വിമർശനം

സ്വകാര്യത നഷ്ടപ്പെട്ട ഫോൺ നമ്പറുകൾ


33

സൂപ്പർ മാർക്കറ്റുകൾ മുതൽ സിനിമാശാലകൾ വരെയും, ഫ്ലാറ്റ് കോംപ്ലക്സുകൾ മുതൽ മുടിമുറിക്കുന്ന കടകൾ വരെയും, മൊബൈൽ ഫോൺ നമ്പറുകൾ ചോദിച്ചു വാങ്ങുന്ന ഇക്കാലത്ത്, നമ്മുടെ ഫോൺ നമ്പറിന്റെ സ്വകാര്യതയെപ്പറ്റി തന്നെയാണ് വീണ്ടും വീണ്ടും പറയാനുള്ളത്.

ഇന്നലെ ഉണ്ടായ ഒരു അനുഭവം പറയാം.

എറണാകുളത്ത് ഒബ്രോൺ മാളിൽ ഒരു സിനിമയ്ക്ക് ടിക്കറ്റ് എടുത്തപ്പോൾ, പ്രിന്റ് ചെയ്ത ടിക്കറ്റ് തരുന്നില്ല. മൊബൈൽ നമ്പറിലേക്ക് ടിക്കറ്റ് അയക്കാം എന്നാണ് പറയുന്നത്. പല വലിയ സിനിമാ തീയറ്ററുകളിലും ഇപ്പോൾ അങ്ങനെയാണ്.

10 മിനിറ്റ് മുൻപ് എനിക്ക് പരിചയമില്ലാത്ത ആരോ എന്നെ ഒരു വലിയ ബിസിനസ് സംരംഭത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്തു (ചിത്രം 2). ആർക്കും എവിടെയും നമ്മളെ പിടിച്ചു ചേർക്കാം എന്ന വിധത്തിൽ നമ്മുടെ മൊബൈൽ ഫോൺ നമ്പർ എല്ലാവരും കൂടെ കച്ചവടം ചെയ്തു വൃത്തികേട് ആക്കിയിരിക്കുന്നു.

അതിന്റെ ഒരു കലിപ്പിൽ നിന്നിരുന്നതുകൊണ്ട്, തീയറ്ററിലെ കൗണ്ടറിൽ ഇരിക്കുന്ന പയ്യനോട് എൻ്റെ കൈയിൽ ഇപ്പോൾ ഫോൺ ഇല്ല എന്ന് കള്ളം പറഞ്ഞു. ഫോൺ ഒരിടത്ത് മറന്നുവെച്ചെന്നും അതുമായി മറ്റൊരാൾ ഇങ്ങോട്ട് എത്താനുള്ള സമയം തള്ളി നീക്കാൻ വേണ്ടിയാണ് സിനിമയ്ക്ക് കയറിയതെന്നും പൊലിപ്പിച്ചു.

ഫോൺ ഇല്ലെങ്കിൽ ടിക്കറ്റ് തരാൻ രണ്ടാമതൊരു സംവിധാനം അവിടെയില്ല. ചെറുക്കൻ തപ്പിക്കളിക്കാൻ തുടങ്ങി. അവസാനം ഒരു തുണ്ട് പേപ്പറിൽ സീറ്റ് നമ്പറും തീയറ്റർ നമ്പറും എഴുതി തന്നതാണ് ഒന്നാമത്തെ ചിത്രത്തിലുള്ളത്.

More, Max എന്നീ സ്ഥാപനങ്ങളിൽ ഒരുകാലത്ത് ഫോൺ നമ്പർ കൊടുക്കാതെ ബില്ലിങ്ങ് ഒരു തരത്തിലും നടക്കില്ലായിരുന്നു. അതിന്റെ പേരിൽ, എത്രയോ പ്രാവശ്യം, വാങ്ങാൻ ഉദ്ദേശിച്ച സാധനങ്ങൾ കൗണ്ടറിൽ ഉപേക്ഷിച്ച് പുറത്തു കടന്നിട്ടുണ്ട്.

നമ്മുടെ നമ്പർ എത്രത്തോളം സ്വകാര്യമാക്കി വെക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം പുതിയ ഇടങ്ങളിൽ നമ്പർ വേണമെന്നത് കർശനമായി വന്നുകൊണ്ടിരിക്കുന്നു.
തർക്കിച്ചും തല്ലു പിടിച്ചും മടുത്തു.

“ആധാർ കാർഡിന് ഫോൺ നമ്പർ കൊടുത്തില്ലേ, അപ്പോൾ നമ്പർ പരസ്യമായില്ലേ”…., എന്നായിരിക്കാം മറുചോദ്യം. സർക്കാർ തലത്തിൽ അങ്ങനെയൊരു വിട്ടുവീഴ്ച ചെയ്യാതെ നിവൃത്തിയില്ലാത്തതുകൊണ്ട് നമ്പർ കൊടുത്തിട്ടുണ്ട്. കൊടുത്തില്ലെങ്കിൽ ഒരടി മുന്നോട്ട് നീങ്ങില്ല എന്നുള്ള ഇടങ്ങളിൽ ഇനിയും കൊടുത്തെന്ന് വരും. എന്നുവെച്ച് കരിക്ക് വിൽക്കുന്ന കടയിൽ നമ്പർ കൊടുക്കാൻ സൗകര്യമില്ല.

രക്ഷപ്പെടാൻ ശാശ്വതമായ ഒരു പരിഹാരമേ കാണുന്നുള്ളൂ. ചെറിയ പണച്ചിലവുണ്ട്. എന്നാലും ആ വഴിക്ക് നീങ്ങിയാൽ ഗുണം ചെയ്തേക്കാം.

മിനിമം പ്ലാൻ ഉള്ള മറ്റൊരു ഫോൺ നമ്പർ കൂടെ എടുത്ത്, ഇത്തരം എല്ലാ വിദ്വാന്മാർക്കും ആ നമ്പർ കൊടുക്കുക. ആ നമ്പറിൽ വരുന്ന മെസ്സേജുകളും ഫോൺ കോളുകളും ഒന്നും തിരിഞ്ഞു നോക്കാതിരിക്കുക.

വേറെന്തെങ്കിലും രക്ഷാമാർഗ്ഗം ഉണ്ടെങ്കിൽ പറഞ്ഞു തന്ന് സഹായിക്കൂ. വയസ്സായി….., തല്ല് പിടിക്കാനുള്ള ആരോഗ്യമോ മനസ്സോ ഇല്ല.