ആരോഗ്യം

ലോക്ക്ഡൗണും ജീൻസും അൽപ്പം താത്വികവും


12
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ട് യഥാക്രമം 4ഉം 5ഉം ദിവസങ്ങൾ ആയെങ്കിലും എന്റെ കാര്യത്തിൽ ലോക്ക് ഡൌൺ എട്ടാം ദിവസമാണ് ഇന്ന്.

കഴിഞ്ഞ ശനിയാഴ്ച്ച കേരളത്തിലേക്ക് യാത്ര ചെയ്യാൻ (കോടതി ആവശ്യങ്ങൾക്കായി) ഒരു മാസം മുന്നേ പദ്ധതിയിട്ടിരുന്നതാണ്. വെള്ളിയാഴ്ച്ചയോടെ അതിർത്തികളിൽ കടന്നുപോകാൻ പറ്റാത്ത തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആരംഭിച്ചെന്ന് മനസ്സിലാക്കിയതോടെ യാത്ര ഒഴിവാക്കി.

ബാംഗ്ലൂര് നിന്ന് കേരളത്തിലേക്ക് ഹോസൂർ-സേലം-കോയമ്പത്തൂർ വഴി സ്വന്തം വാഹനത്തിലാണ് യാത്ര പതിവ്. കേരളത്തിന്റേയും കർണ്ണാടകത്തിന്റേയും അതിർത്തികൾ ഒരോ പ്രാവശ്യം വീതം കടക്കാതെ ആ യാത്ര പൂർത്തിയാക്കാനാവില്ല. ഒരിടത്ത് നിന്ന് രക്ഷപ്പെട്ടാലും മറ്റൊരിടത്ത് പെട്ടുപോയാൽ എല്ലാം കുഴയില്ലേ എന്നാണ് ആദ്യം ചിന്തിച്ചത്.

കേരളത്തിൽ എത്തിപ്പെട്ടാലും ചെയ്യാനുള്ള കോടതിക്കാര്യങ്ങൾ ചെയ്ത് തീർത്ത് നാല് ദിവസശേഷം മടങ്ങുമ്പോൾ എന്താകും അവസ്ഥയെന്ന് പറയാനാവില്ലല്ലോ എന്നും ചിന്തിച്ചു. തിരിച്ച് വരാനായില്ലെങ്കിൽ മൂന്നോ നാലോ ജോഡി വസ്ത്രങ്ങളുമായി കേരളത്തിൽ കുടുങ്ങിപ്പോകും. ഇങ്ങനെ പല കാര്യങ്ങൾ ആലോചിച്ചാണ് ആ യാത്ര വേണ്ടെന്ന് വെച്ചത്. അതിനേക്കാളൊക്കെ ഉപരിയായി സാമൂഹ്യ സുരക്ഷ എന്നത് എല്ലായ്പ്പോഴും മനസ്സിലുണ്ടായിരുന്നു.

അഥവാ യാത്ര ചെയ്തിരുന്നെങ്കിൽത്തന്നെ ഭക്ഷണം കഴിക്കാൻ പോലും ഒരിടത്തും നിർത്താതെ മുൻ‌കൂട്ടി തയ്യാറാക്കി കൈയിൽ കരുതിയിരിക്കുന്ന ഭക്ഷണം മാത്രം കഴിച്ചാണ് യാത്ര ഉദ്ദേശിച്ചിരുന്നത്. ആലോചിച്ചത് പോലെയൊക്കെത്തന്നെ സംഭവിച്ചു. ഞങ്ങൾ യാത്ര ഒഴിവാക്കിയതിന് ശേഷമാണ് അതിർത്തികൾ പൂർണ്ണമായും അടഞ്ഞതും കേന്ദ്ര-കേരള ലോക്ക് ഡൌണുകൾ പ്രഖ്യാപിക്കപ്പെട്ടതും.

എന്തായാലും കഴിഞ്ഞ 8 ദിവസങ്ങൾ അടച്ചുപൂട്ടി വീട്ടിലിരിക്കുന്നത് എനിക്കൊരു തരത്തിലും മാനസ്സിക സംഘർഷം ഉണ്ടാക്കിയിട്ടില്ല. ഒരുപക്ഷേ അന്തർമുഖനായ ഒരാൾക്ക് പ്രകൃത്യാ ഉള്ള അനുഗ്രഹമാകാമത്. പോരാത്തതിന് 21 ദിവസം തള്ളിനീക്കാനുള്ള പല പദ്ധതികളും (വായന, സിനിമ, സംഗീതം, വ്യായാമം, ആക്രി വീഡിയോ റെക്കോഡിങ്ങ് & പോസ്റ്റിങ്ങ്, യാത്രാവിവരണം എഴുത്ത്, സുഹൃത്തുക്കളുടെ യൂ ട്യൂബ് വീഡിയോകൾ കാണൽ) കണ്ടെത്തി വെക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്ത് പോരുന്നു.

മാനവരാശിയുടെ മുഴുവൻ നന്മയ്ക്ക് വേണ്ടി ഒന്നോ രണ്ടോ മാസം ഇതേ നിലയ്ക്ക് തുടരണമെങ്കിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ ചെയ്യാനാകും എന്ന ആത്മവിശ്വാസം ഈ 8 ദിവസങ്ങൾക്കുള്ളിൽ ഉണ്ടായിട്ടുണ്ട്.

11

കാര്യമായ വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്തതുകൊണ്ടാകാം ചുറ്റും നടക്കുന്ന കാര്യങ്ങളും ലോകത്തൊട്ടാകെ നടക്കുന്ന കാര്യങ്ങളും കാലക്കൂട്ടി മനസ്സിലാക്കി നടപ്പിലാക്കേണ്ട തീരുമാനങ്ങൾ (പലായനം അടക്കം) നേരത്തെ ചെയ്യാൻ പറ്റാതെ പെരുവഴിയിൽ പെട്ടുപോയ സാധാരണക്കാരായ ഒരുപാട് പേർ ഇപ്പോൾ വടക്കേ ഇന്ത്യയിലെ നിരത്തുകളിൽ ബുദ്ധിമുട്ടേണ്ടി വരുന്നത്. അവരുടെ കാര്യത്തിൽ സഹതപിക്കുകയും പ്രശ്നങ്ങൾ ഒന്നുമില്ലാതെ കൂടണയാൻ പറ്റട്ടെ എന്നാഗ്രഹിക്കുകയും ചെയ്യുന്നതിനപ്പുറം ഈ സന്ദർഭത്തിൽ മറ്റൊന്നും ആകുന്നില്ല, ആകുകയുമില്ല.

മുറ്റ് വിദ്യാഭ്യാസം ഉണ്ടായിട്ടും അതുപോലുള്ള അവസ്ഥയിൽ ആരെങ്കിലും പെട്ടുപോയിട്ടുണ്ടെങ്കിൽ അവരോട് കുറച്ചധികം സഹതാപമുണ്ട്. അത്യാവശ്യ സമയത്ത് അവരുടെ വിദ്യാഭ്യാസം കൊണ്ട് മരുന്നിനുള്ള ഗുണം പോലും ഉണ്ടായില്ലല്ലോ എന്ന സഹതാപമാണത്.

ഇത്രയും ദിവസത്തെ ലോക്ക് ഡൌൺ ഒരു പുരയിടമുള്ള വീട്ടിലായിരുന്നെങ്കിൽ ആ പുരയിടത്തിൽ കൃഷി, പൂന്തോട്ടം, മരം നടൽ, മോടിപിടിപ്പിക്കൽ, വൃത്തിയാക്കൽ എന്നിങ്ങനെ കുറേക്കൂടി പരിപാടികൾ ചെയ്യാൻ പറ്റുമായിരുന്നു. അത് നടക്കുന്നില്ലല്ലോ എന്ന സങ്കടം മാത്രമാണ് 1700 സ്ക്വയർ ഫീറ്റിനുള്ളിലെ ഫ്ലാറ്റിൽ ഒതുങ്ങി നിൽക്കുമ്പോൾ ഉള്ളത്.

ബാംഗ്ലൂരിൽ ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ 200ൽ അധികം കുടുംബങ്ങളുണ്ടെന്നാണ് അനുമാനിക്കുന്നത്. ഇവർക്കെല്ലാം വേണ്ടി ഈ സമുച്ചയത്തിനുള്ളിൽത്തന്നെ നീൽഗിരീസിന്റെ ഒരു പ്രൊവിഷൻ സ്റ്റോർ ഉണ്ട്. അതുകൊണ്ട് റോഡിലേക്ക് പോലും കടക്കാതെ പലചരക്ക് സാധനങ്ങൾ ഇത്രയും പേർക്ക് ഇതിനുള്ളിൽ കിട്ടുന്നുണ്ട്. ‘ബേജാർ വാങ്ങിക്കൂട്ടൽ‘ അതുകൊണ്ടുതന്നെ ആവശ്യമായി വന്നിട്ടുമില്ല. ഈ 8 ദിവസങ്ങളിൽ വീടിന്റെ വാതിലിന് പുറത്തിറങ്ങിയത് 3 പ്രാവശ്യം മാത്രം. 2 പ്രാവശ്യം നീൽഗിരീസ് സ്റ്റോറിൽ പോകാനും ഖത്തർ റേഡിയോയിൽ നിന്ന് RJ കുഞ്ഞുണ്ണി വിളിച്ചപ്പോൾ വീടിനകത്ത് ഫോൺ സിഗ്നൽ ഇല്ലാത്തതുകൊണ്ട് ആ ആവശ്യത്തിനായി ഒരു പ്രാവശ്യവും.

കഴിഞ്ഞ ദിവസം നീൽഗിരീസിൽ നിന്ന് പാലും ബ്രഡ്ഡും കിട്ടിയില്ല. പാലിന് വേണ്ടി ചില ഓൺലൈൻ ഏർപ്പാടുകൾ അവർ ചെയ്തിട്ടുണ്ടെന്ന് ഇന്നാണ് അറിഞ്ഞത്. ഞങ്ങളെപ്പോലെ മുതിർന്നവർ മാത്രമുള്ള ഒരു കുടുംബത്തിന് പാല് സത്യത്തിൽ ഒരു അവശ്യവസ്തു അല്ലേയല്ലെന്നുള്ള കാര്യം മുന്നേ ബോദ്ധ്യമുള്ളതാണ്. അതുകൊണ്ടുതന്നെ പാലിന്റെ അലഭ്യത ഒരു വിഷയമല്ല.

ഓഫീസിൽ നിത്യവും മൂ‍ന്നും നാലും കട്ടൻ ചായ കുടിച്ചിരുന്ന ഞാൻ 8 ദിവസത്തിന് ശേഷം ഒരു കട്ടൻ ചായ കുടിച്ചത് പോലും ഇന്നാണ്. പല ദ്രാവകങ്ങളും നിയന്ത്രണമില്ലാതെ കുടിച്ചുപോയതിന്റെ കുഴപ്പം മാത്രമാണ് സമൂഹത്തിനുള്ളത്. അതാകട്ടെ ഈ കൊറോണക്കാലത്തെ 21 ലോക്ക് ഡൌൺ ദിവസങ്ങൾക്കുള്ളിൽ നിയന്ത്രിച്ചോ പഠിപ്പിച്ചോ എടുക്കാൻ പറ്റുന്ന കാര്യവുമല്ല.

ഓരോ മനുഷ്യന്മാരുടേയും ശീലങ്ങളും സ്വഭാവങ്ങളും രീതികളും അവർക്ക് ഗുണകരമായോ മോശമായോ വന്ന് ഭവിക്കും എന്ന ഗുണപാഠം മാത്രമേ കൊറോണ ലോക്ക് ഡൌൺ ദിനങ്ങൾക്ക് നൽകാനാവൂ. ചിലരെങ്കിലും അതുൾക്കൊണ്ടെന്നിരിക്കും. ഉൾക്കൊള്ളാത്തവർ രംഗബോധമില്ലാത്ത കോമാളിയെ എല്ലാ ഇടവഴികളിലും ഏത് നിമിഷവും കണ്ടുമുട്ടിയെന്നുമിരിക്കും.

വീട്ടുകാരെയോ നാട്ടുകാരെയോ സർക്കാരിനെയോ നിയമവ്യവസ്ഥയെയോ അനുസരിക്കാതെ, ഉറങ്ങാനല്ലാതെ ഒരു മിനിറ്റ് പോലും വീട്ടിൽ അടങ്ങിയിരിക്കാത്തതും ചിലരുടെ ഒരു ശീലമാണ്, സ്വഭാവമാണ്, രീതിയാണ്. അങ്ങനെയുള്ളവരാണ് തെരുവിൽക്കിടന്ന് പൊലീസിന്റെ അടി വാങ്ങിക്കൂട്ടുന്നതിൽ ഭൂരിഭാഗവും. അക്കാര്യത്തിൽ വന്നുപോയ പൊലീസ് വീഴ്ച്ചകളെപ്പറ്റി ഒറ്റവാചകത്തിൽ വിലയിരുത്തിയാൽ,…. ഇതേ തരം ശീലങ്ങളുള്ള മനുഷ്യന്മാർ ചേർന്ന നമ്മുടെ സമൂഹത്തിന്റെ മറ്റൊരു പരിച്ഛേദം മാത്രമാണ് പൊലീസ് സേനയും. ഒച്ചയെടുത്തും തല്ലിയും പേടിപ്പിച്ചും മാത്രം ഇതുവരെ നീതിനിർവ്വഹണം നടത്തിയിരുന്ന നല്ലൊരുഭാഗം വരുന്ന പൊലീസിനോട് ഒറ്റ ദിവസം കൊണ്ട് മര്യാദരാമന്മാരായി മാറണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമല്ലെന്ന്, ആ‍വശ്യത്തിനും അനാവശ്യത്തിനും പുറത്തിറങ്ങുന്നവർക്കും ധാരണ വേണം. കുറേപ്പേർക്ക് വീട്ടിലടങ്ങിയിരിക്കാൻ പറ്റുന്നില്ല എന്നതുപോലെ തന്നെയാണ് കുറേ പോലീസുകാർക്കെങ്കിലും നയപരമായി കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ല എന്നതും. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ.

ചുരുക്കിപ്പറഞ്ഞാൽ കേരളജനതയ്ക്ക് ഉണ്ടെന്ന് ഊറ്റം കൊള്ളുന്ന സാക്ഷരതയുടേയും വിദ്യാഭ്യാസത്തിന്റേയും ഏറ്റവും വലിയ പ്രയോജനം ഉണ്ടാകേണ്ട ഈ മനുഷ്യായുസ്സിലെ ഏറ്റവും സന്നിഗ്ദ്ധമായ ഒരു കാലഘട്ടമാണിത്. ഇപ്പോളത് പ്രയോജനപ്പെട്ടില്ലെങ്കിൽ ഇനിയൊരിക്കലും അതിന്റെ ആവശ്യം ഉണ്ടാകുകയുമില്ല. യൂണിവേർസിസിറ്റികളിൽ നിന്ന് നേടിക്കൂട്ടിയ സർട്ടിഫിക്കറ്റുകൾ പട്ടടയിൽ എരിക്കാനുള്ള മരത്തിനോ ഗ്യാസിനോ വൈദ്യുതിക്കോ പകരം പ്രയോജനപ്പെടുത്താമെന്ന ഒറ്റഗുണമേ ഉണ്ടാകുന്നുള്ളൂ.

ബാംഗ്ലൂർ ഡേയ്സ് എന്ന ഹാഷ് ടാഗിൽ മുൻപ് ചില ദിവങ്ങളിൽ എഴുതിയിരുന്നു. ഇന്നത് പിടിച്ചാൽ കിട്ടാതെ ഇങ്ങനെ ആയിപ്പോയി. ബോറടിച്ചവർ സദയം ക്ഷമിക്കുക. ബോറടിച്ചവർക്കായി ഒരു ലോക്ക് ഡൌൺ തമാശ കൂടെ പറഞ്ഞ് അവസാനിപ്പിക്കാം.

7 ദിവസം ലോക്ക് ഡൗൺ കഴിഞ്ഞപ്പോൾ, അത്രയും നാൾ മുറിക്കളസങ്ങൾ മാത്രം ഇട്ടിരുന്ന നിരക്ഷരന് മുഴുനീള കളസം ഇടാൻ ഒരു മോഹം. കുളി കഴിഞ്ഞ് വന്ന് ജീൻസ് വലിച്ച് കേറ്റുമ്പോൾ വർക്ക് ഫ്രം ഹോം നടപ്പാക്കുന്ന മുഴങ്ങോടിക്കാരിയുടെ വക, പുരികം വളഞ്ഞ ഒരു ചോദ്യം.

“എങ്ങോട്ടാണാവോ പാന്റ്സൊക്കെയിട്ട് ? “

“ഒന്ന് ലാൽ ബാഗ് വരെ പോയി വരാം.”

“പൊലീസിന്റെ തല്ല് വാങ്ങിക്കൂട്ടാനാണോ?”

മറുപടി ഒരു മന്ദഹാസത്തിലൊതുക്കി, നിരക്ഷരൻ സ്വീകരണ മുറിയിലെ ടീവിക്ക് മുന്നിലേക്ക്.

വൈകുന്നേരം വർക്ക് ഫ്രം ഹോം കഴിഞ്ഞ് സ്വീകരണമുറിയിലേക്ക് വന്ന മുഴങ്ങോടിക്കാരി…….

“പുറത്തെങ്ങനെ… ആൾക്കാരോ ആൾക്കൂട്ടമോ ഉണ്ടോ? “

“ആ എനിക്കെങ്ങനെ അറിയാം?”

“ലാൽ ബാഗിൽ പോകുന്നെന്ന് പറഞ്ഞല്ലോ ?”

“അതിന് ഞാനെങ്ങും പോയില്ല. ഞാനാ ടൈപ്പല്ല.”

“പിന്നെ ജീൻസ് വലിച്ച് കേറ്റിയതോ?”

“ലോക്ക് ഡൌൺ ദിവസങ്ങളിൽ ആഴ്ച്ചയിൽ ഒരിക്കൽ ജീൻസ് ഇടുന്നതിന് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതുവരെ നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല” (വീണ്ടും മന്ദഹാസം)

ഇപ്രാവശ്യം അപ്പുറത്തും മന്ദഹാസം. (അതോ പൊലീസിന്റെ തല്ല് വാങ്ങി വന്നില്ലല്ലോ എന്ന നിരാ‍ശയിൽ പൊതിഞ്ഞ ഗൂഢസ്മിതമോ)

ഈ പോസ്റ്റ് കാരണം തുടർ പ്രശ്നങ്ങളൊന്നും 1700 സ്ക്വയർ ഫീറ്റിനുള്ളിൽ ഉണ്ടായില്ലെങ്കിൽ……
ശുഭം.

#Bangalore_Days