വിമർശനം

ബാങ്ക് കൊള്ളക്കാരുടെ പുതിയ ക്യാപ്സൂൾ!


444

500 കോടിയോളം രൂപ കൊള്ള നടന്നെന്ന് കണ്ടിത്തിയിരിക്കുന്ന, കരുവന്നൂർ ബാങ്ക് കവർച്ച വലിയ പ്രശ്നമാണോ എന്നാണ് ബഹു: എക്സൈസ് മന്ത്രി എം.ബി.രാജേഷ് ചോദിക്കുന്നത്. പൊതുമേഖല ബാങ്കുകളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടില്ലേ എന്നാണ് മന്ത്രിപുഗവൻ്റെ താരതമ്യം.

പോതുമേഖലാ ബാങ്ക് പൊട്ടിയാലും അവിടെ കവർച്ച നടന്നാലും ആർക്കും പണം നഷ്ടമാകില്ല, നഷ്ടമായിട്ടുമില്ല. അതുപോലല്ല സഹകരണ ബാങ്കുകൾ. സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ബ്ലേഡ് കമ്പനികൾ മാത്രമാണ് സഹകരണ ബാങ്കുകൾ. പോയാൽ പോയി. പിന്നൊരു കാലത്തും തിരിച്ച് കിട്ടാൻ പോകുന്നില്ല.

തങ്ങൾ ചെയ്യുന്ന എന്ത് തോന്ന്യാസവും ‘ദേ അവരും ചെയ്യാറുണ്ടല്ലോ’ എന്ന് പറഞ്ഞ് ലഘൂകരിക്കാൻ ശ്രമിക്കുമ്പോൾ എം. ബി. രാജേഷും കൂട്ടാളികളും ഒരു കാര്യം മറക്കുന്നു.

തങ്ങൾ ഇടതുപക്ഷം ആണെന്നാണല്ലോ ഇവരുടെ അവകാശവാദം. എന്താണ് ഇടതുപക്ഷം എന്നത് എം. ബി. രാജേഷും പി.കെ. ബിജുവും അടക്കമുള്ള യുവ സഖാക്കൾ മറന്ന് കഴിഞ്ഞിരിക്കുന്നു. പഴയ ആൾക്കാരെ വിടാം. പുതുവിപ്ലവ സിംഹങ്ങൾ, തമ്മിൽ ഭേദമാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എല്ലാവരും ഒരേ വണ്ടിയിൽ പൂട്ടാൻ യോഗ്യരാണെന്ന് ഇപ്പോൾ മനസ്സിലായി.

പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സമൂഹത്തിൽ താഴേക്കിടയിൽ ഉള്ളവർക്കും വേണ്ടി പ്രവർത്തിക്കാനും ശബ്ദമുയർത്താനും വേണ്ടി ഫ്രഞ്ച് വിപ്ലവത്തിന് ശേഷം, രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പണക്കാർക്കും മതമേധാവികൾക്കും യാഥാസ്ഥിതികർക്കും എതിരായി, പാർലിമെന്റിൻ്റെ ഇടതുവശത്ത് ഇരുന്നവരാണ് ഇടതുപക്ഷം എന്ന് ലോകമെമ്പാടും ഇന്നും കണക്കാക്കപ്പെടുന്നത്.

ആ കണക്ക് വെച്ച് നോക്കിയാൽ പാവങ്ങളുടെ കോടികൾ കൊള്ളയടിച്ച് ചാക്കിൽ കെട്ടി കടത്തിയവരെ ന്യായീകരിക്കാൻ, ഇജ്ജാതി വിവരക്കേട് നിരത്തി, കരുവന്നൂർ ബാങ്ക് കൊള്ളയെ ലഘൂകരിക്കുന്ന എം.ബി. രാജേഷ് അടക്കമുള്ള ഓരോരുത്തരും തീവ്ര വലതുപക്ഷക്കാരായ കൊള്ളക്കാർ മാത്രമാണ്.

വിപ്ലവം വരുമെന്ന് ഇക്കൂട്ടർ ഇപ്പോഴും മുദ്രാവാക്യം വിളിക്കുമ്പോൾ ഏറ്റുവിളിക്കാൻ, തലച്ചോറ് പണയം വെച്ച അണികൾ ഉള്ളിടത്തോളം കാലം, ഇനിയുമൊരുപാട് ബാങ്ക് കൊള്ളകൾക്ക് ബാല്ല്യമുണ്ട്. എല്ലാം ശരിയായി. ആഹ്ളാദിപ്പിൻ, ആഘോഷിപ്പിൻ.

“ഇനി ആത്മഹത്യയല്ലാതെ വേറെ മാർഗ്ഗമില്ല, പാർട്ടിക്ക് രക്തസാക്ഷികളെയല്ലേ വേണ്ടൂ.” എന്ന് ഈ കേസിൽപ്പെട്ട് ജയിലിലായ രണ്ട് വനിതാ സഖാക്കൾ പറയുന്നത് ടീവിയിൽ കണ്ടിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. അവരും കൂടെ ചേർന്നാണ് ഇത് വിതച്ചത്.

വിതച്ചവൻ തന്നെ കൊയ്യും. വിപ്ലവ ഭാഷയിൽ പറഞ്ഞാൽ, ‘നമ്മൾ വിതച്ചതെല്ലാം നമ്മൾ തന്നെ കൊയ്യണം പൈങ്കിളിയേ’.

ഇനിയങ്ങോട്ട് കേരളത്തിലെ ജനങ്ങൾ വിടാതെ ചർച്ച ചെയ്യേണ്ടത്, പല വമ്പന്മാരും ചേർന്ന് പദ്ധതിയിട്ട് നടപ്പാക്കിയ ഈ ആസൂത്രിത കൊള്ളയെപ്പറ്റി മാത്രമാണ്. ശ്രദ്ധ തിരിക്കാൻ മറ്റ് പല വിഷയങ്ങളും കൊണ്ടുവന്ന് പുകമറ സൃഷ്ടിക്കും, കട്ടുമുടിച്ചവർ. അതിൽ അഭിരമിക്കുന്നവരോട് ഹാ കഷ്ടം എന്നേ പറയാനുള്ളൂ.

വാൽക്കഷണം:- കൊടുങ്ങല്ലൂരിൽ ഒരു സഹകരണ ബാങ്കിലെ ലോക്കറിൽ വെച്ച 60 പവൻ സ്വർണ്ണം കാണാനില്ല എന്ന പുതിയ പരാതി/വാർത്ത വന്നിട്ടുണ്ട്. കത്തുന്ന പുരയുടെ കഴുക്കോൽ ഊരിക്കൊണ്ടിരിക്കുകയാണെന്ന് ജനങ്ങൾ മനസ്സിലാക്കി വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും.