വിമർശനം

കാ.ത.തേ.ആ. വലിയെടാ വലി!


33

ർക്കാർ ഉദ്യോഗസ്ഥന്മാർക്കും പെൻഷൻകാർക്കും കൊടുക്കാൻ പണമില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം പിടിച്ചുവെക്കാൻ ആലോചനകൾ നടക്കുന്നു. ബാക്കിയുള്ളതും എല്ലാവർക്കും അറിയുന്നതുമായ പരാധീനതകൾ തൽക്കാലം നിരത്തുന്നില്ല. ആകെയുള്ളത് മദ്യവും ലോട്ടറിയും വിറ്റ് കിട്ടുന്ന പണം മാത്രം.

ഒരു വ്യവസായം ഈ സംസ്ഥാനത്തിൽ തലക്ക് വെളിവുള്ള ആരും നടത്തില്ല. ആകെ നടത്താൻ പറ്റുന്ന ഒന്ന് ടൂറിസം ആണ്. അതിന്റെ കാര്യം പറയാതിരിക്കുകയാവും ഭേദം.

ഇങ്ങനെയൊക്കെ ആണെങ്കിലും മുണ്ട് മുറുക്കി ഉടുക്കുന്നതിന് പകരം പുതിയ കസവ് മുണ്ട് വാങ്ങി ലൂസാക്കി ഉടുക്കുന്നതിൽ ആണ് സർക്കാരിനും ജനപ്രതിനിധികൾക്കും മുഖ്യമന്ത്രിക്കും താല്പര്യം.

അതുകൊണ്ടാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം വർദ്ധിപ്പിക്കാമെന്ന്, ഇത്രയും ദുരിതങ്ങൾക്കിടയിലും ഇക്കൂട്ടർക്ക് ചിന്തിക്കാൻ കഴിയുന്നത് തന്നെ.

ചില്ലറ വർദ്ധനയൊന്നുമല്ല നടത്തുന്നത്. 50% ശമ്പള വർദ്ധന എന്നുപറഞ്ഞാൽ തീവെട്ടി കൊള്ളയാണ്. ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിലെയോ സർക്കാർ സ്ഥാപനത്തിലെ തന്നെയോ കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാം, 10% അല്ലെങ്കിൽ 15 ശതമാനത്തിൽ കൂടുതൽ ശമ്പള വർദ്ധന ദുഷ്ക്കരമാണെന്ന്. 50% ശമ്പള വർദ്ധന കൊടുക്കുന്ന കമ്പനികൾ ഉണ്ടെങ്കിൽ ആ കമ്പനികൾ ഏതെന്ന് അറിയാൻ എനിക്കും താല്പര്യമുണ്ട്.

വിലവർദ്ധനവും ജീവിത സാഹചര്യങ്ങളും നിത്യച്ചിലവുകളും തീരെ മോശം അവസ്ഥയിൽ തന്നെയാണ്. വോട്ട് ചെയ്ത് ഇവരെ ജനപ്രതിനിധികളാക്കിയ പൊതുജനങ്ങൾക്കാണ് അത് കൂടുതൽ മോശം.

പക്ഷേ, ഈ ജനപ്രതിനിധികൾക്ക്, ശമ്പളത്തിന് പുറമേ, കണ്ണട മുതൽ മൂക്കിപ്പൊടി വരെയുള്ള എല്ലാത്തിനും അലവൻസ് ഉണ്ട്. ശമ്പളമായി കിട്ടുന്നത് മുഴുവനും പോക്കറ്റിലാക്കാം. എന്നിട്ടും അവർക്ക് 50% ശമ്പള വർദ്ധന ആലോചനയിലാണ്. ഇവരെ തിരഞ്ഞെടുത്ത് വിട്ട ഇവരുടെ യജമാനന്മാരായ നമുക്ക് യാതൊരു അധികാരവുമില്ല ഇവർക്ക് എത്ര ശമ്പളം വർദ്ധിപ്പിക്കാം എന്ന കാര്യത്തിൽ. ജനാധിപത്യത്തിന്റെ ഏറ്റവും മോശം അവസ്ഥയാണിത്. തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ജനങ്ങൾ പിണവും തിരഞ്ഞെടുക്കപ്പെട്ടവൻ മന്ത്രിക്ക് പകരം രാജാവും ആകുന്ന അവസ്ഥ.

ഭരണകക്ഷിക്കാരും പാവപ്പെട്ടവരുടെ നേതാക്കന്മാരായ പുംഗവന്മാരേയും തൽക്കാലം വിട്. “ഞങ്ങൾക്ക് ഇത്തരം മോശം അവസ്ഥയിൽ 50% ശമ്പള വർദ്ധന വേണ്ട”, എന്ന് ഏതെങ്കിലും പ്രതിപക്ഷ എംഎൽഎമാരോ പ്രതിപക്ഷ നേതാവോ പറഞ്ഞോ? ഇതുവരെ പറഞ്ഞിട്ടില്ല; ഇനിയൊട്ട് പറയുകയുമില്ല. നാല് കായ് കൂടുതൽ കിട്ടിയാൽ ആർക്കും പുളിക്കില്ല എന്നത് തന്നെ കാരണം. ചോദിക്കാനും പറയാനും ഇല്ലാത്തവന്റേതാണ് മുതലെങ്കിൽ ഒട്ടും പുളിക്കില്ല. കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി.

വാൽക്കഷണം:- എന്തിനും ഏതിനും പ്രതികരിക്കുന്ന ഏതൊക്കെ പ്രൊഫൈലുകളിൽ ഇക്കാര്യത്തിൽ പ്രതിഷേധമുണ്ടായി എന്ന് നിരീക്ഷിക്കുകയായിരുന്നു ഞാൻ. നിരാശയായിരുന്നു ഫലം. എല്ലാവരും അന്യഗ്രഹ ജീവികൾ ആണത്രേ! പിടിക്കപ്പെട്ടതുകൊണ്ട് തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ് പലരും. ഈ ഗ്രഹത്തിലെ, ഈ സംസ്ഥാനത്തിലെ ജീവികൾ, അൽപ്പം വൈകിയെങ്കിലും പ്രതികരിക്കുമെന്ന് ഇനിയും പ്രതീക്ഷിക്കുന്നു.