യാത്ര (Great Indian Expedition) കൊച്ചിയിൽ നിന്ന് മൈസൂർ, ശൂലഗിരി, ബാംഗ്ലൂർ, വഴി ചിത്രദുർഗ്ഗയിൽ എത്തിയ കാര്യം മുൻപത്തെ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ.
ചിത്രദുർഗ്ഗ കോട്ടയുടെ പ്രദേശത്ത് മോട്ടോർ ഹോം പാർക്ക് ചെയ്യാൻ പോയ എന്നോട്, സർക്കാർ സംരംഭമായ മയൂരദുർഗ്ഗ ഹോട്ടലിന്റെ മതിൽക്കെട്ടിനുള്ളിൽ വാഹനം പാർക്ക് ചെയ്യുന്നതാവും ഉചിതമെന്ന്, രണ്ട് പോലീസുകാർ നിർദ്ദേശിച്ച കാര്യവും പറഞ്ഞിരുന്നു.
അത് പ്രകാരം കഴിഞ്ഞ് മൂന്ന് ദിവസം വാഹനം സുരക്ഷിതമാക്കി ഞാൻ തങ്ങിയത് മയൂരദുർഗ്ഗ ഹോട്ടലിന്റെ പുരയിടത്തിലാണ്.
ഇന്ന് രാവിലെ 73 കിലോമീറ്റർ ദൂരെയുള്ള ചന്നഗിരി കോട്ടയിൽ സന്ദർശനവും ചിത്രീകരണവുമെല്ലാം നടത്തി തിരികെ മയൂരദുർഗ്ഗയിലെത്തിയപ്പോൾ കളി മാറിയിരിക്കുന്നു.
മയൂരദുർഗ്ഗയിലെ ഗസ്റ്റ് അല്ലാത്തതുകൊണ്ട് എൻ്റെ വാഹനം അവരുടെ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാൻ പറ്റില്ല എന്നാണ് റിസപ്ഷനിലെ ജീവനക്കാരൻ പറയുന്നത്. മാനേജർ അറിഞ്ഞാൽ അയാളുടെ പണി പോകുമത്രേ!
ഇത് കർണ്ണാടക ടൂറിസത്തിന്റെ ഹോട്ടൽ അല്ലേ? നിങ്ങൾ ടൂറിസം പ്രോത്സാഹിപ്പിക്കേണ്ടതല്ലേ? മാനേജരോട് ഞാൻ സംസാരിക്കാം എന്നെല്ലാം വാചകമടിച്ചു നോക്കി. മാനേജരോട് സംസാരിക്കുകയും ചെയ്തു.
ഗസ്റ്റ് അല്ലാത്തതുകൊണ്ട് എൻ്റെ വാഹനം അകത്തിടാൻ പറ്റില്ല എന്നാണ് മാനേജരുടേയും നിലപാട്.
തർക്കവും പ്രീണനവുമൊക്കെ തുടർന്നു. അവസാനം ഐഡി പ്രൂഫും ഒരു അപേക്ഷയും എഴുതി കൊടുത്താൽ വാഹനം പാർക്ക് ചെയ്യുന്നത് തുടരാം എന്നായി മാനേജർ. പക്ഷേ അപേക്ഷ എഴുതി കൊടുത്തപ്പോൾ റിസപ്ഷനിസ്റ്റ് പയ്യൻ പറയുന്നു ഒരു ദിവസത്തിന് 500 രൂപ വെച്ച് തറവാടക കൊടുക്കണമെന്ന്.
“അത്രയും പൈസ വാഹനം പാർക്ക് ചെയ്യുന്നതിന് തരാൻ പറ്റില്ല, ഞാൻ തൊട്ടുമുന്നിലുള്ള തെരുവിൽ കിടന്നോളാം” എന്ന് കടുംപിടുത്തമായി.
.
₹300 എന്ന് മാനേജർ.
പറ്റില്ലെന്ന് ഞാൻ.
എന്നാൽ ₹200 എന്ന് മാനേജർ.
പറ്റില്ലെന്ന് ഞാൻ.
പിന്നെത്ര തരുമെന്ന് അദ്ദേഹം.
100 രൂപയിൽ കൂടുതൽ പറ്റില്ലെന്ന് ഞാൻ.
ശരി എന്ന് മാനേജർ.
അങ്ങനെ ലേലം ഉറപ്പിച്ചു.
സുരക്ഷിതമായ പാർക്കിങ്ങും ഉറക്കവും, രാവിലെ ടോയ്ലറ്റ് സൗകര്യം, കുളിക്കാനുള്ള സൗകര്യം, അലക്കാനുള്ള സൗകര്യം, റസ്റ്റോറന്റ്, അവിടെ ലാപ്പ്ടോപ്പിൽ ഇരുന്ന് എഡിറ്റിങ്ങ് നടത്താനുള്ള സൗകര്യം, ഇതിനെല്ലാം ചേർത്ത് ₹100 നഷ്ടമല്ല.
പറഞ്ഞുവന്നത്…..
ഈ യാത്ര തുടങ്ങിയ ശേഷം പെട്രോൾ പമ്പിൽ നിന്ന് വണ്ടിയടക്കം എന്നെ ഇറക്കി വിട്ടിട്ടുണ്ട്. “പെട്രോൾ പമ്പിൽ തങ്ങാമല്ലോ” എന്നൊരു തിയറി, കാര്യമായ ഒരു യാത്ര പോലും ചെയ്യാത്തവർ സജസ്റ്റ് ചെയ്ത അനുഭവം ധാരാളമായുണ്ട്. അതൊക്കെ പണ്ട്. ഇപ്പോൾ അവർക്കും സുരക്ഷാപ്രശ്നങ്ങൾ ഉണ്ട്. ചെന്ന് കൂടിയിരിക്കുന്നവൻ ഏത് തരക്കാരൻ ആണെന്ന് അവർക്കറിയില്ലല്ലോ. വെള്ളം എടുക്കാനും ടോയ്‌ലറ്റിൽ പോകാനുമല്ലാതെ ആ ഭാഗത്തേക്ക് ഞാനിപ്പോൾ പോകാറില്ല.
ഭക്ഷണമൊക്കെ കഴിച്ചശേഷം, മുതലാളിയോട് അനുവാദം വാങ്ങി വാഹനം പാർക്ക് ചെയ്ത എന്നെ, ഒരു റസ്റ്റോറന്റിലെ പാർക്കിങ്ങിൽ നിന്ന് വണ്ടിയടക്കം ഇറക്കി വിട്ടിട്ടുണ്ട്. ആ സംഭവം ഗോവയിൽ വെച്ചായിരുന്നു. രാത്രി 01:30 മണിക്ക് ഉറക്കച്ചടവിൽ, 13 കിലോമീറ്റർ അപ്പുറത്ത് വേറൊരു സ്ഥലം കണ്ടുപിടിക്കാൻ പറ്റിയത് ഗോവ ആയതുകൊണ്ട് മാത്രമാണ്.
ഇന്നിതാ കർണ്ണാടക ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഹോട്ടലിൽ, ഇറക്കിവിടലിന്റെ വക്ക് വരെ എത്തി.
ഇതുവരെയുള്ള അനുഭവങ്ങൾ വെച്ച് പറയട്ടെ…
നമ്മുടെ രാജ്യത്ത് കാരവൻ ടൂറിസം പച്ചപിടിക്കാൻ ഇത്തിരി പാടാണ്. അതിന് പല കാരണങ്ങളുണ്ട്.
1. കൊച്ചു വാഹനങ്ങൾ കാരവാൻ ആക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം ആലോചിച്ചിട്ട് പോലും ഇല്ല. ടെമ്പോ ട്രാവലർ മുതൽ മുകളിലേക്ക് മാത്രമേ വകുപ്പുള്ളൂ. എൻ്റെ വാഹനം ഏത് നിമിഷവും ഏത് സ്റ്റേറ്റിൽ വേണമെങ്കിലും പിടിക്കപ്പെടാം. പിടിച്ചാൽ അവര് പറയുന്നത് പോലെ വഴങ്ങുമെന്നല്ലാതെ യാതൊരു തർക്കത്തിനുമില്ല. ചെറിയ വാഹനങ്ങൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇല്ലാത്തതുകൊണ്ട് മാത്രം ഇങ്ങനെ ചെയ്തതാണ്. ഏതൊരു വാഹനവും കാരവാൻ ആക്കി മറ്റ് രാജ്യങ്ങളിലെ ജനങ്ങൾ ലോകം മുഴുവൻ യാത്ര ചെയ്യുമ്പോൾ, ഇന്ത്യയിൽ അത് പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ എത് കാലത്ത് സംഭവിക്കുമെന്ന് ഒരു ഊഹം പോലുമില്ല.
2. മുകളിൽ പറഞ്ഞ കാര്യങ്ങൾ ഇന്നാട്ടിൽ സംഭവിച്ചാലും കാരവാൻ പാർക്കുകൾ 100 കിലോമീറ്ററിനുള്ളിൽ ഒരെണ്ണം വീതം വരാതെ ഈ പരിപാടി ഒരു തരത്തിലും മേൽഗതി പ്രാപിക്കില്ല. കേരളത്തിൽ കാരവാൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നു എന്നൊരു പറച്ചിലുണ്ട്. അത് പക്ഷേ സർക്കാർ തയ്യാറാക്കി ഇട്ടിരിക്കുന്ന കാരവാനുകൾ വാടകയ്ക്ക് എടുത്ത് കറങ്ങുന്ന കാര്യമാണ്. കേരളത്തിൽ കാരവാൻ പാർക്കുകൾ രണ്ടെണ്ണം വന്നത് പൂട്ടിപ്പോയെന്നാണ് എൻ്റെ അറിവ്. മൂന്നാമത് ഒരെണ്ണം വാഗമൺ പരിസരത്ത് തയ്യാറാകുന്നുണ്ട്. കൊച്ചിയിലും കോഴിക്കോടും തൃശൂരും തിരുവനന്തപുരത്തും ഓരോ കാരവാൻ പാർക്കുകളെങ്കിലും വരാതെ വാഗമണ്ണിൽ മാത്രം വന്നിട്ടെന്ത് കാര്യം?
3. പാശ്ചാത്യരാജ്യങ്ങളിൽ പലയിടത്തും, മിക്കവാറും സമയം, തെറ്റില്ലാത്ത കാലാവസ്ഥയാണ്. അവർക്ക് കാരവാൻ പാർക്കുകളും ഉണ്ട്. അതുകൊണ്ട് തന്നെ അവർക്ക് നല്ല രീതിയിൽ കാരവാൻ ലൈഫ് സാധിക്കും. തണുപ്പത്ത് വാൻ ജീവിതം നടക്കും. പക്ഷേ, നല്ല ചൂട്, മഴ, കാലങ്ങളിൽ കാരവാൻ യാത്രകൾ സത്യത്തിൽ വലിയ തലവേദനയാണ്. ഗോവയിലെ 43 ദിവസങ്ങളിൽ 20 ദിവസത്തോളം നല്ല മഴയായിരുന്നു. അതെന്നെ വല്ലാതെ വലച്ചിരുന്നു അന്ന്.
4. മുകളിലെ പ്രശ്നങ്ങളെ സഹകരണം കൊണ്ടേ തൽക്കാലികമായെങ്കിലും നേരിടാൻ പറ്റൂ. അപ്പോഴാണ് സഹകരിക്കേണ്ടവർ കാരവാനുകാരെ ഇറക്കി വിടുന്ന അനുഭവങ്ങൾ.
5. ഇതിനൊക്കെ പുറമെയാണ് കാരവൻ സംസ്ക്കാരം. വാഹനത്തിനുള്ളിൽ എന്ത് നടക്കുന്നു എന്ന ജിജ്ഞാസ നമുക്കുണ്ടെങ്കിൽ, മേൽപ്പടി സംസ്ക്കാരം നമുക്കില്ല എന്നാണർത്ഥം. കൂടുതൽ അതേപ്പറ്റി പറയേണ്ടതില്ലല്ലോ.
ഈ രാജ്യത്ത് കാരവൻ ടൂറിസവും കാരവൻ സംസ്ക്കാരവും കാരവാനുകൾ തന്നെയും ഉണ്ടായി വരാൻ ഇനിയും ഒരുപാട് സമയമെടുക്കും. അപ്പോഴേക്കും മറ്റ് രാജ്യങ്ങളിലെ ജനങ്ങൾ അന്യഗ്രഹങ്ങളിലേക്ക് സ്വന്തം കാരവാനുമായി പോകാൻ തുടങ്ങിട്ടുണ്ടാണും.
ചിത്രം:- സുഹൃത്ത് ഷിഹാബിൻ്റെ ശൂലഗിരിയിലെ തോട്ടത്തിൽ മോട്ടോർ ഹോം പാർക്ക് ചെയ്തിരിക്കുന്നു.
#gie_by_niraksharan
#greatindianexpedition
#boleroxl_motor_home