കോർണ അഡ്വഞ്ചർ ക്യാമ്പിലെ പ്രഭാതം വളരെ നല്ലതായിരുന്നു. ഒരു തോട്ടത്തിന് ഉള്ളിൽ ഉറങ്ങി എഴുന്നേൽക്കുമ്പോൾ പ്രത്യേക ഉന്മേഷമാണ് കിട്ടുന്നത്. രാവിലെ 8 ഡിഗ്രി ആയിരുന്നു തണുപ്പ്.
കുളിക്കാനും അലക്കാനും ഉള്ള സൗകര്യം ക്യാമ്പിൽ ലഭിച്ചു. ഇന്നലെ കഴിച്ച അത്താഴത്തിന്റെ പണം പോലും വാങ്ങാതെ ഗോവിന്ദ് സിങ്ങ് എന്നെ യാത്രയാക്കി. അതിനുമുൻപ് ഞാൻ, പ്രാതൽ ഉണ്ടാക്കുകയും അതിന്റെ രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. രാജസ്ഥാനിൽ, ഇതുപോലുള്ള ഗ്രാമങ്ങളിൽ ബ്രേക്ഫാസ്റ്റ് കിട്ടുക എളുപ്പമുള്ള കാര്യമല്ല.
കോർണ അഡ്വഞ്ചർ ക്യാമ്പിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരമാണ് കോർണ കോട്ടയിലേക്ക്. ഗിരിരാജ സിങ്ങിന്റെ ഭാര്യ വീടാണ് അത്. കോട്ടയ്ക്കകത്തെ ഹവേലിയിൽ അവർ താമസിക്കുന്നുണ്ട്. നിർഭാഗ്യവശാൽ ഞാൻ ചെല്ലുമ്പോൾ അവരെല്ലാവരും ജോഥ്പൂരിൽ പോയിരിക്കുകയാണ്.
എങ്കിലും, ഉടമസ്ഥർ താമസിക്കുന്ന ഭാഗം ഒഴിച്ച് ബാക്കിയുള്ള പ്രദേശങ്ങളെല്ലാം നടന്നു കണ്ടു. കോട്ടയുടെ കുതിര ലായത്തിൽ ഇപ്പോൾ കുതിരകളും പശുക്കളും ഉണ്ട്.
കോട്ടയെപ്പറ്റി കാര്യമായ ചരിത്രമൊന്നും കിട്ടിയില്ല. ഗിരിരാജ് സിങ്ങിനോട് ഒരിക്കൽക്കൂടെ ഫോണിൽ സംസാരിക്കണം എന്തെങ്കിലും ചരിത്രമുണ്ടെങ്കിൽ സംഘടിപ്പിച്ച് തരാൻ പറയണം.
കോട്ടയിൽ നിന്നിറങ്ങി ഗ്രാമം വിടുന്നതിന് മുൻപ്, ഒരു ചെറിയ കടയിൽ നിന്ന് അത്യാവശ്യം മുളക്, സവാള, തക്കാളി എന്നിവയൊക്കെ വാങ്ങി. ചിലപ്പോൾ ഉച്ചയ്ക്കോ രാത്രിയോ വീണ്ടും ഭക്ഷണം ഉണ്ടാക്കേണ്ടി വന്നേക്കാം. ഇനിയങ്ങോട്ട് പോകുന്ന സ്ഥലങ്ങളിൽ ഭക്ഷണം കിട്ടാനുള്ള സൗകര്യമുണ്ടോ എന്ന് എനിക്ക് ഒരു ധാരണയുമില്ല.
ഇനി പോകുന്നത് 100 കിലോമീറ്റർ ദൂരെയുള്ള സിവാണ എന്ന കോട്ടയിലേക്കാണ്. രണ്ടര മണിക്കൂർ ഓട്ടം. അതിനർത്ഥം റോഡ് അത്ര നല്ലതല്ല എന്നാണ്.
ഗ്രാമക്കാഴ്ച്ചകൾ കണ്ടാണ് ഞാൻ നീങ്ങിയിരുന്നത്. ഒരു ആട്ടിടയനേയും അയാളുടെ പത്ത് നാൽപ്പത് ചെമ്മരിയാടുകളേയും കണ്ടു. അയാൾ നീളമുള്ള തോട്ടി കൊണ്ട് ഒരു മരം പിടിച്ചു കുലുക്കുന്നു. അതിൽ നിന്ന് വീഴുന്ന കായകൾ തിന്നാൻ ആടുകൾ ഓടിക്കൂടുന്നു. ഞാൻ ഭാഗിയോട് നിൽക്കാൻ പറഞ്ഞ്, ക്യാമറയും എടുത്ത് ആട്ടിൻ കൂട്ടത്തിനിടയിലേക്ക് ചെന്നു.
മരത്തിൽ നിന്നും വീഴുന്നത് കായകൾ അല്ല. മഞ്ഞനിറത്തിലുള്ള പൂക്കളാണ്. ഞാൻ ആ ദൃശ്യം ക്യാമറയിൽ പകർത്തി. വരണ്ടുണങ്ങിയ ഭൂമിയിലൂടെ എത്രയോ ആടുകൾ ഇങ്ങനെ നടക്കുന്നത് കാണുമ്പോൾ, ഇവറ്റകൾക്ക് എന്താണ് തിന്നാൻ കിട്ടുക എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ആ ചോദ്യത്തിന് ചെറിയ തോതിലെങ്കിലും ഒരുത്തരം കിട്ടി. പൂക്കൾ തീർന്ന് കഴിയുമ്പോൾ ആര്യവേപ്പിന്റെ ചില്ലകൾ മുറിച്ചിട്ട് ആടുകൾക്ക് തിന്നാൻ കൊടുക്കുന്നുണ്ട് ഇടയൻ. അയാളുടെ കാതിലെ കമ്മലുകൾക്ക് എന്ത് ഭംഗിയാണെന്നോ! ഞാൻ അതും ക്യാമറയിൽ പകർത്തി. (ആ വീഡിയോ പിന്നാലെ ഇടാം.)
മാർഗ്ഗമദ്ധ്യേ നാഗനേച്ചി മാതാ മന്ദിർ കണ്ടു. ബാർബിളിൽ തീർത്ത വലിയ ക്ഷേത്രം റോഡിൽ നിന്ന് കണ്ടപ്പോൾ ഒന്ന് കയറിയിട്ട് പോകാമെന്ന് കരുതി. ക്ഷേത്രത്തിന്റെ പണി പൂർണ്ണമായും കഴിഞ്ഞിട്ടില്ല. മാർബിളിൽ ഇപ്പോഴും കൊത്തുപണികൾ നടന്നുകൊണ്ടിരിക്കുകയാണ്. അത് ചെയ്യുന്ന ഒരു കലാകാരനെ പരിചയപ്പെട്ടു. അയാൾ മാർബിളിൽ പെൻസിൽ കൊണ്ട് വരയ്ക്കുന്നു. അതിൽ അയാൾ തന്നെ കൊത്തുപണികൾ ചെയ്യുന്നു. പഴയകാലത്തെ ശില്പ വേലകളുടെ അത്രയും വരുന്നില്ലെങ്കിലും അത് ചെയ്തവരോട് കിടപിടിക്കാൻ പോന്ന ശില്പികൾ ഇപ്പോഴും ഉണ്ടെന്നതിൽ സന്തോഷം.
സിവാണയിൽ എത്തിയപ്പോഴേക്കും രണ്ടു മണി കഴിഞ്ഞു. ഇതൊരു ചെറിയ പട്ടണമാണ് എങ്കിലും കാര്യമായ ഹോട്ടലുകൾ ഒന്നുമില്ല. വൃത്തിയും വെടിപ്പും ഒക്കെ നോക്കാൻ പോയാൽ ചിലപ്പോൾ പട്ടിണി കിടക്കേണ്ടി വരും. തമ്മിൽ ഭേദം തൊമ്മൻ എന്ന് തോന്നിയ ഒരു കടയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു.
ഇവിടെ ചമ്പാവാടി എന്നൊരു ജൈന ക്ഷേത്രം ഉണ്ട്. അവിടെ സഞ്ചാരികൾക്ക് താമസിക്കാനും ഭക്ഷണത്തിനും ഉള്ള സൗകര്യം ഉണ്ടെന്ന് ബോർഡ് വച്ചിട്ടുണ്ട്. നാളത്തെ പ്രഭാത കർമ്മങ്ങൾക്ക് ഒരിടം കിട്ടിയതിന്റെ സന്തോഷത്തിൽ ഞാൻ അകത്തേക്ക് ചെന്നു. പക്ഷേ നാളെ അവിടെ ഉത്സവമായതുകൊണ്ട് എല്ലാ മുറികളിലും ആളുണ്ട്.
തൽക്കാലം ഞാൻ അവരുടെ മതിലിന് വെളിയിൽ റോഡരുകിൽ ഭാഗിയെ ഒതുക്കി. ഇന്ന് ശരിക്കും പെരുവഴി തന്നെ. ഉച്ചഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അത്താഴവും കഴിച്ചു.
നാളെ രാവിലെ സിവാണ കോട്ട കയറണം. സന്ദർശകരൊന്നും ഇല്ലെങ്കിലും, ഇത് ചില്ലറ കോട്ടയല്ല. വലിയ ചരിത്ര സംഭവങ്ങൾ നടന്നിട്ടുണ്ട് സിവാണയിൽ. അത് നാളെ പറയാം.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#boleroxlmotorhome
#fortsofindia
#fortsofrajasthan
#MotorhomeLife