രാവിലത്തെ കർമ്മങ്ങൾ കഴിഞ്ഞ് ഗാന്ധി ചൗക്കിൽ ഒരുവട്ടം നടത്തം, പ്രഭു ടീ സ്റ്റാളിൽ നിന്ന് ഒരു കാപ്പി, ഇങ്ങനെയൊക്കെയാണ് ജയ്സൽമേഡിലെ പ്രഭാതങ്ങൾ മുന്നോട്ട് നീങ്ങുന്നത്. നഗരം ഉണർന്ന് വരുന്നതിന് മുന്നേ, ചെറിയ തണുപ്പ് വാരിപ്പുതച്ചുള്ള ഒരു നടത്തം ഊർജ്ജദായകമാണ്.
പ്രഭു ടീ സ്റ്റാളിൽ ഇന്ന് കണ്ട ഒരു ലഘുഭക്ഷണത്തിൻ്റെ പേര് ദൂത് പിണി. കഴിക്കുന്ന സമയത്ത് പാല് ഒഴിക്കാൻ മഞ്ഞ നിറത്തിലുള്ള പിണി, ഗ്ലാസ്സിൽ നിറച്ച് വെച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.
ചൗക്കിൽ ഭാഗി സ്ഥിരമായി കിടക്കുന്ന സ്ഥലത്ത് കൂടെയാണ് മരുമഹോത്സവത്തിൻ്റെ ഘോഷയാത്ര പോകുക. ആയതിനാൽ അവൾക്ക് രാവിലെ വേറൊരു സ്ഥലം കണ്ടെത്തിക്കോളാൾ ചൗക്കിലെ ഒരു കടക്കാരൻ ഇന്നലെ രാത്രി തന്നെ മുന്നറിയിപ്പ് തന്നിരുന്നു.
ഭാഗിയെ 100 മീറ്റർ അപ്പുറത്തുള്ള പൊലീസ് സ്റ്റേഷന്റെ എതിർവശത്ത് കൊണ്ടുപോയാക്കി ഗഡിസർ തടാകത്തിന്റെ ഭാഗത്തേക്ക് ഞാൻ നടന്ന് എത്തിയപ്പോഴേക്കും ഘോഷയാത്ര പുറപ്പെടാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. ഇന്നലെ പൊക്രാനിൽ കണ്ട ഘോഷയാത്രയുടെ വലിയ പതിപ്പ്. ആദ്യാവസാനം ഘോഷയാത്രയ്ക്കൊപ്പം പൂനം സ്റ്റേഡിയം വരെ നടന്നു.
അൻപതോളം ഒട്ടകങ്ങൾ. BSF ൻ്റെ പ്രശസ്തമായ ഒട്ടകപ്പുറത്തെ ബാൻഡ്, മീശ മത്സരത്തിന് വന്നവരുടെ ഒട്ടകപ്പട, സ്വദേശികൾക്കും വിദേശികൾക്കും വേണ്ടിയുള്ള തലപ്പാവ് കെട്ടൽ മത്സരം, മീശമത്സരം, മിസ്റ്റർ ഡെസർട്ട്, മിസ്സ് ഡെസർട്ട്, എന്നിങ്ങനെയുള്ള പരിപാടികൾക്ക് പുറമേ ഗുജറാത്തിൽ നിന്ന് എത്തിയ കലാകാരന്മാരുടെ പ്രകടനങ്ങൾ കൂടെ ആയപ്പോൾ ദിവസത്തിന്റെ ആദ്യപകുതി പൊടിപൊടിച്ചു. പക്ഷേ, പകൽച്ചൂട് ശരിക്കും വലച്ചു.
ഉച്ചയ്ക്ക് ശേഷമുണ്ടായ അനുഭവം ജീവിതത്തിൽ എപ്പോഴും കിട്ടുന്ന ഒന്നല്ല. മനസ്സ് നിറഞ്ഞ് തുളുമ്പിയ നിമിഷങ്ങൾ.
പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് സംഘാടകരുടെ ചിലവിൽ ഗ്രാമങ്ങളിൽ പോയി തനത് രാജസ്ഥാൻ ഭക്ഷണം കഴിക്കാം. പോകാനും വരാനുമുള്ള വാഹനം പോലും സംഘാടകർ ഏർപ്പാടാക്കിയിട്ടുണ്ട്. വിദേശികളെ മാത്രം ഉദ്ദേശിച്ചുള്ള പരിപാടി ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്തായാലും ശ്രമിച്ച് നോക്കാം എന്ന് കരുതിയപ്പോളേക്കും സമയം 2 മണി. ഞാനടക്കം 6 പേർക്ക് പോകാൻ 16 സീറ്റുള്ള വലിയ വണ്ടിയാണ് വന്നിരിക്കുന്നത്. 53 കിലോമീറ്റർ അപ്പുറം മരുഭൂമിയിലുള്ള, സിയാലോ ബസ്തി എന്ന കുഗ്രാമത്തിലേക്ക് സത്യത്തിൽ ഡ്രൈവർക്ക് പോലും വഴി അറിയില്ല. പലപ്രാവശ്യം ഫോൺ ചെയ്തും വഴിയിൽ കാണുന്നവരോട് ചോദിച്ചും ഗ്രാമത്തിൽ എത്തിയപ്പോൾ 4 മണി.
പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഒരു കൊച്ചു ഗ്രാമം. ടാറിട്ട പാതയൊന്നും ആ ഭാഗത്തെങ്ങുമില്ല. പത്ത് വീടുകളിലായി നാൽപ്പതിൽ താഴെ മനുഷ്യരേ അവിടെയുള്ളൂ. അതിൽ 10 കുട്ടികളാണ്. അവർ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.
നല്ല വിശപ്പ് ഉണ്ടായിരുന്നത് കൊണ്ട് മാത്രമല്ല കേർ സാൻഗ്രി, ബാദരേ കി ചുർമ, ചപ്പാത്തി, ബാദരേ കി റൊട്ടി എന്നീ വിഭവങ്ങൾക്ക് അത്രയും സ്വാദനുഭവിച്ചത്. അതെല്ലാം ശരിക്കും രുചികരമായിരുന്നു. ബാദറി റൊട്ടി കൊണ്ടുള്ള മധുരവും, മോരും എല്ലാം വിളമ്പിയത് പുരുഷന്മാരാണ്. സ്ത്രീകളും കുട്ടികളും പുറത്ത് വന്നത് ഞങ്ങൾ പോകാൻ ഇറങ്ങിയപ്പോളാണ്.
എല്ലാവരേയും തലപ്പാവ് അണിയിച്ചാണ് അവർ യാത്രയാക്കിയത്. ഭദ്രാജുൻ കൊട്ടാരത്തിൽ നിന്ന് കിട്ടിയ തലപ്പാവ് പോലെ തന്നെ പ്രിയമുള്ളതാകുന്നു എനിക്ക് ഈ തലപ്പാവും.
കേരളത്തിൽ ഇങ്ങനെ ഒരു ടൂറിസം പ്രചാരണം എന്തുകൊണ്ട് ആയിക്കൂട എന്ന് ചിന്തിച്ചു പോയി. സൗജന്യമായി വേണ്ട; തുക ഈടാക്കിത്തന്നെ ചെയ്തോളൂ. ഓണക്കാലത്ത് സദ്യ തന്നെ കൊടുത്തുകൂടെ? ഗ്രാമങ്ങളിലെ വീടുകൾക്ക് അതൊരു ചെറിയ വരുമാനവും ആകും.
തിരികെ എത്തിയപ്പോൾ ആറര മണി. കുളിച്ച് വസ്ത്രം മാറ്റി 7 മണിയോടെ വീണ്ടും പൂനം സ്റ്റേഡിയത്തിൽ ചെന്നപ്പോൾ അവിടെ പെപ്പേ ഖാന്റെ സംഗീത വിരുന്ന്.
ഞാൻ അവിടുത്തെ ഒരു സ്റ്റാളിൽ ദരി നെയ്യുന്ന നിമാറാമിന് ഒപ്പം കൂടി. പൂർണ്ണമായും കൈകൊണ്ട് മാത്രം നെയ്യുന്ന ദരിക്ക് എന്തൊരു ഭംഗിയാണ്. 5 x 4 അടിയുടെ ഒരു ദരി നെയ്യാൻ കുറഞ്ഞത് 6 ദിവസം എടുക്കും. 2000 രൂപ, നൂലിന് തന്നെ ചിലവാകും. ആറ് ദിവസം പണിതാൽ കിട്ടുന്നത് വെറും 1500 രൂപ. ആ ദരിയിലെ കലയ്ക്ക് ഒരു വിലയുമില്ലെന്ന് തോന്നിപ്പോയി. ഒരു ഡിസൈൻ പോലും വരച്ച് വെച്ചിട്ടില്ല. എല്ലാം നെയ്ത്തുകാരൻ്റെ മനസ്സിലാണ്, തലച്ചോറിലാണ്, ഭാവനയിലാണ്.
നിമാറാമിന് പാരമ്പര്യമായി കിട്ടിയ തൊഴിലാണിത്. 24 വയസ്സുള്ള അദ്ദേഹത്തിന്റെ മകനും ദരി നെയ്യാനറിയാം. കുടുംബത്തിൽ മൂന്നാളെങ്കിലും നെയ്തില്ലെങ്കിൽ രണ്ടറ്റം മുട്ടില്ല. ഒരു ദരി വാങ്ങാതിരിക്കാൻ എനിക്കായില്ല.
നാളെയും മറ്റന്നാളും പകൽച്ചൂട് എങ്ങനെ താങ്ങുമെന്നറിയില്ല. ഇതാണ് അവസ്ഥയെങ്കിൽ മരുമഹോത്സവ് കഴിഞ്ഞാലുടൻ കേരളത്തിലേക്ക് മടങ്ങാൻ ആലോചനയുണ്ട്. സെപ്റ്റംബറിൽ വീണ്ടും വന്ന് രാജസ്ഥാൻ യാത്ര തുടരാം. ആലോചന തീരുമാനമാകാൻ മറ്റന്നാൾ വരെ സമയമുണ്ട്.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#DesertFestival2024
#motorhomelife
#boleroxlmotorhome
#fortsofrajasthan
#fortsofindia