Uncategorized

കോട്ടയുടെ അൽപ്പം ലോഹ്യം


55
കോട്ട:- ടോ നിരക്ഷരാ… താൻ പിന്നേം വന്നോ?

നിരക്ഷരൻ:- വന്നു. വരാതിരിക്കാൻ പറ്റുന്നില്ല. താനറിഞ്ഞില്ലേ?

കോ:- എന്ത്?

നി:- എനിക്കാരോ ഏതോ കോട്ടയിൽ വെച്ച് ചക്കയിൽ കൈവിഷം തന്ന് പോലും! അതോണ്ടാണ് കോട്ടകളുടെ പിന്നാലേം ചക്കയുടെ പിന്നാലേം പായുന്നതെന്നാണ് സൈബറിടത്തിൽ സംസാരം.

കോ:- അതോണ്ടാണോ താനിങ്ങനെ ഇടയ്ക്ക് എൻ്റടുത്ത് വന്ന് പോകുന്നത്?

നി:- ആണെന്ന് തോന്നണ്. എത്ര പേർ വരുന്നുണ്ട് ഇവിടെ ഒരു ദിവസം?

കോ:- സീസണല്ലെങ്കിൽപ്പോളും 25000 പേർ വരുന്നുണ്ട്. സീസണാണെങ്കിൽ നിന്ന് തിരിയാൻ സ്ഥലം കാണില്ല. 40000 പേരെങ്കിലും വന്ന് പോകും.

നി:- ഇതേം തിരക്കിനിടയിൽ താനെന്നെ എങ്ങനെ കണ്ടു?

കോ:- അതൊക്കെ കണ്ടു. പലവട്ടം വരുന്നവരോട് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. അത് അക്ഷരാഭ്യാസം ഇല്ലാത്തവരാണെങ്കിൽ പിന്നേം ഇഷ്ടം.

നി:- താനാകെ ഒന്ന് മിനിങ്ങീട്ടുണ്ടല്ലോ?

കോ:- ശരിക്കും മിനുക്കിയിട്ടുണ്ട്. എന്നെ കാണാൻ വരുന്നവരുടെ അടുത്തുനിന്ന് 25 രൂപ വീതം വാങ്ങണമെങ്കിൽ എന്നെ മിനുക്കി നിർത്താതെ പറ്റില്ലല്ലോ.

നി:- എന്നാലും തൻ്റെ വഴി മൊത്തം ഹാൻ്റ് റെയിൽ പിടിപ്പിച്ചത് എനിക്കത്ര പിടിച്ചില്ല.

കോ:- അത് പിടിപ്പിക്കാതെ പറ്റില്ലടോ. എന്താ തിരക്ക്. രണ്ടാൾക്ക് നടക്കാനുള്ള സ്ഥലമില്ല എൻ്റെ മതിലിൻ്റെ വരമ്പില്. ആൾക്കാരാണെങ്കിൽ തലങ്ങും വിലങ്ങും നോക്കാതെ പടം പിടുത്തവും സെൽഫി എടുക്കലുമാണ്. താഴെ വീണാൽ നല്ല പരിക്ക് ഉറപ്പാണ്. എനിക്ക് കാണാൻ വയ്യ അതൊന്നും. അതുകൊണ്ട് ഹാൻഡ് റെയിൽ ഞാനങ്ങ് സഹിച്ചു.

നി:- വേറെന്തുണ്ട് വിശേഷങ്ങൾ ?

കോ:- ഇതൊക്കെ തന്നെ. തൻ്റെ മേലാകെ കറുത്തും താടീം മുടീം വെളുത്തും പോയല്ലോ നിരക്ഷരാ.

നി:- നല്ല വെയിലല്ലേ? ആരായാലും കറുക്കും. വയസ്സായാൽ താടീം മുടീം വെളുക്കേം ചെയ്യും.

കോ:- അതൊക്കെ പോട്ട്. താൻ ഞങ്ങൾടെ കൂട്ടരുടെ കഥയൊക്കെ ചേർത്ത് വെച്ച് ‘കഥ പറയുന്ന കോട്ടകൾ‘ എന്ന പുസ്തകം ഇറക്കീന്ന് കേട്ടല്ലോ ? ഞങ്ങൾടെ കഥ നല്ല കച്ചോടം ആയിരിക്കും ല്ലേ ? പുസ്തകത്തിന്റെ ചട്ട എൻ്റെ പടമാണെന്ന് ബേക്കല് പറഞ്ഞ്. അവൾടെ പടം ചട്ടയാക്കാത്തതിൻ്റെ നീരസം അവൾക്കുണ്ട് ട്ടോ.

നി:- നിങ്ങൾടെ കഥ ആർക്ക് കേക്കണം. ചരിത്രമൊന്നും വിറ്റ് പോകില്ലെടോ. ചരിത്രം വളച്ചൊടിക്കൽ പരിപാടി വല്ലതും ആണെങ്കിൽ നടക്കും.

കോ:- ഞാൻ കരുതി പുസ്തകം മുഴുവൻ തീർന്ന് കാണുമെന്ന്.

നി:- അവടിരുപ്പുണ്ട് പുസ്തകം മുഴുവൻ. അഞ്ച് കൊല്ലം കഴിഞ്ഞ് ആൾക്കാർ വരും. അന്ന് ഇരട്ടവാലൻ വെട്ടിയിട്ടില്ലെങ്കിൽ എടുത്ത് കൊടുക്കാം.

കോ:- താൻ പിന്നെന്തിനാ ഇപ്പ വീണ്ടും ഇറങ്ങിത്തിരിച്ചിരിക്കുന്നത്?

നി:- ഞാൻ ഇന്ത്യയിൽ നിങ്ങൾടെ കൂട്ടരെ എല്ലാവരേം കണ്ടേക്കാമെന്ന് വെച്ചു.

കോ:- എന്നിട്ടെന്തിനാ ? ഞങ്ങൾടെ കഥ ആർക്കും വേണ്ട, ചരിത്രം വിറ്റ് പോകണില്ലാന്നല്ലേ താൻ പറഞ്ഞത്?

നി:- ചരിത്രം വിറ്റ് പോകുകയോ പോകാതിരിക്കുകയോ ചെയ്യട്ട്. ഇതെൻ്റെ ഒരു സന്തോഷത്തിന് ഞാൻ ചെയ്യുന്ന പരിപാടി മാത്രം.

കോ:- എന്നിട്ട് പിന്നേം പുസ്തകം എഴുത്വോ?

നി:- എനിക്ക് ഓളമല്ലേ, ചിലവാകാത്ത കൂട്ടരുടെ കഥ എഴുതാൻ!

കോ:- പിന്നെ താൻ എന്തിനാണിങ്ങനെ?

നി:- അത് പിന്നെ… കച്ചോടം മാത്രമല്ലല്ലോ എല്ലാം. നമ്മുടെ ഒരു സന്തോഷം കൂടെ കണക്കിൽ എടുക്കണമല്ലോ ? പോരാത്തതിന് ആ കൈവിഷത്തിൻ്റെ ഇഫക്റ്റും ഉണ്ടെന്ന് തോന്നുന്നു.

കോ:- ഇനിയെന്നാണ് ഈ വഴിക്ക്?

നി:- ഞാനിവിടെ സ്ഥിരമാക്കിയാലോന്ന് ആലോചനയുണ്ട്. തൻ്റെ കൂടെ ‘വെള്ളമടിക്കാല്ലോ‘ ഇടയ്ക്കൊക്കെ.

കോ:- ഞാനതിന് എവിടെ വെള്ളമടിക്കുന്ന്?

നി:- തൻ്റെ പേരു തന്നെ അങ്ങനെയല്ലേ? ‘അഗ്വാഡ‘. ജലമുള്ളയിടം എന്നല്ലേ അതിൻ്റെ അർത്ഥം? എത്രയെത്ര കപ്പലുകൾക്കാണ് താൻ വെള്ളമടിച്ചിട്ടുള്ളത് ?

കോ:- ങ് ഹാ… അതൊക്കെ ഒരു കാലം. ആ മഹിമയൊന്നും പറയാതിരിക്കുന്നതാകും ഭേദം. എന്നെപ്പിടിച്ച് പിന്നീട് ജയിലും ആക്കിയിട്ടുണ്ടല്ലോ? ഇപ്പ ദാ 25 രൂപയ്ക്ക് വിറ്റുകൊണ്ടിരിക്കുന്നു. ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നോ എന്തോ ?

നി:- എന്നാപ്പിന്നെ ഞാനിറങ്ങട്ടെ. ഗോവയിൽ നിങ്ങൾ 16 പേരേ ഉള്ളെന്ന് പറഞ്ഞ് കേട്ടിട്ടാണ് ഞാൻ വന്നത്. ഇപ്പ ദാ ഡോ:പി. പി. ശിരോദ്കർ പറയണ് നിങ്ങൾ 26 പേരുണ്ടെന്ന്.

കോ:- അങ്ങേർ പറയുന്നുണ്ടെങ്കിൽ നേരുതന്നെ. അങ്ങേരു കിടുവാണ്.

നി:- എന്നാപ്പിന്നെ കാണാം.

കോ:- ഗോവയിലേക്ക് കൂടുമാറുന്നുണ്ടെങ്കിൽ എൻ്റടുത്ത് തന്നെ കൂടിക്കോ. നമുക്ക് മിണ്ടീം പറഞ്ഞും ഇരിക്കാം. എനിക്കടിക്കാൻ പറ്റുന്നില്ലെങ്കിലും താൻ വെള്ളമടിക്കുന്നത് നോക്കി ഞാനിരുന്നോളാം.

നി:- എനിക്കിപ്പോൾ വെള്ളമടിയൊന്നും ഇല്ലടോ. ഇപ്പത്തന്നെ നോക്ക്. ഗോവയിൽ വന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞു. ഒരൗൺസ് അടിച്ചിട്ടില്ല.

കോ:- ഹ ഹ… എന്നെപ്പോലെ തന്നെ ആയീന്ന് ചുരുക്കം.

നി:- വെള്ളമടീലൊന്നും ഒരു കാര്യവുമില്ലടോ.

കോ:- ശരീടോ… ഇടയ്ക്ക് ഇറങ്ങ്. എത്ര തിരക്കുണ്ടെങ്കിലും എത്ര നരച്ചാലും തന്നെ ഞാൻ ദൂരേന്നേ കാണും.

നി:- എല്ലാം പറഞ്ഞത് പോലെ. ബൈ. നമ്മടെ സെൽഫി ഞാൻ ഫേസ്ബുക്കിൽ ഇട്ടേക്കാം.

കോ:- ഓക്കേ, ബൈ.

#greatindianexpedition
#gie_by_niraksharan
#fortsofgoa
#boleroxl_motor_home