ശ്രീകൃഷ്ണന്റെ സഹോദരി സുഭദ്രയും വില്ലാളി വീരൻ അർജ്ജുനനും അദ്ദേഹത്തിന്റെ വനവാസ ഒളിവ് കാലത്ത്, ദ്വാരകയിൽ നിന്ന് ഓടിപ്പോയി വിവാഹിതരായത് രാജസ്ഥാനിലെ മലമടക്കുകൾക്കുള്ളിൽ ഒരു ചാമുണ്ഡി മാ ക്ഷേത്രത്തിൽ വെച്ചാണ്. പിന്നീട് ആ സ്ഥലം സുഭദ്രാജുൻ എന്നും, പോകെപോകെ ഭദ്രാജുൻ എന്നും അറിയപ്പെട്ടു. ഇതാണ് ഭദ്രാജുൻ എന്ന സ്ഥലത്തിന്റെ പേരിന്റെ പിന്നിലുള്ള ഐതിഹ്യം.
ഭദ്രാജുനിലെ കോട്ടയാണ് എന്നെ ഇങ്ങോട്ട് എത്തിച്ചത്. അതേപ്പറ്റിയുള്ള അത്യാവശ്യ വിവരങ്ങൾ ഇന്നലെ ഞാൻ പങ്കുവെച്ചിരുന്നു.
* ചുറ്റിനും മലകളാണ് നിലവിലുള്ള കവാടത്തിലൂടെ ഭദ്രാജുൻ ഗ്രാമവും കടന്നല്ലാതെ ശത്രുക്കൾക്ക് പോലും കോട്ടയിലേക്കോ കൊട്ടാരത്തിലേക്കോ എത്താനാവില്ല.
* മലമുകളിലായി മൂന്ന് കൊത്തളങ്ങളുണ്ട്. കോട്ടയായി വർത്തിച്ചിരുന്ന കാലത്ത്, വല്ല വിധേനയും മലവഴി കയറി വന്നാലും ആ കൊത്തളങ്ങളിൽ കാവൽ നിന്നിരുന്ന പടയാളികളുടെ കണ്ണ് വെട്ടിച്ച് കൊട്ടാരത്തിൻ്റെ പരിസരത്തേക്ക് വരാൻ പറ്റില്ല.
* നല്ലൊരു ശുദ്ധജല തടാകമുണ്ട് കോട്ടയ്ക്കകത്ത്. ഗ്രാമവാസികൾക്ക് ആവശ്യമുള്ള ശുദ്ധജലം അതിൽ നിന്ന് കിട്ടുമെങ്കിലും സർക്കാരിൻ്റെ കുടിവെള്ള പൈപ്പുകൾ എല്ലാ വീടുകൾക്ക് മുന്നിലൂടെയും കടന്ന് പോകുന്നുണ്ട്.
* ചുറ്റുമുള്ള മലകളിൽ പണ്ട് അപകടകാരികളായ പുള്ളിപ്പുലിയും മറ്റും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കാട്ടുപോത്തുകളും കാട്ടുപന്നികളും മാത്രമാണുള്ളത്. അതിൽ 3 കാട്ടുപോത്തുകളെ ഇന്നെനിക്ക് കാണാനായി.
* കോട്ടയിലെ 12 മുറികൾ ഹെറിറ്റേജ് മുറികളായി ബുക്ക് ചെയ്ത് താമസിക്കാനുള്ള സൗകര്യമുണ്ട്. എല്ലാ മുറികളും വ്യത്യസ്തമാണ്. അതിൽ ഒന്നാം നമ്പർ മുറിയാണ് ഏറ്റവും മനോഹരം. നിറമുള്ള ചില്ലുകളും കണ്ണാടികളും കൊണ്ട് മോടി പിടിപ്പിച്ചതാണ് ആ മുറി.
കോട്ടയുടെ ലൊക്കേഷൻ നോക്കിവെച്ച ശേഷം തെരുവിൽ എവിടെയെങ്കിലും ഭാഗിയെ പാർക്ക് ചെയ്യാമെന്ന് കരുതിയ എനിക്ക്, ഇന്നലെ കോട്ടയ്ക്കകത്തുള്ള കൊട്ടാരത്തിൽ താമസിക്കാനുള്ള അസുലഭ അവസരം ഒത്തുവന്നു.
റാവു മാൽദേവ് റാത്തോഡിൻ്റെ മകനും ചന്ദ്രസെൻ എന്നറിയപ്പെട്ടിരുന്നതുമായ റാവു രത്തൻ സിങ്ങ് ആയിരുന്നു ഭദ്രാജുനിലെ ആദ്യത്തെ ഭരണാധികാരി.
1563ന് ശേഷം റാത്തോഡുകൾക്ക് അവരുടെ തലസ്ഥാനമായ ജോഥ്പൂർ മുഗളന്മാരോട് നഷ്ടപ്പെട്ടെങ്കിലും അവർക്ക് ഭദ്രാജുൻ കൈമോശം വന്നില്ല.
ആ പരമ്പരയിലെ പതിനാറാമത്തെ രാജാവാണ് ഇപ്പോൾ കൊട്ടാരത്തിൽ വസിക്കുന്ന കരൺവീർ സിങ്ങ് റാത്തോഡ്. അദ്ദേഹത്തിൻ്റെ അളിയനെ നമുക്കെല്ലാവർക്കും പരിചയമുണ്ടെന്ന് ഇന്നലെ ഞാൻ സൂചിപ്പിച്ചിരുന്നു. ജയിൽ ഐ. ജി. ആയി സർവ്വീസിൽ നിന്ന് വിരമിച്ച സാക്ഷാൽ ശ്രീ. ഋഷിരാജ് സിങ്ങ് ആണ് ആ വ്യക്തി. ഇന്നലെ യുവരാജാവ് തപസ്വിരാജ് സിങ്ങ് എന്നോട് അക്കാര്യം പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിയിരുന്നു.
ശ്രീ. തപസ്വിരാജ് ആവശ്യപ്പെട്ടത് അനുസരിച്ച് ഇന്നലെ രാത്രി ഞാൻ കൊട്ടാരത്തിൽ തങ്ങി. ഇന്ന് രാവിലെ കൊട്ടാരത്തിൻ്റെ പരിസരത്തുള്ള ഭദ്രാജുൻ ഗ്രാമത്തിലെ 5 കല്യാണങ്ങളിലും രാജസ്ഥാനികളുടെ ‘സോറയ് സാഫ‘ എന്ന തലപ്പാവ് അണിഞ്ഞ് ഞാൻ പങ്കെടുത്തു. കല്യാണ വിഭവങ്ങളുടെ രുചി ആവോളം അറിഞ്ഞു. ഖമൺ, സേവ് ഗാട്ടിയ, പാപ്പട, മസാല ദൂത്, ഉപ്പുമാവ്, ജിലേബി, ഗുലാബ് ജാമൂൻ എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഇതിൽ തനത് രാജസ്ഥാൻ ഭക്ഷണം ഏതൊക്കെ എന്ന് എനിക്ക് വലിയ നിശ്ചയമില്ല. കഴിച്ചതിൻ്റെ പലതിൻ്റേയും പേരും എനിക്കറിയില്ല. മൂക്ക് മുട്ടെ കഴിക്കാതെ നിവൃത്തിയില്ലായിരുന്നു. കാരണം, കൊട്ടാരത്തിൽ നിന്നുള്ള അതിഥിയായി, കൊട്ടാരം മാനേജർ കുന്ദൻ സിങ്ങിൻ്റെ കൂടെയാണ് ഞാൻ ഈ വീടുകളിൽ ചെന്നിട്ടുള്ളത്. എല്ലാവരും രാജാവിന് കൊടുക്കുന്ന ബഹുമാനത്തോടെ കുന്ദൻ സിങ്ങിനെ താണുതൊഴുതുകൊണ്ടിരുന്നു. ചിലർ എന്നേയും തൊഴുതു; ഞാൻ തിരിച്ചും. രാജസ്ഥാൻ പര്യടനം കഴിഞ്ഞാലും കൈകൂപ്പിയുള്ള വണക്കം സ്ഥിരം ശീലമാക്കിയാലോന്ന് എനിക്ക് ആലോചനയുണ്ട്.
ഭദ്രാജുൻ കോട്ടയ്ക്കുള്ളിലെ ഗ്രാമത്തിൽ 100 കുടുംബങ്ങളിലായി 500 പേരോളം വസിക്കുന്നു. പഴയകാലത്ത് രാജാവിൻ്റെ ആവശ്യങ്ങൾക്കായി പലയിടങ്ങളിൽ നിന്നും കൊണ്ടുവന്ന് താമസിപ്പിച്ചിരുന്ന സ്വർണ്ണപ്പണിക്കാർ മുതൽ പൂജാരി വരേയും ചെരുപ്പ്കുത്തി മുതൽ കർഷകൻ വരേയും എല്ലാ വിഭാഗങ്ങളും ഈ 100 കുടുംബങ്ങളിൽ ഉണ്ട്. തൊഴിലായിരുന്നല്ലോ ജാതിക്ക് പിന്നിൽ. അതുകൊണ്ടുതന്നെ എല്ലാ ജാതിക്കാരും ഇക്കൂട്ടത്തിലുണ്ട്. രാജാവിന് ഇന്നും അവരുടെ സേവനം ലഭിച്ച് പോരുന്നു. രാജാവും അവരോട് നല്ല നിലയ്ക്കാണ് പെരുമാറിപ്പോരുന്നത്. കല്യാണങ്ങൾ നടക്കുമ്പോൾ അതിന് വേണ്ട പന്തലുകളും ഊട്ടുപുരയും മറ്റും ഇടുന്നത് രാജാവിൻ്റെ സ്ഥലങ്ങളിലാണ്.
ഗ്രാമവാസികളുടെയെല്ലാം അഡ്രസ്സ് ഗംഭീരമാണ്. കുന്ദൻ സിങ്ങ്, ഭദ്രാജുൻ കോട്ട, രാജസ്ഥാൻ എന്നെഴുതിയാൽ തപാൽ വീട്ടിലെത്തും.
രാജസ്ഥാൻ വിവാഹത്തിൻ്റെ എല്ലാ ചടങ്ങുകളും കുന്ദൻ സിങ്ങ് എനിക്ക് വിവരിച്ച് തന്നു. അതെല്ലാം റെക്കോർഡ് ചെയ്യാനുള്ള അവസരം ഒരുക്കിത്തന്നു. ഉച്ച ഭക്ഷണം കഴിഞ്ഞതും എനിക്ക് നല്ല ഉറക്കം വന്നു. മൂക്കുമുട്ടെ തിന്നാൽ എനിക്കങ്ങനെയാണ്. കൊട്ടാരത്തിലെ ഉദ്യാന ബെഞ്ചിൽ ചാരിയിരുന്നുള്ള ഉറക്കം കഴിഞ്ഞപ്പോൾ വൈകീട്ട് മൂന്ന് മണി. പിന്നീട് കോട്ടയും കൊട്ടാരവുമൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോളേക്കും സൂര്യൻ മങ്ങിത്തുടങ്ങിയിരുന്നു.
അടുത്ത ലക്ഷ്യം 50 കിലോമീറ്റർ അപ്പുറത്തുള്ള ജാലോർ കോട്ടയാണ്. ഒരു മണിക്കൂർ ഓട്ടം കഴിയുമ്പോഴേക്കും ഇരുട്ട് വീഴാൻ സാദ്ധ്യതയുണ്ട്. പക്ഷേ, പോയേ പറ്റൂ. രണ്ടാമത്തെ ദിവസവും കൊട്ടാരത്തിൽ തങ്ങാൻ എനിക്കാരും അനുമതി തന്നിട്ടില്ല.
പക്ഷേ, ഇന്നിനി പോകേണ്ടെന്നും രാവിലെ പ്രാതൽ കഴിച്ചിട്ട് പോയാൽ മതിയെന്നും മാത്രമല്ല, ഇന്ന് രാത്രി 8 മണിക്ക് രാജ്ഞി മഞ്ജുശ്രീ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും കുന്ദൻ സിങ്ങ് അറിയിച്ചു. രോഗിയും വൈദ്യനും ഒരേ ട്രാക്കിൽ! ഇന്ന് കൊട്ടാരത്തിൽ നിന്ന് പോകണമെന്ന് എനിക്കുമില്ല. അങ്ങനെ കൊട്ടാരത്തിൽ രണ്ടാം ദിവസവും തങ്ങാനുള്ള അനുവാദം കിട്ടിയിരിക്കുന്നു. എനിക്കനുവദിച്ചിട്ടുള്ള ഹെറിറ്റേജ് മുറിയിൽ ഇരുന്ന് ഞാനിത് എഴുതുന്നു.
കാര്യം രാവിലെ കല്ല്യാണത്തിന് പോകാനുള്ള തലപ്പാവും ഇടാനുള്ള ഷർട്ടുമൊക്കെ രാജ്ഞി തന്നെങ്കിലും അവരെ ഇതുവരെ ഞാൻ കണ്ടിട്ടില്ലായിരുന്നു. രാജാവിന് നല്ല സുഖമില്ലാത്തതുകൊണ്ട് അദ്ദേഹത്തേയും കണ്ടിരുന്നില്ല. അവരെ, അതായത് ശ്രീ. ഋഷിരാജ് സിങ്ങിൻ്റെ നേർ പെങ്ങളെ കാണാതെ മടങ്ങുന്നത് നഷ്ടമാകും.
രാജകുടുംബാംഗങ്ങൾ താമസിക്കുന്ന ഭാഗത്തേക്ക് സാധാരണ നിലയ്ക്ക് എല്ലാവർക്കും കടന്ന് ചെല്ലാനാവില്ല. മാനേജർ കുന്ദൻ സിങ്ങ് പോലും മണിമുഴക്കി സാന്നിദ്ധ്യം അറിയിച്ചാണ് അങ്ങോട്ട് ചെല്ലുന്നത്. പോരാത്തതിന് കുരച്ച് ബേജാറാക്കുന്ന രണ്ട് ഡാഷ് ഹണ്ടുകളും അവിടെയുണ്ട്.
ഞാൻ ചെല്ലുമ്പോൾ രാജ്ഞിയും യുവരാജാവും സ്വീകരണ മുറിയിൽ എനിക്കായി കാത്തിരിക്കുന്നുണ്ട്. വേഷവിധാനത്തിൽ ഒരു രാജ്ഞിയുടെ കെട്ടും മട്ടും അവർക്കുണ്ട്. പക്ഷേ, യാതൊരു ജാഡകളും ഇല്ലാതെ സാധാരണ ഒരു സ്ത്രീയെപ്പോലെ അവർ എന്നോട് സംസാരിച്ചു, വിശേഷങ്ങൾ തിരക്കി. തുടർന്നങ്ങോട്ട് കാണാനുള്ള കോട്ടകളിൽ പലതിലും എനിക്കുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കാമെന്ന് ഏൽക്കുന്നു. പുഗൽ എന്ന സ്ഥലത്ത് ഋഷിരാജ് സിങ്ങിനുള്ള കോട്ടയും കാണണമെന്ന് പറഞ്ഞ് സ്നേഹപൂർവ്വം അവരെന്ന യാത്രയാക്കി. ഞാൻ രാത്രി നേരത്തേ ഭക്ഷണം കഴിക്കുന്ന ആളാണെന്ന് മനസ്സിലാക്കി എനിക്കുള്ള ഭക്ഷണം പെട്ടെന്ന് തന്നെ ഗാർഡനിൽ എത്തിക്കാൻ ഏർപ്പാട് ചെയ്തു.
യുവരാജാവ് തപസ്വിക്കൊപ്പം പടമെടുത്തെങ്കിലും പരസ്യപ്പെടുത്താതിരുന്നാൽ നന്ന് എന്നദ്ദേഹം അഭ്യർത്ഥിച്ചു. റാണിക്കൊപ്പം പടമെടുക്കുന്നത് നടക്കുന്ന കാര്യമല്ലെന്ന് എനിക്ക് ആദ്യമേ തന്നെ നല്ല ബോദ്ധ്യമുണ്ടായിരുന്നു. പുതിയ കാലത്ത് രജപുത്ര സ്ത്രീകൾ ഖുഘട്ട് ഇടാതെ നിങ്ങൾക്ക് മുന്നിൽ വരുന്നുണ്ടാകാം. പക്ഷേ അവരുടെ പടമെടുത്ത് പൊതുവിടങ്ങളിൽ പരസ്യമാക്കുന്നത് അഭിലഷണീയമല്ല.
നാളെ രാവിലെ ഭദ്രാജുൻ കൊട്ടാരത്തിൽ നിന്നും കോട്ടവളപ്പിൽ നിന്നും ഇറങ്ങും. ഈ അസുലഭ സന്ദർശനത്തിൻ്റെ ഓർമ്മയ്ക്കായി, ഇന്ന് രാവിലെ രാജ്ഞി തന്ന തലപ്പാവും എൻ്റെയൊപ്പം ഒരു സൊവനീറായി കേരത്തിലെത്തും.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofindia
#fortsofrajasthan
#MotorhomeLife
#boleroxlmotorhome