ജോഥ്പൂരിനോട് വിട പറയാൻ സമയമാകുന്നു. അതിന് മുൻപ് കാണണമെന്ന് കരുതിയിരുന്ന ചില സ്ഥലങ്ങളിലേക്കായിരുന്നു ഇന്നത്തെ യാത്ര.
ആദ്യം പോയത് ‘ഖണ്ട ഘർ’ എന്ന ക്ലോക്ക് ടവറിലേക്കാണ്.
മഹാരാജ സർദാർ സിങ്ങ് (1895-1911) ഇംഗ്ലണ്ടിൽ നിന്ന് വരുത്തിയ ഈ ഘടികാരം മാത്രമായിരുന്നു ഒരു കാലത്ത് ആ പ്രദേശത്തുള്ളവർക്ക് സമയം അറിയാനുള്ള ഏകമാർഗ്ഗം.
1968 മുതൽ ഇന്ന് വരെ, സങ്കീർണമായ ഈ ക്ലോക്കിനെ പരിപാലിച്ച് പോരുന്ന കുടുംബത്തിൻ്റെ രണ്ടാം തലമുറയിലെ ടെക്നീഷ്യനാണ് മുഹമ്മദ് ഇക്ബാൽ. 10 സെപ്റ്റംബർ 2008 മുതൽ അദ്ദേഹം ഈ ക്ലോക്ക് ടവറിൽ ഉണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ഷക്കീലും ഇതിൻെറ പരിപാലനം നടത്തുന്നുണ്ട്.
25 രൂപ ടിക്കറ്റ് എടുത്ത്, പിരിഞ്ഞുപിരിഞ്ഞ് പോകുന്ന പടികളിലൂടെ ക്ലോക്ക് ടവറിന്റെ ഏറ്റവും മുകളിലെത്തി, ക്ലോക്കിന്റെ ടിക് ടിക് ശബ്ദത്തിന് താഴെ ഞാൻ ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു. അപ്പോൾ ശ്രീ മുഹമ്മദ് ഇഖ്ബാൽ കയറിവന്നു. അദ്ദേഹം എനിക്ക് ക്ലോക്കിന്റെ പ്രവർത്തന രീതി പറഞ്ഞുതന്നു. ഞാൻ ഫോട്ടോയും വീഡിയോയും എടുക്കാൻ വിട്ടുപോയ സ്ഥലങ്ങളെല്ലാം കാണിച്ചു തന്നു.
ഈ ക്ലോക്കിനെ പരിപാലിക്കുന്നതിന് പ്രതിമാസം 12000 രൂപയാണ് അദ്ദേഹത്തിൻ്റെ ശമ്പളം. അതുവെച്ച് രണ്ടറ്റവും മുട്ടിക്കാൻ ആവുന്നില്ല എന്ന് അദ്ദേഹത്തിന് പരാതിയുണ്ട്.
മഹാരാജ സർദാർ സിങ്ങിന്റെ ഈ ക്ലോക്ക് ടവർ ഉള്ളതുകൊണ്ട് തന്നെ തൊട്ടടുത്തുള്ള മാർക്കറ്റിന്റെ പേര് സർദാർ മാർക്കറ്റ് എന്നാണ്. ഞാൻ ആ മാർക്കറ്റിലെ ഒരു കടയിൽ നിന്ന് കുത്തി നടക്കാൻ പാകത്തിന്, ഉള്ള് പൊള്ളയല്ലാത്ത ഒരു മുളവടി വാങ്ങി.
മാർക്കറ്റിലൂടെ ഒരു 300 മീറ്റർ കൂടെ നടന്നാൽ ജോഥ്പൂരിലെ മറ്റൊരു ആകർഷണമായ ‘തൂർജി കാ ജാൽറ’ എന്ന പടിക്കിണറിലേക്ക് എത്താം. 1740ൽ മഹാരാജ അഭയ സിങ്ങിന്റെ കാലത്ത്, റാണി തവർജി ആണ് 300 അടിയോളം ആഴമുള്ള ഈ പടിക്കിണർ ഉണ്ടാക്കിയത്. കല്ല്യാണത്തിന് മുന്നും പിന്നുമുള്ള ഷൂട്ടുകളുടെ തിരക്കാണ് അവിടെ.
തൊട്ടടുത്തുള്ള ഒരു ആർട്ട് കഫേയിലെ മാസ്ക്കുകളും മറ്റ് ആക്രികളും എൻ്റെ നിയന്ത്രണം തെറ്റിക്കാൻ പോന്നതായിരുന്നു. അവിടെ ഭക്ഷണം കഴിക്കുകയായിരുന്ന ക്ലാർക്ക് എന്ന അമേരിക്കക്കാരന് എൻ്റെ താടി, നിറം കൊടുത്ത് വെളുപ്പിച്ചതാണോ എന്ന് സംശയം. അദ്ദേഹം എൻ്റെ ഒരു പടമെടുക്കാൻ അനുവാദം ചോദിച്ചു. തിരിച്ച് ഞാൻ അദ്ദേഹത്തിനും പങ്കാളിക്കൊപ്പവും പടമെടുത്തു. പെട്ടെന്ന് ഹർണിയ ശല്ല്യം ചെയ്തത് കൊണ്ട് കേരളത്തിലേക്കുള്ള യാത്ര വെട്ടിച്ചുരുക്കി അമേരിക്കയിലേക്ക് മടങ്ങുകയാണ് രണ്ടാളും.
അടുത്ത ലക്ഷ്യം 8 കിലോമീറ്റർ അപ്പുറത്ത് മൻഡോറിലുള്ള ജനന കൊട്ടാരം ആയിരുന്നു. മഹാരാജ അജിത് സിങ്ങിന്റെ (1707 – 1724) കാലത്താണ് ഈ വേനൽക്കാല കൊട്ടാരം ഉണ്ടാക്കിയത്. ഇന്നത് മൻഡോർ മ്യൂസിയം ആക്കി മാറ്റിയിരിക്കുന്നു. തകർക്കപ്പെട്ട ശില്പങ്ങളും രാജസ്ഥാനിലെ വിവിധയിനം പക്ഷികളെ സ്റ്റഫ് ചെയ്തതും പഴയ രാജാക്കന്മാരുടെ ഛായാ ചിത്രങ്ങളുമെല്ലാം മ്യൂസിയത്തിനെ മോടി പിടിപ്പിക്കുന്നു.
കൊട്ടാരത്തിന്റെ പ്രധാന കെട്ടിടങ്ങളാണ് മ്യൂസിയം ആക്കിയിരിക്കുന്നത്. അത് കൂടാതെ ക്ഷേത്രങ്ങളും തടാകങ്ങളും കൃത്രിമ ഫൗണ്ടനുകളും സ്മൃതി മണ്ഡപങ്ങളും ഒക്കെയുണ്ട്, ഉദ്യാനം പോലെ പരിപാലിച്ചിരിക്കുന്ന കൊട്ടാര വളപ്പിൽ.
ഉച്ചഭക്ഷണം അതിനകത്ത് തന്നെയുള്ള ഒരു റസ്റ്റോറന്റിൽ നിന്ന് കഴിച്ച് ജോഥ്പൂർ പട്ടണത്തിലേക്ക് മടങ്ങി.
ഇന്ന് ഭാരത് രംഗ് മഹോത്സവത്തിന്റെ അഞ്ചാമത്തെ നാടകമായിരുന്നു, അവസാനത്തേതും. കേരളത്തിൽ നിന്ന് മറ്റൊരു സംസ്ഥാനത്ത് പോയി നാല് നാടകങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ കാണുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇന്ന് ‘ദമർ മദർ’ എന്ന ബംഗാളി നാടകമായിരുന്നു. നാല് ദിവസവും അവിടെ ഉണ്ടായ ഒരാളെന്ന നിലക്ക് സംഘാടകരിൽ ചിലർ എൻ്റടുത്ത് ലോഹ്യം കൂടി. ഞാൻ കേരളത്തിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ അവർക്ക് ആശ്ചര്യം.
തണുപ്പ് വല്ലാതെ കുറഞ്ഞിരിക്കുന്നു. പകൽച്ചൂട് തീവ്രമാകുന്നുമുണ്ട്. വാച്ചും മോതിരവും ഉള്ള ഭാഗത്ത് വൈറ്റമിൻ ഡി കിട്ടുന്നില്ല എന്നതുകൊണ്ട് ഇന്ന് മുതൽ അതെല്ലാം ഞാൻ ഉപേക്ഷിക്കുന്നു.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#boleroxlmotorhome
#MotorhomeLife