വ്യക്തികൾ

മായാതെ മനസ്സിൽ മിഹ്‌റിൻ


11
നാൽപ്പത് വർഷങ്ങൾക്ക് മുൻപ് വായിച്ച ഒരു സാഹിത്യസൃഷ്ടിയിലെ സാങ്കൽപ്പികമോ അല്ലാത്തതോ ആയ ഏതെങ്കിലുമൊരു കഥാപാത്രം വർത്തമാനകാലത്തും നിങ്ങളുടെ ചിന്തകളെ കലുഷിതമാക്കിയിട്ടുണ്ടോ ? ആ കഥാപാത്രത്തെ നിങ്ങൾക്ക് പരിചയപ്പെടുത്ത സാഹിത്യകാരിയുമായി ഏറെ സമയം നിങ്ങളാ കഥാപാത്രത്തെപ്പറ്റി ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചിട്ടുണ്ടോ ?

അങ്ങനെയൊരു ഉജ്ജ്വലമായ അനുഭവം എനിക്കുണ്ട്. നീണ്ടുചുരുണ്ട കറുത്ത മുടിയുള്ള, മെലിഞ്ഞ് ഇളം റോസ് നിറത്തോട് കൂടിയ, മിഹ്‌റിൻ എന്ന് വിളിക്കപ്പെടുന്ന സുന്ദരിയായ താഷ്‌ക്കിസ്ഥാൻകാരി മെഹറുനീസയാണ് ആ കഥാപാത്രം. മിഹ്‌റിൻ സാങ്കൽപ്പിക കഥാപാത്രമല്ല. റഷ്യയിൽ എവിടെയോ ഇന്നും ജീവനോടെയിരിക്കുന്ന അൻപതുകൾക്ക് മേൽ പ്രായമുള്ള ഒരു വനിതയാണവർ. മിഹ്‌റിനെ ഞാൻ ‘പരിചയപ്പെടുമ്പോൾ‘ അഥവാ അവരെ മലയാളം വായനക്കാർക്ക് തന്റെ, ‘ബീന കണ്ട റഷ്യ’ എന്ന സഞ്ചാരസാഹിത്യത്തിലൂടെ കെ.എ.ബീന എന്ന എഴുത്തുകാരി പരിചയപ്പെടുത്തുമ്പോൾ കഥാപാത്രവും എഴുത്തുകാരിയും വായനക്കാരനായ ഞാനുമൊക്കെ ടീനേജുകാരാണ്. മിഹ്‌റിൻ ഇന്നും എങ്ങനെ ചർച്ചകളിലും ചിന്തകളിലും കടന്നുവരുന്നെന്ന് വ്യക്തമാക്കണമെങ്കിൽ മേൽപ്പറഞ്ഞ 40 വർഷക്കാലം പിന്നിലേക്ക് സഞ്ചരിക്കണം.

ഞാനന്ന് ഹൈസ്ക്കൂളിലേക്ക് കടന്നിരിക്കുന്നു. കാര്യമായ വായനയൊന്നും ഇല്ലെങ്കിലും അച്ഛന്റെ ലൈബ്രറിയിലെ പുസ്തകങ്ങളെ തൊട്ടുതലോടിപ്പോകുന്നതും പുസ്തകങ്ങൾ മറിച്ച് നോക്കുന്നതും പതിവാണ്. എല്ലാ മാസവും ഡി.സി.ബുക്ക് ക്ലബ്ബിൽ നിന്ന് ലഭിക്കുന്ന മൂന്ന് പുസ്തകങ്ങളിൽ സീലടിച്ച് നമ്പറിട്ട് പേരെഴുതി വെക്കുന്ന ജോലി മെല്ലെ മെല്ലെ അച്ഛൻ എന്നെ ഏൽപ്പിച്ചു. വായിച്ചില്ലെങ്കിലും പലപുസ്തകങ്ങളുടേയും പേരുകൾ അങ്ങനെ മനസ്സിലേക്ക് കടന്നുകയറി. പുസ്തകത്തിന്റെ പിൻചട്ടയിൽ എഴുതിയിരിക്കുന്ന വിവരണം വായിച്ച്, കഥകളും നോവലുകളും യാത്രാവിവരണങ്ങളുമടക്കം എന്റെ താൽപ്പര്യത്തിന് ചേർന്ന കൃതികൾ തിരഞ്ഞെടുത്ത് വായിക്കാൻ തുടങ്ങി. പോകപ്പോകെ വായനയുടെ വലിയ ലോകത്തേക്ക് കടന്നുചെല്ലുകയും ചെയ്തു.

അങ്ങനെയൊരു നാളിലാണ് ‘ബീന കണ്ട റഷ്യ’ അച്ഛന്റെ ലൈബ്രറിയിലേക്കെത്തുന്നതും ഞാനതിന് നമ്പറിടുന്നതും. മാതൃഭൂമിയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ഈ യാത്രാവിവരണത്തിന്റെ എഴുത്തുകാരിക്ക് എന്നേക്കാൾ മൂന്നോ നാലോ വയസ്സേ പ്രായമുള്ളൂ എന്ന് മനസ്സിലാക്കിയപ്പോൾ അതൊരു വലിയ കൌതുകമായി. ഒരുപാട് പ്രായമുള്ള എഴുത്തുകാരെയാണല്ലോ കേട്ടിരിക്കുന്നതും അറിഞ്ഞിരിക്കുന്നതും. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ എഴുതി, പിന്നെയത് അച്ചടിച്ച് പുസ്തകമായി വരാൻ തക്ക മിടുക്കുള്ള ടീനേജ് എഴുത്തുകാരും ഉണ്ടെന്നത് വലിയൊരു കാര്യമായിട്ട് തന്നെയാണ് കണ്ടത്. കുത്തിയിരുന്ന് ‘ബീന കണ്ട റഷ്യ’ വായിച്ച് തീർത്തപ്പോൾ സത്യത്തിൽ പല പല ലോകങ്ങളിലേക്കും അറിവുകളിലേക്കുമുള്ള വാതായനങ്ങളാണ് തുറന്നത്. ടീവിയും ഇന്റർനെറ്റും ഒന്നുമില്ലാത്ത കാലമായതുകൊണ്ട്, ലോകത്തിന്റെ പലഭാഗങ്ങളിൽ പലപല കാര്യങ്ങളും കൌതുകങ്ങളും നിറഞ്ഞുനിൽക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ആദ്യത്തെ സഞ്ചാരസാഹിത്യവായന എന്ന നിലയ്ക്ക് ‘ബീന കണ്ട റഷ്യ’ നൽകിയത്. സാഞ്ചാരസാഹിത്യങ്ങളോട് പ്രത്യേക കമ്പം തോന്നിപ്പിച്ചതും എന്നെങ്കിലും ഇതുപോലൊക്കെ യാത്ര ചെയ്യണമെന്ന ആഗ്രഹം ഉള്ളിലുദിപ്പിച്ചതും ‘ബീന കണ്ട റഷ്യ‘ തന്നെ.

എഴുത്തുകാരിയടക്കമുള്ള കുട്ടികൾ സോഷ്യൽ എക്സ്ചേഞ്ചിന്റെ ഭാഗമായി റഷ്യയിലെ ആർത്തേക്കിലേക്ക് നടത്തിയ യാത്രയുടെ വിവരണത്തിൽ, അതിലുൾപ്പെട്ടവരും ആർത്തേക്കിൽ പരിചയപ്പെട്ടതുമായ ഒരുപാട് കുട്ടികളുടെ പേരുകൾ കടന്നുവെരുന്നുണ്ടെങ്കിലും, മനസ്സിൽ കൂടുതലായി തങ്ങി നിന്നത് മെഹ്‌റുനീസ എന്ന മിഹ്‌റിൻ തന്നെയാണ്. എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോൾ ജൂനിയർ ബാച്ചിൽ ഒരു മെഹ്‌റുനീസയെ പരിചയപ്പെടുന്നത് വരെ ആ പേരിൽ ഈയൊരു താഷ്‌ക്കിസ്ഥാൻ‌കാരിയെ മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ.

കാലം കൌമാരവും യൌവ്വനവുമൊക്കെ പിന്നിലാക്കി ഏറെ മുന്നോട്ട് കുതിച്ചു. 2015ൽ വൈലോപ്പിള്ളി ഹാളിൽ വെച്ച് ആകാശവാണി തൃശൂർ, കോഴിക്കോട് നിലയങ്ങളുടെ മുൻ പ്രോഗ്രാം മേധാവിയായിരുന്ന ശ്രീ.ഡി.പ്രദീപ്‌കുമാറിന്റെ ‘ഹൈടെക്ക് നിരക്ഷര ചരിതം’ എന്ന പുസ്തകം എറണാകുളത്തെ വൈലോപ്പിള്ളി ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്ത ചടങ്ങിന് ശേഷമാണ്, ചെറുപ്പത്തിൽ ആർത്തിയോടെ വായിച്ച് തീർത്ത ‘ബീന കണ്ട റഷ്യ‘ എന്ന പുസ്തകത്തിന്റെ എഴുത്തുകാരി ശ്രീമതി കെ.എ.ബീനയെ ഞാനാദ്യമായി കാണുന്നത്. പൊതുവെ അന്തർമുഖനായ എനിക്ക് പക്ഷേ, ഇടിച്ചുകയറി എഴുത്തുകാരിയോട് സംസാരിക്കാൻ ഒരു വൈക്ലബ്യവും ഉണ്ടായിരുന്നില്ല. ചടങ്ങ് കഴിഞ്ഞ് പുറത്തൊരു റസ്റ്റോറന്റിൽ നിന്ന് കാപ്പി കുടിച്ച് നിമിഷനേരം കൊണ്ടുണ്ടായ ആ പരിചയപ്പെടൽ ഒരു നല്ല സൌഹൃദമാക്കി അരക്കിട്ടുറപ്പിച്ചാണ് ഞങ്ങളന്ന് പിരിഞ്ഞത്. ഒരൊറ്റ ദിവസം കൊണ്ട് കെ.എ.ബീന എന്ന ആരാധ്യയായ എഴുത്തുകാരി എനിക്ക് ബീനച്ചേച്ചിയായി. സത്യത്തിൽ വലിയ എഴുത്തുകാരോട് ആരോടും എനിക്കങ്ങനെ അടുത്ത ബന്ധമോ സൌഹൃദമോ ഇല്ല. ബീനച്ചേച്ചിയാകട്ടെ അങ്ങനെയൊരു സൌഹൃദം എനിക്കാഗ്രഹിക്കാൻ പോന്ന കാരണങ്ങൾ ഒരൊറ്റപ്പുസ്തകം കൊണ്ട് എന്നിലുണ്ടാക്കിയ എഴുത്തുകാരി. അന്ന് ബീനച്ചേച്ചി കാക്കനാട് ഓഫീസിൽ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ഡയറൿടർ. കച്ചേരിപ്പടിയിലും തൃക്കാക്കരയിലുമായി ഒരു വിളിപ്പാടകലെ ഞാനുമുണ്ട്. ചേച്ചിക്ക് ഒഴിവുള്ളപ്പോളെല്ലാം ഞങ്ങൾ കണ്ടുമുട്ടുക പതിവായി.

പല സന്ധ്യകളും ഞങ്ങളുടെ സാഹിത്യ സാംസ്ക്കാരിക സിനിമാ ചർച്ചകളുടെ വേദികളായി. ഞങ്ങളൊരുമിച്ച് യാത്രകളും പുസ്തകങ്ങളും പദ്ധതിയിട്ടു. അതിനായുള്ള പ്രാരംഭയാത്രകൾ നടത്തി. എന്റെ സ്ക്കൂട്ടറിന്റെ പിന്നിലിരുന്ന് എറണാകുളം നഗരം ചുറ്റാൻ ഒരു മടിയും ചേച്ചിക്കുണ്ടായിരുന്നില്ല. യാത്രയാണെങ്കിൽ അത് സൈക്കിളിന് പിന്നിലിരുന്നും കെ.എ.ബീനയെന്ന സഞ്ചാരി ചെയ്തിരിക്കുമെന്ന് എനിക്ക് തോന്നി. അന്നെല്ലാം മുടക്കമില്ലാതെ ‘ബീന കണ്ട റഷ്യ’യും ഞങ്ങളുടെ ചർച്ചകളുടെ ഭാഗമായി.

ആർത്തേക്ക് യാത്രയിൽ എഴുത്തുകാരിയോട് ഏറ്റവും ചേർന്ന് നിന്നത്, അഥവാ ആ യാത്രയ്ക്ക് ശേഷവും എഴുത്തുകാരി കത്തുകളിലൂടെ അടുപ്പം പുലർത്തിപ്പോന്നത് മിഹ്‌റിനോട് തന്നെയായിരിക്കണം. അങ്ങനെയാണ് ആ കഥാപാത്രം 40 വർഷങ്ങൾക്ക് ശേഷവും വായനക്കാരനായ എന്റെ ചിന്തകളിലും ചർച്ചകളിലും ഇടം പിടിച്ചത്. എല്ലാം ബീനച്ചേച്ചി എന്നോട് പങ്കുവെച്ച പുതിയ വിവരങ്ങളിലൂടെയും വിശേഷങ്ങളിലൂടെയും..

യു.എസ്.എസ്.ആർ. ന്റെ തകർച്ചയോടെ ബീനച്ചേച്ചിയും മിഹ്‌റിനുമായുള്ള ബന്ധം മുറിഞ്ഞു. കേരളത്തിൽ നിന്ന് താഷ്‌ക്കിസ്ഥാനിലേക്ക് ചെന്ന കത്തുകൾക്ക് മറുപടി വരാതെയായി. സ്വന്തം രാഷ്ട്രത്തിന്റെ തകർച്ച മിഹ്‌റിനെ എത്തരത്തിലാകാം ബാധിച്ചിരിക്കുക? അവർക്ക് പാർപ്പിടം വിട്ട് മറ്റെങ്ങോട്ടോ പലായനം ചെയ്യേണ്ടി വന്നിരിക്കുമോ ? അവരുടെ അഡ്രസ്സ് മാറിക്കാണുമോ ? അതോ അവർക്ക് മറ്റെന്തെങ്കിലും സംഭവിച്ചിരിക്കുമോ ? എന്തായാലും ബീനച്ചേച്ചിക്ക് ആ ബന്ധം മുറിഞ്ഞത് നല്ല വിഷമം ഉണ്ടാക്കിയെന്നതിൽ സംശയമില്ല. പലരോടും അക്കാര്യം അതേയളവിൽ ചേച്ചി പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കാൻ വന്ന ഷെറാഫാത്ത് അർബോവ എന്ന തജാക്കിസ്ഥാൻ‌കാരിയോടും ഈ വിവരം എഴുത്തുകാരി പങ്കുവെക്കുന്നത്. അർബോവ അത് വെറുതെ മനസ്സിൽ സൂക്ഷിക്കുന്നതിനപ്പുറം, നാട്ടിൽ തിരിച്ചെത്തിയശേഷം മിഹ്‌റിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഈ ലോകമെത്ര ചെറുതാണെന്ന് തെളിയിച്ചുകൊണ്ട് മിഹ്‌റിന്റെ പുതിയ വിലാസം അർബോവ കണ്ടെത്തുക തന്നെ ചെയ്തു. ഫോണിലൂടെ മിഹ്‌റിനും ബീനച്ചേച്ചിയും സംസാരിച്ചു. അധികം വൈകാതെ നേരിൽക്കാണുമെന്ന് ഉറപ്പിച്ചു.

ഒരു സിനിമയ്ക്ക് ചേർന്ന കഥയെന്നുതന്നെ വിശേഷിപ്പിക്കാൻ പോന്ന സംഭവവികാസമായിരുന്നു അത്. അക്കഥയും എങ്ങനെയോ വാർത്തകളിൽ ഇടം പിടിച്ചു. പല പ്രമുഖ സിനിമാക്കാരും അങ്ങനെയൊരു സിനിമാക്കഥയുടെ ബോക്സോഫീസ് സാദ്ധ്യതകളിൽ താൽപ്പര്യം പ്രകടിപ്പിച്ചു. പക്ഷേ എഴുത്തുകാരിയുടെ മനസ്സിൽ മറ്റ് ചില ആശയങ്ങൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ട്. അതങ്ങനെ തന്നെ നടക്കുമാറാകട്ടെ.

മിഹ്‌റിനെ കാണാനായി റഷ്യയിലേക്ക് പോകാൻ ബീനച്ചേച്ചി ആലോചന തുടങ്ങി. ഒപ്പം കൂട്ടാമോ എന്ന് കളിയായും കാര്യമായും ഞാൻ അപേക്ഷ വെച്ചു. ഔദ്യോഗികമായി ഒരുപാട് കടമ്പകളുള്ള കാര്യമാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയായ ചേച്ചിക്ക് ആ യാത്ര. അതുകൊണ്ടുതന്നെ അതിനുള്ള സമയം ആകുന്നതേയുള്ളൂ.

നാൽപ്പത് വർഷത്തിന് ശേഷം റഷ്യയിൽ വെച്ച് വീണ്ടും കണ്ടുമുട്ടുന്ന ബാല്യകാലസഖികൾ. എത്ര മനോഹരമായ രംഗമായിരിക്കുമത്!! ഒരു സിനിമയുടെ ക്ലൈമാക്സ് എന്ന നിലയ്ക്ക് പലപ്പോഴും ഞാനാ രംഗം മനസ്സിൽ സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ട്. അങ്ങനെയൊരു രംഗമുണ്ടാകുമെങ്കിൽ അതിന് സാക്ഷിയാകണമെന്ന് ഇന്നും ആഗ്രഹിക്കുന്നു.

വർഷങ്ങൾക്ക് മുൻപുള്ള റഷ്യയെ ചിത്രീകരിക്കുക അത്ര എളുപ്പമാകില്ല. ധാരാളം പണച്ചിലവുള്ള ഒരു കാര്യമാണ് ഈ സിനിമ. പക്ഷേ ചെയ്യാനായാൽ മലയാള സിനിമ കണ്ട മനോഹരമായ ഒരഭ്രകാവ്യമാകാൻ സാദ്ധ്യതയുള്ള ഒന്നാണത്. ശരിക്കുമൊരു ഹിറ്റ് സിനിമ പോലെ തന്നെ കഥയിൽ ഇനിയുമുണ്ട് ചില ട്വിസ്റ്റുകൾ. ആ വഴിത്തിരിവുകൾ തൽക്കാലം രഹസ്യമായിത്തന്നെ നിൽക്കട്ടെ. അങ്ങനെയൊരു സിനിമ എന്നെങ്കിലുമൊരിക്കൽ ആർഭാടമായിത്തന്നെ സംഭവിക്കട്ടെ. ‘ബീന കണ്ട റഷ്യ’ വായിക്കാത്ത മലയാളികൾക്ക് പോലും സിനിമയിലൂടെ മിഹ്‌റിനെ നെഞ്ചേറ്റാൻ കഴിയുമാറാകട്ടെ. തന്റെ ആദ്യ പുസ്തകത്തിന്റെ നാൽപ്പതാം വാർഷികാഘോഷം എന്ന അപൂർവ്വ നേട്ടം കൈവരിച്ചതുപോലെ, ആ സിനിമയുടെ വിജയത്തിനും അതിന്റെ ജ്യൂബിലികൾക്കും ആഘോഷങ്ങൾക്കും സാക്ഷിയാകാനുള്ള ആയുരാരോഗ്യം എഴുത്തുകാരിക്കുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.