All posts by Manoj Ravindran

മക്ക്റാണയും കർകേടി കോട്ടയും (ദിവസം # 46 – രാത്രി 10:12)


11
ജസ്ഥാൻ സംസ്ഥാനത്തെ പല പല കേന്ദ്രങ്ങളാക്കി (Hub) തിരിച്ച് അതിൽ ഓരോരോ ഹബ്ബുകളിൽ താമസിക്കാൻ സുരക്ഷിതമായ ഇടം കണ്ടുപിടിച്ച്, അവിടെ നിന്ന് ആ ഹബ്ബിലുള്ള കോട്ടകളും മറ്റ് പ്രധാന സ്ഥലങ്ങൾ കണ്ട് തീർക്കുകയാണ് എൻ്റെ രീതി.
ഉദയ്പൂർ, ജയ്സാൽമീർ, ബാർമർ, പൊക്രാൻ, ജോഥ്പൂർ, കുംബൽഗഡ്, ചിത്തോർഗഡ്, ജാലോർ, ജയ്പൂർ, ബിക്കാനീർ, മൗണ്ട് അബു, സിക്കർ, ജുൻജുനു, പുഷ്ക്കർ എന്നീ പ്രധാന ഹബ്ബുകൾ കഴിഞ്ഞു.

ഇനി ബാക്കിയുള്ളത്, അജ്മീർ, പാലി, ഭിൽവാര, കോട്ട, ബാരൻ, ഭരത്പൂർ, അൽവാർ എന്നീ ഹബ്ബുകളാണ്.

സിക്കറും പരിസരങ്ങളും കണ്ട് തീർന്നതുകൊണ്ട് ഇന്ന് രാവിലെ സിക്കറിൽ നിന്ന് അജ്മീറിലേക്ക് തിരിച്ചു. 170 കിലോമീറ്റർ ദൂരം; മൂന്നര മണിക്കൂർ ഡ്രൈവ്. ഞാൻ പക്ഷേ, ആറ് മണിക്കൂർ എടുക്കാതെ അങ്ങോട്ട് എത്തില്ലെന്ന് നല്ല ഉറപ്പായിരുന്നു. വഴിയിൽ എത്രയെത്ര കമ്പിക്കാലിനോടും തൂണിനോടും വർത്തമാനം പറയാൻ കിടക്കുന്നു! ഗ്രാമീണ കാഴ്ച്ചകൾ വരുമ്പോൾ ഭാഗിയെ ഓരം ചേർത്ത് ആ കാഴ്ച്ചകളുടെ പിന്നാലെ പോകണം.

ഇന്ന് അത്തരത്തിൽ കണ്ട ഒരു രസകരമായ കാഴ്ചയാണ് ബാജ്റയുടെയും നെല്ലിൻ്റേയും കച്ചികൾ നുറുക്കിക്കൂട്ടി ഷൗവ്വൽ ഉപയോഗിച്ച് കൂനയാക്കുന്നത്.

സിക്കർ മുതൽ അജ്മീർ വരെ പൊതുവേ നല്ല റോഡ് ആണ്. പക്ഷേ, രാജസ്ഥാനിലെ സംസ്ഥാന പാതകളിൽ പലയിടത്തും ഫാസ്റ്റ് ടാഗ് ഇല്ലാത്ത ടോൾ ബൂത്തുകൾ ആണുള്ളത്. അതെന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല.

അജ്മീർ എത്താൻ 95 കിലോമീറ്ററോളം ബാക്കിയുള്ളപ്പോൾ, പെട്ടെന്ന് വലത് വശത്തേക്ക് ‘മക്ക്റാണ 7 കിലോമീറ്റർ’ എന്ന് ബോർഡ് കണ്ടു. യൗവനകാലം മുതൽ കേൾക്കുന്ന പേരാണ് മക്ക്റാണ. കേരളത്തിൽ വീടുകൾക്ക് ടൈൽ ഇടുന്നത് നിർത്തി, മാർബിൾ വരാൻ തുടങ്ങിയ കാലത്ത്, ‘മക്ക്റാണയിൽ നിന്നുള്ള മാർബിൾ ആണ് വിരിച്ചത് ‘ എന്നത് ഒരു സ്ഥിരം കേൾവി ആയിരുന്നു.
മക്ക്റാണയിൽ കോട്ടകൾ ഇല്ലെങ്കിലും അതിലൂടെ പോകാതെ, ഈ രാജസ്ഥാൻ പര്യടനം എങ്ങനെ പൂർണ്ണമെന്ന് അവകാശപ്പെടാനാകും? രണ്ടാമത് ഒന്നാലോചിക്കാതെ ഭാഗി മക്ക്റാണയിലേക്ക് തിരിഞ്ഞു.

ആ റോഡിൽ ഇരുവശവും മാർബിൾ കടകളാണ്. അതുകൂടാതെ പ്രതിമകളും ശില്പങ്ങളും തീർക്കുന്ന ധാരാളം കടകൾ വേറെയും. നഗരത്തിന്റെ തിരക്കിലേക്ക് എത്തുന്നതിന് മുൻപ് തന്നെ, പല കടകളിൽ ഞാൻ കയറിയിറങ്ങി. മക്ക്റാണയുടെ ഓർമ്മയ്ക്കായി ഒരു മാർബിൾ ഗ്ലാസ്സും സുഹൃത്തുക്കൾക്കായി നന്നായി പോളിഷ് ചെയ്ത ഡിസൈനുകൾ ഉള്ള വലിയ കല്ലുകളും വാങ്ങി. നാട്ടിലെത്തിയാൽ, ആദ്യം കാണുന്ന 15 ഓൺലൈൻ/ഓഫ്‌ലൈൻ സുഹൃത്തുക്കൾക്കുള്ളതാണ് ആ സുന്ദരൻ കല്ലുകൾ. (നേരിട്ട് കാണണം. ബുക്കിങ്ങ് അത് ഇല്ല.)

ഇത്തരം കടകളിൽ കാണുന്ന മറ്റൊരു ഐറ്റം എന്റെ നിയന്ത്രണം കളയാറുണ്ട്. പാക്കിസ്ഥാനിൽ മാത്രം ഉണ്ടാകുന്ന ഓനക്സ് കല്ലുകളിൽ നിർമ്മിച്ചിട്ടുള്ള ഗ്ലാസുകളും പാത്രങ്ങളും കരകൗശല വസ്തുക്കളും ആണ് അത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായതിനാൽ ഇത്തരം സാധനങ്ങൾ ഇപ്പോൾ പാക്കിസ്ഥാനിൽ നിന്ന് ദുബായിൽ ചെന്ന് അവിടന്നാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലെ ബന്ധുക്കളെ കാണാനും വ്യവസായ ആവശ്യങ്ങൾക്കായി പോകുന്നവരും മറ്റും ചെറിയ തോതിൽ ഇത് കടത്തിക്കൊണ്ട് ഇന്ത്യയിൽ വരാറുമുണ്ട്.

അജ്മീറിലേക്ക് 40 കിലോമീറ്റർ അന്വേഷിക്കുമ്പോൾ, പെട്ടെന്നതാ റോഡിന് എതിർ വശത്ത് ചെറിയൊരു കുന്നിന്റെ മുകളിൽ ഒരു ഗംഭീര കോട്ട! അങ്ങനെയൊരു കോട്ട എന്റെ പട്ടികയിൽ ഇല്ലാത്തതാണ്. “കോട്ട കണ്ടിട്ട് കാണാതെ പോകുന്നോ ഹുക്കും?” എന്ന് ചോദിച്ച് ഭാഗി കിതച്ച് നിന്നു.

ആ സ്ഥലത്തിന്റെ പേര് അന്വേഷിച്ചപ്പോൾ കർകേടി എന്ന് മനസ്സിലാക്കി. കോട്ടയുടെ പേരും അതുതന്നെ. റോഡിൽ നിന്ന് 100 മീറ്റർ നടന്നതും കോട്ടയിലേക്കുള്ള കയറ്റമായി. പക്ഷേ അവിടെ ഇരുന്നിരുന്ന ചെറുപ്പക്കാർ എന്നെ വിലക്കി. “കോട്ടയിലേക്ക് പോകേണ്ട. കുരങ്ങുകളുടെ വലിയ ശല്ല്യമാണ് അതിനകത്ത്. അകത്ത് കയറാൻ സമ്മതിക്കില്ല. ആക്രമിക്കുന്ന സ്വഭാവവും ഉണ്ട്.”
പോരാത്തതിന് മധുമഖിയും ഉണ്ടത്രേ! മധുമഖി എന്ന പേരിൽ ഒരു സുന്ദരി ഉണ്ടെന്ന് കരുതി ഓടിക്കയറിയാൽ പണി കിട്ടും. തേനീച്ചയ്ക്ക് ഹിന്ദിയിൽ പറയുന്നത് മധുമഖി എന്നാണ്.

“ഒന്നുകിൽ കുരങ്ങുകൾ ആക്രമിക്കണം അല്ലെങ്കിൽ മധുമഖികൾ കുത്തണം. അല്ലാതെ എനിക്ക് പിന്തിരിയാനാവില്ല. ഒരു മണിക്കൂർ കഴിഞ്ഞിട്ടും എന്നെ താഴെ കണ്ടില്ലെങ്കിൽ ഒന്ന് മുകളിലേക്ക് വന്നേക്കണേ” എന്ന് പറഞ്ഞ് ഞാൻ കോട്ടയുടെ മുകളിലേക്ക് നടന്നു.

അഞ്ച് മിനിറ്റ് കയറിയാൽ മുകളിൽ എത്താം. പക്ഷേ, ചെറുക്കന്മാർ പറഞ്ഞത് പോലെത്തന്നെ, കുരങ്ങുകൾ കോട്ടയുടെ രണ്ടാമത്തെ കവാടത്തിന്റെ മുൻപിൽ എന്തിനും തയ്യാറായി നിൽക്കുന്നു. ഒന്നാമത്തെ കവാടത്തിൽ എന്നെ കണ്ടതും അവറ്റകൾ കൂട്ടമായി ഓടി വന്നു. ഞാൻ ജീവനും കൊണ്ട് താഴേക്ക്. അഞ്ച് മിനിറ്റിൽ കയറിയ കോട്ട, ഒന്നര മിനിറ്റിൽ താഴെ എത്തി. കുരങ്ങുകളുടെ ആക്രോശം ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.

സത്യത്തിൽ, ലിസ്റ്റിൽ പേരില്ലാത്ത കോട്ടകൾ കാണുമ്പോൾ, അയ്യപ്പനും കോശിയും സിനിമയിലെ കാര്യസ്ഥൻ പറയുന്നതുപോലെ, ‘വേണ്ട നമ്മൾ ഇതിൽ ഇടപെടേണ്ട’ എന്ന് പറഞ്ഞ് മുന്നോട്ടു നീങ്ങുകയാണ് വേണ്ടത്. പക്ഷേ, കോട്ട ആയിപ്പോയില്ലേ? എനിക്ക് ഇടപെട്ടല്ലേ പറ്റൂ.

എന്തായാലും കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് വലിയ ഭാഗ്യം. മധുമഖികൾക്ക് എന്നെ കാണാനോ സ്നേഹിക്കാനോ പറ്റാതെ പോയതിൽ വിഷമം തീർന്നിട്ടുണ്ടാവില്ല.
പിന്നെ ഭാഗി നിന്നത് അജ്മീർ എത്താൻ 10 കിലോമീറ്റർ ബാക്കി ഉള്ളപ്പോഴാണ്. പുഷ്ക്കറിൽ രണ്ടാഴ്ച്ച മുൻപ് വന്നപ്പോൾ തങ്ങിയ ധാബ, വഴിയിൽ പെട്ടെന്ന് തിരിച്ചറിഞ്ഞു. എന്നെക്കണ്ടപ്പോൾ ധാബ ഉടമ ബുട പുസ്ക്കറിന് വലിയ സന്തോഷം. ആദ്യ ദിവസത്തേത് പോലെ കട്ടിലും കസേരയും വലിച്ചിട്ട് അയാൾ സ്വീകരിച്ചു.

കാണാൻ പറ്റിയ കോട്ടകളുടേത് പോലെ തന്നെ, കീഴെ വരെ ചെന്നിട്ട് കയറാൻ പറ്റാതെ പോയതും കോട്ട വാതിലിന് ഉള്ളിലേക്ക് കടക്കാൻ പറ്റാതെ പോയതുമായ കോട്ടകളുടെ വലിയൊരു പട്ടിക ഉണ്ടായെന്ന് വരും ഈ പര്യടനം കഴിയുമ്പോഴേക്കും.

പറ്റുന്നത് പോലെയൊക്കെ ശ്രമിക്കുന്നുണ്ട്. പക്ഷേ, സാഹചര്യങ്ങൾ എതിര് നിൽക്കുന്ന സന്ദർഭങ്ങളിൽ നിരക്ഷരനായ ഒരുവൻ നിസ്സഹായൻ കൂടെയാണ്.

ധാബയുടെ തൊട്ടടുത്ത പുരയിടം ഗോപാൽജി എന്നൊരു സ്വാമിജിക്ക് ആരോ സംഭാവന നൽകി. അദ്ദേഹം അവിടെ ആശ്രമം തുടങ്ങുന്നതിന്റെ ഭാഗമായി ഭജനയും പാട്ടുമൊക്കെ തുടങ്ങിയിട്ടുണ്ട്. അവിച്ചെന്ന്, കുറച്ച് നേരം അത് കേട്ടിരുന്നു. ഭാജ്റ കി റൊട്ടിയും സബ്ജിയും കഴിക്കാനുള്ള സ്വാമിജിയുടെ ക്ഷണം നാളേക്ക് നീട്ടി വാങ്ങി. ഇന്നത്തെ ഭക്ഷണം (ഭേണ്ടി മസാലയും റൊട്ടിയും) 7 മണിക്ക് തന്നെ കഴിച്ചിരുന്നു.

ശുഭരാത്രി.