GIE (English)

രാജസ്ഥാൻ പൊലീസ് പൊക്കി.


222
ന്നലെ രാത്രി കൃത്യം 12:35 ന് രാജസ്ഥാൻ പൊലീസ് പൊക്കി.

രാത്രി, ചമ്പാവാടി ജൈനക്ഷേത്രത്തിന്റെ മതിലിന് വെളിയിലാണ് ഭാഗിയെ പാർക്ക് ചെയ്തത് എന്ന് സൂചിപ്പിച്ചിരുന്നല്ലോ. സത്രവും ഭക്ഷണ സൗകര്യവുമൊക്കെ അതിനകത്ത് ഉണ്ട്. പക്ഷേ, ഇന്ന് അവിടെ ഉത്സവമായതുകൊണ്ട് ഭാഗിക്ക് അകത്ത് പാർക്കിങ്ങ് കിട്ടിയില്ല.

12:30 കഴിഞ്ഞപ്പോൾ ഞാൻ കിടന്നിരുന്നു, പക്ഷേ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ബീക്കൺ വെച്ച ഒരു പോലീസ് ജീപ്പ് എതിർദിശയിൽ നിന്നും വരുന്നത് ശ്രദ്ധിച്ചിരുന്നു. അവർ ഭാഗിയുടെ പിന്നിലൂടെ വളച്ച് സമാന്തരമായി കൊണ്ടു നിർത്തി. ഡ്രൈവ് ചെയ്യുന്ന ഓഫീസർ അടക്കം രണ്ട് പേരാണ് പൊലീസ് വാഹനത്തിൽ.

ഞാൻ കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റിരുന്ന് ഡോർ തുറന്നു.

*കിസ് മാമലേ മേ ഇധർ രുകാ ഹേ?
*കഹാം സേ ആ രഹാ ഹേ?
*കിത്തനേ ആദ്മി ഹേ?
*ഇത്തനേ ദൂർ അകേലേ ഡ്രൈവ് കിയാ?
*നാം ക്യാ ഹേ?
*ഉമ്ര് കിത്തനാ?
*ഹോട്ടൽ മേ റൂം നഹി ലേത്താ?
*ഇസ് കേ അന്തർ ഹി സോത്താ ഹേ?

എന്നിങ്ങനെ ഇടതടവില്ലാതെ ചോദ്യങ്ങൾ. പക്ഷേ, മര്യാദ അൽപ്പം പോലും വിടാതെ, വളരെ സൗമ്യമായി.

യാതൊരു ശങ്കയുമില്ലാതെ, ഞാൻ മറുപടികളും കൊടുത്തു കൊണ്ടിരുന്നു.

അവസാനം പോകാൻ നേരത്ത്…..

“ഇധർ സേഫ് ഹേ. ആരാം സേ സോ ജാ. കൽ സുബഹ് കീലാ മേ ജാനാ. ഗുഡ് നൈറ്റ്.”

32 ദിവസത്തിനിടെ ആദ്യമായാണ് പൊതുനിരത്തിൽ കിടക്കുന്നത്. ഇത് ഹൈവേ ആണ്. 10 സെക്കന്റിൽ ഒരു വാഹനമെങ്കിലും പൊയ്ക്കൊണ്ടിരുന്നു. ചെറിയൊരു വളവുണ്ട് ഇവിടെ. ഡ്രൈവർ ഉറങ്ങിപ്പോയ ഒരു വാഹനം വന്ന് ഇടിച്ച് തെറിപ്പിച്ചാലോ എന്ന ആശങ്ക ഇല്ലാതിരുന്നില്ല. പക്ഷേ, ഇന്നലെ പകൽ പരതിയപ്പോൾ സിവാണയിൽ കിട്ടിയ മികച്ച പാർക്കിങ്ങ് ഇതാണ്. പൊലീസുകാർ വന്ന് അത് സ്ഥിരീകരിക്കുകയും ചെയ്തപ്പോൾ സമാധാനമായി. സുഖമായി ഉറങ്ങി.

ഇനീപ്പോ ഒരു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കഴിച്ചിട്ട് സിവാണ കോട്ട കയറണം. **ആയതിനാലും സുപ്രഭാതം കൂട്ടരേ.

വാൽക്കഷണം:- പഴയ കൊച്ചി മേയർ ടോണി ചമ്മിണി കേസിൽ, കേരളാ പൊലീസ് ഇപ്പോളും തിരഞ്ഞുകൊണ്ടിരിക്കുന്ന പ്രതിയെ, ഒറ്റ രാത്രി കൊണ്ടാണ് രാജസ്ഥാൻ പൊലീസ് പൊക്കിയത്.

(**കടപ്പാട് ശ്രീരാമേട്ടൻ)

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#MotorhomeLife
#boleroxlmotorhome