വ്യക്തികൾ

ഋഷിരാജ് സിംഗും മയക്കുമരുന്നും


222
ന്നത്തെ ഒരു വലിയ സന്തോഷം ക്ലബ്ബ് ഹൗസ് വഴി ഋഷിരാജ് സിംഗ് IPS മായി സംസാരിക്കാൻ കഴിഞ്ഞു എന്നതും അദ്ദേഹത്തോട് അദ്ദേഹത്തിൻ്റെ പുസ്തകസംബന്ധിയായി ഒരു ചോദ്യം ചോദിക്കാൻ പറ്റി എന്നതുമാണ്. ക്ലബ്ബ് ഹൗസ് മോഡറേറ്റർ ആൻ്റണി ജോയ്ക്ക് നന്ദി.

വളരെ നന്നായി മലയാളം സംസാരിക്കുകയും മലയാളം സിനിമകൾ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന ശ്രീ.ഋഷിരാജ് സിംഗ്, മലയാള ഭാഷ കൈകാര്യം ചെയ്യുന്ന രീതിയും അതിനോട് കാണിക്കുന്ന ആഭിമുഖ്യവും കൗതുകത്തോടെയാണ് എന്നും വീക്ഷിച്ചിട്ടുള്ളത്.

മലയാളത്തിൽ അദ്ദേഹം പുസ്തകം (വൈകും മുൻപേ-മാതൃഭൂമി) എഴുതി എന്നറിഞ്ഞപ്പോൾ, വടക്കേ ഇന്ത്യക്കാരനായ അദ്ദേഹം സിവിൽ സർവ്വീസിൻ്റെ ഭാഗമായി പ്രാദേശിക ഭാഷകൾ പഠിച്ചിട്ടുണ്ടാകാമെങ്കിലും ഒരു പുസ്തകമെഴുതാൻ പാകത്തിന് എത്രത്തോളം അദ്ദേഹം ഭാഷയോട് അടുത്തിട്ടുണ്ടാകാം എന്നറിയണമെന്ന് തോന്നി. അതുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കാൻ ആൻ്റണി അവസരം തരുകയും ചെയ്തു.

ചോദ്യം (നിരക്ഷരൻ):- നമസ്ക്കാരം സാർ. താങ്കൾ പുസ്തകമെഴുതിയത് കടലാസിൽ പേനകൊണ്ട്, ആരോടെങ്കിലും പറഞ്ഞ് അവർ പകർത്തി എഴുതിയത്, യൂണിക്കോട് സൗകര്യം ഉപയോഗിച്ച് കമ്പ്യൂട്ടറിൽ, ജീ-ടോക്ക് പോലുള്ള സൗകര്യം ഉപയോഗിച്ച് കമ്പ്യൂട്ടറിനോട് പറഞ്ഞ് അത് എഴുതിയത്….. ഇങ്ങനെ ഏത് തരത്തിലായിരുന്നു.

ഉത്തരം (ഋഷിരാജ് സിംഗ്):- ഞാൻ തന്നെ (കടലാസിൽ പേനകൊണ്ട്) എഴുതിയതാണ്. ഞങ്ങൾ സിവിൽ സർവ്വീസുകാർക്ക് 7 ക്ലാസ്സിലെ മലയാളം പഠിച്ച് പാസ്സാകേണ്ടതുണ്ട് നിങ്ങളേക്കാളൊക്കെ നന്നായി മലയാളം എഴുതാൻ എനിക്കറിയാം.

ക്ലബ്ബ് ഹൗസിൽ അദ്ദേഹത്തിൻ്റെ പുസ്തകത്തെപ്പറ്റിയുള്ള ചർച്ചയും ചോദ്യോത്തരങ്ങളും തുടർന്നു. അതിൽ നിന്ന് മനസ്സിലാക്കിയ ചില കാര്യങ്ങളും ഇന്ന് രാവിലെ കാണാനിടയായ ഒരു പത്രവാർത്തയും ചേർത്ത് ഒന്നുരണ്ട് കാര്യങ്ങൾ പറയണമെന്നാഗ്രഹിക്കുന്നു.

ഋഷിരാജ് സിംഗിൻ്റെ ‘വൈകും മുൻപേ‘ എന്ന പുസ്തകം വായിക്കാൻ തരപ്പെട്ടിട്ടില്ല, എങ്കിലും അത് മുഖ്യമായും പറയുന്നത് കേരളത്തിലെ മയക്കുമരുന്ന് ഇടപാടുകൾക്കെതിരെ അദ്ദേഹം നടത്തിയ ഇടപെടലുകളെപ്പറ്റിയാണ്. ഒരർത്ഥത്തിൽ അത് ഒരു പാരൻ്റിങ്ങ് പുസ്തകമാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.

സ്ക്കൂളുകളുടേയും കോളേജുകളുടേയും ചുറ്റുപരിസരത്താണ് മയക്കുമരുന്നുകാർ നല്ല തോതിൽ തമ്പടിച്ചിരിക്കുന്നത്. അവരുടെ പ്രധാന കച്ചവട മേഖലയും അതുതന്നെയാണ്. അതിനർത്ഥം നമ്മുടെ വിദ്യാർത്ഥിസമൂഹം നല്ലതോതിൽ മയക്കുമരുന്നിന് അടിപ്പെടുന്നുണ്ട് എന്നല്ലേ ? പെൺകുട്ടികൾ പോലും അവരുടെ ബാഗുകളിൽ ഒളിപ്പിച്ച് മയക്കുമരുന്നു കടത്തുന്ന കാരിയേർസ് ആയി പ്രവർത്തിക്കുന്നുണ്ട് എന്നദ്ദേഹം പറയുമ്പോൾ എത്ര വലിയ വിപത്തിലേക്കാണ് നമ്മുടെ കുട്ടികൾ എത്തിക്കഴിഞ്ഞിരിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

സ്ക്കൂളുകളിലുള്ള സ്റ്റുഡൻ്റ് പൊലീസ്, എൻ. എസ്. എസ്. ഇത്യാദി ഏർപ്പാടുകളെക്കൂടാതെ സർക്കാർ പണം ചിലവഴിച്ച് മയക്കുമരുന്നുകൾക്കെതിരെ പോരാടാൻ 3000ൽ അധികം ക്ലബ്ബുകൾ രൂപീകരിച്ചെന്ന് അദ്ദേഹം പറയുന്നു. സർവ്വീസിൽ ഉണ്ടായിരുന്നപ്പോൾ സ്വന്തം നമ്പറാണ് അദ്ദേഹം ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി നൽകിയിരുന്നത്. അതായത്, എവിടെയെങ്കിലും ഒരു മയക്കുമരുന്ന് കച്ചവടം നടക്കുന്നത് കണ്ടാൽ ആ നമ്പറിൽ വിളിച്ച് നമുക്കദ്ദേഹത്തിന് വിവരം നൽകാം. ബാക്കി നടപടികൾ അദ്ദേഹം സ്വീകരിക്കും. റിട്ടയർ ചെയ്യുന്നതിൻ്റെ ഭാഗമായി ആ സർവ്വീസ് അദ്ദേഹം മറ്റൊരു നമ്പറിലേക്ക് (9447178000) അത് മാറ്റി.

അതോടൊപ്പം വലിയ വേദനയോടെ അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യമുണ്ട്. ഇത്രയൊക്കെ സംവിധാനങ്ങൾ ചെയ്ത് കൊടുത്തിട്ടും, ഏതെങ്കിലും ഒരു മയക്ക് മരുന്നുകാരനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ആദ്ധ്യാപകൻ്റെയോ അദ്ധ്യാപികയുടെയോ വിളി പോലും ആ നമ്പറിലേക്ക് ചെന്നിട്ടില്ലത്രേ ! സ്ക്കൂളുകൾക്കും കോളേജുകൾക്കും അടുത്ത് കഞ്ചാവും മറ്റ് മയക്ക് മരുന്നുകളും വിൽപ്പന നടക്കുന്നുണ്ടെങ്കിൽ, ചെറിയൊരു ശ്രദ്ധയോ ഇടപെടലോ നടത്തിയാൽ അദ്ധ്യാപകർക്ക് ഒരാൾക്കെങ്കിലും അത് കണ്ടുപിടിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.

ഒന്നുകിൽ മയക്കുമരുന്ന് മാഫിയയെ ഭയം, അല്ലെങ്കിൽ . മറ്റുള്ളവരുടെ മക്കൾ കഞ്ചാവടിച്ചാൽ നമ്മൾക്കെന്ത് എന്ന നിസ്സംഗത. ഇതാകാം അല്ലെങ്കിൽ ഇങ്ങനെയെന്തെങ്കിലുമാകാം അങ്ങനെയൊരു ഫോൾ വിളി അദ്ദേഹത്തിന് കിട്ടാതെ പോയതിൻ്റെ കാരണം. വടക്കേ ഇന്ത്യയിൽ നിന്ന് ജോലിസംബന്ധമായി ഇവിടെ വന്ന് നമുക്ക് വേണ്ടി ഇത്രയുമൊക്കെ ചെയ്യുന്ന ഒരുദ്യോഗസ്ഥനെ സഹായിച്ച് കൂടെനിൽക്കാൻ പോലും നമുക്ക് കഴിയുന്നില്ലെന്നത് ലജ്ജാകരമാണ്. പോകുന്നതാർക്ക് ? നമുക്ക് തന്നെ. നമ്മുടെ കുട്ടികൾക്ക് തന്നെ.

ഇനി ഇന്ന് വായിക്കാനിടയായ പത്രവാർത്തയിലേക്ക് കടക്കാം. “പതിനൊന്ന് കോടിയുടെ ലഹരിമരുന്ന് വേട്ട; പിടിയിലായത് 7 പ്രതികൾ. കോടതിയിൽ ഹാജരാക്കിയത് അഞ്ചുപേരെ മാത്രം.

ബാക്കി രണ്ടുപേർ എവിടെപ്പോയി ? രക്ഷപ്പെടാനുള്ള പഴുതുകൾ നിയമത്തിനകത്ത് ധാരാളമുണ്ട്. ഒരു കിലോയ്ക്ക് മുകളിൽ മയക്ക് മരുന്നുമായി പിടിച്ചാൽ മാത്രമേ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി തുറുങ്കിലടയ്ക്കാൻ പറ്റൂ പോലും ! അതിൽ താഴെയാണ് കച്ചവടമെങ്കിൽ കുറ്റവാളി ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം തന്നെ വീണ്ടും കച്ചവടം കൊഴുപ്പിക്കും. പിന്നെങ്ങനെ ഇക്കൂട്ടർക്ക് കടിഞ്ഞാൺ ഇടുമെന്നാണ് !? ഈ നിയമം തിരുത്തിയെഴുതാൻ വകുപ്പൊന്നുമില്ലേ ?

എന്തായാലും ഒന്ന് മനസ്സിലാക്കി വെക്കുക. മയക്കുമരുന്നിൻ്റെ പിടിയിലകപ്പെട്ട ഒരു പുതിയ തലമുറ ഉണ്ടായി വന്നാൽ അതിനുത്തരവാദിത്തം നമുക്കോരോരുത്തർക്കും ഉണ്ട്, ഓരോ അദ്ധ്യാപകർക്കും ഉണ്ട്. നമ്മുടെ മക്കൾ അതിൽ വീണ് പോകാതിരുന്നാൽ ഭാഗ്യമെന്ന് മാത്രം കണക്കാക്കുക. നമ്മുടെ മക്കളാരെങ്കിലും അറിഞ്ഞോ അറിയാതെയോ മയക്ക് മരുന്ന് മാഫിയയുടെ കാരിയേർസ് ആയി മാറാതിരുന്നാൽ വലിയ ഭാഗ്യമെന്ന് ആശ്വസിക്കുക. അത്തരമൊരു വലിയ വിപത്തിൻ്റെ മുനമ്പിലാണ് നാം ജീവിച്ചുപോകുന്നത്.

വാൽക്കഷണം:- ഋഷിരാജ് സിംഗിൻ്റെ പുസ്തകം തീർച്ചയായും വാങ്ങി വായിച്ചിരിക്കും. എല്ലാവരും വായിക്കേണ്ടത് തന്നെയാണെന്ന് തന്നെയാണ് ക്ലബ്ബ് ഹൗസ് ചർച്ചയിൽ നിന്ന് മനസ്സിലാക്കിയത്. ഈ വിഷയത്തിൽ കൂടുതൽ ബോധമുണ്ടാക്കാൻ അതുപകരിക്കുമെന്ന് തന്നെ കരുതുന്നു.