വ്യക്തികൾ

ശങ്കർ മോഹൻ്റെ വീട്ടിൽ അടിമപ്പണി ചെയ്യിക്കുന്നു!!


66
ഫുട്ബോൾ മാമാങ്കത്തിൻ്റെ തിരക്കിൽ അധികമാരും ശ്രദ്ധിക്കാതെ പോകുകയും മാദ്ധ്യമങ്ങൾ അടക്കം പിൻസീറ്റ് നിലപാട് സ്വീകരിക്കുകയും ചെയ്തിരിക്കുന്ന അതീവ ഗുരുതരമായ ഒരു വിഷയത്തിലേക്ക് ഏവരുടേയും ശ്രദ്ധ തിരിക്കാൻ ആഗ്രഹിക്കുന്നു.

സർക്കാർ ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനമായ കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടർ ശങ്കർ മോഹൻ നടത്തിപ്പോരുന്ന മനുഷ്യത്വരഹിതവും ദളിത് വിരുദ്ധവുമായ പ്രവർത്തികളാണ് വിഷയം.

അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതി വൃത്തിയാക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ താൽക്കാലിക തൊഴിലാളികൾ ചെല്ലണം പോലും! അദ്ദേഹത്തിൻ്റെ വീടും സർക്കാർ സ്ഥാപനമാണ്, ആയതിനാൽ അത് വൃത്തിയാക്കേണ്ടത് ഇൻസ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികളുടെ ജോലിയാണ് എന്ന അദ്ദേഹത്തിൻ്റെ നിലപാടാണ് ഇതിലെ കാതലായ അശ്ലീലം. രണ്ടറ്റം മുട്ടിക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജീവനക്കാർ, ജോലി നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഏറെ ദൂരെയുള്ള ഡയറക്ടറുടെ വീട്ടിലേക്ക് ചെന്ന് ആ ജോലി മനസ്സില്ലാ മനസ്സോടെയാണ് ചെയ്ത് പോരുന്നത്.

ഡയറക്ടറുടെ വീട് വൃത്തിയാക്കേണ്ടത് ഇൻസ്റ്റിട്ട്യൂട്ടിലെ തൊഴിലാളികളുടെ ജോലിയല്ല. വീട് കൂടാതെ താങ്കൾക്ക് സകലമാന അലവൻസുകളും സർക്കാർ തരുന്നുണ്ടല്ലോ ? അതിൽ നിന്ന് ചിലവാക്കി വീട് വൃത്തിയാക്കണം ഹേ. അല്ലാതെ നിസ്സഹായരായ തൊഴിലാളികളെ ചൂഷണം ചെയ്യുകയല്ല വേണ്ടത്.

ഇനി വീട് വൃത്തിയാക്കാൻ പോകുന്നവർ നേരിടുന്ന അനുഭവങ്ങൾ കേട്ടോളൂ. മാറ്റിയിടാനുള്ള വസ്ത്രവുമായി വേണം പോകാൻ. ആദ്യം പുരയിടം മുഴുവനും വൃത്തിയാക്കണം. അതിന് ശേഷം വീടിന് വെളിയിലുള്ള ശുചിമുറിയിൽ കുളിച്ച് വസ്ത്രം മാറി വേണം വീടിനകത്തേക്ക് കടക്കാനും ഉൾവശം വൃത്തിയാക്കാനും. ശുചിമുറികൾ ബ്രഷ് വെച്ച് വൃത്തിയാക്കിയാൽ പോര. സ്ക്രബ്ബർ ഉപയോഗിച്ച് കൈകൊണ്ട് തന്നെ ഉരച്ച് കഴുകണം. എന്നാലേ അഴുക്ക് പോകൂ എന്നാണ് കണ്ടുപിടുത്തം. ഡയറക്ടർ തമ്പ്രാൻ്റെ ഏകദേശ മനോഭാവം പിടികിട്ടിക്കാണുമല്ലോ? ഇത്തരം തമ്പ്രാക്കന്മാർ അരങ്ങ് വാഴുന്നത് ഇടതുപക്ഷ സർക്കാറിൻ്റെ കാലത്താണെന്നുള്ളത് ഏറെ ഖേദകരമാണ്.

ഒരു ജീവനക്കാരൻ നവംബർ 22ന് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ (ആവശ്യക്കാർക്ക് PDF തരാം) പറയുന്ന കാര്യങ്ങൾ സാംസ്ക്കാരിക കേരളത്തിന് ഞെട്ടലുണ്ടാക്കുന്നതാണ്. ചെക്ക് ഒപ്പീടിക്കുന്നതടക്കമുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡയറക്ടറുടെ വസതിയിലേക്ക് ചെല്ലുന്ന ജീവനക്കാരനെ വീട്ടിനകത്തേക്ക് കയറ്റാറില്ല ശങ്കർ മോഹൻ. കോവിഡ് കാലമായതുകൊണ്ടായിരിക്കും എന്നാണ് ആദ്യകാലങ്ങളിൽ കരുതിയത്. പക്ഷേ, കോവിഡ് കാലഘട്ടം കഴിഞ്ഞിട്ടും ജീവനക്കാരൻ പുറത്ത് തന്നെ. അതേ സമയം മറ്റ് ജീവനക്കാർ വീട്ടിനകത്ത് കയറാൻ ഡയറക്ടർ അനുവദിക്കുന്നുണ്ട്, അവർക്ക് ആതിഥ്യമര്യാദ
ലഭിക്കുന്നുണ്ട്. താൻ ദളിതനായതുകൊണ്ട് മാത്രമാണ് ഇപ്പോഴും വീടിന് പുറത്ത് നിർത്തുന്നതെന്നാണ് ജീവനക്കാരൻ തൻ്റെ പരാതിയിൽ പറയുന്നത്.

പരാതി കൊടുക്കുന്നവരെ ഒതുക്കാൻ ഡയറക്ടർക്ക് വളരെ എളുപ്പമാണ്. ഒന്ന് അവരിൽ നല്ലൊരു പങ്കും താൽക്കാലിക ജീവനക്കാരായതുകൊണ്ട് പിരിച്ചുവിടും എന്ന വിരട്ടൽ എളുപ്പം ഏൽക്കും. അടുത്ത നടപടി, അച്ചടക്കവും സ്ത്രീവിഷയവും പടച്ചുണ്ടാക്കി പരാതിക്കാർക്കെതിരെ വ്യാജപരാതി തീർത്ത് അവരെ ഒതുക്കുക എന്ന കുതന്ത്രമാണ്. അത്തരത്തിൽ ചില നീക്കങ്ങൾ മേൽപ്പറഞ്ഞ ജീവനക്കാരനെതിരെയും ഉണ്ടായി. പക്ഷേ, അയാൾ കുറ്റവാളിയല്ല എന്ന് റിപ്പോർട്ട് വന്നു. ആ റിപ്പോർട്ട് പൂഴ്ത്തി വെച്ചിരിക്കുകയാണ് ഡയറക്ടർ എന്ന് ജീവനക്കാരൻ പറയുന്നു. ഇന്നോ നാളെയോ ആ ജീവനക്കാരൻ്റെ ജോലി തെറിച്ചെന്ന് വരാം. പക്ഷേ, ഇത്തരം അനീതികൾക്ക് വഴങ്ങിക്കൊടുക്കാൻ സ്വാഭിമാനികളായ തൊഴിലാളികൾ ഇനിയങ്ങോട്ട് തയ്യാറല്ല. ജോലി പോയാലും നീതിക്ക് വേണ്ടി പോരാടാൻ തന്നെയാണ് അവരുടെ തീരുമാനം. ഇത്തരം ഒരു പരാതി കിട്ടിയിട്ട് മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിച്ചു എന്നതും ഈ വിഷയത്തിൽ വളരെ പ്രധാനമാണ്.

ഇത് കേരളമാണ്, ഇവിടെ ഇമ്മാതിരി പരിപാടികളൊന്നും നടക്കില്ല എന്ന് ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ സ്ഥിരം കേൾക്കുന്ന പല്ലവിയാണ്. പക്ഷേ, കേരളത്തിൽ ഇതും ഇതിനപ്പുറവും നടക്കും. താങ്ങാൻ ആളുണ്ടായാൽ മാത്രം മതി. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ്റെ അടുക്കൽ പരാതി ചെന്നു. പക്ഷേ, നടപടി ഒന്നുമുണ്ടായില്ല. മാദ്ധ്യമങ്ങൾ പലരും ഒരു നേർച്ചയെന്നോണം ഒരു വാർത്ത മാത്രം കൊടുത്ത് കൈ കഴുകി. ഈ വിഷയം ചർച്ചയ്ക്കെടുക്കാൻ ചാനലുകാർ തയ്യാറാകുന്നില്ല. സോഷ്യൽ മീഡിയയിലും കാര്യമായ അനക്കമൊന്നുമില്ല.

മുകളിൽ നിന്ന് കടുത്ത സമ്മർദ്ദം ഉള്ളതുകൊണ്ടാണ് പലരും പിന്നോട്ട് നിൽക്കുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. പരാതി കൊടുത്തിട്ട് നടപടിയൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല പരാതി നൽകിയ പലരുടേയും ജോലി പോയി. വയറ്റിൽപ്പിഴപ്പിൻ്റെ പ്രശ്നമായതുകൊണ്ട് മാത്രം തങ്ങളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന കാര്യമായിട്ട് പോലും പലരും നിവൃത്തികെട്ട് സഹിച്ച് മുന്നോട്ട് പോകുന്നു.

വെള്ളിയാഴ്ച്ചകളിൽ പള്ളിയിൽ പോകുന്നത് ഡയറക്ടർ വിലക്കിയതിൻ്റെ പേരിലാണ് ആഷിക്ക് എന്ന ക്ലറിക്കൽ ജീവനക്കാരന് ജോലി രാജിവെക്കേണ്ടി വന്നത്. ഫണ്ട് ധൂർത്തടിക്കൽ അടക്കം ധാരാളം ആക്ഷേപങ്ങൾ ഡയറക്ടറെപ്പറ്റി വേറെയുമുണ്ട്. ഇതൊക്കെയാണെങ്കിലും ശങ്കർ മോഹൻ ആരുടെയൊക്കെയോ തണലിൽ തൻ്റെ തേർവാഴ്ച്ച തുടരുന്നു. ശ്രീ അടൂർ ഗോപാലകൃഷ്ണനാണ് ശങ്കർ മോഹനെ ഇങ്ങനെ സംരക്ഷിച്ച് നിർത്തുന്നതെങ്കിൽ ഒരു കാര്യം അടൂരിനോട് സൂചിപ്പിക്കാനുണ്ട്. താങ്കളുടെ സിനിമകളെ മലയാളികളും ലോകജനതയുമൊക്കെ അംഗീകരിച്ചത്, താങ്കൾക്ക് വർണ്ണവിവേചനവും ദളിത് വിരുദ്ധതയും നടപ്പിലാക്കുന്നവർക്ക് കുടപിടിക്കാനുള്ള ലൈസൻസ് ആയി കണക്കാക്കരുത്. ഈ വിഷയത്തിൽ കൃത്യമായ നടപടികൾ ഉണ്ടായേ തീരൂ. കുറഞ്ഞ പക്ഷം ഇൻസ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികൾ ഡയറക്ടറുടെ വീട്ടിലെ ജോലികൾക്ക് പോകുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള മാന്യതയെങ്കിലും കാണിക്കണം.

മറ്റൊന്ന് പറയാനുള്ളത് പരാതികൾക്ക് മേൽ സ്വീകരിക്കുന്ന നടപടികളെപ്പറ്റിയാണ്. പരാതിക്കാരനെ വിളിപ്പിക്കാതെ വേട്ടക്കാരനെ മാത്രം വിളിച്ചന്വേഷിച്ച് തീർപ്പ് കൽപ്പിക്കുന്നത് എവിടത്തെ മര്യാദയാണ് ഹേ.

ഈ വിഷയവുമായി ബന്ധപ്പെട്ട് പേരിനാണെങ്കിലും പ്രത്യക്ഷപ്പെട്ട വാർത്തകളുടെ ലിങ്കുകൾ (മാതൃഭൂമി), (The Cue), (The Fourth), (മനോരമ ന്യൂസ്), (Lights Camera action), പങ്കുവെക്കുന്നു.

എന്നിരുന്നാലും മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തിയിട്ടില്ല എന്ന് തന്നെ പറയാതെ വയ്യ. ഒരു ചാനൽച്ചർച്ചയിലും വരാതെ ഈ വിഷയം മുങ്ങിപ്പോയത് അതുകൊണ്ടാണ്? ആരെയാണ് മാദ്ധ്യമങ്ങൾ ഭയക്കുന്നത് ? എങ്ങോട്ടാണ് നിങ്ങൾ ഒളിച്ചോടുന്നത്? ആരുടെ സമ്മർദ്ദമാണ് നിങ്ങൾ നേരിടുന്നത്?

മാദ്ധ്യമങ്ങളും സർക്കാറും മുഖം തിരിക്കുമ്പോൾ അവിടെ പൊതുജനമെന്ന നിലയ്ക്ക് നമ്മുടെ ശബ്ദമെങ്കിലും ഉയരണം. ഉച്ചനീചത്വങ്ങളും ദളിത് പീഡനങ്ങളും അടിമപ്പണികളുമൊന്നും കേരളത്തിൽ അനുവദിക്കാൻ പാടില്ല. ജാതിക്കോമരങ്ങളായ ഇത്തരം ശങ്കർ മോഹന്മാരെ നിലയ്ക്ക് നിർത്താൻ അയ്യങ്കാളി രണ്ടാമത് അവതരിക്കാനൊന്നും പോകുന്നില്ല. മാദ്ധ്യമങ്ങൾ കൂടെ കൈയൊഴിഞ്ഞാൽപ്പിന്നെ, നമ്മൾ ജനങ്ങൾ തന്നെ അയ്യങ്കാളിപ്പട ആകേണ്ടി വരും.