കേരളത്തിൽ പത്തനംതിട്ടയിൽ വീണ്ടും 5 പേർക്ക് കോറോണ സ്ഥിരീകരിച്ചു. ഇറ്റലിയിൽനിന്ന് ഫെബ്രുവരി 29ന് ഖത്തർ എയർവെയ്സ് വഴി നാട്ടിലേക്ക് വന്ന അച്ഛനും അമ്മയും മകനുമാണ് അടുത്തിടപഴകിയ രണ്ടുപേരിലേക്ക് കൂടെ രോഗം പടർത്തിയത്.
ഇറ്റലിയിൽ നിന്നാണ് നാട്ടിലേക്ക് വന്നത് എന്ന വിവരം ഇവർ മറച്ചുവെച്ചു എന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചർ പറയുന്നത്. 233 പേരാണ് ഇതിനകം ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. അങ്ങനെയുള്ള ഒരു രാജ്യത്ത് നിന്നും വന്നവർ കുറച്ചധികം ഉത്തരവാദിത്വത്തോട് കൂടി പെരുമാറണമായിരുന്നു. ഇവരിൽ നിന്നും കൊറോണ ബാധിച്ച മറ്റ് രണ്ടുപേർ രോഗവുമായി ആശുപത്രിയിൽ ചെന്നപ്പോൾ മാത്രമാണ് ഇവരാണ് രോഗം കൊണ്ടുവന്നതെന്ന് കണ്ടുപിടിക്കാനായത്. അത്രയ്ക്ക് ഗുരുതരമായ വീഴ്ചയാണ് ഇവർ വരുത്തിയത്.
ഇത്തരത്തിലുള്ള ശുദ്ധ ഭോഷ്ക്ക് കാണിക്കുന്ന വിദേശ മലയാളികളെ ഒന്നുകിൽ തിരികെ വിദേശത്തേക്ക് വിടരുത്. അല്ലെങ്കിൽ വീണ്ടും ഈ രാജ്യത്ത് കാലുകുത്താൻ അനുവദിക്കരുത്. ഇത്തരക്കാർക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണം. ഇക്കൂട്ടരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി പന്താടാനുള്ളതല്ല മറ്റ് ജനങ്ങളുടെ ജീവൻ.
മന്ത്രിയോട് ഒന്നുരണ്ട് കാര്യങ്ങൾ പറയണമെന്നുണ്ട്.
ഇറ്റലിയിൽ നിന്നാണ് വന്നതെന്ന് ഇവർ മറച്ചു വെച്ചാൽപ്പോലും, എയർപോർട്ടിൽ (എമിഗ്രേഷനിൽ) അത് കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ ഇല്ലെന്നാണോ ? രണ്ടുവർഷം മുൻപുവരെ എയർപോർട്ടിൽ എമിഗ്രേഷൻ കാർഡ് പൂരിപ്പിക്കൽ ഉണ്ടായിരുന്നു. അത് തിരികെ കൊണ്ടുവരണം. അതിൽ നുണ എഴുതിച്ചേർത്താൽപ്പോലും പാസ്പ്പോർട്ടിലെ സീലുകൾ നോക്കി ഏത് രാജ്യത്തുനിന്നാണ് വന്നതെന്ന് പിടിക്കാൻ പറ്റും. അതിനുള്ള നടപടികൾ ഉണ്ടാകണം. ചില വിദേശരാജ്യങ്ങളിലെ എയർപ്പോർട്ടുകളിൽ എമിഗ്രേഷൻ സ്റ്റാമ്പ് ചെയ്യുന്ന പതിവ് ഇല്ലാതായിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലത്തു നിന്നു വരുന്നവരെ കണ്ടെത്താൻ പ്രത്യേകമായ പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കണം. എമിഗ്രേഷൻ കാർഡിൽ തെറ്റായവിവരങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ ഉടൻ നിയമ നടപടികൾ സ്വീകരിക്കണം. കനത്ത ഫൈൻ അടിക്കണം. ശിക്ഷ നൽകാത്ത കാലത്തോളം ഇത്തരം ആൾക്കാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും.
രോഗവുമായ വന്ന ഇക്കൂട്ടർ 10 ദിവസത്തിനകം തിരികെ പോകണം എന്നാണ് ഇപ്പോൾ വാശിപിടിക്കുന്നത്. ഇവരുടെ പാസ്പ്പോർട്ട് കണ്ടുകെട്ടണം. രോഗം പൂർണ്ണമായും മാറിയതിന് ശേഷം മാത്രമേ ഇവിടുന്ന് പോകാൻ അനുവദിക്കാവൂ.
ഇതിനകം തന്നെ 29 ന് ദോഹ – കൊച്ചി ഫ്ലൈറ്റിൽ ഉണ്ടായിരുന്നവരുടേയും എമിഗ്രേഷൻ ജോലിക്കാരുടേയും എയർപ്പോർട്ട് ജോലിക്കാരുടേയുമെല്ലാം ജീവിതം അപകടത്തിലാക്കിക്കൊണ്ടുള്ള ഒരു നീക്കമാണ് ഈ കുടുംബം നടത്തിയിരിക്കുന്നത്. ഇറ്റലിയിൽ നിന്ന് ദോഹയിലേക്ക് ഇവർ വന്ന ഫ്ലൈറ്റിൽ ഉണ്ടായിരുന്ന വിവിധ രാജ്യക്കാരായ ആൾക്കാരുടെ കഥ വേറെ. ഇത്തരം തോന്ന്യാസങ്ങൾ ഒരിക്കലും വെച്ചു പൊറുപ്പിക്കാൻ പാടില്ല.
കേരള ആരോഗ്യ വകുപ്പ് മനോഹരമായി ചെയ്തുകൊണ്ടിരിക്കുന്ന ഒരു ജോലിയാണ് ഈ കുടുംബം സങ്കീർണ്ണമാക്കിയിരിക്കുന്നത്. ഫെബ്രുവരി 29 മുതൽ, നാട്ടിൽ ഇവർ ആരൊക്കെയുമായി അടുത്തിടപഴകി എന്ന് കണ്ടെത്തുക അതികഠിനമായ ഒരു ജോലിയാണ്.
പ്രവാസി മലയാളികൾ ദയവ് ചെയ്ത് ഇത്തരം നിരുത്തരവാദപരമായ കാര്യങ്ങൾ ചെയ്യരുത്. നിങ്ങൾ കഴിയുന്ന വിദേശ നാട്ടിൽ കോവിഡ് 19 വൈറസ് ബാധ ഉണ്ടെങ്കിൽ ദയവുചെയ്ത് അതൊക്കെ ഒന്ന് കെട്ടടങ്ങുന്നതുവരെ നാട്ടിലേക്ക് ഉല്ലാസയാത്ര വരരുത്. നാട്ടിൽ തേരാപ്പാര നടക്കുന്ന ആൾക്കാരെപ്പോലെയല്ല നിങ്ങൾ. ലോകം കണ്ടിട്ടുള്ളവരാണ്. ആ ഒരു നിലവാരത്തിനനുസരിച്ചുള്ള പെരുമാറ്റം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു.
വാൽക്കഷണം:- പൊങ്കാല കഴിയുന്നതോടെ കോവിഡ് 19 പൊങ്കാല ആകാതിരുന്നാൽ മതിയായിരുന്നു.