ആരോഗ്യം

മൈക്കുകളും കോവിഡ് 19ഉം


00

ശംഖുമുഖം കടപ്പുറത്ത് പതിവ് പോലെ ആളുകളില്ല; തൃശൂർ വടക്കുന്നാഥൻ ക്ഷേത്രപരിസരത്ത് ആള് കുറവ് എന്നൊക്കെയുള്ള ഏഷ്യാനെറ്റിലെ റിപ്പോർട്ട് കണ്ടു. കൊറോണ മുൻ‌കരുതൽ എന്ന നിലയ്ക്ക് പൊതുസ്ഥലങ്ങളിൽ ജനങ്ങൾ കുറയുമെന്ന കാര്യം ചാനലുകാർക്കുമറിയാം പ്രേക്ഷകർക്കുമറിയാം. അതിലെന്തെങ്കിലും വാർത്താ പ്രാധാന്യം ഉണ്ടെങ്കിൽത്തന്നെ ഒന്നോരണ്ടോ ഷോട്ടുകളിലും അതോടൊപ്പമുള്ള ഒന്നോരണ്ടോ വരികളിലും തീർക്കാവുന്ന കാര്യമല്ലേയുള്ളൂ എന്നൊരു സംശയമുണ്ട്. ഇത് പറയാൻ കാരണമുണ്ട്.

അൾക്കാർ അൽപ്പം കുറവാണെങ്കിലും, ശംഖുമുഖവും വടക്കൻനാഥക്ഷേത്ര പരിസരവും അടക്കമുള്ള പൊതുസ്ഥലങ്ങളിൽ പോകുന്നവരുടെയെല്ലാം മുൻപിൽ നീട്ടിപ്പിടിച്ച ചാനൽ മൈക്കുമായി റിപ്പോർട്ടർമാർ പോകുന്നതിൽ ഒരു അപാകതയില്ലേ ഈ കൊറോണക്കാലത്ത് ?

ഒരാൾ സംസാരിക്കുമ്പോൾ അയാളുടെ വായിൽ നിന്ന് ശ്രവങ്ങൾ തെറിക്കാനുള്ള സാദ്ധ്യത വളരെയേറെയാണ്. അത് തെറിച്ച് വീഴുന്നത് നിങ്ങളുടെ ഈ മൈക്കിലേക്കും അതിന്റെ മുകളിലെ സ്പോഞ്ചിലേക്കുമല്ലേ ? അതേ മൈക്ക് തന്നെയല്ലേ അടുത്ത നിമിഷം തന്നെ തൊട്ടടുത്ത് നിൽക്കുന്ന മറ്റൊരാളുടെ മുഖത്തേക്ക് നിങ്ങൾ നീട്ടുന്നത് ? ഇതിലൊരാൾ രോഗബാധയുള്ള ആളാണോ അല്ലയോ എന്ന് നിങ്ങൾക്കെങ്ങനെ അറിയാം. അയാൾ രോഗം ബാധിച്ചിട്ടുള്ള ആളാണെങ്കിൽ അയാളുടെ വായിൽ നിന്ന് തെറിച്ച വൈറസിനെയല്ലേ ഒരു നിമിഷം പോലും വൈകാതെ അടുത്ത ആളിന്റെ മുന്നിലേക്ക് നിങ്ങളെത്തിക്കുന്നത് ? വായുവിലൂടെ കോവിഡ് 19 വൈറസ് പടരില്ലെന്നത് ശരിതന്നെ. എന്നാലും രോഗിയിൽ നിന്ന് അകലം പാലിക്കുന്നത് പോലുള്ള ഒരു ശ്രദ്ധ മൈക്കിന്റെ കാര്യത്തിലും വേണ്ടതല്ലേ?

ഇതേ മൈക്ക് എത്രനേരം നിങ്ങൾ കൈയിൽ പിടിച്ചുകൊണ്ട് നടക്കുന്നുണ്ട് ?എവിടെയെല്ലാം വെക്കുന്നുണ്ട് ? ഒരിക്കലെങ്കിലും അത് നിങ്ങളുടെ കൈകളിലോ ദേഹത്തോ സ്പർശിക്കുന്നില്ലേ ? ഇതിന്റെ മുകളിൽ സ്പോഞ്ചുണ്ടെങ്കിൽ അത്, അതല്ല മെറ്റലോ പ്ലാസ്റ്റിക്കോ ആ‍ണെങ്കിൽ അത് നിങ്ങൾ അവസാനം വൃത്തിയാക്കിയത് എന്നാണ്? വെറുതെ ഒരു വൃത്തിയാക്കൽ എന്നതിനപ്പുറം എന്നെങ്കിലും നിങ്ങളതിനെ രോഗാണു വിമുക്തമാക്കിയിട്ടുണ്ടോ ? ഇതേ മൈക്കുകളിൽ ഒന്നുതന്നെയല്ലേ ആരോഗ്യ മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയുമെല്ലാം മുന്നിലേക്ക് നിങ്ങൾ നീട്ടുന്നത് ? ചുമ്മാ ഓരോരോ സംശയങ്ങൾ മാത്രമാണ്. കഴമ്പില്ലാത്തതാണെങ്കിൽ പൊറുക്കുക.

കൊറോണയെ പ്രതിരോധിക്കുന്ന കാര്യത്തിൽ എല്ലാത്തരത്തിലുമല്ലെങ്കിലും ഭൂരിപക്ഷം കാര്യങ്ങളിലും നമ്മൾ മലയാളികൾ തന്നെയാണ് ആഗോളതലത്തിൽ മുന്നിൽ. ഏഷ്യാനെറ്റിന്റെ ബിഗ് ബ്രദർ പരിപാടിയിൽ നിന്ന് പുറത്തായ ഒരു ‘വൈറസ്’ കൊച്ചിൻ എയർപ്പോർട്ടിൽ ഉണ്ടാക്കിയ പ്രശ്നവും, യൂറോപ്യൻ രാജ്യങ്ങൾ മുഴുവൻ കറങ്ങിവന്നശേഷം മിനിമം 14 ദിവസമെങ്കിലും ക്വാറന്റൈൻ ചെയ്യാതെ ജോലിയിൽ വ്യാപൃതനായിരിക്കുന്ന ഡീജീപിയും, ചികിത്സയ്ക്കിടയിൽ/ചികിത്സ നടത്താതെ ചാടിപ്പോകുന്ന സ്വദേശികളും വിദേശികളുമൊക്കെ വീഴ്ച്ചകളുടെ ലിസ്റ്റ് നീട്ടുന്നുണ്ടെന്നതിൽ തർക്കമില്ല. എങ്കിലും, മുൻപ് നേരിട്ടിട്ടില്ലാത്ത ഒരു പ്രശ്നം ആദ്യമായി നേരിടുന്ന സമയത്ത് വരുന്ന പാകപ്പിഴകൾ എന്ന നിലയ്ക്ക് അത്തരം വീഴ്ച്ചകളെല്ലാം തിരുത്തപ്പെടുമെന്ന് പ്രത്യാശിക്കാം. തൽക്കാലം അതേ നിവൃത്തിയുള്ളൂ.

ഇപ്പറഞ്ഞ മൈക്രോഫോണിന്റെ കാര്യത്തിൽ എന്തെങ്കിലും കഴമ്പുണ്ടെന്ന് നിങ്ങൾ ചാനലുകാർക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് നടപടിയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

വാൽക്കഷണം:- ഇപ്പറഞ്ഞതിൽ കഥയുണ്ടെങ്കിൽ നാളെ മുതൽ മാസ്ക്ക് ധരിച്ച ചാനൽ മൈക്കുകളും കാണേണ്ടി വരുമോ ആവോ ?