GIE (English)

മൻണ്ടോർ കോട്ട (#58)


ല്ലാവരും എന്നോട് ക്ഷമിക്കണം. ബോധപൂർവ്വം അല്ലെങ്കിലും, ഇന്നലെ നിങ്ങളെ ഞാൻ ചെറിയ തോതിൽ കബളിപ്പിച്ചിട്ടുണ്ട്. അത് വിശദമാക്കാം.

ഇന്നലെ ഞാൻ പരിചയപ്പെടുത്തിയ ജനന കൊട്ടാരം ഒരർത്ഥത്തിൽ മൻണ്ടോർ എന്ന കോട്ടയുടെ ഭാഗമാണ്. മൻണ്ടോർ മ്യൂസിയം, മൻണ്ടോർ ഗാർഡൻ എന്നിങ്ങനെ പല പേരിൽ ഇത് ഇൻ്റർനെറ്റിൽ കാണിക്കും. അങ്ങനെ സംഭവിച്ചു പോയ ഒരു ആശയക്കുഴപ്പം ആണ്.

മൻണ്ടോർ കോട്ടയുടെ ഭാഗമായ ജനന കൊട്ടാരം ഇന്നലെ ഞാൻ പരിചയപ്പെടുത്തി. ഇന്ന് കോട്ടയുടെ ഭാഗങ്ങൾ കാണാനും ഷൂട്ട് ചെയ്യാനുമായി ഞാൻ വീണ്ടും അങ്ങോട്ട് പോയി.

മാർവാഡ് രാജാവ് റാവു ചുണ്ടയ്ക്ക്, സ്ത്രീധനം കിട്ടിയ കോട്ടയാണിത്. മൻണ്ടോർ ഒരു പുരാതന നഗരമായിരുന്നു. ആറാം നൂറ്റാണ്ടിൽ പ്രതിഹാര രാജവംശമായിരുന്നു ഇവിടം ഭരിച്ചിരുന്നത്. അന്ന് ഈ സ്ഥലം മാണ്ഡവ്യപുര എന്നാണ് അറിയപ്പെട്ടിരുന്നത്.

7

12

20

15

തുക്ലഗ് ഭരണകൂടവുമായി പൊരുതി നിൽക്കാൻ പറ്റാതെ വന്നപ്പോൾ, പ്രതിഹാര രാജവംശം, റാവു ചുണ്ടയ്ക്ക് രാജകുമാരിയെ വിവാഹം ചെയ്ത് കൊടുത്ത് തങ്ങളുടെ ശക്തി വർദ്ധിപ്പിച്ചു. അന്ന് റാവു ചുണ്ടയ്ക്ക് സ്ത്രീധനമായി നൽകിയതാണ് ഈ കോട്ട.

മാർവാഡുകൾ തങ്ങളുടെ തലസ്ഥാനം ജോഥ്പൂരിലേക്ക് മാറ്റുന്നത് വരെ മൻണ്ടോറിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്.

ആദ്യം ഈ പ്രദേശത്ത് ഉണ്ടായിരുന്നത് നാഗരായിരുന്നു. പിന്നെ പ്രതിഹാര വന്നു. പിന്നീട് വന്നത് ചാഹമന. അതിനുശേഷം ഡൽഹി സുൽത്താൻമാരുടെ കയ്യിലായി. അവിടന്ന് മാർവാഡുകളിലേക്ക് എത്തി.

13

14

16

18

ഋഷി മാണ്ടവ്യയുടെ പേരുമായി ബന്ധപ്പെടുത്തിയാണ് മൻണ്ടോർ എന്ന പേരു വന്നതായി കണക്കാക്കുന്നത്.

ഭാഗികമായി നശിച്ച് പോയെങ്കിലും, ജനന കൊട്ടാരത്തിന്റെ ഒരു ഭാഗം പൂർണ്ണമായും വളഞ്ഞുകൊണ്ട് കോട്ട ഇപ്പോഴുമുണ്ട്.

കൊട്ടാരത്തിന്റെ ഭാഗത്തുനിന്നും പ്രധാന കവാടത്തിന്റെ ഭാഗത്തുനിന്നും കോട്ടയിലേക്ക് കടക്കാം. രണ്ടാമത് പറഞ്ഞ ഭാഗത്ത് കൂടെ കടക്കുമ്പോൾ ഒരു ജലാശയത്തിന് മുകളിലുള്ള പാലത്തിലൂടെയാണ് കോട്ടയിലെത്തുക. അവിടെത്തന്നെ ഒരു ദർഗ്ഗ ഉണ്ട്. 800 വർഷത്തോളം പഴക്കമുണ്ട് തൻഹപീർ എന്ന ഈ ദർഗ്ഗയ്ക്ക് എന്ന് പറയപ്പെടുന്നു. ദർഗ്ഗയിൽ നിന്ന് അൽപ്പം മാറി കോട്ടയ്ക്ക് വെളിയിലായി മസ്ജിദും കാണാം.

25

26

22

19

കോട്ടയ്ക്കകത്ത് ശിവൻ, ബ്രഹ്മാവ്, വിഷ്ണു, ചാമുണ്ഡി മാ, എന്നീ ദൈവങ്ങളുടെ ക്ഷേത്രങ്ങളുണ്ട്. ശിവക്ഷേത്രത്തിലും ചാമുണ്ഡി മാ ക്ഷേത്രത്തിലും പൂജകൾ നടക്കുന്നുണ്ട്. പക്ഷേ, ഈ ക്ഷേത്രങ്ങളെല്ലാം ഭാഗികമായോ പൂർണ്ണമായോ നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്.

കൊട്ടാരത്തിന്റെ ഭാഗത്തേക്ക് കടന്നാൽ, അതിനുള്ളിൽ മൻണ്ടോർ മ്യൂസിയമാണ്. അതിന് വെളിയിൽ സ്മൃതി മണ്ഡപങ്ങൾ ധാരാളമുണ്ട്. അതിൽ ജസ്വന്ത് സിങ്ങിൻ്റേയും അജിത് സിങ്ങിൻ്റേയും മണ്ഡപങ്ങൾ സാമാന്യം വലുതാണ്. എല്ലാ മണ്ഡപങ്ങളിലേക്കും ചെരുപ്പ് ഊരിയിട്ട് വേണം കയറാൻ.

വെയിലിൻ്റെ ചൂട് കനത്തിട്ടുണ്ട്. പെട്ടെന്ന് ഷൂട്ടിംഗ് തീർത്ത് ഞാൻ ഹോട്ടൽ ഗൂമറിലെ പാർക്കിങ്ങിൽ എത്തി.

23

24

21

ഏഴു മണി കഴിഞ്ഞതോടെ ഫേസ്ബുക്ക് സുഹൃത്ത് മധു ശിവരാമനും Madhu Sivaraman കുടുംബവും കാണാൻ എത്തി. അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഇന്ന് അത്താഴം. ഭാഗി, ഗൂമർ ഹോട്ടൽ വളപ്പിൽ നിന്ന് മധുവിന്റെ ഫ്ലാറ്റിൻ്റെ മതിൽക്കെട്ടിലേക്ക് വിശ്രമം മാറ്റി.

കൊച്ചിയിൽ നിന്ന് ഈ യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 31 ദിവസം കഴിഞ്ഞു.

നാളെ ജോഥ്പൂർ വിടണമെന്ന് കരുതുന്നു. എങ്ങോട്ടെന്ന് നാളെ പ്രാതൽ കഴിഞ്ഞ് തീരുമാനിക്കാം.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#MotorhomeLife
#boleroxlmotorhome