വിമർശനം

ഗൂഗിളിനെ വെറുതെ പഴിക്കരുത്


22
കാർ പുഴയിലേക്ക് മറിഞ്ഞ് യുവ ഡോക്ടർമാർക്ക് ജീവഹാനി എന്ന വാർത്ത കണ്ടാണ് ഇന്ന് പുലർന്നത്. ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാർക്ക് ആദരാജ്ഞലികൾ!

പക്ഷേ……

ഈ വാർത്ത ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തപ്പോൾ, ’ഗൂഗിൾ മാപ്പ് നോക്കി യാത്ര’ എന്ന് പറഞ്ഞിരിക്കുന്നതായി കണ്ടു. മാതൃഭൂമി വാർത്തയിലും ‘ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര’ എന്ന് സൂചിപ്പിക്കുന്നുണ്ട്. മറ്റ് മാദ്ധ്യമങ്ങളിൽ എങ്ങനെയാണെന്നറിയില്ല. ഈ രണ്ട് മാദ്ധ്യമ വാർത്തകളെ മുൻനിർത്തിയാണ് പറയാനുള്ളത്.

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് പുഴയുടെ അക്കരെയുള്ള ഡെസ്റ്റിനേഷനിൽ എത്തിക്കുന്നതിന് പകരം ഇക്കരെ കൊണ്ടുനിർത്തിയ അനുഭവങ്ങൾ, പലയിടത്തും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്; പക്ഷേ നേരിട്ട് അനുഭവമില്ല.

ഈ കേസിൽ അങ്ങനെയല്ല കാര്യങ്ങൾ.

ഞാൻ സ്ഥിരമായി സഞ്ചരിക്കുന്ന വഴിയിലാണ് ഈ അപകടം നടന്നിരിക്കുന്നത്. ആലുവ, ചേന്ദമംഗലം, പറവൂർ, എന്നീ ഭാഗങ്ങളിൽ നിന്ന്, മുനമ്പത്തെ കുടുംബവീട്ടിലേക്ക് പോകുമ്പോൾ ട്രാഫിക്ക് ഒഴിവാക്കി സഞ്ചരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഇതാണ്. അൽപ്പം വളവും തിരിവും ഇടുക്കവുമൊക്കെ ഉണ്ടെങ്കിലും അഞ്ച് മിനിറ്റെങ്കിലും സമയം ലാഭിക്കാം, ദൂരം അൽപ്പം കുറയുന്നുണ്ടെന്നും തോന്നുന്നു.

ഗോതുരുത്തിൻ്റെ അവസാനഭാഗത്തെത്തി മുന്നോട്ട് നീങ്ങാൻ തുടങ്ങുമ്പോൾ, കടൽവാതുരുത്ത് എന്ന പേരിൽ റോഡ് പുഴയുമായി മുട്ടുന്ന സ്ഥലത്തിന് കഷ്ടി 200 മീറ്റർ മുൻപ്, ഇടത്തേക്ക് തിരിഞ്ഞ് പാലത്തിലേക്ക് കടന്നാൽ പ്രധാന റോഡിലെത്തും. ‘ലേബർ ജങ്ഷൻ’ എന്നാണ് ആ നാൽക്കവലയുടെ പേര്. അവിടന്ന് പറവൂർക്കോ, മൂത്തകുന്നത്തേക്കോ, കൊടുങ്ങല്ലൂർക്കോ, പള്ളിപ്പുറത്തേക്കോ, പോകാം.

ആ വഴി വാഹനങ്ങൾ നല്ല തോതിൽ കടന്നുപോകുന്നതുകൊണ്ട് തന്നെ ഗൂഗിളിൻ്റെ സമ്പ്രദായം അനുസരിച്ച്, അതൊരിക്കലും കടൽവാതുരുത്തിലെ പുഴക്കരയിലേക്ക് വഴി കാണിക്കില്ല. പാലത്തിലേക്ക് നയിക്കുക തന്നെ ചെയ്യും. സംശയമുള്ളവർക്ക് ആ വഴി ഗൂഗിൾ മാപ്പിട്ട് പോയി പരീക്ഷിക്കാവുന്നതാണ്.

വാഹനം നല്ല വേഗതയിലായിരുന്നെന്ന് കണ്ടുനിന്ന നാട്ടുകാർ പറയുന്നുണ്ട്. സഞ്ചാരികൾ, കൊച്ചിയിൽ നിന്ന് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നെന്ന് വാർത്തയിലുണ്ട്. ഇന്നലെ മുഴുവൻ കേരളത്തിൽ ഉടനീളം നല്ല മഴയായിരുന്നു. രാത്രിയായിരുന്നു. അവർക്ക് നല്ല പരിചയമില്ലാത്ത വഴിയായിരുന്നു. (അതുകൊണ്ടാണല്ലോ ഗൂഗിൾ മാപ്പ് ഉപയോഗിച്ചിരുന്നത്.) ഇതെല്ലാം ചേർത്ത് വായിച്ചാൽ അപകടകാരണമായി.

ഇതിൽ ഗൂഗിളിനെ പ്രതിചേർക്കുന്നത് ശരിയല്ല. ഗൂഗിൾ എന്തൊക്കെ അബദ്ധങ്ങൾ പറഞ്ഞാലും, കണ്ണും കാതും തലച്ചോറും പറയുന്നത് കൂടെ ഡ്രൈവർ പരിഗണിക്കേണ്ടതുണ്ട്. ഇതെല്ലാം പരാജയപ്പെടാൻ പ്രധാന കാരണം അമിത വേഗത തന്നെ.

ഗോതുരുത്തിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാലത്തിലേക്ക് കയറാൻ ഗൂഗിൾ പറയുന്നത് ശ്രദ്ധിക്കാതെ അതിവേഗതയിൽ മുന്നോട്ട് നീങ്ങിയാൽ പുഴയിൽ പതിച്ച് കഴിഞ്ഞ ശേഷമേ അത് പുഴയായിരുന്നു എന്ന് പോലും മനസ്സിലാകൂ. പകൽ ആ വഴിക്ക് യാത്ര ചെയ്തിട്ടുള്ളവർ അത് ശ്രദ്ധിച്ചിട്ടുണ്ടാകാം. കഷ്ടി 50 മീറ്റർ വീതിയുള്ള പുഴയ്ക്ക് അക്കരെയുള്ള മൂത്തകുന്നം ക്ഷേത്രവും അവിടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടക്കം മറ്റ് കെട്ടിടങ്ങളും തൊട്ടുമുന്നിലെന്ന പോലെ കാണാനാകും. അതിനിടയിലൂടെ കരയുടെ നിരപ്പിൽ നിന്ന് അധികം താഴെയല്ലാതെയാണ് പുഴ ഒഴുകുന്നത്. അമിത വേഗത്തിൽ വന്നാൽ പകൽ സമയത്ത് പോലും പുഴയിൽച്ചെന്ന് ചാടാൻ സാദ്ധ്യതയുള്ള സ്ഥലമെന്ന് ചുരുക്കിപ്പറയാം. എന്നുവെച്ച് അത് ആ സ്ഥലത്തിൻ്റെ കുഴപ്പമായി ചിത്രീകരിക്കുകയേ വേണ്ട.

എന്തായാലും ഇനി ചെയ്യാനുള്ള മുൻകരുതൽ, പുഴയുടെ ഓരത്ത്, പുഴയെ മറയ്ക്കാതെ തന്നെ കോൺക്രീറ്റിൻ്റെ കുറ്റികൾ സ്ഥാപിച്ച്, “ഇതുവരെ മരിച്ചവർ 2 പേർ, അടുത്തത് നിങ്ങളാകാതിരിക്കട്ടെ; വാഹനം വേഗത കുറച്ച് ഓടിക്കുക“, എന്നൊരു ബോർഡ് സ്ഥാപിക്കുക എന്നതാണ്. അഥവാ വേഗത്തിൽ വന്നാലും വാഹനം കോൺക്രീറ്റ് കുറ്റികളിൽ ഇടിച്ച് നിൽക്കണം. അപകടങ്ങൾ ഉണ്ടാകുമ്പോളാണല്ലോ നമ്മൾ ഇനിയൊരു അപകടം അവിടെ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ചെയ്യാറുള്ളത്.

വാൽക്കഷണം:- പാലിയത്തച്ചൻ്റെ പശുക്കൾ മേഞ്ഞിരുന്ന ഗോതുരുത്തിൽ, തട്ടുങ്കൾ സാറ എന്ന ജൂത വനിതയ്ക്ക് അഭയം നൽകിയതിൻ്റെ പേരിൽ, ജൂതന്മാർക്കും സാറയുടെ സംരക്ഷകർക്കുമിടയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായിട്ടുണ്ടെന്നല്ലാതെ, വാഹനം വെള്ളത്തിലേക്ക് മറിഞ്ഞ് ജീവൻ പൊലിയുന്നത് ഗോതുരുത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാവും.