ഭദ്രാജുനിൽ നിന്ന് ജാലോറിലേക്ക് 50 കിലോമീറ്റർ ദൂരമുണ്ട്. ഭാഗിക്ക് ഒരു മണിക്കൂർ ഓട്ടം.
രാവിലെ പ്രാതൽ തന്ന് ഭദ്രാജുനിൽ നിന്ന് കുന്തൻ സിംഗും കൂട്ടരും എന്നെ യാത്രയാക്കി.
വഴിയിൽ വളരെ വിജനമായ ഒരു സ്ഥലത്ത് ഗജാനന്ദ് കാഷ്യൂ കമ്പനിയും അതിൻെറ ഫാക്ടറി ഔട്ട്ലെറ്റും കണ്ടു. രാജസ്ഥാനിൽ എവിടന്നാണ് കശുവണ്ടി എന്നറിയണമല്ലോ. കടയിൽ തിരക്കിയപ്പോൾ, ആഫ്രിക്കയിൽ നിന്നാണ് അണ്ടി വരുന്നത്. 485 രൂപ MRP യുള്ള 250 ഗ്രാം പാക്കറ്റ് 250 രൂപയ്ക്ക് കിട്ടുന്നത് ലാഭമാണെന്ന് തോന്നി.
ജാലോറിൽ എത്തുന്നതിനു മുൻപ് തന്നെ കോട്ടയെപ്പറ്റി അല്പം ധാരണ ഞാൻ ഉണ്ടാക്കിയിരുന്നു.
* 1200 അടി ഉയരത്തിൽ നിൽക്കുന്ന കോട്ട. അതിൽക്കൂടുതൽ പടികൾ മുകളിലേക്ക് കയറണം കോട്ടയിൽ എത്താൻ. അവിടെ നിന്നുള്ള ജാലോർ നഗരത്തിൻ്റെ ആകാശ ദൃശ്യം മനോഹരമാണ്.
* കോട്ട കയറാൻ ഒരു മണിക്കൂറോളം സമയം വേണം.
* കോട്ടയ്ക്ക് നാല് കവാടങ്ങൾ ഉണ്ട്.
* കോട്ടക്കകത്ത് മസ്ജിദ്, ദർഗ, ഹിന്ദു ക്ഷേത്രങ്ങൾ, ജൈനക്ഷത്രങ്ങൾ എന്നിവ ഉണ്ട്.
* കോട്ടയിൽ വിജയസ്തംഭവും പീരങ്കികളും ഉണ്ട്.
* കോട്ടയ്ക്കകത്തുള്ള കൊട്ടാരം നശിച്ച അവസ്ഥയിലാണ്. ഇപ്പോൾ മിനുക്ക് പണികൾ നടന്നുകൊണ്ടിരിക്കുന്നു.
ഇനി അൽപ്പം കോട്ട ചരിതം….
* സോങ്കാര ചൗഹാൻമാരുടെ ധീരതയുടെ പ്രതീകമാണ് എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ജാലോർ കോട്ട.
* അലാവുദ്ദീൻ ഖിൽജിയെ പോലും ഈ കോട്ടയിൽ തോൽപ്പിച്ച് പ്രശസ്തരായവരാണ് സോങ്കാര ചൗഹാന്മാർ.
* 1181ൽ നാദോൾ യുവരാജാവായിരുന്ന കീർത്തിപാല, ഈ കോട്ട പരമാര രാജാക്കന്മാരിൽ നിന്നും പിടിച്ചടക്കി.
നാലാമത്തെ കവാടം കയറിച്ചെന്നാൽ സമനിരപ്പായി. അവിടെയാണ് ക്ഷേത്രങ്ങളും മസ്ജിദും ജൈനക്ഷേത്രവും വിജയസ്തംഭവും എല്ലാം ഉള്ളത്. അത്യാവശ്യം വെള്ളവും സ്നാക്സും വാങ്ങാൻ പറ്റുന്ന പെട്ടിക്കടകളും അവിടെയുണ്ട്. പക്ഷേ, കയ്യിൽ ആവശ്യത്തിന് വെള്ളം ഇല്ലാതെ ഈ കോട്ട കയറാൻ പോകരുത്, പ്രത്യേകിച്ച് വേനൽക്കാലത്ത്. 1390ൽപ്പരം പടികൾ കയറിയാലേ വെള്ളം കിട്ടുന്ന കടകളിൽ എത്തൂ.
സമനിരപ്പിൽ എത്തിയാലും ധാരാളം നടന്നാലേ ദർഗ്ഗയും പൊളിഞ്ഞ കൊട്ടാരവും ജൈനക്ഷേത്രവും മറ്റും കാണാൻ കഴിയൂ. കയറ്റവും നടത്തവും ചൂടും കാര്യമായിത്തന്നെ എന്നെ വലച്ചു.
താഴേക്ക് മടങ്ങി എത്തിയപ്പോൾ ഭാഗിയെ നിർത്തിയിരുന്ന സ്ഥലത്തേക്ക് എത്താൻ എനിക്ക് കഴിഞ്ഞില്ല. ചെറിയ ചെറിയ വഴികളും മുട്ടിമുട്ടിയുള്ള വീടുകളും ജാലോർ മാർക്കറ്റും എല്ലാം ചേർന്ന ഒരു ചക്രവ്യൂഹമാണ് കോട്ടയുടെ കീഴിലെ പട്ടണം.
ഞാൻ എടുത്ത വീഡിയോ കാണിച്ച് ഗോവിന്ദ് എന്നൊരു വാച്ച് കടക്കാരൻ്റെ സഹായത്തോടെ ഒന്നര മണിക്കൂറോളം തിരഞ്ഞിട്ടാണ് അവസാനം ഭാഗിയെ കണ്ടെത്തിയത്. അത്രയ്ടക്ക് അധികം ഇടവഴികളാൽ സമ്പന്നമാണ് ഈ പ്രദേശം.
സാമാന്യം വലിയ പട്ടണം ആണെങ്കിലും ജാലോറിൽ ഭേദപ്പെട്ട ഒരു റസ്റ്റോറന്റ് പോലും കണ്ടെത്താനായില്ല. ഒരു ഫാസ്റ്റ് ഫുഡ് തട്ടുകടയുടെ പരിസരത്താണ് ഭാഗിക്കുള്ള പാർക്കിങ്ങ് കണ്ടുവെച്ചിരിക്കുന്നത്. രാത്രി, വിത്തും വേരും ചോദിച്ച് പോലീസുകാർ വന്നാൽ എൻ്റെ ഉറക്കം തടസ്സപ്പെട്ടെന്ന് വരും. അങ്ങനെ ഉണ്ടാകില്ലെന്ന പ്രതീക്ഷയോടെ ജാലോറിലെ ഏതോ ഒരു തെരുവിൽ നിന്നും ശുഭരാത്രി കൂട്ടരേ.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofindia
#fortsofrajasthan
#MotorhomeLife
#boleroxlmotorhome