വ്യക്തികൾ

എല്ലാം ജനങ്ങൾക്ക് വേണ്ടിയാണ്


88
നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സീറ്റ് കിട്ടിയില്ലെങ്കിൽ, ഇത്രയും കാലം കോൺഗ്രസ്സിന്റെ ടിക്കറ്റിൽ MLA, MP, സംസ്ഥാനമന്ത്രി, കേന്ദ്രമന്ത്രി എന്നിങ്ങനെ പലതരം സ്ഥാനമാനങ്ങൾ കൈയ്യാളിയ കെ.വി.തോമസ് ഇടതുപക്ഷത്തേക്ക് പോകുമത്രേ !

കെ.വി.തോമസിന് കോൺഗ്രസ്സ് സീറ്റ് കൊടുക്കരുത്. അതിന്റെ പേരിൽ കെ.വി.തോമസ് ഇടതുപക്ഷത്തേക്ക് പോകുക തന്നെ വേണം. അങ്ങനെ ചെല്ലുന്ന കെ.വി.തോമസിനെ ഇടതുപക്ഷം പരവതാനി വിരിച്ച് പൂവിട്ട് സ്വീകരിക്കണം. (അത്തരം ചില നീക്കങ്ങളും സംസാരങ്ങളും കേട്ട് തുടങ്ങിക്കഴിഞ്ഞു.)

കക്ഷി രാഷ്ട്രീയക്കാർ അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി എത്ര നെറികെട്ട കളിയും കളിക്കും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കെ. വി. തോമസിന്റെ ഈ ഭീഷണിയും അത് കേട്ടയുടനെ സ്വാഗതം ചെയ്ത് നിൽക്കുന്നവരും. അധികാരം പിടിച്ചടക്കാനും, നിലനിർത്താനും, പുതിയ മേച്ചിൽപ്പുറങ്ങൾ വെട്ടിപ്പിടിക്കാനും വേണ്ടി, അതുവരെ കൊട്ടിഘോഷിച്ച പ്രത്യയശാസ്ത്രവും മൂല്യങ്ങളുമെല്ലാം കാറ്റിൽപ്പറത്താൻ ഇക്കൂട്ടർക്കൊരു മടിയുമില്ല. അതല്ലാതെ ജനസേവനമൊന്നും ഇവരുടെ ചിന്തയിലെങ്ങുമില്ല. അതിന് വേണ്ടി മറുകണ്ടം ചാടുന്നതുമല്ല. ചാകുന്നത് വരെ അധികാരത്തിന്റെ ശീതളച്ഛായയിൽ വിരാജിക്കണം. അത്രേയുള്ളൂ.

ഇനിയുള്ള കാലം പ്രൊഫസർക്ക് നല്ലൊരു വിശ്രമ ജീവിതമാണ് ഇടത് വലത് കക്ഷിരാഷ്ട്രീയക്കാർ മനസ്സറിഞ്ഞ് സമ്മാനിക്കേണ്ടത്. നിങ്ങളെക്കൊണ്ടതിന് പറ്റിയില്ലെങ്കിൽ ജനങ്ങൾ തന്നെ ഏറ്റെടുത്ത് അത് ചെയ്യും; ചെയ്തിരിക്കും. ജനങ്ങളെ സേവിക്കാൻ വേണ്ടിയാണല്ലോ വാർദ്ധക്യത്തിലും പ്രൊഫസർ ഇങ്ങനെ കഷ്ടപ്പെടുന്നത്. അങ്ങനാകുമ്പോൾ പ്രൊഫസറെ ഇനിയും ബുദ്ധിമുട്ടിക്കാതിരിക്കാൻ ജനങ്ങളും ശ്രദ്ധിക്കണമല്ലോ.

വാൽക്കഷണം:- എന്തെങ്കിലുമൊന്ന് നേടിയെടുക്കാൻ നിനച്ചാൽ, ആ കളികളുടെ ഭാഗമായി റോഡ് നിറയെ ഫ്ലക്സ് ബോർഡ് നിരത്തുന്ന ആളാണ് ഫ്ലക്സിൻ്റെ ദൂഷ്യവശങ്ങൾ ബാധകമല്ലാത്ത ഈ രസതന്ത്രം പ്രൊഫസർ. അക്കാര്യത്തിലാണ് കൂടുതൽ പേടിക്കേണ്ടത്.