രാവിലെ എട്ടുമണിക്ക് പൊക്രാനിലേക്ക് തിരിച്ചു. അതെ, ഇന്ത്യ ആണവ ശക്തിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിസ്ഫോടനങ്ങൾ നടത്തിയ അതേ പോക്രാൻ. 112 കിലോമീറ്റർ ദൂരം, ഒന്നേമുക്കാൽ മണിക്കൂർ സമയം.
രണ്ട് ലക്ഷ്യങ്ങളാണ് പോക്രാനിലേക്ക് പോകുമ്പോൾ ഉണ്ടായിരുന്നത്.
1. പൊക്രാൻ കോട്ട കാണുക.
2. മരുമഹോത്സവ് (Desert Festival) ആരംഭിക്കുന്നത് പൊക്രാനിൽ നിന്നാണ്. അതിൽ പങ്കെടുത്തശേഷം അടുത്ത മൂന്നു ദിവസത്തെ പരിപാടികൾക്കായി തിരികെ ജയ്സാൽമേഡിലേക്ക് വരിക.
ഞാൻ എത്തിയതും പൊക്രാൻ കോട്ടയിൽ നിന്ന് മരുമഹോത്സവ് ഘോഷയാത്ര ആരംഭിച്ചു.
നമ്മൾ ഒരു ഓണം ഘോഷയാത്ര നടത്തിയാൽ എങ്ങനെയിരിക്കും. അതുപോലെ രാജസ്ഥാനിലെ തനത് നൃത്തങ്ങളും കലകളും എല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഘോഷയാത്ര. ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമായി കുട്ടികളും മുതിർന്നവരും ഉണ്ട്. പട്ടാളത്തിൻ്റേയും പൊലീസിന്റേയും പങ്കാളിത്തവും ഉണ്ട്. ഗംഭീര മീശയും താടിയും ഉള്ളവർക്ക് വേണ്ടിയുള്ള മത്സരം, തലപ്പാവ് കെട്ടൽ മത്സരം, എന്നിങ്ങനെ ഒരുപാട് പരിപാടികൾ.
ഘോഷയാത്രയിൽ ആദ്യാവസാനം പങ്കെടുത്തു. മൈതാനത്തെ കലാപരിപാടികൾ കുറച്ചുനേരം കണ്ടതിന് ശേഷം വീണ്ടും കോട്ടയിലേക്ക്.
പതിനാറാം നൂറ്റാണ്ടിൽ മാർവാർ താക്കൂർ ആയിരുന്ന റാവു മാൽദേവ് ആണ് കോട്ട ഉണ്ടാക്കിയത്. കൊട്ടാരക്കെട്ടുകളും ധാരാളം പീരങ്കികളും വലിയ നടുത്തളവും കൊത്തളങ്ങളും ഒക്കെയായി സാമാന്യ വലിയ കോട്ടയാണിത്.
ചുവന്ന കല്ലുകൾ കൊണ്ടാണ് കോട്ട ഉണ്ടാക്കിയിരിക്കുന്നത്. കല്ലുകളെല്ലാം ചെറുതായി ദ്രവിക്കാൻ തുടങ്ങിയിട്ടുണ്ട്. 700 വർഷം എന്ന് പറയുന്നത് ചില്ലറ പഴക്കമല്ലല്ലോ. കേടുപാടുകൾ വരുത്താൻ പ്രാവുകളും കാരണമാകുന്നുണ്ട്.
കോട്ടയുടെ കൊട്ടാര സമാനമായ വലിയൊരു ഭാഗത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. അവിടെ 21 മുറികളുള്ള ഹോട്ടൽ നടത്തുകയാണ് നിലവിലുള്ള ഉടമകളായ താക്കൂർ നാഗേന്ദ്ര സിങ്ങും ഭാര്യ യെശ്വന്ത് കുമാരിയും.
മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ ഒരുപാട് രംഗങ്ങൾ ചിത്രീകരിച്ചത് പൊക്രാൻ കോട്ടയിലാണ്.
നടുത്തളത്തിന് താഴെയും മുകളിലും ഉള്ള മുറികളിൽ മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നു. പല്ലക്കും ആയുധങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും ആഭരണ പെട്ടികളും എല്ലാം പൊടിപിടിച്ച് ശോചനീയ അവസ്ഥയിലാണ്. മ്യൂസിയത്തിന്റെ ചില്ല് കൂട്ടിലെ ചെറിയ ദ്വാരത്തിലൂടെ ഭണ്ഡാരത്തിൽ ഇടുന്നത് പോലെ, പത്തും ഇരുപതും രൂപ സന്ദർശകർ അകത്തേക്ക് ഇടുന്നത് കാണാം. ആദ്യമായാണ് അങ്ങനെ ഒരു മ്യൂസിയത്തിൽ കാണുന്നത്.
രാത്രി 8 മണി കഴിഞ്ഞ് 25 കിലോമീറ്റർ മാറിയുള്ള ലോഹർകി ഗ്രാമത്തിൽ മരുമഹോത്സവത്തിൻ്റെ മറ്റ് പരിപാടികൾ ഉണ്ട്. പക്ഷേ, അതിൽ പങ്കെടുക്കാൻ പോയാൽ ജയ്സൽമേഡിലെ രണ്ടാംദിന പരിപാടികൾ എനിക്ക് നഷ്ടമാകും. ആയതിനാൽ കോട്ടയിൽ നിന്ന് ഇറങ്ങി നേരെ ജയ്സാൽമീറിലേക്ക് മടങ്ങി.
5 മണിയോടെ ജയ്സൽമേഡ് യുദ്ധ മ്യൂസിയത്തിൽ എത്തുന്നതിന് തൊട്ടുമുൻപ് ഞാനൊരു സൈക്കിൾ സവാരിക്കാരനെ കണ്ടു. ദീർഘദൂര സൈക്കിൾ സഞ്ചാരികളെ എത്ര ദൂരത്തുനിന്ന് കണ്ടാലും തിരിച്ചറിയാൻ പറ്റും എന്നായിട്ടുണ്ട്.
പേര് രജനീഷ്, വയസ്സ് 23, മദ്ധ്യപ്രദേശുകാരനാണ്. ഒരു വർഷം തുടർച്ചയായി സൈക്കിളിൽ ഇന്ത്യ കാണാൻ ഇറങ്ങിയിരിക്കുന്നു. നിലവിൽ 53 ദിവസം കഴിഞ്ഞു. രാജസ്ഥാനിൽ നിന്ന് പഞ്ചാബ്, ഹരിയാന, നോർത്ത് ഈസ്റ്റ്, വഴി കറങ്ങി ആന്ധ്ര, കർണ്ണാടക, തമിഴ്നാട്, ചുറ്റി കേരളത്തിൽ എത്താനാണ് പരിപാടി.
പഠനം കഴിഞ്ഞ് ജോലിക്ക് കയറുന്നതിന് മുൻപ് തന്നെ ഇന്ത്യ കണ്ടാൽ കുറേകൂടി വിശാലമായ ചിന്തകൾ ഉണ്ടാകും എന്നാണ് രജനീഷിന്റെ കാഴ്ചപ്പാട്. പലരുടേയും സഹായത്തോടെ യാത്ര നടത്തുന്നു.
രാജസ്ഥാനിൽ വന്നശേഷം, ഇന്ത്യ ചുറ്റുന്ന രണ്ടാമത്തെ സൈക്കിൾ സവാരിക്കാരനെയാണ് ഞാൻ കാണുന്നത്. രണ്ടുപേരും മദ്ധ്യപ്രദേശുകാർ തന്നെ. നാളെ മരുമഹോത്സവത്തിന് വീണ്ടും കാണാമെന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
ജയ്സാൽമേഡിൽ നിന്ന് 12 കിലോമീറ്റർ ദൂരമേയുള്ളൂ യുദ്ധ മ്യൂസിയത്തിലേക്ക്. കൊല്ലത്തുകാരനായ ഹവീൽദാർ അനീഷ് ആണ് അവിടത്തെ മേൽനോട്ടക്കാരൻ. മ്യൂസിയം കണ്ട് ചിത്രങ്ങളെല്ലാം എടുത്ത ശേഷം ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു നിന്നു.
പാക്കിസ്ഥാൻ പട്ടാളം ഉപേക്ഷിച്ച് പോയ ശേഷം, ഇന്ത്യൻ ആർമി കണ്ടെടുത്ത് പ്രയോജനപ്പെടുത്തിയ ചില യുദ്ധവാഹനങ്ങളാണ് എന്നെ ആകർഷിച്ചത്.
ഗാന്ധി ചൗക്കിൽ മടങ്ങി എത്തിയപ്പോൾ സജ്ഞയ് ജയ്സൽമീർ അവിടെയുണ്ട്. രണ്ടാംദിവസ പരിപാടികളിൽ പങ്കെടുക്കാൻ വന്നിരിക്കുന്ന മീശക്കാർ പലരും അതിലേ കറങ്ങി നടക്കുന്നുണ്ട്. താടിമീശ മത്സരം മരുമഹോത്സവിലെ ഒരു പ്രധാന ഇനമാണ്.
പെട്ടെന്ന് അതിലേ വന്ന ഒരു മീശക്കാരനെ പരിചയപ്പെട്ടു. കക്ഷി സംവിധായകൻ ജയരാജിന്റെ ‘ക്യാമൽ സഫാരി’ എന്ന സിനിമയിൽ പ്രധാന വില്ലൻ വേഷം ചെയ്തിട്ടുണ്ട്. ഇന്ന് വിശദമായി അദ്ദേഹത്തിൻ്റെ പരമ്പരാഗത വേഷത്തിൽ പരിചയപ്പെടാം എന്ന് പറഞ്ഞ് പിരിഞ്ഞു.
പകൽച്ചൂടിൻ്റേതാകാം, നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് പെട്ടെന്ന് ഉറങ്ങിപ്പോയി.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#boleroxlmotorhome
#motorhomelife
#pokranfort