രാവിലെ ഭാഗിയുടെ അടുക്കളയിൽ പ്രാതൽ ഉണ്ടാക്കി കഴിച്ചതിന് ശേഷം സിവനാ കോട്ടയിലേക്ക് തിരിച്ചു. ഭാഗി കിടന്നിടത്തു നിന്ന് കഷ്ടി 1 കിലോമീറ്ററേ ഉള്ളൂ. പക്ഷേ ഗലിയിലെ ഇടുക്കമുള്ള വഴികളിലൂടെ വേണം പോകാൻ. അവസാനത്തെ 600 മീറ്റർ ഭാഗിക്ക് പോകാനുമാകില്ല.
കോട്ടയിലേക്കുള്ള പ്രധാന കവാടത്തിൻ്റെ വലത്തുവശത്ത് പടികൾ കയറിയാൽ വിഷ്ണു ക്ഷേത്രത്തിൽ എത്താം. അതിന് മുകളിൽ ഒരു ക്ഷേത്രം കൂടെ ഉണ്ട്. പക്ഷേ ആ വഴി കോട്ടയിലേക്ക് പോകാനാവില്ല.
കോട്ടയുടെ കവാടം കടന്ന് ചെന്നാൽ അറ്റകുറ്റപ്പണികൾ നടക്കുന്നത് കാണാം. അവിടന്നങ്ങോട്ട് 600 അടിയോളം ഉയരത്തിൽ നിൽക്കുന്ന കോട്ടയിലേക്കുള്ള പടികളാണ്. രണ്ട് കവാടങ്ങളിലൂടെയും അതിനിടയ്ക്ക് കടന്ന് പോകണം. ഒന്ന് വാതിലുള്ളതും ഒന്ന് വാതിൽ ഇല്ലാത്തതും.
* സിവാന കോട്ട നല്ലൊരു ട്രക്കിങ്ങിന് പോന്ന മലയാണ്.
* കോട്ടയ്ക്ക് അകത്ത് കടന്നാലും അതിനുള്ളിൽ നടക്കണമെങ്കിൽ പലയിടത്തും പടികളൊന്നും ഇല്ലാത്ത പാറകളിലൂടെ കുത്തനെ കയറണം.
* കോട്ടയുടെ ഉള്ളിലൂടെയുള്ള സഞ്ചാരം എല്ലായിടത്തും സാദ്ധ്യമല്ല. പക്ഷേ കോട്ടയുടെ മതിൽ ചുറ്റി കോട്ട മുഴുവനും സഞ്ചരിക്കാം.
* ഇത്രയും ഉയരമുള്ള കോട്ടയ്ക്ക് ഉള്ളിൽ മുകൾഭാഗത്ത് നല്ലൊരു ജലാശയം ഉണ്ട്. കോട്ടയിലെ ആവശ്യങ്ങൾക്കുള്ള വെള്ളത്തിന് അത് ധാരാളം മതിയാകും.
* കോട്ടയിൽ നിന്ന് നോക്കിയാൽ ഒരു വശത്ത് സിവാന പട്ടണവും മറുവശത്ത് സിവാന ഗ്രാമത്തിൻ്റെ കൃഷിയിടങ്ങളും കാണാം.
* കോട്ടയിലേക്കുള്ള വഴിയിലെ പന്നി, പട്ടി, പശു, കഴുത എന്നീ മൃഗങ്ങൾ യാതൊരു ശല്യവും ഇല്ലാതെ മനുഷ്യരോട് ഇടപഴകി ജീവിക്കുന്നു. അവറ്റകളുടെ കാഷ്ടം എല്ലായിടത്തുമുള്ളത് ഗ്രാമവാസികൾക്ക് ഒരു വിഷയമേയല്ല.
ഇനി കോട്ടയുടെ ചരിത്രത്തിലേക്ക് കടക്കാം.
* പത്താം നൂറ്റാണ്ടിൽ ഭോജ രാജാവിൻ്റെ മകനും പ്രശസ്തനുമായ വീര നാരായണ പരമാർ ആണ് സിവനാ കോട്ട ഉണ്ടാക്കിയത്.
* 1538 വരെയുള്ള കാലഘട്ടത്തിൽ ജാലോറിലെ സോങ്കാര ചൗഹാന്മാരുടേയും അലാവുദ്ദീൻ ഖിൽജിയുടേയും നിയന്ത്രണത്തിലായിരുന്നു കോട്ട.
* പിന്നീട് റാവു മാൽദേവ് കോട്ട കീഴടക്കി കോട്ടമതിലുകൾ പണിത് കോട്ടയെ ശക്തിപ്പെടുത്തി.
* പിന്നീട് കോട്ട മുഗൾ രാജവംശത്തിൻ്റെ കീഴിൽ ആയെങ്കിലും അക്ബർ ചക്രവർത്തി ഈ കോട്ടയെ മാൽ ദേവിൻ്റെ മകനായ റായ്മലിന് വിട്ടു കൊടുത്തു.
* റയ്മലിൻ്റെ മകനായ കല്ലയുടെ (കല്യാൺ ദാസ്) കാലത്ത് കോട്ട പ്രശസ്തിയിലേക്ക് ഉയർന്നു.
* കല്ലയുമായി പിന്നീട് പിണങ്ങുക വഴി ക്ഷുഭിതനായ അക്ബർ കോട്ട തിരിച്ച് പിടിക്കാൻ അന്നത്തെ ജോഥ്പൂർ രാജാവായ ഉദയ് സിങ്ങിൻ്റെ ചുമതലപ്പെടുത്തുന്നു.
* കോട്ട തിരിച്ച് പിടിക്കാൻ വേണ്ടിയുള്ള ആ യുദ്ധത്തിൽ കല്ല വീറോടെ പോരാടിയെങ്കിലും അവസാനം കൊല്ലപ്പെട്ടു.
* ശത്രുവിന് പിടി കൊടുക്കാതിരിക്കാൻ കല്ലയുടെ രാജ്ഞി, ഹാദി റാണി തൻ്റെ തോഴിമാർക്കൊപ്പം ജോഹർ ആചരിച്ച് ആത്മാഹുതി ചെയ്തു. കോട്ടയ്ക്ക് വേണ്ടിയുള്ള യുദ്ധമായതുകൊണ്ട് അത് നടന്നത് കോട്ടയ്ക്കുള്ളിൽ വെച്ച് തന്നെ ആകാം. അങ്ങനെ ആണെങ്കിൽ ജോഹർ നടന്നത് സിവനാ കോട്ടയ്ക്കുള്ളിൽ വെച്ച് തന്നെ ആകാം. (ഇക്കാര്യത്തിൽ വ്യക്തത വരുത്താനുണ്ട്.) അങ്ങനെയാണെങ്കിൽ റാണി പത്മാവതിയും ആയിരക്കണക്കിന് രജപുത്ര സ്ത്രീകളും ജോഹർ നടത്തിയ ചിറ്റോർഗഡ് കോട്ട പോലെ തന്നെ ജോഹർ നടന്ന മറ്റൊരു കോട്ട എന്ന പ്രാധാനും സിവനാ കോട്ടയ്ക്കുണ്ട്.
കോട്ടയിൽ കയറിയിറങ്ങി ഞാൻ ശരിക്ക് വലഞ്ഞു. കാലത്ത് തണുപ്പും സൂര്യൻ ഉദിച്ച് കഴിഞ്ഞാൽ ചൂടും എന്നതാണ് നിലവിലെ അവസ്ഥ.
രണ്ട് മണി കഴിഞ്ഞു കോട്ടയിൽ നിന്ന് ഇറങ്ങിയപ്പോൾ. താഴെ വന്ന് ഇന്നലെ ഭക്ഷണം കഴിച്ച അതേ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം നേരെ ഭദ്രാജുൻ കോട്ടയെ ലക്ഷ്യമാക്കി ഭാഗിയെ നയിച്ചു.
ഭദ്രാജനിലേക്ക് 6 കിലോമീറ്റർ ബാക്കി നിൽക്കെ ഗോവിന്ദ്പുർ എന്ന സ്ഥലത്ത് വിജനമായ റോഡിൻ്റെ ഒരുഭാഗത്ത് ഒരു ജൈനക്ഷേത്രം കണ്ടു. നാല് നിലകളെങ്കിലും ഉയരമുള്ള മാർബിളിൽ തീർത്ത ആ ക്ഷേത്രം വളരെ ദൂരെ നിന്ന് തന്നെ കാണാം. അതൊന്ന് കയറി കാണാനായി ഞാൻ അങ്ങോട്ട് ചെന്നു. വലിയ ക്ഷേത്രവും പരിസരവുമാണത്. മറ്റൊരു ക്ഷേത്രത്തിൻ്റെ പണികൾ നടക്കുന്നുമുണ്ട്. പടങ്ങൾ എടുക്കരുതെന്ന് മാനേജർ പറഞ്ഞത് ഞാൻ അതേപടി അനുസരിച്ചു. അവിടന്ന് ഇറങ്ങുമ്പോൾ എനിക്ക് കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും സൗകര്യം തരാമോ എന്ന് ചോദിച്ചത് സസന്തോഷം അദ്ദേഹം സമ്മതിച്ചു. ജൈനക്ഷേത്രങ്ങളിൽ സത്രവും ഭക്ഷണവും ഉണ്ടാകുന്നത് പതിവാണെന്ന് ഇതിനകം എനിക്കറിയാം. നമ്മൾ ഇടിച്ച് കയറി ചോദിച്ചാൽ ഇതെല്ലാം കിട്ടും. ഞാനവിടെ സുഖമായി കുളിച്ചു, വസ്ത്രങ്ങൾ എല്ലാം കഴുകി.
ഭദ്രാജുൻ പട്ടണത്തിലേക്ക് കടന്നതും രാത്രി ഭാഗിക്ക് തങ്ങാൻ പറ്റിയ ഇടങ്ങൾ ഞാൻ നോട്ടമിടാൻ തുടങ്ങി. പെട്രോൾ പമ്പ് കണ്ടു, പൊലീസ് സ്റ്റേഷൻ കണ്ടു, ഇടത്തരം ഒരു ഹോട്ടലും റസ്റ്റോറൻ്റും കണ്ടു. എവിടെ തങ്ങണമെന്ന് തീരുമാനിക്കുന്നതിന് മുന്നേ ഒരു കാര്യം കൂടെ ചെയ്യാനുണ്ട്.
ക്യാമ്പ് ചെയ്യുന്നതിന് മുന്നേ നാളെ കാണാനുള്ള ഭദ്രാജുൻ കോട്ട എവിടെയാണെന്ന് നോക്കണം. ആ നീക്കം ചെന്ന് അവസാനിച്ചത് ഒരുപാട് ആശ്ചര്യങ്ങളിലേക്കാണ്.
കോട്ടയുടെ അകത്ത് നിലവിലെ രാജാവ്, രാജാ കരൺവീർ സിങ്ങ് താമസിക്കുന്നുണ്ട്. കോട്ടയും കൊട്ടാരവും കാണാനും പടമെടുക്കാനും അനുവാദം തരണമെന്ന് അദ്ദേഹത്തിൻ്റെ സക്രട്ടറിയെ അറിയിച്ചു. അദ്ദേഹത്തിൻ്റെ മകൻ യുവരാജാ തപസ്വി സിങ്ങ് കൊട്ടാരത്തിൽ നിന്ന് ഇറങ്ങി വന്നു.
കേരളത്തിൽ നിന്നാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ നേർ അമ്മാവൻ കേരളത്തിൽ ജോലി ചെയ്തിരുന്നു എന്ന് പറഞ്ഞു. അതാരാണെന്ന് കേട്ടപ്പോൾ ശരിക്കും ഞെട്ടി. ജയിൽ ഐജി അടക്കം ഒരുപാട് തസ്തികളിൽ ജോലി ചെയ്ത്, റിട്ടയർമെൻ്റിന് ശേഷം കേരളത്തിൽ സ്ഥിരതാമസം ആക്കിയിരിക്കുന്ന നമ്മുടെ സ്വന്തം ശ്രീ. ഋഷിരാജ് സിങ്ങ് Rishi Raj Singh. അദ്ദേഹത്തിൻ്റെ സഹോദരിയുടെ മകനാണ് എൻ്റെ മുന്നിൽ ഇരിക്കുന്നത്. പിന്നെ സംസാരം ശ്രീ ഋഷിരാജ് സിങ്ങിനെക്കുറിച്ചായി. കേരളത്തിൽ മടങ്ങി ചെന്നിട്ട് അദ്ദേഹത്തെ പോയി കാണണം, ഇവിടെ വന്ന കാര്യം അറിയിക്കണം എന്നായി തപസ്വി.
എവിടെയാണ് തങ്ങുന്നതെന്ന് അദ്ദേഹം ചോദിച്ചപ്പോൾ, ഞാൻ ഭാഗിയെ ചൂണ്ടിക്കാണിച്ച് അവളുടെ കഥ പറഞ്ഞു. തെരുവിൽ എവിടെയെങ്കിലും ഒരു സ്ഥലം കണ്ടുപിടിച്ച് അവിടെ കൂടിയിട്ട് നാളെ രാവിലെ കോട്ടയും കൊട്ടാരവും ഷൂട്ട് ചെയ്യാനായി വീണ്ടും വരാമെന്ന് പറഞ്ഞപ്പോൾ, അത് പറ്റില്ലെന്നായി യുവരാജ്. ഇന്നിവിടെ തങ്ങണം, ഭക്ഷണവും ഇവിടന്ന് തന്നെയെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു.
തെരുവിൽ കിടക്കാൻ പോയവൻ, ഇന്നിതാ കൊട്ടാര വളപ്പിൽ ഉറങ്ങാൻ പോകുന്നു. കോട്ടയിൽ കിടക്കണമെന്ന ആഗ്രഹവുമായി നടന്നവൻ, 10 ദിവസത്തിനകം ഇതാ രണ്ടാമത്തെ കോട്ടയിൽ കിടക്കാൻ പോകുന്നു. കൊട്ടാരത്തിൽ, എനിക്കായി വിട്ടുതന്ന പൈതൃക മുറിയിൽ ഇരുന്നാണ് ഇതെഴുതുന്നത്. പക്ഷേ ഞാൻ ഈ മുറിയിൽ കിടക്കുന്നില്ല. ഭാഗിയെ ഒരു ദിവസം പോലും ഒറ്റയ്ക്കാക്കില്ല. ‘കൊട്ടാരത്തിൽ വന്ന ഒരാൾ വാഹനത്തിൽ കിടന്നാൽ എനിക്ക് മോശമല്ലേ‘ എന്ന് രാജാവ് മകനോട് ചോദിച്ചു പോലും! തപസ്വി അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് സക്രട്ടറി വഴി അറിയാൻ കഴിഞ്ഞത്.
താഴെ കോട്ട വളപ്പിൽ 100 വീടുകളിലായി 500 പേർ താമസിക്കുന്നുണ്ട്. ആ വീടുകളിൽ 5 കല്യാണങ്ങളാണ് നാളെ നടക്കുന്നത്. രാജാവിന് നല്ല സുഖമില്ലാത്തതുകൊണ്ട് അദ്ദേഹത്തിൻ്റെ 5 പ്രതിനിധികളാണ് സൽക്കാരത്തിന് പോകുന്നത്. അതിൽ ഒരു പ്രതിനിധിയുടെ കൂടെ കല്യാണവീട്ടിൽ പോയി ഭക്ഷണം കഴിച്ചു. രാജാവ് വന്നത് പോലെയാണ് അവർ പ്രതിനിധികളെ സ്വീകരിക്കുന്നത്. രാജസ്ഥാനിൽ ചെന്ന് ഒരു കല്യാണ സൽക്കാരം കൂടണമെന്ന ആഗ്രഹം രാജകീയമായിത്തന്നെ നടന്നിരിക്കുന്നു.
ആ 5 കല്യാണങ്ങളിൽ ഒന്നിൻ്റെ വരൻ കുതിരപ്പുറത്തേറി കൊട്ടാരത്തിൽ വന്ന് രാജാവിൻ്റെ അനുഗ്രഹം വാങ്ങി പോകുന്നതിന് അൽപ്പം മുൻപ് സാക്ഷിയായി.
ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ പദ്ധതിയിട്ടപ്പോൾ എന്തുകൊണ്ട് കോട്ടകൾ ലക്ഷ്യമാക്കി നീങ്ങുന്നു എന്ന് കുറഞ്ഞത് 10 പേരെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ട്. ഈ യാത്ര കാൽഭാഗമെങ്കിലും അതായത് 200 കോട്ടകളെങ്കിലും കഴിയുമ്പോളേക്കും ഇന്ന് സംഭവിച്ച കാര്യങ്ങളടക്കം ഒട്ടനവധി ഉത്തരങ്ങൾ ആ ചോദ്യങ്ങൾക്ക് കിട്ടിയിട്ടുണ്ടാകും.
ഭദ്രാജുൻ കോട്ടയിൽ നിന്ന് ശുഭരാത്രി കൂട്ടരേ…
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#MotorhomeLife
#boleroxlmotorhome