രാവിലെ ഉമൈദ് ഭവൻ പാലസിലേക്ക് തിരിച്ചു. ഭാഗിക്ക് വെറും അഞ്ച് കിലോമീറ്റർ ഓട്ടം മാത്രം.
നിലവിൽ മാർവാഡ് രാജകുടുംബം താമസിക്കുന്നത് ഈ കൊട്ടാരത്തിലാണ്. മേഹ്റൻഗഡ് കോട്ടയിൽ നിന്നും യശ്വന്ത് താഡയിൽ നിന്നും നോക്കിയാൽ പാലസ് കാണാം.
കൊട്ടാരത്തിൻ്റെ വിശേഷങ്ങൾ ഒരുപാടുണ്ട് പറയാൻ. കൊട്ടാരത്തിൽ ചെന്നപാടെ ദൾപത് എന്ന ഗൈഡിൻ്റെ സേവനം എടുത്തു. ചിറ്റോർഗഡിൽ നിന്ന് വിഭിന്നമായി ജോഥ്പൂരിലെ ഗൈഡുകൾ യാതൊരു തരത്തിലും ശല്യം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്.
* ഇംഗ്ലണ്ടിലെ ബക്കിങ്ങ്ഹാം പാലസ് കഴിഞ്ഞാൽ, ആൾത്താമസമുള്ള ഏറ്റവും വലിയ കൊട്ടാരം.
* 347 മുറികളുള്ള ഈ കൊട്ടാരത്തിന്റെ 70% ഭാഗങ്ങൾ 1978 മുതൽ ടാജ് ഗ്രൂപ്പ് ഹോട്ടലായി നടത്തുന്നു.
* ബാക്കിയുള്ള ഭാഗത്ത് രാജകുടുംബം താമസിക്കുകയും, ചെറിയൊരു ഭാഗത്ത് പൊതുജനത്തിന് കാണാനുള്ള മ്യൂസിയം പ്രവർത്തിക്കുകയും ചെയ്യുന്നു.
* 1929 നവംബർ 18ന് മഹാരാജ ഉമൈദ് സിങ്ങ് നിർമ്മാണം ആരംഭിച്ച കൊട്ടാരത്തിന്റെ പണി കഴിയുന്നത് 1943ൽ.
* നിലവിൽ ഉമൈദ് സിങ്ങിൻ്റെ മകനായ ഗജ് സിങ്ങും കുടുംബവും ഈ കൊട്ടാരത്തിൽ താമസിക്കുന്നു. രാജാവ് അകത്തുണ്ടെങ്കിൽ കൊട്ടാരത്തിന് മുന്നിലുള്ള കൊടി ഉയർന്ന് നിൽക്കും. രാത്രി ഇതേ കാര്യം സൂചിപ്പിക്കാൻ കൊട്ടാരത്തിൻ്റെ മകുടത്തിന് മുകളിലുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കും.
* വരൾച്ച കാരണം നാട് വിടാൻ തുടങ്ങിയ കർഷകരേയും മറ്റ് പ്രജകളേയും പിടിച്ച് നിർത്താൻ ഉമൈദ് സിങ്ങ് രാജാവ് ചെയ്ത അനേകം നിർമ്മിതികളിൽ ഒന്ന്. പ്രജകളില്ലെങ്കിൽ രാജ്യമില്ല, രാജ്യമില്ലെങ്കിൽ രാജാവില്ല എന്ന് മനസ്സിലാക്കിയ മന്നൻ. ഡാമുകൾ, റോഡുകൾ, സ്ക്കൂളുകൾ, മറ്റ് പൊതുകെട്ടിടങ്ങൾ എന്നിവയും ഈ ആവശ്യത്തിലേക്കായി ഉമൈദ് സിങ്ങ് നിർമ്മിച്ചു.
* 3000ൽപ്പരം ജോലിക്കാർ 14 വർഷത്തിലധികം പണിചെയ്ത് പടുത്തുയർത്തിയ കൊട്ടാരം.
* തീവണ്ടിയിൽ ധാരാളം പണിസാധനങ്ങൾ കൊണ്ടുവന്നത് കൂടാതെ നൂറുകണക്കിന് പ്രത്യേക ജോലിക്കാരെ ഫത്തേപ്പൂർ സിക്രിയിൽ നിന്നും കൊണ്ടുവന്നു.
* കൊട്ടാരത്തിൻ്റെ ആർക്കിടെക്റ്റ് ആയി പ്രവർത്തിച്ചത് പ്രശസ്തനായ ആർക്കിടെക്റ്റും ബ്രിട്ടീഷുകാരനുമായ എച്ച്. വി. ലാഞ്ചെസ്റ്റർ.
* നിർമ്മാണച്ചിലവ് 94 ലക്ഷം രൂപ. അണ-പൈ കൃത്യമായി പറഞ്ഞാൽ 94,51,565 രൂപ.
* 26 ഏക്കർ സ്ഥലത്ത് നിലകൊള്ളുന്ന കൊട്ടാരത്തിന് 15 ഉദ്യാനങ്ങളുണ്ട്.
* 50 ലക്ഷം കഴുതപ്പുറത്ത് കയറ്റാവുന്ന മണ്ണ് കൊണ്ടുവന്നു ഉദ്യാനങ്ങൾ നിർമ്മിക്കാൻ.
* 25 ലക്ഷം ക്വിൻ്റൽ ഐസ് ഇതിൻ്റെ നിർമ്മാണത്തിന് ഉപയോഗിച്ചു. നിർമ്മാണത്തിന് എന്തിനാണ് ഐസ് എന്ന് അവസാനം പറയാം.
* 100 ലോഡ് തീവണ്ടി വാഗണിൽ മക്രാണ മാർബിൾ കൊണ്ടുവന്നു.
* 200 ടൺ ഭാരം വരുന്ന15000 അടിയോളം കോപ്പർ വയറുകൾ ഉപയോഗിച്ചു.
* 300 ടൺ കമ്പ്രസറിൻ്റെ എയർ കണ്ടീഷൻ പ്ലാൻ്റ് നിർമ്മിച്ചു.
* കൊട്ടാരത്തിൻ്റെ ആദ്യത്തെ പേർ ചിറ്റാർ ഹിൽ പാലസ് എന്നായിരുന്നു. ചിറ്റാർ കുന്നിലാണ് കൊട്ടാരം നിലകൊള്ളുന്നത്.
* പ്രധാന മകുടത്തിന് 105 അടി ഉയരമുണ്ട്.
* 347 മുറികൾ, ഒരു ദർബാർ ഹാൾ, ഒരു കിരീട മുറി, ഒരു ബാങ്ക്വറ്റ് ഹാൾ, ഒരു ഓഡിറ്റോറിയം, ഒരു ബില്ല്യാർഡ് മുറി, ടെന്നീസ് കോർട്ടുകൾ നാലെണ്ണം, മാർബിൾ സ്ക്വാഷ് റൂമുകൾ രണ്ടെണ്ണം, മാർബിൾ പവലിയൻ, 20 കാറുകൾക്കുള്ള ഗാരേജ് എന്നിങ്ങനെ പോകുന്നു കൊട്ടാരത്തിലെ സൗകര്യങ്ങൾ.
* 60 രൂപ കൊടുത്ത് അകത്ത് കടന്നാൽ, പൊതുജനത്തിന് കാണാൻ അനുവദിച്ചിരിക്കുന്ന മ്യൂസിയത്തിൻ്റെ ഉള്ളിൽ രാമായണത്തിലെ സംഭവങ്ങളുടെ വലിയ പെയിൻ്റിങ്ങുകൾ ചെയ്തിരിക്കുന്നത് ഗ്രീക്ക് – റോമൻ മാതൃകകളിലാണ്. സ്റ്റീഫൻ നോർബ്ലിൻ എന്ന പോളിഷ് കലാകാരനാണ് ആ പെയിൻ്റിങ്ങുകൾ ചെയ്തിരിക്കുന്നത്.
* ഇന്ത്യയിലെ മിക്കവാറും എല്ലാ കൊട്ടാരങ്ങളിലും കാണാറുള്ളത് പോലെ ബെൽജിയത്തിൽ നിന്ന് വന്ന ഗ്ലാസ്സ് പതിപ്പിച്ച ഫർണീച്ചർ, ഇംഗ്ലണ്ട് അടക്കം ലോകത്തിൻ്റെ പലഭാഗങ്ങളിൽ നിന്ന് വന്ന ക്ലോക്കുകൾ, രാജമുദ്ര പതിപ്പിച്ച പാത്രങ്ങൾ, സ്റ്റേഷനറി, എന്നതിനൊക്കെ പുറമേ പോളോയ്ക്ക് നേടിയിട്ടുള്ള കപ്പുകളും സമ്മാനങ്ങളും ഇവിടത്തെ പ്രധാന കാഴ്ച്ചയാണ്. ജോഥ്പൂർ പോളോ ടീം വളരെ പണ്ടേ പ്രശസ്തമാണ്.
* ഡൽഹിക്ക് മുന്നേ തന്നെ ജോഥ്പൂരിന് ഇൻ്റർനാഷണൽ എയർപ്പോർട്ട് സ്ഥാനം ഉണ്ടായിരുന്നു. അതിൻ്റെ കാരണം ഉമൈദ് സിങ്ങിന് സൈന്യത്തിലുള്ള പദവിയാണ്. അദ്ദേഹത്തിന് ഇന്ത്യൻ ആർമിയിൽ ലഫ്റ്റണൻ്റ് ജനറൽ പദവി ഉണ്ടായിരുന്നു.
* പ്രിയങ്ക ചോപ്ര – നിക്ക് ജൊനാസ്, അരുൺ നായർ – എലിസബത്ത് ഹർളി എന്നിങ്ങനെ ധാരാളം ഹോളിവുണ്ട് ബോളിവുഡ് പ്രമുഖരുടെ വിവാഹങ്ങൾ ഇവിടെ നടന്നു. നിതാ അംബാനിയുടെ അൻപതാം പിറന്നാൾ ആഘോഷം നടന്നതും ഇവിടെത്തന്നെ. ഒരു ചെറിയ ഉദ്യാനം ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുക്കാൻ ടാക്സ് അടക്കം മൂന്ന് കോടിയോളം രൂപ ചിലവ് വരും.
* സിമൻ്റോ, സുർക്കിയോ, മോർട്ടാറോ ഒന്നും നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല. എല്ലാ കല്ലുകളും ലോക്ക് ചെയ്യുന്ന തരത്തിലാണ് നിർമ്മാണം.
ഇനി എന്തിനാണ് നിർമ്മാണത്തിന് 25 ലക്ഷം ക്വിൻ്റൽ ഐസ് ഉപയോഗിച്ചതെന്ന് പറയാം. പല കല്ലുകളും കൃത്യമായ സ്ഥാനത്ത് എടുത്ത് വെക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങി. അങ്ങനെയുള്ള സ്ഥലത്ത് ഐസ് വെച്ച് അതിന് മുകളിൽ കല്ലുകൾ താൽക്കാലികമായി വെക്കുകയും ഐസ് ഉരുകുമ്പോൾ കല്ലുകൾ കൃത്യമായ സ്ഥാനത്ത് ചെന്നിരിക്കുകയും ചെയ്യുന്ന സംവിധാനമാണ് നടപ്പാക്കിയത്.
ഉമൈദ് സിങ്ങിൻ്റെ പേരമകനും നിലവിലെ രാജാവുമായ ഗജ് സിങ്ങ് ആണ് ഇപ്പോൾ കൊട്ടാരത്തിൽ കഴിയുന്നത്. ഹാർവാർഡിൽ നിന്ന് ബിരുദം നേടിയിട്ടുള്ള ഗജ് സിങ്ങിൻ്റെ ചെറുപ്പം മുതൽക്കുള്ള സുഹൃത്താണ് ബ്രിട്ടൻ്റെ കിങ്ങ് ചാൾസ്. അവരൊരുമിച്ചുള്ള ചിത്രവും മ്യൂസിയത്തിൽ കാണാം.
ജനങ്ങളോട് വളരെ അടുത്ത് നിൽക്കുന്ന ഗജ് സിങ്ങിനെ അവർ ബാപ്പ്ജി എന്നാണ് വിളിക്കുന്നത്. ഒരു അച്ഛനെപ്പോലെ അദ്ദേഹം ജനങ്ങളുടെ കാര്യങ്ങളിൽ തൽപ്പരനാകുകയും അവർക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്ത് കൊടുത്ത് തുടരുകയും ചെയ്യുന്നതുകൊണ്ടാകാം ജനങ്ങൾ അദ്ദേഹത്തിന് അത്രയും സ്നേഹവും ബഹുമാനവും നൽകുന്നത്.
മേഹ്റൻഗഡ് കോട്ടയിലെ ശൃംഗാർ ചൗക്കിലെ സ്ഥാനാരോഹണ അങ്കണത്തിലെ മാർബിൾ സിംഹാസനത്തിൽ, കുഞ്ഞ് വാൾ അരയിൽ തിരുകി രാജകീയ വേഷത്തിൽ ഇരിക്കുന്ന ഒരു ബാലൻ്റെ നിഷ്ക്കളങ്കവും മനോഹരവുമായ ഒരു ചിത്രമുണ്ട്. ആ ചിത്രത്തിൻ്റെ ബാക്കി ചിത്രങ്ങൾ ചിലത് കൊട്ടാരത്തിൽ കാണാം. സ്ഥാനാരോഹണ സമയത്ത് വെറും നാലുവയസ്സായിരുന്നു ഗജ് സിങ്ങ് എന്ന രാജാവിൻ്റെ പ്രായം. അവിടന്ന് അദ്ദേഹം വളർന്ന് വലുതായി നിൽക്കുന്നത് ജനഹൃദയങ്ങളിലാണെന്ന് മ്യൂസിയത്തിലെ കറക്കം കഴിയുന്നതോടെ ഏതൊരാൾക്കും മനസ്സിലാകും. വരൾച്ച വന്നപ്പോൾ ജനങ്ങൾക്ക് ജോലി നൽകാനായി കൊട്ടാരവും മറ്റ് നിർമ്മിതികളും ഉണ്ടാക്കിയ തൻ്റെ മുത്തച്ഛൻ്റെ സൽപ്പേർ നിലനിർത്തിക്കൊണ്ട് മന്ത്രിമാർ ഭരിക്കുന്ന രാജ്യത്ത് ജനമനസ്സിൽ തുടരുന്നു ഗജ് സിങ്ങ്.
കൊട്ടാരത്തിനകത്ത് ഗംഭീര സൊവനീർ ഷോപ്പുണ്ട്. രാജകീയ പ്രൗഢിയുള്ള ഒരു ഷാളിൽ എൻ്റെ കണ്ണുടക്കി. 2 സ്തീകൾ 3 മാസം സമയമെടുത്ത് നെയ്തുണ്ടാക്കിയ ആ ഷാളിൽ വെള്ളി നൂലുകളും പായിച്ചിട്ടുണ്ട്. എണ്ണായിരം രൂപ നൽകി ആ ഷോൾ സ്വന്തമാക്കാൻ ശ്രമിച്ചാൽ എൻ്റെ യാത്രയുടെ മാസച്ചിലവിൻ്റെ അഞ്ചിലൊന്ന് തീർന്ന് പോകും. ഷാളിൻ്റെ പടമെടുക്കാൻ പോലും അവർ സമ്മതിച്ചില്ല.
കൊട്ടാരത്തിന് വെളിയിൽ കടന്നാൽ വിൻഡേജ് കാറുകളുടെ ശേഖരം കാണാം. പക്ഷേ ചില്ലിട്ട മുറികളിൽ കിടക്കുന്നതുകൊണ്ട് ചില്ലിൻ്റെ പ്രതിബിംബം പടമെടുക്കുന്നതിന് തടസ്സമായി. മോറിസ് കവർ, മോറിസ് മൈനർ, ഓവർലാൻഡ്, ബ്യൂക്ക് റോഡ് മാസ്റ്റർ, കാഡിലാക്, കാഡിലാക് ജോഥ്പൂർ 15, പക്കാർഡ്, റോൾസ് റോയ്സ് ഫാൻ്റ്ം II, റോൾസ് റോയ്സ് ഫാൻ്റം I, എന്നീ വാഹനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചഭക്ഷണത്തിന് മുന്നേ കറക്കം കഴിഞ്ഞു. ഭാഗിയുടെ കട്ടിലിന് അടിയിലുള്ള പ്രത്യേക ബാറ്ററികൾ ജനറേറ്റർ ഉപയോഗിച്ച് ചാർജ്ജ് ചെയ്യുന്ന സമയത്ത്, നാളെ മുതൽ കാണാനുള്ള സ്ഥലങ്ങൾ തീരുമാനിച്ചു. അപ്പോഴേക്കും ഭാരത് രംഗ് മഹോത്സവത്തിൻ്റെ അരങ്ങിൽ നാലാമത്തെ നാടകത്തിന് സമയമായി. ‘സിഹർ ഉഠീ ഥീ മൗത്ത് യഹാം’ എന്ന ഹിന്ദി നാടകമായിരുന്നു ഇന്ന്. ഛത്രപതി സാംബാജിയും ഔറംഗസീബും മറ്റ് ചരിത്ര കഥാപാത്രങ്ങളും സ്റ്റേജിൽ വന്ന് കസറിയ ദിവസം. ഇത്രയും ദൂരം വന്ന് അടുത്തടുത്ത ദിവസങ്ങളിൽ 3 നാടകങ്ങൾ കാണാൻ പറ്റിയത് വലിയ ഭാഗ്യം.
ഇന്നൽപ്പം തണുപ്പ് കൂടുതൽ ഉണ്ട്. രാത്രി വീണ്ടും സ്ലീപ്പിങ്ങ് ബാഗിൽ കയറേണ്ടി വന്നേക്കാം. ശുഭരാത്രി കൂട്ടരേ.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#MotorhomeLife
#boleroxlmotorhome