ആദ്യ ദിവസം ഗൈഡ് രാജു ശർമ്മയ്ക്ക് ഒപ്പം ജയ്സൽമേഡ് കോട്ട സന്ദർശിച്ചു. രണ്ടാം ദിവസം ഷൂട്ട് ചെയ്ത് തുടങ്ങിയെങ്കിലും 2 മണിക്ക് കോട്ടയ്ക്ക് അകത്തുള്ള ജൈനക്ഷേത്രങ്ങൾ പൂട്ടിപ്പോയതുകൊണ്ട് ഷൂട്ട് പൂർത്തിയാക്കാൻ സാധിച്ചില്ല. മൂന്നാം ദിവസം ഷൂട്ട് പൂർത്തിയാക്കി.
ഈ മൂന്ന് ദിവസത്തിനകം, ആദ്യത്തെ കവാടത്തിൽ കട നടത്തുന്ന മഹേഷ്, രണ്ടാമത്തെ കവാടത്തിലെ രാവൺ കലാകാരനും മാല-വള വിൽപ്പനക്കാരിയും പഞ്ചലോഹ പീരങ്കി ഇരിക്കുന്ന വ്യൂ പോയിന്റിന് അടുത്തുള്ള ഷാൾ കടക്കാരൻ സമീർ, ചിത്രകാരനും ഒരു കാലത്ത് കോവളത്ത് കട നടത്തിയിരുന്ന വ്യക്തിയുമായ രാജേഷ് എന്നിവർ ലോഹ്യക്കാരായി മാറി.
കോട്ടയുടെ ചരിത്രം ഇങ്ങനെ പോകുന്നു.
* 1156ൽ രാജ റാവൽ ജയ്സൽ കോട്ട നിർമ്മിച്ചു.
* മേരു എന്നാൽ മല. മലയ്ക്ക് മുകളിൽ ജയ്സൽ രാജാവ് നിർമ്മിച്ചത് കൊണ്ട് ജയ്സൽമേഡ് എന്ന് പേര് വന്നു.
* കോട്ടയ്ക്ക് 4 കവാടങ്ങൾ ഉണ്ട്. നാലാമത്തെ കവാടത്തിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നത് പോലെ കാറ്റ് വീശിയടിക്കുന്നു മിക്കവാറും സമയങ്ങളിൽ അവിടെ.
* ആൾത്താമസം ഉള്ള ചുരുക്കം കോട്ടകളിൽ ഒന്ന്. 4000ൽപ്പരം ജനങ്ങൾ ഇതിനകത്ത് താമസിക്കുന്നു.
* യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് കോട്ട.
* പതിമൂന്നാം നൂറ്റാണ്ടിൽ കോട്ടയ്ക്കകത്ത് ജൗഹർ നടന്നിട്ടുണ്ട്.
* അല്ലാവുദ്ദീൻ ഖിൽജിയും ഹുമയൂണും കോട്ട ആക്രമിച്ചവരുടെ കൂട്ടത്തിൽ പെടും.
* 250 അടി ഉയരത്തിൽ കോട്ട നിലകൊള്ളുന്നു.
* 7 ജൈനക്ഷേത്രങ്ങളും ചാമുണ്ട മായുടേത് അടക്കം മറ്റനേകം ഹിന്ദു ക്ഷേത്രങ്ങളും കോട്ടയിലുണ്ട്.
* ഹോം സ്റ്റേ, റസ്റ്റോറന്റുകൾ, ബ്യൃട്ടി പാർലർ, സ്പാ, ട്രാവൽ ഏജൻസികൾ, തുണിക്കടകൾ, സുവനീർ ഷോപ്പുകൾ, മ്യൂസിയം, ജ്യൂസ് കടകൾ എന്ന് തുടങ്ങി കോട്ടയിലെ താമസക്കാർ നടത്തുന്ന സ്ഥാപനങ്ങൾ കൊണ്ട് സമൃദ്ധമാണ് കോട്ടയുടെ ഉൾഭാഗം.
* പഞ്ചലോഹത്തിൽ ഉണ്ടാക്കിയ പീരങ്കി കോട്ടയിലെ പ്രധാന ആകർഷണമാണ്. 20 കിലോഗ്രാം സ്വർണ്ണവും മറ്റ് ലോഹങ്ങളും ഇതിനായി ഉപയോഗിച്ചിരിക്കുന്നു. ഇത് മുറിച്ച് കടത്താൻ ചിലർ ശ്രമിച്ചതിൻ്റെ അടയാളം പീരങ്കിയിലുണ്ട്. മറ്റൊരു കോട്ടയിലും പഞ്ചലോഹത്തിൻ്റെ പീരങ്കി ഞാൻ കണ്ടിട്ടില്ല.
* ജയ്സൽമേഡിൽ സുലഭമായി ലഭിക്കുന്ന മഞ്ഞ കല്ലുകൾ കൊണ്ട് ഉണ്ടാക്കിയിരിക്കുന്നതിനാൽ കോട്ടയ്ക്ക് മഞ്ഞ നിറമാണ്. ആയതിനാൽ ഇതിനെ സോണാർ കിലാ (ഗോൾഡൻ ഫോർട്ട്) എന്നും വിളിക്കുന്നു.
* കോട്ടയിൽ നിന്ന് നോക്കിയാൽ നഗരത്തിന്റെ നല്ലൊരു വീക്ഷണം ലഭ്യമാണ്.
* നഗരത്തിലെ ഏറ്റവും ഉയരമുള്ള ഇടം കോട്ടയിലെ മ്യൂസിയത്തിന്റെ മട്ടുപ്പാവ് ആണ്.
* കോട്ട നിർമ്മിക്കാൻ സിമൻ്റോ ചുണ്ണാമ്പോ സുർക്കിയോ ഉപയോഗിച്ചിട്ടില്ല. കല്ലുകൾ ചേർത്ത് വെച്ച് പൂട്ടുന്ന തരത്തിലാണ് നിർമ്മാണം. എങ്കിലും ചിലയിടങ്ങളിൽ ചാണകമോ വരടിയോ ഉപയോഗിച്ചതായി കാണാൻ സാധിക്കും.
* കോട്ടയിൽ കയറാൻ പ്രവേശന ഫീസ് ഇല്ലെങ്കിലും കോട്ടയുടെ പരിസരത്ത് വാഹനം പാർക്ക് ചെയ്യാൻ ₹100 ഫീസുണ്ട്.
* ജൈന ക്ഷേത്രങ്ങളിൽ കയറാൻ 50 രൂപയും മ്യൂസിയത്തിൽ കയറാൻ 200 രൂപയും നൽകണം.
അങ്ങനെയങ്ങനെ ഒരുപാട് പറയാനുണ്ട് ജയ്സൽമേഡ് കോട്ടയെപ്പറ്റി.
12 വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട കോട്ടയല്ല ഇന്നുള്ളത്. അന്നുണ്ടായിരുന്നതിൻ്റെ പതിന്മടങ്ങ് കടകളും കച്ചവടവും ഇന്ന് കോട്ടയിലുണ്ട്, കോട്ടയ്ക്ക് പുറത്തുമുണ്ട്. കോട്ടയുടെ നല്ലൊരു ഭാഗം ചുമരുകളിലും കയർ വലിച്ച് കെട്ടി വിൽപ്പന സാമഗ്രികൾ തൂക്കിയിട്ട് കോട്ട ആസ്വദിക്കാൻ പറ്റാത്ത തരത്തിൽ ആക്കിയിരിക്കുന്നു.
ധാരാളം നിർമ്മാണങ്ങൾ ഇപ്പോഴും കോട്ട വാസികൾ നടത്തുന്നുണ്ട്. അതിൽ പലതും മഞ്ഞക്കല്ലുകൾക്ക് പകരം സിമന്റും കോൺക്രീറ്റും ഉപയോഗിച്ച് ആയതുകൊണ്ട് കോട്ടയുടെ സൗന്ദര്യത്തിന് കാര്യമായ ഇടിവ് സംഭവിച്ചിരിക്കുന്നു.
അഞ്ച് വർഷം കൂടി കഴിഞ്ഞ് വരുമ്പോൾ ഇതിനേക്കാൾ മോശമായിരിക്കാം കോട്ടയുടെ അവസ്ഥ.
നാളെ ഭാഗിയും ഞാനും പൊക്രാനിലേക്ക് നീങ്ങുന്നു. അവിടേയും ഒരു കോട്ടയുണ്ട്. നാല് ദിവസം നീളുന്ന ഡെസർട്ട് ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നത് അവിടെ നിന്നാണ്. പിന്നീട് അത് ജയ്സൽമേഡിൽ തുടരും.
നാച്ച്ന ഹവേലി ഉടമയും രാജകുടുംബാംഗവുമായ വിക്രം സിങ്ങ് സംഘടിപ്പിക്കാമെന്ന് ഏറ്റിരുന്ന ഫെസ്റ്റിവൽ പാസ്സിനെപ്പറ്റി ഇതുവരെ വിവരമൊന്നും ഇല്ല. അത് കിട്ടിയാലും ഇല്ലെങ്കിലും ഫെസ്റ്റിവൽ ആഘോഷമാക്കുക തന്നെ.
തണുപ്പ് തീരെ കുറഞ്ഞ്, പകൽച്ചൂടിൽ വിയർക്കാനും തുടങ്ങിയിക്കുന്നു. വിചാരിച്ചതിലും നേരത്തേ കേരളത്തിലേക്ക് മടങ്ങേണ്ടി വരുമെന്ന് തോന്നുന്നു. വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ആണെന്നാണ് മനസ്സിലാക്കുന്നത്.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#jaisalmerfort
#motorhomelife
#boleroxlmotorhome