പ്രമുഖ മാദ്ധ്യമപ്രവർത്തകനായ മാത്യു സാമുവൽ 2022-23 ബിനാലെയെപ്പറ്റി എഴുതിയ പോസ്റ്റിന് ഞാനെഴുതിത്തുടങ്ങിയ കമൻ്റിന് അൽപ്പം നീളം കൂടിയതിനാൽ കമൻ്റായി അവിടെ ഇട്ടില്ല. പകരം ഒരു പോസ്റ്റാക്കി താഴെ ഇടുന്നു.
ശ്രീ.മാത്യു സാമുവലിൻ്റെ ആ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെടുത്ത് തന്നെ ചില എതിരഭിപ്രായങ്ങൾ സൂചിപ്പിക്കുന്നു.
മാത്യു സാമുവലിൻ്റെ പോസ്റ്റിൽ:- “വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പോകുന്ന ജങ്കാർ രണ്ടെണ്ണത്തിൽ ഒന്ന് കഴിഞ്ഞ ആറുമാസമായി പ്രവർത്തിക്കുന്നില്ല, പിന്നെ എങ്ങനെയാണ് ഈ ഒമ്പതുലക്ഷം പേർ അവിടെ എത്തിച്ചേർന്നത്? “
മറുപടി:- 9 ലക്ഷം പേർ ബിനാലെ സന്ദർശിച്ചു എന്ന കണക്കിനെയാണ് അദ്ദേഹം ഖണ്ഡിക്കുന്നത്. ഫോർട്ട് കൊച്ചിയിലേക്ക് വരാൻ വൈപ്പിനിൽ നിന്നുള്ള ജങ്കാർ മാത്രമല്ല മാർഗ്ഗം. തേവര വഴി വന്ന് വെണ്ടുരുത്തിപ്പാലം അടക്കം വേറെ പല പാലങ്ങൾ താണ്ടിയും, ഇടക്കൊച്ചി വഴിയും, കുണ്ടന്നൂർ വഴി റോഡ് മാർഗ്ഗവുമൊക്കെ വരാം. എറണാകുളത്തുനിന്ന് മട്ടാഞ്ചേരിക്കുള്ള ബോട്ടിനും വരാം. ഭൂമിശാസ്ത്രം അറിഞ്ഞിട്ടും അറിയില്ലാന്ന് നടിക്കുന്നതു കൊണ്ടുള്ള പ്രശ്നം മാത്രം.
ആ പോസ്റ്റിൽ 9 ലക്ഷം പേർ ബിനാലെയ്ക്ക് വന്നെന്നുള്ള സംഘാടകരുടെ അവകാശവാദം കളവാണെന്ന് മാത്യു സാമുവൽ സമർത്ഥിക്കുന്നില്ല. അതേസമയം 9 ലക്ഷം ജനങ്ങളെ, പ്രവേശന ഫീസായ 150 കൊണ്ട് ഗുണിക്കുന്നുമുണ്ട്. ആ തുക 13.5 കോടി. സർക്കാർ നൽകിയെന്ന് അതേ പോസ്റ്റിൽ പറയുന്നത് 7 കോടി രൂപ. അതും കൂടെ ചേർത്താൽ 20.5 കോടി വരവ്. ചിലവ് 21 കോടി. പോസ്റ്റിൽ പറയുന്ന ഈ കണക്കുകൾ പ്രകാരം അരക്കോടി നഷ്ടമാണ് ഇപ്രാവശ്യം.
പക്ഷേ എന്താകാം 11 കോടി നഷ്ടമാണെന്ന് ബോസ് കൃഷ്ണമാചാരി പറയാൻ കാരണം? അത് മനസ്സിലാക്കാൻ ബിനാലെ തുടങ്ങിയ അന്ന് മുതൽക്കുള്ള പ്രശ്നങ്ങളും ആദ്യ വർഷങ്ങളിൽ എത്ര കടം ഉണ്ടായിരുന്നെന്നും പഠിക്കാൻ ശ്രമിച്ചാൽ മതി. ബോസ് കൃഷ്ണമാചാരി പറഞ്ഞത് ബിനാലെയുടെ ഇന്നുവരെയുള്ള ബാലൻസ് ഷീറ്റാണ്. ഒരു വിവരാവകാശത്തിൽ തീർക്കാവുന്ന സംശയവും തർക്കവുമേയുള്ളൂ അത്.
മുതിർന്ന പത്രപ്രവർത്തകനായ ശ്രീ. മാത്യു സാമുവലിന് ആ പഠനം സാധിക്കുക തന്നെ ചെയ്യും. പക്ഷേ, വസ്തുതകൾ മനസ്സിലാക്കാൻ ശ്രമിക്കാതെ, അദ്ദേഹത്തിന് ബിനാലെ ഇഷ്ടമായില്ല, അദ്ദേഹം അവിടെച്ചെന്നപ്പോൾ ആളുണ്ടായിരുന്നില്ല എന്നതുകൊണ്ട്, ബിനാലെയെ തള്ളിപ്പറയുന്നതിനോട് വിയോജിപ്പുണ്ട്.
ഇതിനേക്കാൾ വലിയ എതിർപ്പുകൾ മാദ്ധ്യമങ്ങളുടെ ഭാഗത്തുനിന്നും ജനങ്ങളുടെ ഭാഗത്തുനിന്നും ബിനാലെ നേരിട്ടിട്ടുണ്ട് ആദ്യവർഷങ്ങളിൽ. അന്നത്തേതിനേക്കാൾ മെച്ചപ്പെട്ട നിലയിലേക്ക് ഇന്ന് ബിനാലെ വളർന്നിട്ടുമുണ്ട്.
‘ബിനാലെ വിജയം‘ എന്ന് സംഘാടകരിൽ ഒരാളായ ബോസ് കൃഷ്ണമാചാരി പറയുന്നുണ്ടെങ്കിൽ അത് ഇതുവരെയുള്ള പൊരുതലിൻ്റെ കണക്കുകൾ കൂടെ ചേർത്താണ്.
ആദ്യം അൽപ്പം ആശങ്കയോടെ നോക്കിക്കണ്ടെങ്കിലും, പിന്നീട് ഇടത് വലത് പക്ഷം നോക്കാതെ എല്ലാ സർക്കാരും ബിനാലയ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്. അത് കേരളത്തിനും ഫോർട്ട് കൊച്ചിക്കും ബിനാലെ നൽകിയ ഉണർവ്വ് മനസ്സിലാക്കിയതുകൊണ്ട് തന്നെയാണ്. കേരളത്തിൻ്റെ സഞ്ചാര ഭൂപടത്തിൽ ബിനാലെ ഇനിയും ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കും എന്നറിഞ്ഞുകൊണ്ട് തന്നെയാണ്.
ഇനിയിപ്പോൾ കെ.സുരേന്ദ്രൻ ആഗ്രഹിക്കുന്നത് പോലെ ബി.ജെ.പി. കേരളഭരണം കൈയാളിയാലും ബിനാലെയ്ക്ക് സർക്കാർ ഫണ്ട് നൽകാതിരിക്കുമെന്ന് തോന്നുന്നില്ല. പകരം, കുറച്ചധികം ഹിന്ദു ഇൻസ്റ്റലേഷൻസ് ബിനാലെയിൽ വെക്കണമെന്ന് ക്യൂറേറ്ററോടും സംഘാടകരോടും ആവശ്യപ്പെട്ടേക്കാം. ഒത്താൽ ഒത്തു. ഒത്തില്ലെങ്കിലും ഫണ്ട് നൽകും. അത്രേയുള്ളൂ.
കലാസൃഷ്ടികൾ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റണമെന്ന് ഒരു നിർബന്ധവുമില്ല. മോഡേൺ ആർട്ട് എന്ന് പറയുന്ന പെയിൻ്റിങ്ങുകളും ശിൽപ്പങ്ങളും നല്ലൊരു പങ്ക് എനിക്ക് പിടികിട്ടാറില്ല. കലാകാരൻ്റെ ചിന്തയും എൻ്റെ ചിന്തയും സമ്മേളിക്കാത്തതുകൊണ്ട് മാത്രമാണത് എന്ന് നല്ല ബോദ്ധ്യമുണ്ട്.
പക്ഷേ ഒരു പരിധി വരെയെങ്കിലും അത്തരം സൃഷ്ടികൾ എങ്ങനെ ആസ്വദിക്കണമെന്നും എന്താണതിൽ കലാകാരൻ പറയാൻ ശ്രമിക്കുന്നതെന്നും ഓരോ ബിനാലെയും മലയാളിയെ പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഓരോ കലാസൃഷ്ടികൾക്കുമൊപ്പം ഇംഗ്ലീഷിലും മലയാളത്തിലും അതേപ്പറ്റി എഴുതി വെച്ചിട്ടുണ്ട് ബിനാലെയിൽ. അതെല്ലാം ചേർത്ത് അച്ചടിച്ച് പുസ്തകമായും വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്. അതിൽ ഏതെങ്കിലുമൊന്ന് വായിച്ചശേഷം വീണ്ടും ആ കലാസൃഷ്ടിയിലേക്ക് നോക്കുമ്പോൾ ആദ്യം മനസ്സിലാക്കിയതിനേക്കാൾ കൂടുതൽ ഉൾക്കൊള്ളാൻ എനിക്ക് പറ്റിയിട്ടുണ്ട്.
പക്ഷേ, ബിനാലെയിലുള്ള ഓരോ ഇൻസ്റ്റലേഷനും കലാസൃഷ്ടികളും കണ്ട് അതിനൊപ്പമുള്ളത് വായിച്ച് മനസ്സിലാക്കണമെങ്കിൽ 150 രൂപയുടെ പല ടിക്കറ്റുകൾ പല ദിവസങ്ങളിൽ എടുക്കേണ്ടി വരും. ഒരുപാട് സമയം ചിലവഴിക്കേണ്ടി വരും. 20ഉം 25ഉം പ്രാവശ്യം ആദ്യകാലങ്ങളിൽ ബിനാലെ വേദികളിൽ കയറിയിറങ്ങിയിട്ടുണ്ട് ഞാൻ. ഞാനൊരു കലാകരനേയല്ല. പക്ഷേ, കലാസ്വാദകൻ ആണ്. അല്ലെങ്കിൽ ആകാൻ ശ്രമിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. ജീവിതം ബാംഗ്ലൂർക്ക് പറിച്ച് നടപ്പെട്ടപ്പോൾ ഒരുപാട് തവണ ബിനാലെയ്ക്ക് പോകാൻ പറ്റാതായെങ്കിലും 2022-23 ബിനാലെ കാണാൻ 3 പ്രാവശ്യം ഞാനവിടെപ്പോയത് കലയോടുള്ള താൽപ്പര്യം കൊണ്ട് മാത്രമാണ്.
എന്താണ് ഇൻസ്റ്റലേഷനുകൾ എന്ന് മലയാളിയെ പഠിപ്പിച്ചത് ബിനാലെയാണ്. അതിൻ്റെ ചുവട് പിടിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലും കലയുടെ ഇൻസ്റ്റലേഷനുകൾ ഉണ്ടായിട്ടുമുണ്ട്. കലാപരമായി നോക്കിയാൽ ഇതൊക്കെ വളർച്ച തന്നെയല്ലേ ?
ഇനിയിപ്പോൾ, കല വളർന്നിട്ട് ജനങ്ങൾക്ക് എന്തുഗുണം എന്ന് ആർക്കെങ്കിലും ചോദ്യമുണ്ടെങ്കിൽ സിനിമ, നാടകം തുടങ്ങി സകല കലകൾക്കും കലാകാരന്മാർക്കും സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കട്ടെ. ഏഷ്യയിലെ ഏറ്റവും വലിയ കാലാമാമാങ്കമായ സ്ക്കൂൾ യുവജനോത്സവത്തിന് കാൽക്കാശ് മേലാൽ കൊടുക്കില്ല എന്ന് തീരുമാനമെടുക്കട്ടെ.
നമുക്ക് മനസ്സിലാകാത്തത് മൊത്തം തട്ടിപ്പാണ്, വെട്ടിപ്പാണ് എന്ന് സാധാരണക്കാർ പറയുന്നത് പോലെയല്ല ഒരു മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പറയുമ്പോൾ. വെട്ടിപ്പോ തട്ടിപ്പോ നടത്തിയിട്ടുണ്ടെങ്കിൽ അതിൻ്റെ രേഖകൾ നിരത്തി വേണം മാദ്ധ്യമപ്രവർത്തകർ സംസാരിക്കാൻ. അല്ലെങ്കിൽ പൊതുസമൂഹത്തിൽ മാദ്ധ്യമപ്രവർത്തകർക്കുള്ള അവഹേളനത്തിന് അത് ആക്കം കൂട്ടുകയേയുള്ളൂ.
ബിനാലെ സംഘാടകരായ ബോസ് കൃഷ്ണമാചാരിയോ, ബോണി തോമസോ എൻ്റെ കുഞ്ഞമ്മയുടെ മക്കളൊന്നുമല്ല. തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അത് വെളിച്ചത്ത് കൊണ്ടുവരണം, ശക്തമായ ശിക്ഷാ നടപടിയെടുക്കണം. അതല്ലാതെ രണ്ട് വർഷത്തിലൊരിക്കൽ ഈ പരിപാടി നടത്താനായി, ഇടയ്ക്കുള്ള 700 ൽപ്പരം ദിവസങ്ങൾ പണിയെടുക്കുന്നവരെ നിർദ്ദാക്ഷിണ്യം തള്ളിപ്പറയുമ്പോൾ ഇതുപോലെ ചില വസ്തുതകളും മറുവശങ്ങളും കേൾക്കേണ്ടി വരും. ഉൾക്കൊള്ളാൻ ശ്രമിക്കണമെന്ന് അപേക്ഷ.
ഒരു കാര്യം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. KTDC ലാഭത്തിലാണോ ഓടുന്നത്? KSRTC ലാഭത്തിലാണോ? KOCHI METRO ലാഭത്തിലാണോ? കുടിയന്മാർ കരള് വാട്ടി സഹായിച്ചിട്ട് പോലും BEVCO കഴിഞ്ഞ മൂന്ന് വർഷം നഷ്ടത്തിലാണ് ഓടിയതെന്ന് അറിയാമോ? അങ്ങനെ എന്തെല്ലാം നഷ്ടക്കച്ചവടങ്ങൾ കാലാകാലങ്ങളായി നമ്മൾ സഹിച്ച് പോരുന്നു ! പക്ഷേ, അക്കൂട്ടത്തിലാകണമെന്നില്ല 10 വർഷം കൂടെ കഴിഞ്ഞാൽ ബിനാലെയുടെ സ്ഥാനം. ഓരോ വർഷവും ബിനാലെയുടെ കാര്യത്തിലുണ്ടായ പുരോഗതി പഠിക്കാൻ ശ്രമിച്ചാൽ അത് മനസ്സിലാക്കാൻ പറ്റും. കോറോണ കഴിഞ്ഞ് അടിത്തറ പാളി നിൽക്കുന്ന സമയത്ത് പോലും 9 ലക്ഷം പേർ ബിനാലെ സന്ദർശിച്ചിട്ടുണ്ടെങ്കിൽ അത് വലിയ വിജയം തന്നെയാണ്.
വാൽക്കഷണം:- ചിലർക്ക് മദ്യം സേവിച്ചാൽ കല വരുമെന്ന് കേട്ടിട്ടുണ്ട്. ചിലർക്ക് കഞ്ചാവടിക്കുമ്പോളാണതേ അത് സംഭവിക്കുന്നത്. ഇത് രണ്ടും അടിച്ചിട്ടും അടിക്കാതെയും അൽപ്പം പോലും കലയുമായി അടുക്കാൻ പറ്റാത്തവർ, ആ വഴിക്ക് പോകാതിരിക്കുകയാണ് കലയോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സഹായം.