക് കുറച്ച് പണം സംഭാവന കൊടുത്തപ്പോള്‍ ആ തടസ്സം നീങ്ങിക്കിട്ടി. അത്യാവശ്യം പടങ്ങളെടുക്കാനായി. ഗര്‍ഭഗൃഹത്തിനകത്തെ മറ്റ് തീര്‍ത്ഥങ്കര പ്രതിമകളും യക്ഷി പാര്‍വ്വതിയുടെ പ്രതിമയുമൊക്കെ ചുറ്റി നടന്നുകണ്ടു. 24 തീര്‍ത്ഥങ്കര പ്രതിമകളാണ് അകത്തുള്ളത്. മുന്‍‌വശത്തേതൊഴികെ മറ്റ് മൂന്ന് കവാടങ്ങളും അടച്ചിട്ടിരിക്കുന്നതുകൊണ്ട് ഗര്‍ഭഗൃഹത്തിനകത്തെ അരണ്ട വെളിച്ചത്തില്‍ ഫോട്ടോഗ്രാഫി അത്ര എളുപ്പമായിരുന്നില്ല.

വരാന്തയിലെ തൂണുകള്‍ക്കിടയിലൂടെ

ക്ഷേത്രത്തിനകത്തും പുറത്തുമായി 108 തൂണുകളാണുള്ളത്. കല്ലിന് യാതൊരു ക്ഷാമവും ഇല്ലാത്തിടത്ത് നൂറോ ആയിരമോ തൂണുകളുള്ള ക്ഷേത്രങ്ങള്‍ ഉണ്ടാക്കുന്നതിന് ലുബ്‌ദ്ധ് കാണിക്കേണ്ട കാര്യമില്ലല്ലോ ! മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത് പോലും നെടുനീളന്‍ കരിങ്കല്‍പ്പാളികള്‍ കൊണ്ടാണ്. കല്ലല്ലാതെ മറ്റൊന്നും ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് ചുരുക്കം.

വരാന്തയില്‍ നിന്നുള്ള ബാഹുബലി ബേട്ടയുടെ ദൃശ്യം.

ഗര്‍ഭഗൃഹത്തില്‍ നിന്നിറങ്ങി ക്ഷേത്രത്തിന്റെ കല്‍ത്തൂണുകള്‍ നിറഞ്ഞ വരാന്തയിലൂടെ ഒരു ചുറ്റ് നടന്നു. തൂണുകളിലൊക്കെ കൊത്തുപണികള്‍ ഉണ്ടെങ്കിലും അത് ബേലൂര്‍ , ഹാളേബീഡു, മൂഡബദ്രി എന്നിവിടങ്ങളിലെ പോലെ തെളിഞ്ഞുനില്‍ക്കുന്ന തരത്തിലുള്ളതല്ല. വരാന്തയില്‍ നിന്ന്‍ ബാഹുബലി ബേട്ടയുടെ നല്ലൊരു കാഴ്ച്ച കിട്ടുന്നുണ്ട്. കുറേയധികം നേരം ആ കല്‍പ്പടവുകളില്‍ ഇരുന്നാല്‍ കൊള്ളാമെന്നെനിക്കുണ്ട്. പക്ഷെ ഇന്നത്തെ ദിവസം ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. അതുകൊണ്ട് തല്‍ക്കാലം ചതുര്‍മുഖ ബസ്തിയോട് വിട പറയുക തന്നെ.

ഈ പടികളില്‍ അല്‍പ്പനേരം

പടികളിറങ്ങി വാഹനത്തില്‍ക്കയറി ബാഹുബലി ബെട്ടയെ ലക്ഷ്യമാക്കി നീങ്ങി. സാമാന്യം വലിയൊരു കുന്നിന്റെ മുകളിലാണ് ഗോമഡേശ്വരന്‍ നിലകൊള്ളുന്നത്. താഴെയുള്ള ഗേറ്റ് അടഞ്ഞ് കിടക്കുകയായിരുന്നു. മുന്നില്‍ പോയ വണ്ടിയില്‍ നിന്നൊരാള്‍ ഇറങ്ങി ഗേറ്റ് തുറന്ന് തന്നു. മുകളില്‍ വെച്ച് കാണാമെന്ന് പറഞ്ഞ് ആ വണ്ടി വേഗത്തില്‍ മുകളിലേക്ക് ഓടിച്ചുപോയി.

മുകളിലേക്ക് കയറുന്ന വഴി. പിന്നോട്ടുള്ള കാഴ്ച്ച.

എനിക്കങ്ങനെ ധൃതിയില്‍ ഓടിക്കണമെന്ന് തോന്നിയില്ല. റോഡ് വളഞ്ഞ് പുളഞ്ഞ് മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. താഴേക്കുള്ള കാഴ്ച്ച കൂടെ ആസ്വദിച്ചുകൊണ്ട്, കുന്നിന്റെ മുകളില്‍ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടുവരെ വാഹനം കൊണ്ടുചെല്ലാം.

ക്ഷേത്രമതിലിന് പുറത്തുവരെ വാഹനമെത്തും.

വാഹനത്തില്‍ നിന്നിറങ്ങി ക്ഷേത്രമതില്‍ക്കെട്ടിനകത്തേക്ക് കടന്നാല്‍ , ഗോമഡേശ്വരനെ കാണുന്നതിനുമുന്നേ തന്നെ താഴേക്ക് നോക്കിയാല്‍ ദൂരെയായി ചതുര്‍മുഖ ബസ്തിയുടെ മനോഹരമായ ഒരു ദൂരക്കാഴ്ച്ച കിട്ടും. തെങ്ങോലപ്പച്ചപ്പുകള്‍ക്കിടയിലായി തെളിയുന്ന ആ സുന്ദരദൃശ്യം നോക്കി കുറച്ചുനേരം അവിടങ്ങനെ നില്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാകില്ല.

ബാഹുബലി ബേട്ടയില്‍ നിന്ന് ചതുര്‍മുഖ ബസ്തിയുടെ ദൂരക്കാഴ്ച്ച.

ക്ഷേത്രത്തിന്റെ ചുറ്റുമതിലിനകത്തേക്ക് കടക്കുന്നതിന് മുന്നേതന്നെ ബ്രഹ്മദേവ സ്തംഭം കാണാം. ചുറ്റുമതിലിനകത്തേക്ക് കടക്കാതെ തന്നെ ഗോമഡേശ്വന്റെ പ്രതിമയുടെ തലഭാഗവും കാണാനാകും.

ബ്രഹ്മസ്തംഭവും ബാഹുബലിയുടെ ശിരസ്സും.

കാര്‍ക്കള ഭരിച്ചിരുന്ന പ്രശസ്തനായ വീരഭൈരവ രാജാവിന്റെ മകനായ വീരപാണ്ഡ്യനാണ് അദ്ദേഹത്തിന്റെ ഗുരുവായ ലളിതകീര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം 1432 ഫെബ്രുവരി 13ന് ബാഹുബലി പ്രതിമ ഈ മലയുടെ മുകളില്‍ സ്ഥാപിച്ചത്. 1436 ല്‍ വീരപാണ്ഡ്യന്‍ തന്നെ ബ്രഹ്മസ്തംഭവും സ്ഥാപിക്കുകയുണ്ടായി.

ബാഹുബലി മുന്നില്‍ നിന്നുള്ള ദൃശ്യം.

അകത്തേക്ക് കടന്നപ്പോള്‍ ഞാന്‍ ശരിക്കും നിരാശനായി. ബാഹുബലിയെ ശരിക്കും കാണാനാകുന്നില്ല. അറ്റകുറ്റപ്പണികള്‍ക്കായി ചുറ്റിലും മുളകള്‍ വെച്ചുകെട്ടിയിരിക്കുന്നു. പ്രതിമ തേച്ച് മിനുക്കുന്ന ജോലിയുമായി നാലഞ്ചുപേര്‍ അതിന്റെ മുകളില്‍ ഇരുപ്പുറപ്പിച്ചിട്ടുണ്ട്. പ്രതിമയ്ക്ക് കാര്യമായ നിറം മാറ്റം വന്നിരിക്കുന്നു. ശ്രാവണബേളഗോളയില്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്ന ഗോമഡേശ്വരനെ കണ്ടത് ഇന്നലെയെന്ന പോലെ എനിക്കോര്‍മ്മയുണ്ട്.

ബാഹുബലി മറ്റൊരു ദൃശ്യം.

കാര്‍ക്കള പട്ടണത്തിന്റെ ഒരു ചിഹ്നമെന്നപോലെ നിലകൊള്ളുന്ന ഒറ്റക്കല്ലില്‍ കൊത്തിയ ഈ ബാഹുബലി പ്രതിമയുടെ കിളരം 42 അടിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കല്‍ പ്രതിമ ശ്രാവണബേളഗോളയിലെ ബാഹുബലിയുടേതാണ്. അതിന്റെ ഉയരം 57 അടിയോളമാണ്.

ഉണക്കമീന്‍ കൊണ്ട് അടികിട്ടിയ നായയെപ്പോലെ കുറച്ചുനേരം ഞാനാ പ്രതിമയ്ക്കു ചുറ്റും കിടന്ന് കറങ്ങി. ബാഹുബലിയെ മനസ്സുനിറയെ ഒന്ന് കാണാതെ കുന്നിറങ്ങുന്ന കാര്യം ആലോചിക്കാന്‍ തന്നെ വയ്യ.

ബാഹുബലി – പിന്നില്‍ നിന്നുള്ള കാഴ്ച്ച.

ചിന്ത പെട്ടെന്ന് വേറൊരു വഴിക്ക് തിരിഞ്ഞു. വീണ്ടും ഒരിക്കല്‍ക്കൂടെ ഇതുവഴി വരാന്‍ ഇതൊരു കാരണമാക്കാമല്ലോ ! മഹാവീര ബസതി, ചന്ദ്രനാഥസ്വാമി ബസതി, ആദിനാഥസ്വാമി ബസതി, അനന്ദനാഥ ബസതി, ഗുരു ബസതി, പത്മാവതി ബസതി, എന്നുതുടങ്ങി 18ല്‍പ്പരം ജൈനക്ഷേത്രങ്ങളാണ് കാര്‍ക്കളയിലുള്ളത്. ഞങ്ങളതില്‍ കണ്ടിരിക്കുന്നത് ആകെ 2 ബസ്തികള്‍ മാത്രം. ഈ വഴി ഇനിയും വരാതെ തരമില്ല. വരും, വന്നേ പറ്റൂ. തല്‍ക്കാലം കാര്‍ക്കളയോട് വിട.

ബാഹുബലി – ഒരു ദൃശ്യം കൂടെ.

അടുത്ത ലക്ഷ്യമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് 114 കിലോമീറ്ററോളം ദൂരമുണ്ട്. മൂകാബിക ക്ഷേത്രത്തിലേക്ക് പോകാന്‍ നമ്മള്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ലെന്നാണ് കേട്ടിരിക്കുന്നത്. ദേവി സ്വയം തീരുമാനിക്കാതെ ആര്‍ക്കും ആ ദര്‍ശനം സാദ്ധ്യമാകില്ലത്രേ !! നടക്കല്‍ വരെ ചെന്നിട്ടും കാണാന്‍ പറ്റാതെ പോന്നവരുമുണ്ട്. നിരക്ഷരന്മാര്‍ക്ക് നാലക്ഷരത്തിനുള്ള സരസ്വതീ കടാക്ഷം വകയിരുത്തപ്പെട്ടിട്ടുണ്ടെങ്കില്‍ ആ സന്നിധിയിലേക്ക് പോകാതെ പറ്റില്ലല്ലോ. പോയി നോക്കുക തന്നെ.

കൊല്ലൂരിലേക്കുള്ള സ്വാഗത കവാടം.

മംഗലാപുരത്തുകാരനായ സുഹൃത്ത് അനൂപ് നായിക്‍ വഴി, കൊല്ലൂരില്‍ താമസിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നത് സാമാന്യം ഭേദപ്പെട്ട ഒരു സത്രമാണ്. നേവിഗേറ്ററില്‍ സത്രത്തിന്റെ പേര് തെളിഞ്ഞ് വന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ജനത്തിരക്കുള്ള സ്ഥലങ്ങളെല്ലാം ശരിക്കും മാപ്പ് ചെയ്യിരിക്കുന്നു ‘മാപ്പ് മൈ ഇന്ത്യ’.

സത്രത്തിലെ ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കിയതിനുശേഷം ദേവീസന്നിധിയിലേക്ക് നടന്നു. ഒഴിവുദിവസങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ജനങ്ങളെല്ലാം മൂകാംബികയിലേക്ക് ഒഴുകും. ഒരു യുദ്ധത്തിനുള്ള ജനമുണ്ട് ക്ഷേത്രപരിസരത്ത്. അത്രയ്ക്ക് തന്നെയുണ്ട് ജനങ്ങളെ നിയന്ത്രിക്കാന്‍ നില്‍ക്കുന്ന പൊലീസുകാരും. ചെരുപ്പൊക്കെ പുറത്തൊരു റാക്കില്‍ വെച്ച് ക്ഷേത്രത്തിനകത്തേക്കുള്ള ക്യൂവില്‍ നിന്നു.

മൂകാംബിക ക്ഷേത്രകവാടം – ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ

ദേവി ശരിക്കും പരീക്ഷിച്ചുകളഞ്ഞു. രണ്ടര മണിക്കൂറാണ് ആ നടയിലെത്താനായി ക്യൂവില്‍ നില്‍ക്കേണ്ടി വന്നത്. വിരസതയുടെ നെല്ലിപ്പലക കണ്ട നേഹയെ സമാധാനിപ്പിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടിവന്നു. പഠിക്കുന്ന കുട്ടികള്‍ മൂകാംബികയില്‍ വന്ന് പ്രാര്‍ത്ഥിച്ചാല്‍ , നന്നായി പഠിക്കാനുള്ള അനുഗ്രഹം ദേവി തരും എന്നൊക്കെ പറഞ്ഞത് എത്രത്തോളം ആ കുഞ്ഞുമനസ്സില്‍ പതിഞ്ഞെന്ന് എനിക്കറിയില്ല.

ഇത്രയ്ക്കും തിരക്കുണ്ടായിട്ടും, മറ്റ് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകള്‍ കാണുന്നതിനേക്കാളൊക്കെ നന്നായിട്ട് തന്നെ ദേവിയെ കണ്ടു. പഞ്ചലോഹം കൊണ്ടാണിവിടുത്തെ വിഗ്രഹം തീര്‍ത്തിരിക്കുന്നത്. പച്ചമരതകക്കല്ല് ദേവിയുടെ മാറില്‍ എടുത്തുകാണിക്കുന്നുണ്ട്. തൊഴുതു, നന്നായിട്ടുതന്നെ തൊഴുതു. ഏത് ദേവാലയത്തിലെത്തിയാലും മനസ്സില്‍ ഉണ്ടാകാറുള്ള ഒരു സ്ഥിരം നിശബ്ദ പ്രാര്‍ത്ഥനമാത്രം ഇവിടേയും.

ക്ഷേത്രമതിലിന് പുറത്തേക്ക് നടക്കുമ്പോള്‍ നേഹയോട് മുഴങ്ങോടിക്കാരി ചോദിച്ചു.

“മോളെന്താ പ്രാര്‍ത്ഥിച്ചത് ദേവിയോട് ?”

ഉത്തരം വളരെപ്പെട്ടെന്ന് തന്നെ വന്നു.

“ഞങ്ങള്‍ടെ ചെരുപ്പൊക്കെ വെളിയില്‍ത്തന്നെ ഉണ്ടാകണേ ദേവീ”

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments

45 thoughts on “ കാര്‍ക്കളയും കൊല്ലൂരും

  1. ‘കൊച്ചി മുതല്‍ ഗോവ വരെ‘ യാത്ര ഇടയില്‍ അല്‍പ്പം തടസ്സപ്പെട്ടതില്‍ ഖേദിക്കുന്നു. യാത്ര തുടര്‍ന്നല്ലേ പറ്റൂ.

    The show must go on…..

  2. കാര്‍ക്കളയും കൊല്ലൂരും ലേഖനം വരാന്‍ അല്പം താമസിച്ചെങ്കിലും ഇത്തവണയും നിരാശപ്പെടുത്തിയില്ല.
    കൊല്ലൂരില്‍ രണ്ടു തവണ പോയിട്ടുണ്ട് ഒരുപാട് നാളുകള്‍ക്കു മുന്‍പ്. ഇനി പോകുമ്പോള്‍ കാര്‍ക്കളയും കാണണം.
    മാപ്പ് മൈ ഇന്ത്യ സംഗതി കൊള്ളം അല്ലെ?

    മനോജേട്ട പക്ഷെ കുടജാദ്രി മിസ്സ്‌ ആക്കി അല്ലെ…ഒരിക്കല്‍ പോകണ്ട സ്ഥലം ആണെന്ന് കേട്ടിട്ടുണ്ട്.

    “ഞങ്ങള്‍ടെ ചെരുപ്പൊക്കെ വെളിയില്‍ത്തന്നെ ഉണ്ടാകണേ ദേവീ” നേഹയുടെ പ്രാര്‍ഥന ഇഷ്ടപ്പെട്ടു ;-)

  3. യാത്ര ആസ്വദിച്ചു. കേരളത്തില്‍ കാണാന്‍ പറ്റാത്ത ബാഹുബലി ദൃശ്യങ്ങള്‍. അതിശയമാ, മാഷുക്ക് എങ്ങനാ ഇത്രയും യാത്ര ചെയ്യാന്‍ പറ്റുന്നെ?
    ഞാന്‍ 4 വര്‍ഷം ബാംഗ്ലൂരില്‍ ഉണ്ടായിരുന്നിട്ടും എങ്ങും പോയിട്ടില്ലെന്നോര്‍ക്കുമ്പോള്‍ വിഷമം… ആകെക്കൂടെ പോയത് ഹോഗനെക്കലും മൈസൂരും. നന്‍ദി ഹില്ല്സും ‍
    മാപ് മൈ ഇന്ത്യ പുതിയ ആറിവായിരുന്നു. ഇങ്ങനെ ഒരു സൗകാര്യം നാട്ടില്‍ വന്നത് അറിഞ്ഞില്ലായിരുന്നു. GPS device ഇപ്പോള്‍ നാട്ടില്‍ കിട്ടുമോ?

  4. “ഉണക്കമീന്‍ കൊണ്ട് അടികിട്ടിയ നായയെപ്പോലെ കുറച്ചുനേരം ഞാനാ പ്രതിമയ്ക്കു ചുറ്റും കിടന്ന് കറങ്ങി. ബാഹുബലിയെ മനസ്സുനിറയെ ഒന്ന് കാണാതെ കുന്നിറങ്ങുന്ന കാര്യം ആലോചിക്കാന്‍ തന്നെ വയ്യ.”
    അറ്റകുറ്റപ്പണിക്ക് ചുറ്റുമുള കെട്ടി ഉയര്‍ത്തിയതും
    അതിനകത്തൂടെയുള്ള ഭീമാകാരന്‍ പ്രതിമയുടെ മങ്ങിയ
    കാഴ്ചയും,ദര്‍ശനസുഖം നല്‍കുന്നുണ്ട്.
    നേഹമോള്‍ടെ പ്രാര്‍ത്ഥനക്കുത്തരം ലഭിച്ചല്ലോ…
    നേഹയെപ്പോലെ ഈ നുറുങ്ങിനും ഗോവയിലെത്താന്‍
    ധൃതിയുണ്ട്,കാത്തിരിക്കുന്നു…യാത്ര തുടരട്ടെ…

  5. ഒരു ജൈനക്ഷേത്രം ഇതു വരെ കാണാൻ സാധിച്ചിട്ടില്ല ഏതായാലും നീരുവിന്റെ ഒപ്പം എത്തി പതിവു പോലെ നല്ല വർണന നല്ല ചിത്രങ്ങൾ .. പാവം നേഹ .. മോൽക്ക് എതു കൊടുത്താൽ മതിയാവും ..
    നേഹമോൽക്ക് ഭാഗ്യമുണ്ട് ഇതെല്ലാം അച്ഛന്റെ ഒപ്പം യാത്ര ചെയ്തു കാണാമല്ലോ… പ്രാർത്ഥന വളരെ കാര്യമാത്രമായി നേഹമോൽക്ക് അറിയാം ആ ചെരുപ്പ് പോയാലുള്ള അവസ്ഥ :)
    ‘ബാഹുബലി ബേട്ടയില്‍ നിന്ന് ചതുര്‍മുഖ ബസ്തിയുടെ ദൂരക്കാഴ്ച്ച’. ആണെനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം

  6. കാര്‍കള എന്നാദ്യം ആയിട്ടാണ് കേള്‍ക്കുന്നത് . അവിടവും പിന്നെ മൂകാംബിക യും ചിത്രങ്ങളിലൂടെ അക്ഷരങ്ങളിലൂടെ പകര്‍ന്നു തന്നതിന് നന്ദി ….
    മൂകാംബിക എന്ന് കേള്‍ക്കുമ്പോ MT യെ അദ്ദേഹത്തിന്റെ വാനപ്രസ്ഥം ഒക്കെ ആണ് ഓര്‍മ്മ വരണത് .. പിന്നെ മൂകാംബിക ചിത്രങ്ങള്‍ കുറച്ചുകൂടെ അവാമയിരുന്നില്ലേ ? ഓര്‍മ്മക്കൂടില്‍ കാണുമായിരിക്കും അല്ലെ ?
    നേഹ മോളുടെ നിഷ്കളങ്കമായ പ്രാര്‍ത്ഥന ഏറെ ഇഷ്ടമായി ..

  7. നല്ല വിവരണം.
    ഈ ‘കാ‍ർക്കള’ പണ്ടെന്നെ ഒന്നു ചുറ്റിച്ചതാ!
    കർണാടകത്തിൽ ജോലികിട്ടി ആദ്യമായി പോയ കാലത്ത് KARKALA എന്നെഴുതിയതു കണ്ട് ഞാൻ ‘കർക്കാല’യ്ക്ക് എത്ര ദൂരമുണ്ട് എന്നു ചോദിച്ചു ചമ്മിയത്!

    “ഞങ്ങള്‍ടെ ചെരുപ്പൊക്കെ വെളിയില്‍ത്തന്നെ ഉണ്ടാകണേ ദേവീ”

    മോളൂട്ടിക്ക് ഒരുമ്മ!

    “ഉണക്കമീന്‍ കൊണ്ട് അടികിട്ടിയ നായയെപ്പോലെ കുറച്ചുനേരം ഞാനാ പ്രതിമയ്ക്കു ചുറ്റും കിടന്ന് കറങ്ങി.”

    മോളൂട്ടീടെ അച്ഛന്… അല്ലേൽ വേണ്ട ഒരു തംസ് അപ്പ്!

  8. തിരിച്ചു വരവിനു സ്വാഗതം ………….. മൂകാം ബികാദര്‍ ശനം ഗം ഭീരം ……..
    നേഹമോളുടെ പ്രാര്‍ ഥന അതിലും ഗം ഭീരം …………..

  9. ക്ഷേത്രങ്ങളെ പരിചയപ്പെടുത്തിയതിനു നന്ദി,നേഹയുടെ പ്രാര്‍ത്ഥന ശരിക്കും ഇഷ്ടായി,വളരെ റിയലസ്റ്റിക്ക് ഹഹ

  10. ‘ഉണക്കമീൻ കൊണ്ട് അടി കിട്ടിയ പൂച്ച എന്നല്ലേ മാഷെ കൂടുതൽ ചേരുക.. അല്ലങ്കിൽ എല്ലും കഷണം കൊണ്ട് ഏറു കിട്ടിയ നായയെപോലെ.. ;) ഈ പോസ്റ്റിൽ കമന്റെഴുതാൻ ഇത് മാത്രമേ കിട്ടിയുള്ളോ എന്ന് ചോദിക്കല്ലേ.. ഒരു നേരമ്പോക്ക് പറഞ്ഞതാ കേട്ടോ…

    ഇടവേള കഴിഞ്ഞ് മനോജ്ഭായി തിരിച്ചെത്തിയത് നന്നായി..

  11. നേഹേടെ നിഷ്കളങ്കമായ മറുപടി ഇഷ്ടമായി. “ദേവി സ്വയം തീരുമാനിക്കാതെ ആര്‍ക്കും ആ ദര്‍ശനം സാദ്ധ്യമാകില്ലത്രേ“ ഇങ്ങനെയൊന്ന് ഞാന്‍ കേട്ടിട്ടില്ല. ശരിയായിരിക്കും. രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് എനിക്ക് ആ ദര്‍ശനം സാധിച്ചത്.
    കാര്‍ക്കളയെക്കുറിച്ച് വായിച്ചപ്പോള്‍ ഒന്ന് പോവാന്‍ തോന്നുന്നു. ഇത്രയധികം ജൈനക്ഷേത്രങ്ങള്‍ അവിടെ ഉണ്ടെന്ന് അറിയില്ലായിരുന്നു. :)

  12. ഹ..ഹ.ഹാ…വായിച്..വായിച് വന്നപ്പോ നേഹകുട്ടി കമ്പ്ലീറ്റ്‌ സ്കോര്‍ അടിച്ചു മാറ്റി!!!

  13. @വിഷ്ണു – കൊല്ലൂരും കുടജാദ്രിയിലുമൊക്കെ ഇങ്ങനെ തിരക്കുള്ളപ്പോള്‍ പോയാല്‍ ശരിയാകില്ല. അവിടെ ചെന്ന് തിരക്ക് കണ്ടപ്പോള്‍ കുടജാദ്രി ഞാന്‍ പിന്നൊരിക്കലേക്കാക്കി.

    @വഷളന്‍ (Vashalan) – മാഷേ ജി.പി.എസ്സൊക്കെ ഇപ്പോള്‍ നാട്ടില്‍ കിട്ടുന്നുണ്ട്. വളരെ ഉപകാരപ്രദമാണത് യാത്രികര്‍ക്ക്. എനിക്ക് യാത്ര ചെയ്യാന്‍ സമയം കിട്ടുന്നതിന്റെ കാര്യം വളരെ പരസ്യമായ ഒരു കാര്യമാണ്. മാസത്തിലൊരിക്കല്‍ ജോലി സ്ഥലത്തൂന്ന് പറഞ്ഞ് വിടും. അപ്പോള്‍പ്പിന്നെ തെണ്ടിനടക്കല്‍ തന്നെ ശരണം :)

    @ചേച്ചിപ്പെണ്ണ് – മൂകാംബികയില്‍ ഞാന്‍ ക്യാമറ ഉപയോഗിച്ചില്ലെന്ന് മാത്രമല്ല, അത് വെറും ഒരു ക്ഷേത്രദര്‍ശനം മാത്രമായിരുന്നു. മൂകാംബികയിലും കുടജാദ്രിയിലുമൊക്കെയായി പിന്നൊരിക്കല്‍ ശരിക്കൊരു കറക്കം നടത്തുന്നുണ്ട്. അതിനുശേഷം കൂടുതല്‍ പടങ്ങളുമായി വരാന്‍ ശ്രമിക്കാം.

    @sijo george – സിജോ പറഞ്ഞതാണ് ശരി കേട്ടോ. എനിക്ക് ആ പ്രയോഗം അത്ര ശരിക്ക് അറിയില്ലായിരുന്നു. മാത്രമല്ല സ്വയം നായ എന്ന് വിളിക്കുന്നതിന്റെ ഒരു സുഖം പൂച്ച എന്ന് വിളിച്ചാല്‍ കിട്ടില്ലല്ലോ :):) പലരും അതെടുത്ത് കമന്റില്‍ പൂശിയതുകൊണ്ട് ഞാനത് പോസ്റ്റില്‍ തിരുത്തുന്നില്ല. പിശക് ചൂണ്ടിക്കാണിച്ച് തന്നതിന് പ്രത്യേകം നന്ദി :)

    ഹേമാംബിക, ഒരു നുറുങ്ങ്, മാണിക്യം, ജയന്‍ ഏവൂര്‍ , ജയലക്ഷ്മി, ജുനൈദ്, ആര്‍ദ്ര ആസാദ്, ബിന്ദു ഉണ്ണി, ….. കാര്‍ക്കളയിലും കൊല്ലൂരുമെത്തിയ എല്ലാവര്‍ക്കും നന്ദി :)

  14. ഈ ഭാഗവും നന്നായിരിക്കുന്നു. ജൈനക്ഷേത്രങ്ങള്‍ എല്ലാം തന്നെ കുന്നിന്മുകളിലാണ് എന്ന നിരീക്ഷണം വളരെ ശരിയാണെന്നു തോന്നു. ഇവിടെ ചിതറാല്‍ ജൈനക്ഷേത്രവും ഒരു കുന്നിന്മുകളിലാണ്.

    നേഹമോള്‍ക്ക് ഇപ്പോള്‍ യാത്ര അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും ഒരുകാലത്ത് അവള്‍ ഇതൊക്കെയോര്‍ത്ത് അഭിമാനിക്കുകയും ചെയ്യും :)

    മൂകാംബിക ദേവിയ്ക്ക് ആ വലിയ മരതകരത്നം സമ്മാനിച്ചത് റാണി ചെന്നമ്മയാണ്. എം.ജി.ആര്‍ കൊടുത്ത ഒരു വാളും പിന്നെ ഇളയരാജ കൊടുത്ത രത്നങ്ങള്‍ പതിച്ച കിരീടവും ഒക്കെയുണ്ട്.

  15. @siva // ശിവ – ചന്ദ്രനാഥ ബസതി (വയനാട്), 1000 തൂണുള്ള ക്ഷേത്രം തുടങ്ങി ചില ജൈനക്ഷേത്രങ്ങള്‍ മലമുകളിലല്ല. എന്നിരുന്നാലും ഉയരമുള്ളയിടങ്ങളില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കാന്‍ ജൈനര്‍ നിഷ്ക്കര്‍ഷിക്കാറുണ്ട് എന്ന് തോന്നുന്നു. വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ചിതറാലില്‍ ഒരിക്കല്‍ പോകണമെന്നുണ്ട്.

    ക്യാപ്റ്റന്‍ ഹാഡോക്ക്, മാത്തൂരാന്‍ , …
    കാര്‍ക്കളയിലും കൊല്ലൂരും എത്തിയതിന് നന്ദി :)

  16. മനോജ് ഭായി,
    യാത്രക്കിടയിലുള്ള തടസ്സങ്ങൾ ദൈവഹിതമെന്ന് കരുതുക.. പിന്നെ, പറഞ്ഞപോലെ നമുക്കൊക്കെ നഷ്ടങ്ങൾ ഓർത്തിരിക്കാതെ കൂടെയുള്ളവർക്ക് വേണ്ടിയെങ്കിലും യാത്ര തുടർന്നേ പറ്റൂ.. വിവരണം പതിവു പോലെ മനോഹരം. ഈ സ്ഥലങ്ങളെ കുറിച്ചൊക്കെ സത്യത്തിൽ അറിയുന്നത് തന്നെ ഈ പോസ്റ്റുകൾ വായിക്കുമ്പോളാ…. ഏതായാലും നേഹമോളൂടെ പ്രാർത്ഥന വളരെ ഇഷ്ടപ്പെട്ടു. കുഞ്ഞ് മനസ്സുകളിൽ കള്ളമില്ലല്ലോ.. അപ്പോൾ യാത്ര തുടർന്നോളൂ.. പിന്നാലെ തന്നെയുണ്ട്..

  17. ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ വീല്‍ ചെയര്‍ ഉരുട്ടി നീങ്ങി …… ചെന്നെത്തിയത് ഒരു പ്രാര്‍ഥനയിലും ” ഞങ്ങളുടെ ചെരുപ്പൊക്കെ വെളിയില്‍ തന്നെ ഉണ്ടാകണേ ദേവീ ” പ്രാര്‍ത്ഥന മാത്രം ജീവിതമെന്ന് തിരിച്ചറിഞ്ഞു ; വള്ളിചെരുപ്പിനായാലും സ്വര്‍ണചെരിപ്പിനായാലും പ്രാര്‍ത്ഥന പ്രാര്‍ത്ഥന തന്നെ . ജീവിതം അനന്തമായ പ്രാര്‍ത്ഥന തന്നെ …….

  18. മനോജ്,
    ചിത്രങ്ങള്‍ ഇത്തവണ എന്നെ നിരാശപ്പെടുത്തി. ബാഹുബലി താങ്കളെയും. ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം പണ്ട് ഇവിടെ പോയിട്ടുണ്ട്. ചതുര്‍മുഖബസ്തി പടമെടുപ്പിന് ഏറെ സാധ്യതകള്‍ നല്‍കുന്നു.
    താങ്കളുടെ നിരാശ മാറ്റുന്നതിനായി ബാഹുബലിയുടെ ചിത്രങ്ങള്‍ എത്രയും പെട്ടന്ന് പുറംകാഴ്ചകളില്‍ ഇടുന്നതാണ്. ഫിലിമിട്ട് എടുക്കുന്ന ഒരു കോണിക്ക കാമറ ആയിരുന്നു ആയുധം, പടമെടുപ്പിന്‍റെ മികവല്ല മറിച്ച് സ്ഥലങ്ങള്‍ നല്ല അവസ്ഥയില്‍ ആയിരുന്നതിനാല്‍ നല്ല ചിത്രങ്ങള്‍ കിട്ടിയിരുന്നു.
    വിവരണം പതിവുപോലെ ഉഗ്രനായി…
    ഒത്തിരി അഭിനന്ദനങ്ങള്‍…
    എന്‍റെ ചിത്രങ്ങളോട് ചേര്‍ത്ത് വായിയ്ക്കാനായി ഞാന്‍ ഒരു ‘ചിന്ന’ ലിങ്ക് കൊടുക്കൂട്ടോ…

  19. ഞാന്‍ വരുന്നു, എന്‍റെ കഥകളുമായി. പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കളെ വരിക.
    എന്‍റെ കഥകളിലേക്ക്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. ഇഷ്ട്ടപെട്ടെന്കില്‍ പ്രോത്സാഹിപ്പിക്കുക. സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
    http://vayalpaalam.blogspot.com

  20. @aathman / ആത്മന്‍ – ചിത്രങ്ങള്‍ക്ക് നന്ദി. ഞാന്‍ പോയ സമയത്ത് ആകെ വാടിക്കരിഞ്ഞ് കിടക്കുകയായിരുന്നു. അല്ലെങ്കിലും ഫോട്ടോകള്‍ എടുക്കുന്ന കാര്യത്തില്‍ ഞാനത്ര ശ്രദ്ധയോ മിടുക്കോ കാണിക്കാറില്ല. മാതൃഭൂമി യാത്രയുടെ പുതിയ ലക്കത്തില്‍ വളരെ മനോഹരമായ ഫോട്ടോയുണ്ട് ബസ്തിയുടെ. ഒരിക്കല്‍ക്കൂടെ നന്ദി :)

  21. പ്രിയ മനോജ് ജീ,

    ഇത്തവണയും വിവരണം ദൃശ്യവിരുന്നൊരുക്കുന്നു. നമ്മുടെ പല നാടുകളുടേയും പേരിനൊപ്പം ‘പുരം’ എന്നുള്ളതു പോലെ കര്‍ണാടകത്തിലെ പലസ്ഥലങ്ങളുടേയും ഒപ്പമുള്ള പേരാണ് ‘ബേട്ട’ ഇതിന് നമ്മുടെ നാട്ടിലെ ‘പേട്ട’യോടോ ‘വട്ട’ത്തോടോ സാദൃശ്യമുണ്ടോ ആവോ? വട്ടം പേരിനൊപ്പമുണ്ടെങ്കില്‍ അത് ജൈനമതകേന്ദ്രങ്ങളാകാമെന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. തൃക്കണാര്‍വട്ടം, പാലാരിവട്ടം…

    “ഗൊള”യാണോ നമ്മുടെ ഈ എറണാകുളത്തിലേതു പോലുള്ള “കുളം”?

    ഒറ്റക്കല്ലില്‍ തീര്‍ത്ത ഏറ്റവും വലിയ പ്രതിമയെന്ന് ശ്രാവണബലഗൊളയിലെ ബാഹുബലിപ്രതിമയെ വിശേഷിപ്പിച്ച ഒറ്റവരി മനോജ് ജിയുടെ സൂക്ഷ്മത വ്യക്തമാക്കാന്‍. ഒരു ഗോളടിക്കാനുള്ള സാധ്യത ഇല്ലാതാക്കിക്കളഞ്ഞു ആ വരി. കാരണം ലോകത്തെ ഏറ്റവും വലിയ പ്രതിമയായ തിരുവള്ളുവര്‍ പ്രതിമ ഒറ്റക്കല്ലിലല്ല തീര്‍ത്തിരിക്കുന്നതെന്നതിനാല്‍ ആ സ്ഥാനം തീര്‍ച്ചയായും ബാഹുബലിക്കു തന്നെയാണ്.

    പിന്നെ ഈ നാവിഗേറ്ററെക്കുറിച്ച് ഒരു ചെറിയ പരിചയപ്പെടുത്തല്‍ തരാമോ? കേട്ടപ്പോള്‍ ഒരു ആകാംക്ഷ.

  22. നിരക്ഷരന്റെ എല്ലാ യാത്ര വിവരണവും ഞാന്‍ വായിച്ചിട്ടുണ്ട് . ഇത് വരെ വായിച്ചിട്ടുള്ള എല്ലാ യാത്ര വിവരണത്തില്‍ നിന്നും ഇതിനു .എവിടെയോ ഒരു കുറവ് ഉള്ളത് പോലെ തോന്നി …. പിന്നെ നേഹ യുടെ പ്രാര്‍ത്ഥന അത് സമ്മതിക്കാതെ വയ്യ ..പാവം കുട്ടി… ഗോവ വരെ ഒരേ ചെരുപ്പില്‍ പോയ ഒരു സുഖം അവള്‍ക്കും വേണമല്ലോ (വേറെ കൈയില്‍ ഉണ്ടാവും എന്നും അറിയാം)മൂകാംബിക യില്‍ പോയി ചെരുപ്പ് കളഞ്ഞു പോയാലുള്ള വിഷമം ആ കുഞ്ഞു മനസ്സില്‍ എന്നും ഉണ്ടാവുമല്ലോ ?എല്ലാം സന്തോഷായി യാത്ര തുടരട്ടെ ………………….

  23. ബാഹുബലി ബേട്ടയില്‍ നിന്ന് ചതുര്‍മുഖബസതിയുടെ കാഴ്ച്ച മനോഹരമായിരിക്കുന്നു-വിവരണവും.മൂകാംബികയില്‍ ഒരു തവണ പോകാന്‍ കഴിഞ്ഞിട്ടുണ്ടെനിക്ക്.

  24. @കുമാരന്‍ | kumaran – ഇത് കൊല്ലൂര്‍ യാത്രയായിട്ട് ഞാനും കണക്കാക്കിയിട്ടില്ല. കൊല്ലൂരേക്കും അവിടന്ന് കാട്ടിലേക്ക് കുടജാദ്രിയിലേക്കുമുള്ള ഒരു യാത്ര മനസ്സിലുണ്ട്.

    അബ്‌കാരി – ഇല്ല ധര്‍മ്മസ്ഥലത്തേക്ക് പോയില്ല. അടുത്ത ലക്ഷ്യം കാത്തിരുന്ന് കാണൂ.

    @aathman / ആത്മന്‍ – ബാഹുബലി ബേട്ട യാത്രാവിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി.

    @Hari | (Maths) – മാഷേ ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കിട്ടാന്‍ ഇനിയുള്ള യാത്രകളില്‍ ശ്രമിക്കുന്നതായിരിക്കും. നേവിഗേറ്ററിനെ പരിചയപ്പെടുത്തി മാത്രം ഒരു പോസ്റ്റ് പിന്നീടെപ്പോഴെങ്കിലും ഇടാന്‍ ശ്രമിക്കാം. ഞാന്‍ ‘മാപ്പ് മൈ ഇന്ത്യ’ ക്കാരുടെ കൈയ്യീന്ന് കമ്മീഷന്‍ വാങ്ങിയിട്ട് ഇട്ടിരിക്കുന്ന ലേഖനമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന് ചെവികൊടുക്കില്ലെന്ന് ഉറപ്പ് തരാമെങ്കില്‍ മാത്രം :) :)
    പ്രോത്സാഹനത്തിന് നന്ദി.

    @siya – വളരെ അത്മാര്‍ത്ഥമായ ആ കമന്റിന് നന്ദി. സിയ പറഞ്ഞത് വളരെ ശരിയാണ്. ഈ പോസ്റ്റില്‍ കാര്യമായിട്ടൊന്നും ഇല്ലായിരുന്നു. ഇതെങ്ങനെ എഴുതി ഉണ്ടാക്കും എന്ന് ഞാന്‍ ശരിക്കും ആശയക്കുഴപ്പത്തിലായിരുന്നു. ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും ഇത്രയൊക്കെയേ വിവരങ്ങളേ കിട്ടിയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ രണ്ട് പോസ്റ്റാക്കാനുള്ള സ്കോപ്പുണ്ടായിരുന്നു. കൊല്ലൂര്‍ ഒരു യാത്രാവിവരണം ആയിരുന്നില്ല. ആ വഴിക്ക് പോയതുകൊണ്ട് അതിനെപ്പറ്റി പറഞ്ഞെന്ന് മാത്രം. എന്തായാലും മനസ്സില്‍ തോന്നിയത് മറച്ച് പിടിക്കാതെ തുറന്നുപറഞ്ഞതുകൊണ്ട് ഈ കമന്റിന് മൂല്യം കൂടുന്നു. നന്ദി.

    Manoraj, sm sadique, krishnakumar513, Manju Manoj, jyo ……

    എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി :)

  25. ഗര്‍ഭഗൃഹത്തിനകത്ത് ഫോട്ടോഗ്രാഫി നിരോധനം എന്നെഴുതി വെച്ചിട്ടുണ്ടെങ്കിലും ക്ഷേത്രത്തിലേക്ക് കുറച്ച് പണം സംഭാവന കൊടുത്തപ്പോള്‍ ആ തടസ്സം നീങ്ങിക്കിട്ടി

    സംഭാവനയല്ല..കൈക്കൂലി… കേസ്.. ജയില്‍.. ഗോതമ്പുണ്ട..ങ്ഹും!!

    യാത്ര തുടരട്ടെ.. കുറെ വിട്ടു പോയി.. ഓടിയെത്തണം…

  26. ഈ യാത്ര നന്നായി ആസ്വദിച്ചു.ഒപ്പം ഒരു ചെറിയ അസൂയയും, എന്റെ വലിയ ഒരു മോഹമാണീ ചുറ്റി നടക്കല്‍…എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ പ്രതികൂലവും.എന്തായാലും കുട്ടിയുടെ യാത്രാവിവരണം, ആ സങ്കടം മാറ്റി ട്ടോ…ഒക്കെ നേരില്‍ കണ്ട പ്രതീതി…..

  27. മുരുദേശ്വരന്റെ മുഖത്തെ ഭാവമെന്താണ് ? കൃത്യമായി പറയാന്‍ ഞാനാളല്ല. കാശീനാഥന്റെ സൃഷ്ടിയില്‍ രൌദ്രവും ക്രോധവുമൊന്നുമല്ല തെളിഞ്ഞു നില്‍ക്കുന്നത്; കാമവുമല്ല. മുരുദ്വേശ്വറിലെ അറബിക്കടല്‍ പോലെതന്നെ ശങ്കരനും ശാന്തനാണെന്നാണ് എനിക്ക് തോന്നിയത്.

    മുരുദ്വേശ്വര്‍ (കൊച്ചി മുതല്‍ ഗോവ വരെ ഭാഗം 13) യാത്രാവിവരണം വായിക്കാന്‍ ഇതിലേ പോകുക.

  28. “മോളെന്താ പ്രാര്‍ത്ഥിച്ചത് ദേവിയോട് ?”

    ഉത്തരം വളരെപ്പെട്ടെന്ന് തന്നെ വന്നു.

    “ഞങ്ങള്‍ടെ ചെരുപ്പൊക്കെ വെളിയില്‍ത്തന്നെ ഉണ്ടാകണേ ദേവീ”
    ;)

  29. മനോജേട്ടാ കാര്‍ക്കളയിലേയ്ക്കുള്ള ഈ യാത്രയും ആസ്വദിച്ചു. ചിത്രങ്ങളുടെ കാര്യത്തില്‍ ഒരല്പം പിശുക്ക് കാട്ടിയോ എന്നൊരു സംശയം. പിന്നെ ഈ ക്ഷേത്രങ്ങള്‍ കാണുമ്പോള്‍ ഇതുണ്ടാക്കിയവരുടെ ഇഛാശക്തിയെ നമിക്കാതെ വയ്യ. ഇന്നത്തെ ആധുനീക ഉപകരണങ്ങള്‍ കൊണ്ടുപോലും ഈ പാറകളെ ഇങ്ങനെ മുറിച്ചെടുക്കുക എന്നത് വളരെ ശ്രമകരവും വിഷമം പിടിച്ചതും തന്നെ. അപ്പോള്‍ മാനുഷീകപ്രയത്നം മാത്രം ഉപയോഗിച്ച് ഇങ്ങനെ ഒന്ന് പണിയുക എന്നത് ചിന്തിക്കാനെ വയ്യ. നേഹക്കുട്ടിയുടെ നിഷ്കളങ്കമായ മറുപടിയും ചിരിപ്പിച്ചു.

    പിന്നെ എന്റെ ജോലി, ദൌര്‍ഭഗ്യവശാല്‍ രണ്ടു തെറ്റുകള്‍ കിട്ടി. ഗര്‍ഭഗൃഹത്തിനത്തെ ‘ക’ വിട്ടുപോയി. ബസതിയും ബസ്തിയും മാറി മാറി എഴുതിക്കാണുന്നു. ഏതാ ശരി :) യാത്രയുടെ അടുത്ത അധ്യായത്തിലേയ്ക്ക്…

  30. @MANIKANDAN [ മണികണ്ഠന്‍‌ ] – മണീ അഭിപ്രായത്തിനും തിരുത്തലുകള്‍ക്കും നന്ദി. ബസതി എന്നും ബസ്‌തി എന്നു പറഞ്ഞുകേള്‍ക്കാറുണ്ട്. എഴുതിയും കണ്ടിട്ടുണ്ട്. പറയുന്നതിലെ(അതുപോലെ എഴുതുന്നതിലേയും) ഒരു ചെറിയ വ്യതിയാനം കാര്യമാക്കാനില്ലെന്ന് തോന്നുന്നു. ആദ്യത്തെ അക്ഷരത്തെറ്റ് തിരുത്തുന്നുണ്ട്.

    @സജി – എന്റെ പൊഹ കണ്ടേ അടങ്ങൂ അല്ലേ ? :)

    @കുഞ്ഞൂസ് (Kunjuss) – ഈ വഴിക്ക് ആദ്യയിട്ടാണല്ലേ ? അഭിപ്രായത്തിനും ചില യാത്രകള്‍ ഫോളോ ചെയ്യുന്നതിനും നന്ദി:)

    @മത്താപ്പ് – മത്താപ്പ് നന്ദി :)

    കാര്‍ക്കളയില്‍ എത്തിയ എല്ലാവര്‍ക്കും നന്ദി :)

  31. വൈകിയാണെങ്കിലും, ഈ യാത്രയിലും കൂടാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു.

    വായനക്കിടയിൽ ഇടയ്ക്കെല്ലാം ചിരി വന്നെങ്കിലും അവസാനത്തെ നേഹയുടെ ഡയലോഗ് പൊട്ടിചിരിപ്പിച്ചു കളഞ്ഞു. മിടുക്കി.

  32. @Hari | (Maths) – ഹരി സാര്‍. ഒരു തെറ്റിദ്ധാരണ തിരുത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്‍ പ്രതിമ ഗോമഡേശ്വരനല്ലെന്നും , ഈജിപിറ്റിലെ സ്ഫിങ്ക്സ് ( 57 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയും 20 മീറ്റര്‍ ഉയരം)ആണെന്നും അറിവായിരിക്കുന്നു.

    സ്ഫിങ്ക്‍സിനെപ്പയിറ്റും ഗോമഡേശ്വരനെപ്പറ്റിയും വിക്കിപീഡിയയില്‍ വരെ, ഇത് രണ്ടും വലുത് എന്ന രീതിയില്‍ പരാമര്‍ശം ഉണ്ട്. ഞാന്‍ ആദ്യ കണ്ടത് ഗോമഡേശ്വരന്റെ ലേഖനമാണ്. അതാണ് എന്നേയും ആശയക്കുഴപ്പത്തിലാക്കിയത്. വിക്കിയില്‍ തിരുത്താനായി വിക്കി മലയാളത്തിന്റെ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. തെറ്റായ വിവരം പ്രചരിപ്പിച്ചതിന് നിര്‍വ്യാജം ഖേദിക്കുന്നു.

  33. വലരെ വൈകിയൊ ഇതു വായിക്കാന്‍ എന്നൊരു സംശയം. വലരെ മനോഹരമായ ഈ വിവരണം വായിചപ്പോള്‍ ഇവിടെ എത്താന്‍ വൈകിയതില്‍ വളരെ വിഷമം തോന്നി. കാ‍സറഗോട്ടുകാരനായ എനിക്കു പല പല ആവശ്യങള്‍കും വേന്‍ഡി പല പ്രാവശ്യം ഈ ഭാഗത്തൊക്കെ യാത്ര ചെയ്തിട്ടുന്‍ഡെങ്കിലും കാര്‍ക്കളയ്കു ഇത്രയും ഭങിയുന്ദെന്നു ഇതു വായിചപ്പോഴാണു തോന്നിയതു. വളരെ ആസ്വദിചു. അടുത്ത ഞായരാഴ്ച ബാഹുബലി ബെട്ട യിലെക്കു ഒരു യാത്ര ഇപ്പൊല്‍ തന്നെ പ്ലാന്‍ ചെയ്യണം. എഡിറ്റരിന്റെ സ്ഥാനം വായനക്കാര്‍ക്കെന്നെഴുതിയതുകൊന്ട് ഒരു എഡിറ്റ് ഇട്ടാല്‍ അതെന്റെ തോന്ന്യവാസമായിട്ടു കാണില്ല എന്നു വിശ്വസിക്കുന്നു. ബാഹുബലി ബേട്ട തെറ്റാണു, ബാഹുബലി ബെട്ട ആണു ശരി. ബേട്ട എന്നൊരു വാക്കു കന്നഡയില്‍ ഇല്ല. ബേട്ടെ എന്നൊരു വാക്കുന്‍ഡു പക്ഷെ അതിന്റെ അര്‍ഥം വേട്ട എന്നാണു. ഇവിടെ ശരിയായ വാക്കു ബെട്ട ആണു, ബെട്ട എന്നു പരഞാല്‍ കന്നഡയില്‍ കുന്നു അല്ലെങ്കില്‍ മല എന്നര്‍ഥം. മൈസൂരിലെ ചാമുണ്ടി ബെട്ട, ഇവിടുത്തെ ബാഹുബലി ബെട്ട ഇതൊക്കെ ഉയരമുള്ള പ്രദേശമായതുകൊണ്ടായിരിക്കാം ബെട്ട എന്ന പേരു വന്നതു.

  34. @Shiva – എഡിറ്ററുടെ കാര്യം പറഞ്ഞത് ആത്മാര്‍ത്ഥമായാണ്. ശിവ പറഞ്ഞ തിരുത്തുകള്‍ ഇപ്പോള്‍ത്തന്നെ നടത്തുന്നു. വായനയ്ക്കും അഭിപ്രായത്തിനും തെറ്റ് തിരുത്തിത്തന്നതിനുമൊക്കെ പ്രത്യേകം പ്രത്യേകം നന്ദി.

    യാത്ര അടുത്ത ഞായറാഴ്ച്ച തന്നെ ആയിക്കോട്ടെ. നമ്മള്‍ എഴുതിയത് വായിച്ച് ഒരാള്‍ അങ്ങോട്ട് യാത്ര പോകുന്നു എന്ന് കേള്‍ക്കുന്നതുതന്നെ ഒരു വലിയ അംഗീകാരം പോലെയാണ്.

  35. ഈ യാത്രയെ പിന്‍ തുടരാന്‍ കഴിഞ്ഞത് ഭാഗ്യം തന്നെ , ഇതെല്ലാം വായിച്ചതിനു ശേഷം മുന്‍പ് പോകാന്‍ കഴിഞ്ഞ പല സ്ഥലങ്ങളിലൂടെയും മനസ് പിന്നെയും യാത്ര പോകുന്നു ഇതൊന്നും നമ്മള്‍ കണ്ടില്ലല്ലോ എന്ന് ചിന്തിച്ചു കൊണ്ട് , നന്ദി മനോജേട്ടാ പുതിയൊരു കണ്ണ് തന്നതിന് ….

Leave a Reply to krishnakumar513 Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>