പലവട്ടം ഇവിടെ പറഞ്ഞിട്ടുള്ള കാര്യമാണ്. ഒന്നുകൂടെ പറയേണ്ട സാഹചര്യം വന്നതുകൊണ്ട് പറയുന്നു. മുൻപ് പറഞ്ഞപ്പോൾ എല്ലാവരും കണ്ടിരിക്കണമെന്നില്ലല്ലോ, ഇനിയും കാണണമെന്നില്ല. ആയതിനാൽ ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരിക്കും. മുൻപ് കണ്ടിട്ടുള്ളവർക്ക് അലോഹ്യമൊന്നും പാടില്ലെന്ന് മുൻകൂർ ജാമ്യമെടുത്തുകൊണ്ട് മുഖവുര അവസാനിപ്പിക്കുന്നു.
മുൻപ് യാതൊരു പരിചയവും ഇല്ലാത്ത ഒരാൾ ഫേസ്ബുക്ക് ഇൻബോക്സിലോ, (ഫോൺ നമ്പർ എവിടെന്നെങ്കിലും സംഘടിപ്പിച്ച്) വാട്ട്സ് ആപ്പിലോ വന്ന്, ഹലോ, ഹായ് എന്നൊക്കെ പറഞ്ഞാൽ ഞാൻ മറുപടി തരില്ല. ഒരു മെസ്സേജ് അയക്കാനുണ്ടെങ്കിൽ അതിനുള്ള സ്ഥലമാണത്. ചാറ്റ് ബോക്സ് അല്ല. പറയാനുള്ളത് പൂർണ്ണമായും പറയുക. 24 മണിക്കൂറിനകം ഏതൊരു അപരിചിതർക്കും ഞാൻ മറുപടി തന്നിരിക്കും.
കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ ആദ്യം പഠിച്ച ഒരു കാര്യം ഹാൻഡ് ഷേക്ക് എന്ന സംഭവമാണ്. അതായത്, രണ്ട് അറ്റത്ത് നിൽക്കുന്നവർ തമ്മിൽ യാതൊരു പരിചയവും ഇല്ലാത്തവരാണെങ്കിൽ അവർക്കിടയിൽ ഒരു ഹാൻഡ് ഷേക്ക് ഉണ്ടാകണം. ഫോൺ ചെയ്യുമ്പോൾ പറയുന്ന ‘ഹലോ‘ ആ ഹാൻഡ് ഷേയ്ക്ക് ആണ്. മൊബൈൽ ഫോണുകൾ വന്നപ്പോൾ, സേവ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നാണ് വിളി വരുന്നതെങ്കിൽ ആ ‘ഹലോ‘ ഹാൻഡ് ഷേയ്ക്കിൻ്റെ ആവശ്യം പോലും ഇല്ലാതായി. പക്ഷേ, പരിചയമില്ലാത്ത നമ്പറിൽ നിന്ന് വിളി വന്നാൽ ‘ഹലോ‘ എന്ന ഹാൻഡ് ഷേയ്ക്ക് ഇപ്പോഴും ആവശ്യമാണ്.
മെസഞ്ചർ, വാട്ട്സ് ആപ്പ്, ഈ-മെയിൽ എന്നിവയൊക്കെ ഒരു സന്ദേശം കൈമാറാനുള്ള സംവിധാനമായാണ് ഞാൻ കാണുന്നത്. ഏത് പ്രായക്കാർക്കും ജെൻഡറുകാർക്കും എൻ്റെ പേർ മാത്രം സംബോധന ചെയ്തുകൊണ്ട് പറയാനുള്ള കാര്യം പറയാം, ചോദിക്കാനുള്ളത് ചോദിക്കാം. ഇതൊന്നും ചാറ്റ് ബോക്സായി ഞാൻ കണക്കാക്കുന്നില്ല. ഹലോ പറഞ്ഞ് അതിന് മറുപടി ഹലോ കിട്ടി, സംസാരം തുടരുമ്പോൾ അതൊരു ചാറ്റ് ബോക്സ് ആയി മാറുന്നു. ആ പരിപാടിക്ക് ഞാനില്ല. പ്രത്യേകിച്ചും അപരിചിതരോട്. ഫേസ്ബുക്ക് പ്രൊഫൈലിൽ സ്വന്തം വിവരങ്ങൾ നൽകാത്തവർക്കും ഞാൻ ഫോൺ നമ്പർ തരില്ല. നിങ്ങൾ അനോണിമസ് ആയി നിന്നുകൊണ്ട് എന്നോട് സംസാരിക്കണമെന്ന് ദയവുചെയ്ത് ശഠിക്കരുത്.
വിനിമയ സംവിധാനങ്ങൾ പുരോഗമിച്ചതോടെ നമ്മൾ സാമാന്യമര്യാദകൾ മറന്നെങ്കിൽ കുഴപ്പമുണ്ടെന്ന് ഞാൻ പറയില്ല. പക്ഷേ, അങ്ങനെ മറന്നവരുമായി അവരുടെ താളത്തിന് ചുവട് വെക്കാൻ ഞാനില്ലെന്ന് മാത്രം.
ഇത്രയും ഇപ്പോൾ പറയാൻ കാരണം. ഇക്കഴിഞ്ഞ ദിവസം, ഫോൺ നമ്പർ തരാമോ എന്ന് ചോദിച്ച് ഒരു വ്യക്തി മെസ്സേജ് അയച്ചിരുന്നു. ഒരു അപരിചിതന് ഇടിപിടീന്ന് ഫോൺ നമ്പർ നൽകാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. എനിക്ക്100 കോടി രൂപ ട്രാൻസ്ഫർ ചെയ്യാനായി ബാങ്ക് ഡീറ്റേയിൽസ് ചോദിക്കാൻ വേണ്ടി നമ്പർ ചോദിച്ചതാണെങ്കിൽപ്പോലും ഞാൻ നമ്പർ തരില്ല.
ഒന്നോ രണ്ടോ ദിവസം കാത്തിരുന്നതിന് ശേഷം ആ സുഹൃത്ത് തുരുതുരാ മെസഞ്ചറിൽ വിളിച്ചു. മെസഞ്ചറിൽ വിളിച്ചാൽ ഫോൺ അനങ്ങുക പോലും ചെയ്യാത്ത സെറ്റപ്പാണ് എൻ്റേത്. ഇനി അഥവാ അനങ്ങിയാലും പരിചയക്കാർ ആരെങ്കിലും ആണെങ്കിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെന്ന് മനസ്സിലാക്കി ചിലപ്പോൾ എടുത്തെന്ന് വരും. പരിചയക്കാർ മെസഞ്ചർ വിളി സ്ഥിരം പരിപാടി ആക്കിയാൽ അവരുടെ വിളികളും എടുക്കില്ല.
മേൽപ്പടി സുഹൃത്തിന് എന്തോ എന്നോട് പറയാനുണ്ട്. അത് മെസഞ്ചറിൽ ഒരു വോയ്സ് മെസ്സേജ് ആയിപ്പോലും ഇടാതെ നേരിട്ട് നമ്പർ ചോദിക്കുന്നതും മെസഞ്ചറിൽ വിളിക്കുന്നതുമൊക്കെ കമ്മ്യൂണിക്കേഷൻ എത്തിക്സ് ആയി കണക്കാക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ആയതിനാൽ അദ്ദേഹത്തിൻ്റേയോ അത്തരം ആൾക്കാരുടേയോ അതുപോലുള്ള ശ്രമങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല.
ഇത് ജാഡയായിട്ട് വേണമെങ്കിൽ വ്യാഖ്യാനിക്കാം. ഏതൊരു അപരിചിതനും ഒരു സന്ദേശം അയച്ചാൽ 24 മണിക്കൂറിനകം മറുപടി തന്നിരിക്കുമെന്ന് പറയുന്ന ഒരാളുടെ വാക്കുകൾ നിങ്ങൾ മനസ്സിലാക്കുന്നത് ജാഡ എന്ന നിലയ്ക്കാണെങ്കിൽ അങ്ങനെ തന്നെ.
ചില മര്യാദകൾ പാലിക്കാനുള്ളത് തന്നെയാണ്. നിങ്ങൾ പാലിച്ചില്ലെങ്കിലും മറുവശത്തുള്ളയാൾക്ക് അത് പാലിക്കപ്പെടണമെന്ന് കർശനമായി നിഷ്ക്കർഷിക്കാനാകും. അതും ഒരർത്ഥത്തിൽ ഹാൻഡ് ഷേക്ക് തന്നെയാണ്. നിങ്ങൾ കൈ നീട്ടിയാലും ഞാൻ കൈ നീട്ടിയില്ലെങ്കിൽ ഹാൻഡ് ഷേക്ക് ഉണ്ടാകില്ല. ആയതിനാൽ നിങ്ങൾ സാമാന്യ മര്യാദകൾ പാലിച്ചുകൊണ്ട് കൃത്യമായി ഹാൻഡ് ഷേക്ക് തരുകയാണെങ്കിൽ മാത്രമേ ഈ ഭാഗത്ത് നിന്ന് കൈകൾ നീളൂ.
ഒരു കാര്യം കൂടെയുണ്ട്. ഏതെങ്കിലും തരത്തിൽ നിങ്ങൾക്ക് എൻ്റെ ഫോൺ നമ്പർ കിട്ടിക്കാണും. പക്ഷേ ഞാനും നിങ്ങളുമായി മാനസ്സികമായി അടുപ്പം ഇല്ലാത്തവരാകുകയും ആരാണെന്ന് പോലും ഓർമ്മയില്ലാത്തവരാകുകയും എൻ്റെ നമ്പറിലേക്ക് നിങ്ങൾ തുരുതുരാ വാട്ട്സ് ആപ്പ് സന്ദേശങ്ങളും ഗുഡ് മോണിങ്ങ് മുതൽ ഗുഡ്നൈറ്റ് വരെയുള്ള സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുകയും ചെയ്താൽ നിങ്ങളെ ഞാൻ അതോടെ ആർക്കെവ്സിലേക്ക് തട്ടും. പിന്നെ അത്യാവശ്യത്തിന് രക്തം വേണ്ടി വരുന്ന സാഹചര്യത്തിൽ പോലും നിങ്ങളുടെ സന്ദേശം ഞാൻ കാണില്ല. നിങ്ങൾ കമ്മ്യൂണിക്കേഷൻ ദുരുപയോഗം ചെയ്തതുകൊണ്ട്, നിങ്ങൾക്ക് ഒരപകട സമയത്ത് മറ്റൊരാളുടെ സഹായം പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നുണ്ടെങ്കിൽ നിങ്ങളുടെ കമ്മ്യൂണിക്കേഷൻ എത്തിക്സിന് എന്തെങ്കിലും കാര്യമായ തകരാറുണ്ടെന്ന് മനസ്സിലാക്കുക. അത് നിങ്ങൾക്ക് സ്വയം ദോഷകരമായി മാറിയേക്കാം എന്ന് മനസ്സിലാക്കുക.
അവസാനമായി ഒരു കാര്യം കൂടെ. എൻ്റെ നമ്പർ കൈയിലുള്ള ആർക്ക് വേണമെങ്കിലും രാവിലെ 6 മുതൽ രാത്രി 10 വരെ എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം. ഞാൻ തിരക്കിലാണെങ്കിലും ഫോൺ എടുക്കും എന്നിട്ട് തിരിച്ച് വിളിക്കാമെന്ന് പറയും. ഞാൻ ഡ്രൈവ് ചെയ്യുകയോ വാഷ് റൂമിൽ ആണെങ്കിലോ ഫോൺ എടുക്കില്ല, പക്ഷേ വൈകാതെ തിരിച്ച് വിളിക്കും. ഇനി ഒരു എമർജൻസിയാണെങ്കിൽ ഏത് അസമയത്തും നിങ്ങൾക്കെന്നെ വിളിക്കാം. ഗാഢനിദ്രയിൽ ഫോണടിക്കുന്നത് കേട്ടില്ലെങ്കിൽ മാത്രമേ എടുക്കാതിരിക്കൂ. മിസ്സ്ഡ് കാൾ കാണുന്ന നിമിഷം, ആ കാളിൻ്റെ സമയം മനസ്സിലാക്കുന്ന നിമിഷം തിരികെ വിളിച്ചിരിക്കും.
കാര്യങ്ങൾ ഏറെക്കുറേ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. അപ്പോൾ ഹാപ്പി കമ്മ്യൂണിക്കേഷൻ. നന്ദി നമസ്ക്കാരം.
വാൽക്കഷണം:- ഒരാളുമായി ഫോണിൽ ഒരത്യാവശ്യത്തിന് ബന്ധപ്പെടണമെങ്കിൽ പി. പി. കാളുകളും ട്രങ്ക് കാളുകളും ബുക്ക് ചെയ്ത് മണിക്കൂറുകളോളം കാത്തിരുന്നിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ഫോണില്ലാത്തവർ ഫോണുള്ള അടുത്ത വീടുകളിൽ ഒരു നിശ്ചിത സമയം പറഞ്ഞുറപ്പിച്ച് ചെന്ന്, ദൂരദേശത്തുള്ള മക്കളുടെയോ ബന്ധുക്കളുടേയോ വിളികൾക്ക് കാത്ത് നിന്നിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. അവിടന്നൊക്കെ പുരോഗമിച്ച് പുരോഗമിച്ച് ലോകത്തിൻ്റെ ഏത് ഭാഗത്തുള്ള ഒരാളെയും എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്ന സൗകര്യവും കാലവും വിരൽത്തുമ്പിൽ വന്നപ്പോൾ, പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് കണക്കായ പരിപാടികൾ ചെയ്യരുത്. യൂസ് ചെയ്യുക, അബ്യൂസ് ചെയ്യാതിരിക്കുക.