GIE (English)

‘കോർണ’യിൽ


ആഴ്ചയിലെ അവധി എടുത്തിട്ടില്ലായിരുന്നു. അതിന് അവസരം ഒത്തുവരികയും ചെയ്തു.

ജോഥ്പൂർ AIMSൽ ഉപരിപഠനം നടത്തുന്ന, മധുവിന്റേയും കുടുംബത്തിന്റേയും സുഹൃത്ത് അപർണ്ണ വാര്യർ, ഗംഭീര സഞ്ചാരിയാണ്. രാജസ്ഥാന്റെ ചരിത്രം, ഭക്ഷണം, സംസ്കൃതി, ഇങ്ങനെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിയിട്ടുള്ള വ്യക്തി.

അപർണ്ണയോടും മധു കുടുബത്തോടും സംസാരിച്ചിരുന്ന് ഉച്ചയായത് അറിഞ്ഞില്ല. ഊണ് കഴിച്ച് അവിടന്ന് ഇറങ്ങിയപ്പോൾ 2 മണി കഴിഞ്ഞിരുന്നു.

അഞ്ച് കിലോമീറ്റർ അപ്പുറമുള്ള ജാൻഗിഡ് എന്ന ഫർണീച്ചർ കടയിലെ രാജസ്ഥാൻ ഉരുപ്പിടികളുടെ രാജകീയ ഭംഗി ആസ്വദിച്ചും വില തിരക്കിയും കുറച്ചധികം സമയം ചിലവഴിച്ചു.

13

കഴിഞ്ഞ ആഴ്ച്ച ബസ്സി കോട്ടയിൽ വെച്ച് പരിചയപ്പെട്ട ഗിരിരാജ് സിങ്ങ് എന്ന വ്യക്തി, കോർണയിലുള്ള കോട്ട കാണാൻ ക്ഷണിച്ചിരുന്ന കാര്യം സൂചിപ്പിച്ചിരുന്നല്ലോ. ആയതിനാൽ ജോഥ്പൂരിൽ നിന്ന് 54 കിലോമീറ്റർ അപ്പുറത്തുള്ള കോർണയിലേക്ക് പോകാനാണ് ഉദ്ദേശം.

കോട്ടകളുടെ ഓൺലൈൻ ലിസ്റ്റിൽ ഇല്ലാത്ത പേരാണ് കോർണ കോട്ട. രാജസ്ഥാനിൽ അത്തരത്തിൽ നൂറുകണക്കിന് കോട്ടകൾ വേറെയും ഉണ്ടെന്ന്, ഗോവയിലെ കൃഷ്ണ ധാബയിലെ ജീവനക്കാർ പറഞ്ഞത് നല്ല ഓർമ്മയുണ്ട്.

ഒരു മണിക്കൂർ സഞ്ചരിച്ച് വൈകീട്ട് അഞ്ചുമണിയോടെ കോർണ എന്ന കുഗ്രാമത്തിൽ എത്തി. അവസാനത്തെ 10 കിലോമീറ്റർ റോഡ് വളരെ മോശം. 2 കിലോമീറ്റർ വെറും മണ്ണിലൂടെ ഓടി, പാതി അടഞ്ഞ ഒരു ഗേറ്റിന് മുന്നിൽ ഭാഗി നിന്നു. ഒരു പതിനാല് വയസ്സുകാരൻ വന്ന് ഗേറ്റ് തുറന്നു. ഉള്ളിൽ 150 ഏക്കറോളം കടുക് – ഗോതമ്പ് പാടങ്ങളാണ്.

12

അതിനിടയിലൂടെ വീണ്ടും അര കിലോമീറ്റർ ഉള്ളിൽ ഒരു മതിൽക്കെട്ടും ഒരു പഴയ ജീപ്പും കാണാം. ഗിരിരാജ് സിങ്ങിന്റെ മാനേജർ ഗോവിന്ദ് സിങ്ങ് ഒരു കസേരയിട്ട് മതിൽക്കെട്ടിന് വെളിയിൽ ഇരിപ്പുണ്ട്.

കോർണ അഡ്വഞ്ചർ ക്യാമ്പ് എന്നാണ് ഈ പ്രസ്ഥാനത്തിന്റെ പേര്. തൊട്ടടുത്തുള്ള മൈതാനത്ത് പാരാഗ്ലൈഡിങ്, ഗ്രാമത്തിലെ ഇടവഴികളിലൂടെ ഒട്ടകപ്പുറത്ത് സഞ്ചാരം, ജീപ്പ് സഫാരി, എന്നീ പരിപാടികൾ ഇവിടെ നടത്തുന്നുണ്ട്.

14

നാളെ കോർണ കോട്ട കാണാനുള്ള കാര്യങ്ങൾ ഗോവിന്ദ് സിംഗിനോട് ചോദിച്ച് മനസ്സിലാക്കി. കോട്ടയുടെ ചരിത്രം നാളെ സംഘടിപ്പിച്ചു തരാം എന്നാണ് പറഞ്ഞിരിക്കുന്നത്.

കോർണ കൂടാതെ, ജോഥ്പൂർ ഹബ്ബിൽ 5 കോട്ടകൾ കൂടെയാണ് എൻ്റെ ലിസ്റ്റിൽ ഉള്ളത്. പക്ഷേ ഗോവിന്ദ് സിങ്ങ് അതടക്കം 21 കോട്ടുകളുടെ മറ്റൊരു ലിസ്റ്റ് തന്നു. ഗോവയിലെ ധാബക്കാർ പറഞ്ഞത് സത്യമാണെന്ന് ബോദ്ധ്യപ്പെടാൻ തുടങ്ങിയിരിക്കുന്നു.

രാജസ്ഥാനിൽ കല്ലുകൾക്ക് ക്ഷാമമില്ല. പണ്ടുകാലത്ത് അത്യാവശ്യം ചക്രം കൈയിൽ ഉണ്ടായിരുന്നവരൊക്കെ അവരുടെ പരിധിയിൽ ഓരോരോ കോട്ട പണിതിട്ടുണ്ടാകാം.

15

അതിൽ എത്രയെണ്ണത്തിന് എന്തെങ്കിലും ചരിത്രം പറയാനുണ്ട് എന്ന് ഒരു നിശ്ചയവുമില്ല. ഓൺലൈൻ ലിസ്റ്റിലുള്ള കോട്ടകളുടെ ചുവടുപിടിച്ച് മാത്രം പോകുന്നതാകും ഭംഗി എന്ന് തോന്നുന്നു. ഞാൻ ശരിക്കും ആശയക്കുഴപ്പത്തിൽ ആണ്.

ഇരുട്ടു വീണതോടെ ശ്മശാന മൂകതയാണ്. അത് ഭജ്ഞിക്കുന്നത് ചീവീടുകളുടെ ശബ്ദം മാത്രം. ഇടയ്ക്ക് ദൂരെ എവിടെയോ പട്ടികൾ കുരയ്ക്കുന്നുണ്ട്. കുറേ നേരം ഞാനല്ലാതെ ഈ ഇരുട്ടിൽ വേറാരുമില്ല.

അൽപം കഴിഞ്ഞ് ക്യാമ്പിലെ പാചകക്കാരൻ ഭക്ഷണവുമായി വരുമെന്ന് പറഞ്ഞ് പോയ ഗോവിന്ദ് സിങ്ങ് കുറച്ച് കഴിഞ്ഞ് ഫോൺ ചെയ്തു. അവർ രണ്ട് മൂന്ന് പേർ കൃഷിയിടത്തിൽ തീ കാഞ്ഞ് ഇരിപ്പാണ്. വിളകൾക്കിടയിൽ പന്നി ശല്ല്യം രൂക്ഷമാണത്രേ.

തണുപ്പ് തീർച്ചയായും ജോഥ്പൂരിനേക്കാൾ കൂടുതലാണ്. ഞാൻ ഗോവിന്ദ് സിങ്ങിനും കൂട്ടർക്കുമൊപ്പം തീ കായാൻ കൂടുന്നു.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#boleroxlmotorhome
#fortsofrajasthan
#fortsofindia